ഇന്ത്യ മാറുന്നുണ്ട്. ഒരു മാറ്റത്തിന്റെ ഇരമ്പം കേൾക്കുന്നുണ്ട്. ഒരിടത്ത് നിന്നല്ല, പലയിടങ്ങളിൽ നിന്ന്.. സംഘപരിവാരത്തിന്റെ ഉരുക്കുകോട്ടകൾ എന്ന് കരുതിയിരുന്ന അപ്രതീക്ഷിത മേഖലകളിൽ നിന്ന്..
ഛാത്രോൻ കി ഗൂഞ്ച് എന്ന പേരിൽ രാഹുൽ നടത്തിയ വിദ്യാർത്ഥി സംഗമങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒരു കാര്യം ഒരു വലിയ മാറ്റത്തിലേക്ക് രാജ്യം അതിവേഗം നടന്നടക്കുന്നു എന്നാണ്. രാജസ്ഥാനിലെ കോട്ടയിൽ, ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ, മഹാരാഷ്ട്രയിലെ പൂനെയിൽ.. എല്ലായിടത്തും പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ഒരു തിരമാല പോലെ ഒഴുകിയെത്തിയ കാഴ്‌ച.
ഓരോ സംഗമങ്ങളും ഓരോ വിഷയത്തെ ഫോക്കസ് ചെയ്തു കൊണ്ട്. ഏറ്റവും വലിയ പ്രത്യേകത ഒന്നും സ്ക്രിപ്റ്റഡ് അല്ലായിരുന്നു എന്നതാണ്. ഒരു നോട്ടോ ടെലിപ്രോംപ്റ്ററോ ഇല്ലായിരുന്നു എന്നതാണ്. ഓരോ സന്ദർഭത്തിനും ഓരോ ചോദ്യങ്ങൾക്കും വിദ്യാർത്ഥികളുടെ മനസ്സ് തുറക്കലുകൾക്കും അനുസൃതമായി അപ്പപ്പോഴുള്ള രാഹുലിന്റെ പ്രതികരണങ്ങൾ.. അവയ്ക്ക് സദസ്സിൽ നിന്ന് ലഭിക്കുന്ന ഹർഷാരവങ്ങൾ.. ഇളകി മറിയുകയായിരുന്നു അക്ഷരാർത്ഥത്തിൽ ഓരോ സദസ്സും.
കഴിഞ്ഞ ദിവസം പൂനെയിൽ നടന്ന സംഗമം. പെൺകുട്ടികളെ ഫോക്കസ് ചെയ്തു കൊണ്ടായിരുന്നു അത്.. ഏതാണ്ട് പതിനയ്യായിരത്തോളം പെൺകുട്ടികൾ തിങ്ങിനിറഞ്ഞ സദസ്സ്. അതിനപ്പുറത്ത് സദസ്സിലേക്ക് എത്താൻ സാധിക്കാതെ നിൽക്കുന്ന കണ്ണെത്താ ദൂരത്തോളമുള്ള ജനക്കൂട്ടം. സംസാരത്തിന്റെ ഒരു ഘട്ടത്തിൽ രാഹുൽ മനുസ്മൃതി ഉദ്ധരിക്കുന്നു. മകൾ ഭാര്യ അമ്മ എന്നീ മൂന്ന് കള്ളികളിൽ മാത്രം സ്ത്രീത്വത്തെ തളച്ചിടുന്ന വ്യവസ്ഥിതിയെ വിശദീകരിക്കുന്നു. ആ കള്ളിക്കൾക്കപ്പുറത്തേക്ക് അവർക്കൊരു വ്യക്തിത്വമില്ലേ എന്ന് ചോദിക്കുന്നു.
പെടുന്നനെ രാഹുൽ പറയുന്നു
"You belong to nobody"
നിലക്കാത്ത കയ്യടിയും ഹർഷാരവവും..
"You belong to yourself"
ഹർഷാരവങ്ങൾ അതിന്റെ പരകോടിയിൽ..
ഇന്ത്യ പോലുള്ള ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ "Smash The Patriarchy" എന്ന് ആഹ്വാനം ചെയ്യുവാൻ രാഹുൽ കാണിച്ച ധീരതയെ പെൺകുട്ടികൾ ആവേശാരവത്തോടെ നെഞ്ചേറ്റി എന്ന് വേണം പറയാൻ.
പെൺകുട്ടികൾ സദസ്സിലേക്ക് ഓടിക്കയറുന്നു. രാഹുലിനോട് മനസ്സ് തുറക്കുന്നു. ജീവിതത്തിൽ അവർ കടന്ന് വന്ന കയ്‌പേറിയ വഴികൾ പറയുന്നു. രാഹുൽ അവ ശ്രദ്ധയോടെ കേൾക്കുന്നു. അപ്പപ്പോൾ പ്രതികരിക്കുന്നു. ഉജ്ജ്വലമായ ഇന്ററാക്ഷൻസ്..
രാഹുലിനെ കുട്ടികൾ പൊതിയുന്നു. അതിലൊരു ഇളയ പെൺകുട്ടി ഓടിവന്ന് രാഹുലിന് കൈ കൊടുക്കുന്നു, പിന്നെ അയാളെ ചേർത്ത് പിടിക്കുന്നു. പിന്നീട് ഉയർന്ന് പൊങ്ങി കവിളിൽ ഉമ്മ കൊടുക്കുന്നു. എന്തൊരു ആവേശകരമായ ദൃശ്യം.
സദസ്സ് കഴിഞ്ഞു പോകുന്ന കുട്ടികളോട് രാഹുലോ മോദിയോ എന്ന് ചോദിക്കുന്ന ഒരു മാധ്യമപ്രവർത്തകനെ കണ്ടു.. നിരവധി കുട്ടികളോട് അയാൾ റാൻഡമായി ചോദിക്കുന്നു. ഓരോ കുട്ടിയും പറയുന്ന മറുപടി കേട്ടാൽ അർദ്ധരാത്രിയിൽ മൂക്ക് ക്യാമറയിലേക്ക് മുട്ടിച്ച് ലൈവ് ചെയ്ത രാജാവ് ബോധം കെട്ട് വീഴും.
ഇന്ത്യ മാറുന്നതിന്റെ നേർചിത്രം. യുവതലമുറയിലേക്ക് രാഹുൽ പ്രവേശിക്കുന്നതിന്റെ നേർചിത്രം. ഛാത്രോൻ കി ഗൂഞ്ച് അടയാളപ്പെടുത്തുന്നത്, സംശയം വേണ്ട, ഒരു മാറുന്ന ഇന്ത്യയെയാണ്.
ബഷീർ വള്ളിക്കുന്ന്


