കേരള സിപിഎം : ഒരു രാജാവും രണ്ട് മന്ത്രിമാരും

എന്ത് രാഷ്ട്രീയ അട്ടിമറികൾ നടന്നാലും ബംഗാളിലേയോ ത്രിപുരയിലേയോ അവസ്ഥയിലേക്ക് കേരളം മാറില്ല എന്നൊരു ഉറച്ച വിശ്വാസം നമുക്കുണ്ടായിരുന്നു, ഇപ്പോഴും ആ വിശ്വാസം ഇല്ല എന്നല്ല, പക്ഷേ ആ വിശ്വാസത്തിന്റെ ഉറപ്പും ബലവും നാൾക്കുനാൾ കുറഞ്ഞു വരുന്നു എന്നത് ഒരു വസ്തുതയാണ്.

ഇന്ത്യയിൽ കേരളം ഒരു ബദലാണ്. എന്നും ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാവുന്ന ഒരു ബദൽ. അതിന് പിന്നിൽ ഇടത്പക്ഷ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. അടിസ്ഥാന ജനതയുയുടെ ചെറുത്ത് നിൽപ്പുകളുടെ കഥയുണ്ട്. മനുഷ്യരുടെ 'വിധി' മനുഷ്യർ മാറ്റിയെഴുതിയ നാൾവഴികളുണ്ട്.
ചരിത്രത്തിന് മുന്നിൽ നടന്നവരാണ് ആ വിധി തിരുത്തിയെഴുതിയ അവരുടെ നായകന്മാർ. തെറ്റുകളിൽ നിന്ന് പാഠം പഠിച്ചും അത് തിരുത്തിയും മുന്നോട്ട് പോയവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കേരളത്തിന്റെ മണ്ണിൽ ആഴത്തിൽ വേരുറപ്പിച്ചത്.
പക്ഷേ, ഇപ്പോഴത്തെ നേതാക്കന്മാർ തെറ്റുകൾ പറ്റാത്തവരാണ്.
അമാനുഷർ.
അവർക്ക് ഒരിക്കലും പിഴവുകൾ പറ്റില്ല. അവർ പറയുന്നത് എപ്പോഴും ശരിയായിരിക്കും. അവർ തോൽക്കുന്നത് അവരുടെ പിഴവുകൾ കൊണ്ടല്ല, തീരുമാനങ്ങളിലും നയനിലപാടുകളിലും തെറ്റുകൾ പറ്റുന്നത് കൊണ്ടല്ല, അവർ തോൽക്കുന്നത് ജനങ്ങൾക്ക് തെറ്റുകൾ പറ്റുന്നത് കൊണ്ടാണ്. ജനങ്ങൾ വിഡ്ഢികളായത് കൊണ്ടാണ്.
അത് കൊണ്ട് തെറ്റുകൾ തിരുത്തേണ്ടത് നേതൃത്വമല്ല, വോട്ട് ചെയ്ത ജനങ്ങളാണ്.
തെറ്റുകൾ പറ്റിയെന്നും തിരുത്തുകളിലൂടെ മുന്നേറുമെന്നും ദേശീയ നേതൃത്വം പറയുമ്പോൾ തെറ്റ് പറ്റിയത് ജനങ്ങൾക്കാണെന്നും അവർ തിരുത്തി തിരിച്ചു വരണമെന്നും പറയുന്ന ധിക്കാരത്തെ നാം എന്ത് പേരിട്ട് വിളിക്കും.


കേരള സിപിഎമ്മിൽ ഇപ്പോൾ ഒരു രാജാവും രണ്ട് മന്ത്രിമാരുമാണുള്ളത്. അവിടെ താഴെ തട്ടിലുള്ള സാധാരണ പ്രവർത്തകരുടെ അഭിപ്രായങ്ങൾക്ക് വിലയില്ല. രാജാവിന്റെ മനോഗതം എന്തെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞു മന്ത്രിമാർ രണ്ടാളും പ്രവർത്തിക്കും. മന്ത്രിമാരുടെ ഇഷ്ടങ്ങൾക്ക് രാജാവും ഇത്തിരി പരിഗണന നല്കും. ബാക്കി സംവിധാനങ്ങളൊക്കെ അതിന് ചുറ്റും കറങ്ങും. ഈയൊരു വലയത്തിൽ നിന്ന് പാർട്ടിയും അതിന്റെ സംവിധാനങ്ങളും മോചിതമാവണം. താഴെ നിന്ന് മുകളിലേക്ക് എന്നതാണ് ഇടത്പക്ഷത്തിന്റെ ഘടനാരീതി, മുകളിൽ നിന്ന് താഴോട്ടുള്ള രാജകീയതയല്ല അതിന്റെ രീതിശാസ്ത്രം.

പാർട്ടിക്ക് വേണ്ടി ജീവിതകാലം മുഴുവൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കളാണ് പാർട്ടി നിലപാടുകൾക്കെതിരെ അവരുടെ കോട്ടകളിൽ ശബ്ദമുയർത്തിയത്. ആ ശബ്ദങ്ങൾക്ക് ചെവി കൊടുത്തില്ല. കാരണം തെറ്റ് പറ്റാത്ത അമാനുഷരാണല്ലോ നേതൃത്വത്തിലുള്ളത്. എന്നാൽ ജനങ്ങൾ ആ പ്രതിഷേധ ശബ്ദങ്ങൾക്ക് ചെവി കൊടുത്തു. 'ബ്രൂട്ടസു'മാരുടെ വാക്കുകൾ കേട്ടു. ധിക്കാരവും ധാർഷ്ട്യവും മാത്രം കൈമുതലായ നേതാക്കളെയും നാളിതു നെഞ്ചേറ്റിയ പാർട്ടിയേയും അവർ വേദനയോടെ കൈവിട്ടു.


പാർട്ടി നേതൃത്വത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാൻ മനസ്സില്ലാമനസ്സോടെ നിർബന്ധിതരായ മനുഷ്യരെ തിരിച്ചു കൊണ്ട് വരാനുള്ള ഒരേയൊരു വഴി പറ്റിയ തെറ്റുകൾ തിരുത്തുക എന്നതായിരുന്നു. അതവരോട് തുറന്ന് പറയുക എന്നതായിരുന്നു. അത് മാത്രം ചെയ്യുന്നില്ല. ആ മനുഷ്യരെ വീണ്ടും വീണ്ടും അധിക്ഷേപിക്കുന്നു, ബ്രൂട്ടസുകളെ തിരഞ്ഞെടുത്തവർ എന്ന് പരിഹസിക്കുന്നു. തിരുത്തിന്റെ ഒരു ചെറിയ ലാഞ്ചന പോലും എവിടെയുമില്ല.
പാർട്ടി സെക്രട്ടറിയുടെ മണ്ഡലത്തിൽ അയാളുടെ പിൻഗാമിയായി ഭാര്യയെ മത്സരിപ്പിക്കാൻ തീരുമാനിക്കുമ്പോൾ പ്രത്യക്ഷമായി തന്നെ ഉയർന്ന പ്രതിഷേധങ്ങളുടെ ശബ്ദം പോലും തിരിച്ചറിയാൻ സാധിക്കാത്ത വിധം അമാനുഷരായിപ്പോയ നേതാക്കൾ. ശൈജല ടീച്ചറെപ്പോലൊരു ജനകീയ നേതാവിനെ ഒതുക്കി ഒതുക്കി മൂലയിലാക്കുമ്പോൾ അണികൾക്കിടയിൽ പടർന്ന നിരാശയുടെ ആഴവും അതിന്റെ ഗ്രാവിറ്റിയും തിരിച്ചറിയാൻ സാധിക്കാതെ പോയ അമാനുഷർ. സംഘപരിവാറിനും അതിന്റെ വർഗീയതക്കുമെതിരെ ഉരുക്ക് കോട്ട പോലെ ഉറച്ചു നിന്നൊരു പാർട്ടി, അതിന്റെ മുഴുവൻ പാരമ്പര്യവും കളഞ്ഞു കുളിച്ച് , മനുഷ്യർക്കിടയിൽ വെറുപ്പിന്റേയും വർഗീയതയുടേയും മാത്രം ശബ്ദമുയർത്തുന്ന വെള്ളാപ്പള്ളിയെപ്പോലൊരു കാളകൂടത്തെ മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഒലിച്ചു പോയ മണ്ണിനെക്കുറിച്ച് ഒട്ടും ബോധമില്ലാത്ത അമാനുഷർ. 
ഇത്തരം 'അമാനുഷർ' ഈ പാർട്ടിയെ നയിക്കുന്നിടത്തോളം കാലം, തെറ്റുകൾ തിരുത്താൻ കെല്പുള്ള ഒരു നേതൃത്വത്തിന് വേണ്ടി പാർട്ടി അണികൾ കൂട്ടായ ശബ്ദമുയർത്താൻ തയ്യാറില്ലാത്തിടത്തോളം കാലം ബംഗാളും ത്രിപുരയും അധികം ദൂരത്തിലല്ല എന്ന് മാത്രം നാം വേദനയോടെ തിരിച്ചറിയുക.
ബഷീർ വള്ളിക്കുന്ന്