റേഞ്ച് മാറുന്ന കെ എം ഷാജി

റേഞ്ച് റോവർ വിവാദം ഉണ്ടായതോടെ മന്ത്രി കെ എം ഷാജി ആ കാർ ഉടമയ്ക്ക് തിരിച്ചേല്പിച്ചു എന്ന വാർത്ത കണ്ടപ്പോൾ സന്തോഷം തോന്നിയിരുന്നു. പൊതുസമൂഹം ചൂണ്ടിക്കാണിച്ച ഒരു തെറ്റ് തിരുത്തുവാൻ അദ്ദേഹം തയ്യാറായല്ലോ എന്നാണ് കരുതിയത്.

പക്ഷേ ഇപ്പോഴാണ് അദ്ദേഹം ഈ വിഷയത്തിൽ എഴുതിയ കുറിപ്പ് വായിച്ചത്. അതോടെ ആ നല്ല ധാരണ പോയിക്കിട്ടി.
ഒരു മുതലാളിയുടെ ആഡംബര കാർ സ്റ്റേറ്റിന്റെ കൊടിയും നമ്പറും വെച്ച് ഉപയോഗിച്ചതിലുള്ള തെറ്റ് തിരിച്ചറിയുന്നില്ല എന്ന് മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു ആ കുറിപ്പിൽ. ഇനിയും ഉപയോഗിക്കുമെന്ന ഒരു പരോക്ഷ ധ്വനി കൂടി ആ കുറിപ്പിലുണ്ട് താനും.
അദ്ദേഹം ആ ആഡംബര വാഹനത്തിന് മുന്നിൽ പോസ് ചെയ്ത് നിൽക്കുന്ന ഫോട്ടോ ഒരാഴ്ച മുന്നേ ഒരു സുഹൃത്തിന്റെ എഫ് ബി വാളിൽ കണ്ടിരുന്നു, സത്യം പറയാമല്ലോ, അതൊരു എ ഐ ഫോട്ടോയാണെന്നാണ് അപ്പോൾ ഞാൻ കരുതിയത്. കാരണം കെ എം ഷാജിയെപ്പോലൊരു യുവ നേതാവ് സ്റ്റേറ്റിന്റെ കൊടിയും നമ്പറും വെച്ച് ഇതുപോലൊരു ആഡംബര കാറിൽ യാത്ര ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുക വയ്യ.
ധാർമ്മികതയും ലാളിത്യവും വിപ്ലവവുമൊക്കെ അണികൾക്ക് പകർന്ന് നൽകുന്ന തീപ്പൊരി പ്രസംഗങ്ങളാണല്ലോ കെ എം ഷാജിയുടെ ട്രേഡ് മാർക്ക് തന്നെ.

"മുന്നിലും പിന്നിലും എസ്കോര്ട്ടുള്ള വണ്ടിയല്ല ജീവിതം, ആറടി മണ്ണിലേക്ക് മയ്യത്ത് കട്ടിലിൽ തുണി പുതപ്പിച്ചു കൊണ്ട് പോകുന്ന നിമിഷത്തെ ഓർക്കണമെന്ന്" അണികളെ ഉണർത്തുന്ന ഷാജിയെയാണ് നാമിത് വരെ കണ്ടിട്ടുള്ളത്. അത്തരം ആവേശ പ്രസംഗങ്ങളുടെ വീഡിയോകൾ എഫ് ബിയിലോക്കെ ഇപ്പോഴും പാറി നടക്കുന്നുണ്ട്.
സർക്കാർ കൊടുക്കുന്ന ഇന്നോവ ക്രിസ്റ്റയിൽ സഞ്ചരിച്ചാൽ ഊര വേദന വരികയും ദീർഘ യാത്രക്ക് റേഞ്ച് റോവർ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കെ എം ഷാജിയെ ഒരു സാധാരണ ലീഗ് പ്രവർത്തകൻ അവന്റെ വിദൂരമായ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കുവാനിടയില്ല.
നേതൃത്വത്തിന് തെറ്റ് പറ്റിയാൽ അവരെ തിരുത്തുന്ന, കുഞ്ഞാലിക്കുട്ടിയോട് പോലും ധാർമികത ചൂണ്ടിക്കാട്ടുന്ന, തെറ്റുകൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന ഒരു യുവനേതാവിനെയാണ് ഷാജിയിൽ അവർ നാളിതു വരെ കണ്ടിരുന്നത്.
അധികാരക്കസേരയിൽ എത്തുന്നതോടെ മനുഷ്യർക്ക് ഇതുപോലെ രൂപാന്തരം വരുമോ?. അത്ഭുതമാണ്.


ആർക്കും തെറ്റ് പറ്റാം, മന്ത്രിയാകുന്നതിന് മുമ്പ് ചിലപ്പോഴൊക്കെ ഉപയോഗിച്ചിരുന്ന വണ്ടി മന്ത്രിയായ ശേഷവും ഉപയോഗിച്ചു. അങ്ങനെ ഉപയോഗിച്ചതിൽ ഒരു സൂക്ഷമതക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞു ഞാനത് നിർത്തുന്നു എന്നൊരു കുറിപ്പാണ് കെ എം ഷാജി എഴുതിയിരുന്നതെങ്കിൽ അദ്ദേഹത്തെ പൊതുസമൂഹം അഭിനന്ദിക്കുമായിരുന്നു. പക്ഷേ തെറ്റ് ചൂണ്ടിക്കാണ്ടിയ പൊതുസമൂഹത്തെ വീണ്ടും വെല്ലുവിളിക്കുകയും ഞാൻ ചെയ്തത് തീർത്തും ശരിയാണെന്ന് ആണയിടുകയും ചെയ്യുമ്പോൾ തെറ്റ് തിരുത്തുന്ന ഒരാളെയല്ല, അതിനെ ന്യായീകരിച്ച് മെഴുകുന്ന ഒരാളെയാണ് കാണാൻ പറ്റുന്നത്.
ജനങ്ങൾ തിരഞ്ഞെടുത്ത ഒരു അധികാര സ്ഥാനത്ത് ഇരിക്കുന്നില്ലെങ്കിൽ ഷാജിക്ക് ഏത് വണ്ടിയും ഉപയോഗിക്കാം.
സൗഹൃദത്തിന്റെ പേരിൽ ബേബി ചെമ്മണ്ണൂർ അയാളുടെ റോൾസ് റോയിസ് കൊടുത്താൽ അതും ഉപയോഗിക്കാം.
ഒരാളും കുറ്റം പറയില്ല.
പക്ഷേ ഒരു സംസ്ഥാനത്തെ മന്ത്രിയായിരിക്കുമ്പോൾ, ഒരു സ്വകാര്യ മുതലാളിയുടെ ആഡംബര കാറിൽ സ്റ്റേറ്റിന്റെ കൊടിയും നമ്പറും വെച്ച് യാത്ര ചെയ്യുമ്പോൾ അത് വേറെയാണ് വിഷയം. അതിൽ പൊതുസമൂഹത്തിന് ഒരു സ്റ്റെയ്ക്കുണ്ട്, അവർക്കൊരു കൺസേൺ ഉണ്ട്. അത് തിരിച്ചറിയാനുള്ള പൊതുബോധം പോലും ഷാജി നേടിയിട്ടില്ലെങ്കിൽ ഇത്ര കാലത്തെ പൊതുജീവിതം അദ്ദേഹത്തെ ഒരു സോഷ്യൽ എത്തിക്‌സും പഠിപ്പിച്ചിട്ടില്ല എന്ന് പറയേണ്ടി വരും.
മുഖ്യമന്ത്രിക്കസേരയിൽ നിന്ന് രാജി സമർപ്പിച്ച് വീട്ടിലേക്ക് പോകുവാൻ ടാക്സി കൂലിയില്ലാതെ ക്ലിഫ് ഹൌസിന്റെ വരാന്തയിൽ കാത്ത് നിന്ന ഒരു സി എച്ച് മുഹമ്മദ് കോയയുണ്ട്. അദ്ദേഹമാണ് പതിനായിരക്കണക്കിന് വരുന്ന സാധാരണ ലീഗ് പ്രവർത്തകരുടെ ഹൃദയത്തിനുള്ളിൽ പതിഞ്ഞു കിടക്കുന്ന നേതാവ്. പെട്ടിയും പിടിച്ച് സി എച്ച് ഏറെ നേരം കാത്ത് നിൽക്കുന്നതിൽ എന്തോ പന്തികേട് തോന്നിയ ബേബി ജോൺ അടുത്തെത്തി ചോദിക്കുകയായിരുന്നു, എന്തേ ഇങ്ങനെ നില്ക്കുന്നത് എന്ന്.. അപ്പോഴാണ് കയ്യിലെന്തെങ്കിലുമുണ്ടോ എന്ന് സി എച്ച് ചോദിക്കുന്നത്.
അങ്ങനെയൊരു നേതാവിന്റെ പാരമ്പര്യത്തിൽ നിന്നാണോ ഇന്നോവ ക്രിസ്റ്റ പോരാതെ റേഞ്ച് റോവർ തേടിപ്പോകുന്ന ഷാജി ജനിക്കുന്നത്?.
തെറ്റുകൾ ആർക്കും പറ്റാം, അത് ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തണം. അതിൽ ഒരു നാണക്കേടും ഇല്ല. മനുഷ്യരാണെങ്കിൽ തെറ്റുകൾ സഹജമാണ്. പക്ഷേ പറ്റിയ തെറ്റിനെ പിന്നെയും ന്യായീകരിച്ച് കുറിപ്പെഴുതി മെഴുകരുത്. ഷാജിക്ക് മാത്രമല്ല, ഷാജിയുടെ പാർട്ടിക്കും ആ പാർട്ടിയുടെ അണികൾക്കും അത് നാണക്കേടാണ്.

ബഷീർ വള്ളിക്കുന്ന്