ഭൂട്ടാൻ വാഹന ഇടപാടിൽ ദുൽഖറിനും പൃഥ്വിരാജിനും എതിരെ നടക്കുന്ന ഇ ഡി റൈഡുകളും അന്വേഷണങ്ങളുമൊക്കെ വലിയ വാർത്തയാണല്ലോ. ഈ റെയിഡുകളുടെയൊക്കെ ആത്യന്തിക പർപ്പസും അത് തന്നെയാണ്, വാർത്തയും അതുണ്ടാക്കുന്ന ഇമേജ് നഷ്ടങ്ങളും.
ഒരു വിദേശരാജ്യത്ത് നിന്ന് വാഹനം കടത്തിക്കൊണ്ട് വന്ന് ഇന്ത്യയിൽ വിൽക്കണമെങ്കിൽ ഒരു വലിയ നെറ്റ്വർക്ക് അതിന്റെ പിന്നിലുണ്ടാകുമെന്നത് ഉറപ്പാണ്. അതിർത്തികളും ചെക്ക്പോസ്റ്റുകളും കടക്കുന്നത് മാത്രമല്ല, അതിന്റെ രജിസ്‌ട്രേഷൻ പ്രോസസ്സുകളും വില്പന ഡോകുമെന്റുകളുമൊക്കെ ശരിയാക്കിക്കൊടുക്കുന്നതിൽ വമ്പന്മാരുടെ ഇടപെടലുകൾ ഉണ്ടാകും. സ്വാഭാവികമായും അതിർത്തി സംസ്ഥാനങ്ങളിലായിരിക്കും ഇവയുടെ ഏതാണ്ട് എല്ലാ പരിപാടികളും നടന്നിട്ടുണ്ടാകുക. നിരവധി ഉടമകൾ കൈമാറ്റം ചെയ്യപ്പെട്ട് ലീഗൽ ഡോക്യൂമെന്റസുള്ള ആ വാഹനം വർഷങ്ങൾക്ക് ശേഷം വാങ്ങിയ അവസാനത്തെ ആളെ പിടിച്ച് അതിന്റെ അന്വേഷണം അയാളിലേക്ക് മാത്രമായി ഫോക്കസ് ചെയ്യുന്ന കലാപരിപാടിക്ക് പിന്നിൽ അതിന്റെ നിയമവശത്തേക്കാൾ കൂടുതൽ രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണ ബുദ്ധിയുടെയൊന്നും ആവശ്യമില്ലല്ലോ.
എമ്പുരാൻ ഇറങ്ങിയത് മുതലല്ല അതിന്റെ വളരെ മുമ്പേ തന്നെ സംഘികളുടെ റഡാറിലുള്ള നടനാണ് പൃഥ്വിരാജ്. എമ്പുരാനോട് കൂടി അത് അതിന്റെ പാരമ്യത്തിലെത്തി എന്ന് മാത്രം. മമ്മുട്ടിയും ദുൽഖറുമൊക്കെ ആ റഡാറിൽ വരുന്നതിന് അവരുടെ പേര് തന്നെ ധാരാളം മതി. മാത്രമല്ല 'ലോക'യുടെ വിജയവും അതിന് ആക്കം കൂട്ടിയിട്ടുണ്ടാകും.
'ലോക' ഏറ്റവും വലിയ ചൊറിച്ചിൽ ഉണ്ടാക്കിയത് സംഘികൾക്കാണ്. ഐതിഹ്യങ്ങളുടെ ഒരു സംഘപരിവാർ നരേറ്ററ്റിവ് പ്രതീക്ഷിച്ച് തിയേറ്ററിൽ കയറിയവന്മാരൊക്കെ മുട്ടിന് തീപിടിച്ചാണ് ഇറങ്ങിപ്പോന്നത്. ഈ പടത്തിന്റെ വിജയം തടയാൻ തങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാണ് അവർ ഒരു പൊടിക്ക് അടങ്ങിയത്. വാഹനം വാങ്ങിയതിന്റെ റെയിഡ് വേഫെറർ ഫിലിംസിന്റെ ഓഫീസ് വരെ എത്തിയതിന്റെ പിന്നിലുള്ള രാഷ്ട്രീയം കൂട്ടിവായിക്കാൻ എളുപ്പമാണ്.
പൃഥ്വിരാജ്. ദുൽഖർ എന്നൊക്കെ പത്രക്കുറിപ്പുകൾ മുൻകൂട്ടി ഇറക്കി വൻ മാധ്യമ അകമ്പടിയോടെ നടത്തുന്ന റൈഡുകളുടെ ആത്യന്തിക ലക്‌ഷ്യം കഴിയുന്നത്ര ഇമേജ് ഡാമേജ് ഉണ്ടാക്കുക എന്നത് തന്നെയാണ്. മോദി ഭക്തനായ ഉദ്യോഗസ്ഥൻ നടത്തിയ വിവാദ പത്രസമ്മേളനങ്ങളുടെ പാറ്റേണും അത് തന്നെയായിരുന്നല്ലോ.
തട്ടിപ്പോ വെട്ടിപ്പോ നടത്തിയിട്ടുണ്ടെങ്കിൽ അവർ നിയമവഴികൾ നേരിടട്ടെ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ.. അതിലൊന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷേ ഇഡിയും റെയിഡും അന്വേഷണങ്ങളുമൊക്കെ സംഘപരിവാറിന്റെ റഡാറിലുള്ളവരെ തേടി മാത്രമെത്തുമ്പോൾ അതിലെ രാഷ്ട്രീയം തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ചോറ് തിന്നുന്നവർക്കും തിന്നാത്തവർക്കുമൊക്കെ ഉണ്ടാകും. ഒരു കാര്യം ഉറപ്പാണ്, ദുൽഖറും പൃഥ്വിരാജുമൊക്കെ ഒരു റെയിഡ് പ്രൊപ്പഗണ്ട കൊണ്ട് ഒലിച്ചു പോകുന്ന കടലാസ് താരങ്ങളല്ല.
ബഷീർ വള്ളിക്കുന്ന്


