സോണിയ ഗാന്ധിയുടെ ചിത്രമുള്ള ഒരു എഫ് ബി പോസ്റ്റ് ഇന്ന് കണ്ടു. കോൺഗ്രസ്സ് വക്താവ് സുപ്രിയ ശ്രിനേറ്റ് പങ്ക് വെച്ചത്. ആ പോസ്റ്റിന് താഴെയുള്ള കമന്റുകളിലൂടെ ഒന്നോടിച്ചു പോവുകയായിരുന്നു. നൂറുകണക്കിന് പരിഹാസ കമന്റുകൾ. ഇറ്റാലിയൻ ബാർ ഡാൻസർ എന്ന് പറഞ്ഞുള്ള കമന്റുകളാണ് കൂടുതലും. സംഘി കൃമികൾ പുളച്ചു മറിയുകയാണ് അവിടെ.
അർദ്ധനഗ്നകളായ ചില ആസ്ട്രേലിയൻ ഡാൻസർമാരുടെ 1967 ലെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സോണിയ ഗാന്ധിയുടേതെന്ന് പറഞ്ഞു കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചത് എക്‌സിൽ പ്രധാനമന്ത്രി ഫോളോ ചെയ്യുന്ന ഒരു ഐഡിയാണ്. ഒരു തൊഴിലാളി സമരത്തിന്റെ വിജയത്തെത്തുടർന്ന് സിഡ്‌നിയിൽ നടന്ന ഒരു ആഘോഷ പരിപാടിയുടെ ചിത്രമാണ് സോണിയയുടേതെന്ന രൂപത്തിൽ പ്രചരിപ്പിച്ചത്.
സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ കയറി അയാൾ ധാർമ്മിക രാഷ്ട്രീയത്തെക്കുറിച്ച് പ്രസംഗിക്കുന്നതിന്റെ തലേ ദിവസമാണ് താൻ ഫോളോ ചെയ്യുന്ന ഐഡിയിലൂടെ ഈ വ്യാജഫോട്ടോ സൈബർ ഇടത്ത് പ്രചരിപ്പിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഏതാനും ദിവസങ്ങൾ കൊണ്ട് ആ പോസ്റ്റ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. അതിന്റെ പ്രതിഫലനമാണ് സുപ്രിയ ശ്രിനേറ്റിന്റെ പോസ്റ്റിന് താഴെ കാണുന്നത്.
ഇത്രയധികം പരിഹാസവും രാഷ്ട്രീയ വേട്ടയും സൈബർ ആക്രമണവും നേരിടാൻ മാത്രം സോണിയ ഗാന്ധി എന്ത് പാതകമാണ് ഇന്ത്യൻ ജനതയോട് ചെയ്തത് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം കിട്ടില്ല. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഏത് അളവ് കോൽ വെച്ച് നോക്കിയാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദരവ് ലഭിക്കേണ്ട ഒരു നേതാവാണ് സോണിയ ഗാന്ധി. ഭർതൃമാതാവും ഭർത്താവും അതിക്രൂരമായി കൊലചെയ്യപ്പെടുന്ന ദുരന്തത്തെ നേരിടേണ്ടി വന്ന യുവതി.
അവരുടെ രാഷ്ട്രീയ നൈതികതയും കടന്ന് വന്ന വഴികളും മാത്രമല്ല പൊതുജീവിതത്തിൽ പുലർത്തുന്ന അങ്ങേയറ്റം സൗമ്യമായ സമീപന രീതികളും കൂടിയാണ് അവരുടെ വ്യക്തിത്വത്തെ തിളക്കമുള്ളതാക്കുന്നത്. എന്നാൽ രാഷ്ട്രീയ ജീവിതത്തിലുടനീളം അങ്ങേയറ്റത്തെ പരിഹാസത്തിനും വേട്ടയാടലിനും വിധേയമായിക്കൊണ്ടിരിക്കാനാണ് അവരുടെ നിയോഗം. അപരനാമങ്ങൾ വിളിച്ചും അപഹസിച്ചും പ്രധാനമന്ത്രി മുതൽ സൈബറിടത്തെ സംഘിക്കുഞ്ഞുങ്ങൾ വരെ ആ വേട്ടയുടെ മുൻനിരയിലുണ്ട്.
പക്ഷേ ഒരു വേട്ടയാടലുകളോടും അതേ അർത്ഥത്തിൽ അവർ നാളിത് വരെ പ്രതികരിച്ചിട്ടില്ല. എല്ലാം കേട്ടും കണ്ടും അവയോടൊക്കെ ഒരു നിസ്സംഗമായ ഒരു മൗനം അവലംബിക്കുകയാണ് ചെയ്യാറുള്ളത്. സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കുന്ന ഒരു പ്രതികരണം പോലും അത്തരം പരിഹാസങ്ങൾക്ക് നേരെ അവരിൽ നിന്ന് ഉണ്ടായിട്ടില്ല. വിദേശിയെന്നും ചാരവനിതയെന്നും ബാർ ഡാൻസറെന്നും വിളിച്ചു അധിക്ഷേപിക്കുമ്പോഴും അവർ തലതാഴ്ത്തി നടന്നുപോയിട്ടേയുള്ളു,
ഒരിക്കൽ പോലും മനസ്സ് തുറന്ന് സംസാരിച്ചിട്ടില്ല.
അതുകൊണ്ട് തന്നെ
അവരുടെ ജീവിതം പറയുന്ന ഒരു പുസ്തകം ഇറങ്ങുന്നു എന്ന് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്.
ബിലോങ്ങിങ്; എ ജേർണി ഓഫ് ലവ് 
നവംബർ പത്തിന് ഇറങ്ങുന്ന ആ പുസ്തകം ഓർമ്മക്കുറിപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢവും തിളക്കവുമുള്ള ഒന്നായിരിക്കും എന്നതിൽ സംശയമില്ല.
ബഷീർ വള്ളിക്കുന്ന്


