പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകൾ ഇങ്ങനെ കൂട്ടിയാൽ അതിന് വേണ്ട അധികച്ചിലവ് എവിടെ നിന്ന് എടുത്ത് കൊടുക്കുമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ അത്തരമൊരു ചോദ്യത്തിന്റെ പ്രസക്തിയെ തള്ളിക്കളയുന്നില്ല.
പക്ഷേ, ഈ വിഷയത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണാനാണ് എനിക്ക് താത്പര്യം. സാമ്പത്തിക ഞെരുക്കത്തിന്റെ കണക്ക് ഇന്നും ഇന്നലേയും കേൾക്കാൻ തുടങ്ങിയതല്ല, അത് കേരളം ഉണ്ടായത് മുതൽ കേൾക്കുന്നുണ്ട്, കേരളം നിലനിക്കുന്ന കാലത്തോളം അത് കേട്ടെന്നുമിരിക്കും. കാരണം നമ്മൾ ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ കടമൊക്കെ തീർന്ന ശേഷം പാവപ്പെട്ടവന്റെ കാര്യം നോക്കിയാൽ മതി എന്ന് വന്നാൽ സാധാരണക്കാരന് ഒരു അഞ്ച് പൈസയുടെ ഉപകാരം ഒരു സർക്കാരിനും ചെയ്യാൻ സാധിക്കില്ല. അത് ഏത് മുന്നണി ഭരിക്കുന്ന കാലമായാലും ശരി.
നോക്കൂ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ദേശീയ തലത്തിൽ നമ്മുടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ കോർപറേറ്റ് കടങ്ങളുടെ കണക്ക് അറിയാമോ?. കേന്ദ്ര സർക്കാർ പാർലിമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇങ്ങനെ എഴുതിത്തള്ളിയ കോർപറേറ്റ് കടം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപയാണ്. മൂന്ന് ലക്ഷത്തി പതിനെണ്ണായിരം രൂപയല്ല, മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ മുപ്പത്തിയഞ്ച് കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് പറയുന്ന കേന്ദ്രത്തിന് കോർപ്പറേറ്റുകളോടുള്ള ഉദാരത എത്രയാണെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
മോദി അധികാരത്തിൽ വന്ന ശേഷം അദാനിയും അംബാനിയുമൊക്കെ അവരുടെ സാമ്രാജ്യം എത്ര പതിന്മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വെറുതെ ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി. മോദി അധികാരത്തിൽ വരുമ്പോൾ ലോക ധനികന്മാരുടെ പട്ടികയിൽ അറുന്നൂറാം സ്ഥാനത്തോ മറ്റോ ഉണ്ടായിരുന്ന അദാനി രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ലോക ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത് നാം കണ്ടു. വെറും എട്ടു വര്ഷത്തിനുള്ളിലാണ് ഇത് സംഭവിച്ചത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ തുടങ്ങി എല്ലാം ഒന്നോ രണ്ടോ വ്യക്തികളുടെ സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. രണ്ട് വർഷം മുമ്പ് പുറത്ത് വന്ന ഓക്സ്ഫാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ധനികരുടെ കയ്യിലാണ് രാജ്യത്തിന്റെ 40 ശതമാനം ധനം ഇരിക്കുന്നത്. നൂറ്റി ഇരുപത്തേഴ് രാജ്യങ്ങളുള്ള ആഗോള പട്ടിണി സൂചികയിൽ നൂറ്റി അഞ്ചാമത് സ്ഥാനത്ത് നമ്മൾ എത്തിപ്പെട്ടതിന്റെ രസതന്ത്രം ഈ കണക്കിനുള്ളിലുണ്ട്.
കേരളത്തിന്റെ ഇപ്പോഴത്തെ കടം നമ്മുടെ സംസ്ഥാന ജിഡിപിയുടെ (GSDP) 36 ശതമാനമാണെന്ന് കണ്ടു. എന്നാൽ കേന്ദ്രത്തിന്റെ കടത്തിന്റെ അനുപാതം അതിനേക്കാൾ കൂടുതലാണ്. 185 ലക്ഷം കോടിയുടെ കടമുണ്ട് കേന്ദ്രത്തിന്. അത് രാജ്യത്തിന്റെ ജിഡിപിയുടെ 56 ശതമാനത്തോളമാണ്. അങ്ങിനെ കടക്കെണിയിലുള്ള ഒരു രാജ്യം കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളാനും അവരുടെ സാമ്രാജ്യം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. വിളവിന് താങ്ങുവില കിട്ടുവാൻ മാസങ്ങളോളം തെരുവിൽ ഉറങ്ങാതെ കിടന്ന കർഷകരെ തിരിഞ്ഞു നോക്കാത്ത സർക്കാറാണ് കേന്ദ്രത്തിലുള്ളത്. പക്ഷേ നമ്മൾ ഇവിടെ ചെയ്യുന്നതെന്താണ്?. സാമ്പത്തിക ഞെരുക്കത്തിനിടയിലും പാവപ്പെട്ട മനുഷ്യരെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നു. അവർക്ക് കഞ്ഞി കുടിക്കാനും മരുന്ന് വാങ്ങാനുമുള്ള അവസ്ഥ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ കടം അല്പം കൂടും, എന്നാലും അത് കോർപ്പറേറ്റുകളുടെ ഉദരം വീർപ്പിക്കാനല്ല എന്നൊരു മെച്ചമില്ലേ അതിൽ.
സാമ്പത്തിക ഞെരുക്കമാണെങ്കിലും സാധാരണക്കാരനെ സഹായിക്കാനുള്ള മനസ്സുണ്ടോ എന്നതാണ് പ്രധാനം. മനുഷ്യരുടെ ദുരിതങ്ങളിലും ജീവിതപ്രയാസങ്ങളിലും അവരോട് ചേർന്ന് നിൽക്കാൻ തയ്യാറുണ്ടോ എന്നതാണ് പ്രധാനം.
ലോക സമ്പന്നരുടെ പട്ടികയിൽ അംബാനിയുടെയും അദാനിയുടേയും റാങ്ക് മെച്ചപ്പെടുത്താൻ വേണ്ടി കടക്കെണിയിൽ ആകുന്നതിലും എത്രയോ ഭേദമാണ് പാവപ്പെട്ട മനുഷ്യരുടെ ക്ഷേമപെൻഷനിൽ ഇത്തിരി വർദ്ധനവ് വരുത്തുന്നത് വഴി വരുന്ന കടം. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളാൻ ലക്ഷക്കണക്കിന് കോടി രൂപ നീക്കിവെക്കുന്നതിനേക്കാൾ മാനുഷികമാണ് പാവപ്പെട്ട മനുഷ്യരുടെ അന്നത്തിനും ചികിത്സക്കും വേണ്ടി ഏറ്റെടുക്കുന്ന കടം. ആ കടത്തിന്റെ കണക്കിലും ഒരു മാനുഷികതയുണ്ട്, അവശരായ മനുഷ്യരെ ചേർത്ത് പിടിക്കാനുള്ള ഹൃദയമുണ്ട്.
ബഷീർ വള്ളിക്കുന്ന്


