വിക്രം മിസ്രി : ഡിപ്ലോമസിയുടെ സിന്ദൂരം

ഓപ്പറേഷൻ സിന്ദൂറിന്റെ നാളുകളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച വ്യക്തിത്വം വിദേശകാര്യ സെക്രട്ടറി ശ്രി. വിക്രം മിസ്രിയാണ്.

അദ്ദേഹം നടത്തിയ പ്രസ് ബ്രീഫിങ്ങുകൾ ഒരു സംഘർഷ സമയത്ത് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നതിനുള്ള ഒരു പാഠപുസ്തകമാണ്. എത്ര മനോഹരമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്, എത്ര സമചിത്തതയോടെയാണ് അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.
അതിർത്തിയിൽ സംഘർഷം ആളിക്കത്തിക്കൊണ്ടിരുന്നപ്പോഴും വളരെ ശാന്തനായി, വാക്കുകൾ ഒരിക്കലും അതിരു വിടാതെ, ഡിപ്ലോമസിയുടെ എല്ലാ അതിരുകളും കാത്ത്സൂക്ഷിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ബ്രീഫിങ്ങുകൾ.
വിക്രം മിസ്രിയുടെ ബയോഡാറ്റ നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, അദ്ദേഹം മുൻപ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങിൻെറയും ഐ കെ ഗുജ്‌റാളിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിട്ട് വർക്ക് ചെയ്തിട്ടുണ്ട്. ആ പാരമ്പര്യത്തിന്റെ ഗുണം അദ്ദേഹത്തിൻറെ വ്യക്തിത്വത്തിലുണ്ട് എന്നർത്ഥം. കശ്മീർ അദ്ദേഹത്തിൻറെ ജന്മഭൂമിയാണ്, ജനിച്ചത് ശ്രീനഗറിൽ, പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസവും അവിടെ തന്നെ. ചൈനയിലും സ്പെയിനിലും മ്യാൻമാരിലും ഇന്ത്യയുടെ അംബാസഡറായിട്ടുണ്ട്. ഇസ്ലാമാബാദടക്കം നിരവധി വിദേശ തലസ്ഥാനങ്ങളിലും ഇന്ത്യക്ക് വേണ്ടി സേവനം ചെയ്തിട്ടുണ്ട്.


കഴിഞ്ഞ നാളുകളിൽ മുടങ്ങാതെ കണ്ടിരുന്നതായിരുന്നു വിക്രം മിസ്രിയുടെ ബ്രീഫിങ്ങുകൾ. മിസ്രിയോടൊപ്പം എടുത്തു പറയേണ്ട രണ്ട്‌ പേരുകളാണ് ഇന്ത്യൻ സേനയുടെ ലിഖിത അപ്‌ഡേറ്റുകൾ കൃത്യമായി അവതരിപ്പിച്ചു കൊണ്ടിരുന്ന സോഫിയ ഖുറേഷിയുടേതും വ്യോമിക സിങിന്റെതും. സോഫിയ ഹിന്ദിയിലും വ്യോമിക ഇംഗ്ലീഷിലും. രാജ്യം ഏല്പിച്ച ഉത്തരവാദിത്വം അതിമനോഹരമായി അവർ രണ്ടു പേരും കൈകാര്യം ചെയ്തു.
നമ്മുടെ മാധ്യമങ്ങൾ ഉണ്ടാക്കിയ ഫേക്ക് ന്യൂസുകൾക്കും ചോരക്കും യുദ്ധത്തിനും വേണ്ടിയുള്ള നാണം കെട്ട ആർപ്പ് വിളികൾക്കുമിടയിൽ വിക്രം മിസ്രിയുടെ ബ്രീഫിങ്ങുകൾ വലിയ ആശ്വാസമായിരുന്നു എന്ന് വേണം പറയാൻ. താങ്ക്യൂ മിസ്റ്റർ വിക്രം മിസ്രി ❤
ബഷീർ വള്ളിക്കുന്ന്