ഇന്ത്യൻ സേനയുടെയും പാക്കിസ്ഥാൻ സേനയുടെയും ഇന്നലത്തെ പ്രസ് ബ്രീഫിങ് ശ്രദ്ധിച്ചിരുന്നു. നമ്മുടെ സൈനിക ഉദ്യോഗസ്ഥന്മാർ ഒന്നിച്ചിരുന്ന് നടത്തിയ പ്രസ് മീറ്റിങിന്റെ ഏതാണ്ട് അതേ ശൈലിയിലാണ് അതിന് ശേഷം പാക്കിസ്ഥാനും നടത്തിയത്.
രണ്ടും കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായ കാര്യം പാകിസ്ഥാന്റെ പക്കൽ അവരുടെ അവകാശവാദങ്ങളെ ബലപ്പെടുത്താനുള്ള ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ്. കൃത്യമായ ഇമേജുകളുടേയും സാറ്റലൈറ്റ് ചിത്രങ്ങളുടെയും പിൻബലത്തോടെയാണ് ഇന്ത്യൻ സേന കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ പാകിസ്ഥാൻ സേനയാകട്ടെ, സോഷ്യൽ മീഡിയയിൽ നിന്നുള്ള റീലുകളും മ്യൂസിക്കും എഡിറ്റിങ്ങുമൊക്കെയുള്ള വീഡിയോകളും കാണിച്ച് പരിഹാസ്യമായ രൂപത്തിലാണ് അത് അവതരിപ്പിച്ചത്.
ഏതൊക്കെ സ്പോട്ടിലാണ് ആക്രമണം നടത്തിയത്, ആക്രമണം നടത്തുന്നതിന് മുമ്പുള്ള സാറ്റലൈറ്റ് ഇമേജുകൾ, ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ, ആക്രമണത്തിന് ശേഷമുള്ള ആ സ്പോട്ടുകളുടെ അവസ്ഥ എന്നിങ്ങനെ കൃത്യമായി വിശദീകരിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രസ് മീറ്റ്. എന്നാൽ അവർ കാണിച്ചതാകട്ടെ കുറെ റീലുകളും ചാനൽ സ്റ്റുഡിയോകളിൽ നിന്നുള്ള ക്ലിപ്പുകളും.
കൂട്ടത്തിൽ സൈന്യം റോക്കറ്റുകളും മിസൈലുകളും തൊടുത്തു വിടുന്ന ദൃശ്യങ്ങളും കാണിച്ചു. അല്ലാഹു അക്ബർ വിളിച്ചു തൊടുത്തു വിടുകയാണ്, എങ്ങോട്ടാണെന്നോ എന്താണെന്നോ എന്നത്തേതാണെന്നോ ഒന്നും അതിൽ നിന്ന് വ്യക്തമാവുകയില്ല. കുറെ ബഹളങ്ങളും ആർപ്പ് വിളികളും മാത്രം. എന്തൊക്കെയോ എടുത്തു വെക്കുന്നു, എങ്ങോട്ടൊക്കെയോ തൊടുത്തു വിടുന്നു എന്നൊരു ഫീലിങ്ങാണ് അവർ കാണിച്ച ആ ദൃശ്യങ്ങളൊക്കെ കണ്ടപ്പോൾ തോന്നിയത്. ഇന്ത്യൻ സേനയുടേതാകട്ടെ, സ്പെസിഫിക്ക് സ്പോട്ടുകളും അതിന്റെ കൃത്യമായ വിവരങ്ങളും നൽകിക്കൊണ്ടുള്ള അപ്‌ഡേറ്റ് ആയിരുന്നു.
മതത്തേയും മതചിഹ്നങ്ങളേയും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരുതരം പ്രചാരണ യുദ്ധമാണ് പാക്കിസ്ഥാന്റേതെന്ന് അവരുടെ ആ പത്രസമ്മേളനം കണ്ടാൽ മനസ്സിലാവും. ബുൻയാനുൻ മർസൂസ് എന്ന പേര് പോലും അതാണ് സൂചിപ്പിക്കുന്നത്. അത് ആവർത്തിച്ചു പറയുന്നുണ്ട്. ഖുർആനിൽ നിന്നുള്ള ഒരു പ്രയോഗമാണത്. ശക്തമായ കെട്ടിട്ടം എന്നോ ഉരുക്ക് കോട്ട എന്നോ ഒക്കെ അതിന് ആശയാർത്ഥം പറയാം. തീവ്രവാദം കയറ്റി അയക്കുന്നതിനും ഭീകരർക്ക് പിന്തുണ കൊടുക്കുന്നതിനും മതത്തേയും മതഗ്രന്ഥത്തേയും അതിലെ പ്രയോഗങ്ങളെയുമൊക്കെ കൂട്ട് പിടിക്കുകയാണ് അവർ. എളുപ്പമുള്ള പണി അതാണല്ലോ.പെട്ടെന്ന് പിന്തുണ കിട്ടാൻ ഉപകരിക്കും.
ഇന്നലത്തെ രണ്ട് പ്രസ് മീറ്റുകളും ശ്രദ്ധിച്ചു കണ്ട ഒരാൾക്ക് കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് കൃത്യമായി മനസ്സിലാവും.
ബഷീർ വള്ളിക്കുന്ന്.