പാക്ക് നുണക്കൾക്കെതിരെ ഒരു ഒറ്റയാൾ പട്ടാളം

ഒറ്റരാത്രി കൊണ്ടാണ് ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈർ സംഘികൾക്ക് പോലും പ്രിയങ്കരനായത്.

വ്യാജ വാർത്തകൾക്കെതിരെയുള്ള പോരാട്ടമാണ് സുബൈറിന്റെ ജീവിതം. ആ പോരാട്ടം കൊണ്ട് അദ്ദേഹം നേടിയിട്ടുള്ളത് കേസുകളും ഭീഷണികളും സൈബർ ആക്രമണങ്ങളും മാത്രമാണ്. പക്ഷേ ഒറ്റ രാത്രി കൊണ്ട് അതൊക്കെയും മാറി മറിഞ്ഞിരിക്കുന്നു. ഇപ്പോൾ അയാൾ സംഘികളുടെ പോലും ഹീറോയാണ്.
അതിർത്തിയിൽ നമ്മുടെ പട്ടാളം ഭീകരരുടെ താവളങ്ങൾക്കെതിരെ പൊരുതിക്കൊണ്ടിരുന്ന രാത്രിയിൽ ഒരു ഒറ്റയാൾ പട്ടാളം കണക്കെ ഉറക്കമിളച്ച് സുബൈറും പൊരുതിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള വ്യാജ വാർത്തകൾക്കെതിരെ.. ആ രാത്രിയിൽ സുബൈർ ചെയ്തത് നൂറ്റി അമ്പതോളം ഫാക്ട് ചെക്കുകൾ.. സുബൈറിനെ തീവ്രവാദിയും ഭീകരനുമാക്കി ചിത്രീകരിക്കാൻ മത്സരിച്ചിരുന്ന ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ ആ രാത്രിയിൽ സുബൈറിന്റെ പൊളിച്ചടുക്കൽ ട്വീറ്റുകൾക്ക് വേണ്ടി കാത്തിരുന്നു. അവ വാർത്തയാക്കി.
സാക്ഷി ജോഷിയുമായുള്ള സംഭാഷണത്തിൽ സുബൈർ പറയുന്നുണ്ട്, ഇന്ത്യയിലെ ആർമി ജനറൽമാർ എന്ന് തോന്നിക്കുന്ന രൂപത്തിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും പേരു മാറ്റിയുമൊക്കെ പാക്കിസ്ഥാനിൽ നിന്നുള്ള വ്യാജ പ്രചാരണങ്ങൾ ഒഴുകിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഫൈറ്റർ ജെറ്റുകൾ പാക്കിസ്ഥാൻ അടിച്ചിട്ടു എന്ന് ആർമി ജനറൽമാർ തന്നെ സ്ഥിരീകരിക്കുന്ന രൂപത്തിലുള്ള വ്യാജങ്ങൾ. അതൊക്കെയും സുബൈർ കയ്യോടെ പിടിച്ചു പൊളിച്ചു കൊണ്ടിരുന്നു.

ഏതോ കാലത്ത് വിമാനം തകർന്നു വീണതിന്റെ ചിത്രങ്ങളൂം വീഡിയോകളും എടുത്ത് ഇന്ത്യൻ റാഫേൽ വിമാനങ്ങൾ അടിച്ചിട്ടു എന്ന് പാക്കിസ്ഥാനികൾ വ്യാജം പ്രചരിപ്പിച്ചപ്പോൾ സുബൈറും ആൾട്ട് ന്യൂസിന്റെ ടീമും അവയൊക്കെ മിനുട്ടുകൾ വെച്ച് പൊളിച്ചു കൊണ്ടിരുന്നു. ആ വീഡിയോകളുടെ യഥാർത്ഥ ഉറവിടങ്ങൾ ദിവസവും തിയ്യതിയും വെച്ച് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. മാറിയ ലോകത്തിൽ ഫീൽഡിലെ യുദ്ധത്തോളം തന്നെ പ്രധാനമാണ് ഇൻഫോർമേഷൻ യുദ്ധവും എന്ന് തിരിച്ചറിഞ്ഞുള്ള കൃത്യമായ ഇടപെടലുകൾ ആയിരുന്നു അത്.
സുബൈർ പറയുന്നുണ്ട്, സ്വന്തം ഹാന്ഡിലിൽ ട്വീറ്റ് ചെയ്യുക മാത്രമല്ല താൻ ചെയ്തത് എന്ന്, വ്യാജ ട്വീറ്റുകൾ വരുന്ന ഹാൻഡിലുകളിൽ പോയി അവിടേയും അത് വ്യാജമാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അതിന്റെ ഉദ്ദേശം കൃത്യമായിരുന്നു, ഈ വാർത്ത വ്യാജമാണെന്ന് ആ ഹാൻഡിൽ ഫോളോ ചെയ്യുന്നവരെക്കൂടി അറിയിക്കുക, സുബൈറിന്റെ ഫോളോവേഴ്സ് മാത്രം കാര്യങ്ങൾ അറിഞ്ഞാൽ പോരല്ലോ. ഹാമിദ് മീറിനെപ്പോലുള്ള പാക്കിസ്ഥാനിലെ സീനിയർ ജേര്ണലിസ്റ്റുകളുടെ പ്രൊഫൈലുകളിൽ പോയി അവർ പ്രചരിപ്പിച്ച വ്യാജങ്ങൾക്കെതിരെ സുബൈർ എഴുതി.


ഭാര്യാപിതാവ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നതിനാൽ അവിടെയായിരുന്നു ആ രാത്രിയിൽ സുബൈർ, ഓപ്പറേഷൻ സിന്ദൂറിന്റെ വാർത്ത അറിഞ്ഞു അയാൾ ആശുപത്രി വിട്ട് ഓടിയെത്തിയത് ആ നിർണ്ണായക രാത്രിയിലെ ഒറ്റയാൾ പോരാട്ടത്തിനാണ്. ഇന്ത്യയുടെ ചീഫ് ഓഫ് ഇൻഫർമേഷൻ വാർ എന്നാണ് ഒരു മാധ്യമം സുബൈറിനെ വിശേഷിപ്പിച്ചത്.


സുബൈറിനെ പല തവണ വ്യാജകേസുകൾ ചമച്ച് അറസ്റ്റ് ചെയ്തപ്പോഴും അയാൾക്കെതിരെ അന്വേഷണ ഏജൻസികൾ നീങ്ങിയപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടപ്പോഴും ഈ പ്രൊഫൈലിൽ അയാൾക്ക് വേണ്ടി ശബ്ദിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുബൈർ അയാളെ വേട്ടയാടിയവരാൽ തന്നെ അനുമോദിക്കപ്പെടുന്ന ഈ അവസരത്തിൽ അത് കുറിച്ചിടാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതി മാത്രമാണ് ഈ പോസ്റ്റ്..
സംഘികളേ, ഒരു കാര്യം ഓർക്കുക, നിങ്ങൾ വ്യാജങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ, ഫേക്ക് ന്യൂസുകൾ വാട്സാപ്പുകളിലൂടെ ഒഴുക്കിക്കൊണ്ടിരുന്നപ്പോൾ അവ പൊളിച്ചടുക്കിയ അതേ സുബൈറാണ് പാക്കിസ്ഥാനിലെ തീവ്രവാദികളുടെ വ്യാജങ്ങളും പൊളിച്ചടുക്കിയത്. അയാളുടെ പോരാട്ടം വ്യാജന്മാർക്കെതിരെയാണ്. അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ സുബൈറിനെ പിന്തുണക്കാൻ വാർത്തയുടെ നൈതികതയിൽ വിശ്വസിക്കുന്ന മനുഷ്യർ കഴിഞ്ഞ കാലങ്ങളിൽ മുന്നോട്ട് വന്നത്. അപ്പോൾ അവരെയൊക്കെയും പരിഹസിച്ച നിങ്ങൾക്ക് വ്യാജവാർത്തകൾ ഏല്പിക്കുന്ന പ്രഹരമെന്തെന്ന് തിരിച്ചറിയാൻ ഓപ്പറേഷൻ സിന്ദൂർ വേണ്ടി വന്നു എന്ന് മാത്രം.
ബഷീർ വള്ളിക്കുന്ന്