വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റിന് പറ്റിയ ഒരു ഉരുപ്പടിയായി മാറി വരുന്നുണ്ടോ എന്നൊരു സംശയം. അതൊരു സംശയമായി മാത്രം അവശേഷിക്കട്ടെ, യാഥാർത്ഥ്യമാകാതിരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.
പെട്ടെന്ന് മനസ്സിലാകാൻ ഒരു ഉദാഹരണം പറയാം. സ്വർണ്ണപ്പാളി വിവാദം കോൺഗ്രസ്സിന് വിനയാകും എന്ന് പത്ത് ദിവസം മുമ്പ് വിശദീകരിച്ച ഉണ്ണി ഇന്ന് പറയുന്നത് സ്വർണ്ണപ്പാളി വിവാദം സി പി എമ്മിന് വാട്ടർലൂ ആകും എന്നാണ്. അന്ന് പറഞ്ഞത് കേരള സംസ്ഥാനം ഉണ്ടാകുന്നതിന് മുമ്പ് രൂപീകരിക്കപ്പെട്ട ഒന്നാണ് ദേവസ്വം ബോർഡ്, ബോർഡിന്റെ മേൽ സർക്കാരിന് യാതൊരു അധികാരങ്ങളുമില്ല. തിരുവിതാംകൂർ രാജവംശവും കേന്ദ്രസർക്കാറും തമ്മിലുണ്ടാക്കിയ ധാരണയുടെ പുറത്താണ് 1950 ൽ ദേവസ്വം ബോർഡ് വരുന്നത്. അതിന്റെ ഘടന തന്നെ അങ്ങനെയാണ്. അതിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ (മുരാരി ബാബുവിന്റെ പേര് പറഞ്ഞു കൊണ്ട്) തട്ടിപ്പ് നടത്തിയെങ്കിൽ അതിൽ സർക്കാരിന് എന്താണ് റോൾ, അയാൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കണമെന്ന് മാത്രം.. ഇത്തരം വിവാദങ്ങൾക്ക് യുഡിഎഫ് അമിതപ്രാധാന്യം നൽകിയാൽ അത് അവർക്ക് തന്നെ തിരിച്ചടിയാകും, ഈ വിവാദങ്ങളൊക്കെ യു ഡി എഫിനെ തകർക്കുന്ന രൂപത്തിൽ ഉപയോഗിക്കാൻ സി പി എമ്മിന് കഴിയും എന്ന് തുടങ്ങി വാദങ്ങളുടെ ഒരു കത്തിക്കയറലായിരുന്നു അന്ന് കേട്ടത്.
ഇന്ന് അതിന് നേരെ എതിർദിശയിലുള്ള വാദമാണ് കേട്ടത്. ദേവസ്വം ബോർഡിലെ ഒരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നു, അതുകൊണ്ട് സർക്കാരിന്റെ വാട്ടർലൂ ആയി ഇത് മാറും, അതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് കൈകഴുകാൻ കഴിയില്ല, ദേവസ്വം ബോർഡിൽ നടക്കുന്ന കെടുകാര്യസ്ഥതകൾക്ക് സർക്കാർ ഉത്തരം പറഞ്ഞേ മതിയാകൂ എന്നിങ്ങനെ വാക്കുകളുടെ കുത്തൊഴുക്ക്.
അന്നത്തെ എപ്പിസോഡിലും ഇന്നത്തെ എപ്പിസോഡിലും തകർപ്പൻ പെർഫോമൻസാണ് നടത്തിയത്. പക്ഷെ രണ്ടും വിപരീത ദിശകളിലായിരുന്നു എന്ന് മാത്രം. കൺസിസ്റ്റൻസി മനസ്സിലാക്കാൻ ഇത് ഒരു ഉദാഹരണമായി പറഞ്ഞു എന്ന് മാത്രം. വാർത്താവിശകലന പരിപാടിയാകുമ്പോൾ വലിയ കൺസിസ്റ്റൻസിയൊന്നും കീപ്പ് ചെയ്യാൻ പറ്റില്ല, ഒരു ഒഴുക്കിന് അനുസരിച്ച് അങ് നീന്താനേ പറ്റൂ എന്നൊക്കെ പറയാം.
ശ്രദ്ധയിൽ പെട്ട മറ്റൊരു എപ്പിസോഡ് കൂടി പറയാം. ഏതാണ്ട് രണ്ട് മാസം മുമ്പാണെന്ന് തോന്നുന്നു, അന്ന് തന്നെ എഴുതണമെന്ന് കരുതിയതാണ്. പക്ഷേ ഉണ്ണി ബാലകൃഷ്ണനെപ്പോലെ മതേതര കാഴ്ചപ്പാടുകൾക്ക് വേണ്ടി എന്നും ശബ്ദമുയർത്തിയിട്ടുള്ള ഒരാളെ പെട്ടെന്ന് ചാടിക്കേറി വിമർശിക്കണ്ട എന്ന് കരുതി. കൃസ്ത്യാനികൾക്കിടയിൽ മുസ്‌ലിം വിരോധം രൂപപ്പെട്ടതിനെക്കുറിച്ചുള്ള വിലയിരുത്തലായിരുന്നു അത്. അതിന് കാരണമായി ഉണ്ണി പറയുന്നത് മുസ്ലിംകൾ സംഘടിത ശക്തിയായി നിന്ന് അധികാരങ്ങൾ മുഴുവൻ പിടിച്ചടക്കുന്നു എന്ന പൊതുബോധം നിലനിൽക്കുന്നു എന്നാണ്. എ കെ ആന്റണി മുമ്പ് പറഞ്ഞ അതേ ലൈനിലുള്ള ഒരു നിരീക്ഷണം. കുറച്ച് കൂടി കടന്ന് വർഷങ്ങളായി യുഡിഎഫും എൽ ഡി എഫും മുസ്ലീം പ്രീണനം നടത്തുന്നു എന്ന മട്ടിലാണ് ഉണ്ണിയുടെ നിരീക്ഷണം പോയത്. അതിന് ഉണ്ണി കണ്ടെത്തിയ ഒരു ഉദാഹരണമായിരുന്നു അതിലേറെ വിചിത്രമായത്. ഏത് മുന്നണി ഭരിച്ചാലും ന്യൂനപക്ഷ വകുപ്പ് മുസ്ലിംകൾക്ക് മാത്രം ലഭിക്കുന്നു എന്ന്. മുനീറിന്റെയും ജലീലിന്റേയും അബ്ദുറഹിമാന്റെയുമൊക്കെ ഉദാഹരണം ഉണ്ണി എണ്ണിയെണ്ണി പറഞ്ഞു. പേരിനൊരു ന്യൂനപക്ഷ വകുപ്പ് എന്നതല്ലാതെ ആ വകുപ്പ് കൊണ്ട് കേരളത്തിൽ എന്ത് പ്രീണനം നടത്താൻ പറ്റുമെന്ന് ഉണ്ണിക്ക് അറിയാത്തതല്ല, പതിറ്റാണ്ടുകളോളം മുഖ്യമന്ത്രിക്കസേരയിൽ കൃസ്തീയ സമൂഹത്തിൽ പിറന്ന നേതാക്കൾ ഭരിച്ച കേരളത്തിൽ ഒരു ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തവരുടെ മതക്കണക്കിന് മാത്രം എത്ര പ്രസക്തിയുണ്ട് ഉണ്ണീ?.
മാത്രമല്ല, പാല പോലുള്ള കൃസ്തീയ ആധിപത്യ നഗരങ്ങളിൽ പോലും മുസ്‌ലിം അധിനിവേശം നടക്കുന്നു എന്നും അവരുടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ അവിടെ ഉയർന്ന് വരുന്നത് കൃസ്തീയ സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നു എന്നത് കാണാതിരുന്നു കൂട എന്നുമൊക്കെ ഉണ്ണി ആ എപ്പിസോഡിൽ പറയുന്നുണ്ട്. വളരെ അപകടമരമായ കാസ ആശയങ്ങളെ പരോക്ഷമായി എൻഡോർസ് ചെയ്യുന്ന രൂപത്തിൽ ഉണ്ണി സംസാരിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.
ഇത്രയുമൊക്കെ പറഞ്ഞത് കൊണ്ട് ഉണ്ണി ബാലകൃഷ്‌ണൻ അദ്ദേഹത്തിന്റെ പ്രഖ്യാപിത മതേതര നിലപാടുകളിൽ നിന്ന് പിറകോട്ട് പോയി, സംഘികൾക്ക് പിന്തുണ കൊടുക്കുന്ന ഘട്ടത്തിലെത്തി എന്നൊന്നും അർത്ഥമാക്കേണ്ട. അങ്ങിനെയൊരു അഭിപ്രായമൊന്നും എനിക്കില്ല. മനസ്സിൽ തോന്നിയ ചില സന്ദേഹങ്ങൾ പറയുന്നു എന്ന് മാത്രം. ഏഷ്യാനെറ്റ് പോലൊരു സംഘി മുതലാളിയുടെ ചാനലിൽ ഏത് മതേതര വാദി എത്തിയാലും അയാൾക്ക് പിടിച്ചു നില്ക്കാൻ വളരെ പ്രയാസപ്പെടേണ്ടി വരുമെന്നും ധാരാളം കോംപ്രമൈസുകൾ ചെയ്യേണ്ടി വരുമെന്നും കൃത്യമായി അറിയാവുന്ന ഒരാളാണ് ഞാൻ. ഉണ്ണി ഏഷ്യാനെറ്റിൽ ചേരുന്നു എന്ന വാർത്ത വന്ന അന്ന് തന്നെ ഇക്കാര്യം പറഞ്ഞു കൊണ്ട് ഒരു പോസ്റ്റും ഇട്ടിരുന്നു. അതിന്റെ അവസാന ഭാഗം ഒന്ന് കൂടെ എടുത്തെഴുതാം.
"ഏഷ്യാനെറ്റ് കൂടുതൽ കൂടുതൽ സംഘിവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ, ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്റെ ഉടമസ്ഥതയിലും കടുത്ത നിയന്ത്രണത്തിലും തുടരുന്ന ഒരു ഘട്ടത്തിൽ ഉണ്ണി ബാലകൃഷ്ണനെപ്പോലൊരു സ്വതന്ത്ര മാധ്യമപ്രവർത്തകന് അവിടെ എത്ര സ്വാതന്ത്ര്യം ലഭിക്കുമെന്നത് കണ്ടറിയണം. ഓൺ സ്‌ക്രീൻ റോളിലാണെങ്കിലും എഡിറ്റോറിയൽ റോളിലാണെങ്കിലും സംഘപരിവാറിനെ ആഴത്തിൽ വിമർശിക്കുന്ന ഒന്നും ഇനി പറ്റില്ല. അങ്ങിനെ വല്ലതും വന്നാൽ "മുണ്ട് മടക്കിക്കുത്താനും മലയാളം സമസ്കരിക്കാനും" അറിയുന്ന മുതലാളിയുടെ വക 'അന്ത്യസമസ്കാര'മുണ്ടാകും. സിപിഎമ്മിനെ ആവശ്യത്തിനും അനാവശ്യത്തിനും തെറി വിളിക്കാൻ സർവതന്ത്ര സ്വാതന്ത്ര്യം ലഭിക്കും എന്നത് മാത്രമാണ് ഉണ്ണി ബാലകൃഷ്ണന് മുന്നിൽ തുറന്ന് കിടക്കുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ദേശീയപാത"
അന്ന് എഴുതിയതിൽ കൂടുതലൊന്നും ഇപ്പോഴും എഴുതാനില്ല. എന്നിരുന്നാലും ഉണ്ണി ബാലകൃഷ്ണനോട് സ്നേഹപൂർവ്വം പറയാനുള്ളത് ഇത്ര മാത്രമാണ്, സർജിക്കൽ സ്ട്രൈക്ക് നടത്തിക്കോളൂ, പക്ഷേ നിലപാടുകളിൽ ഇത്തിരിയെങ്കിലും കൺസിസ്റ്റൻസി നല്ലതാണ്. മാത്രമല്ല നാളിതുവരെ ഉറച്ച് നിന്ന മതേതര നിലപാടുകളുടെ അടിത്തറ മാന്തുന്ന സർജിക്കൽ സ്ട്രൈക്കുകൾ ദയവായി നടത്തരുത്. താങ്കളിലെ മാധ്യമപ്രവർത്തകനെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ കൂടിയാണ് ഇത് പറയുന്നത്.
ബഷീർ വള്ളിക്കുന്ന്
