പഹൽഗാം : സോഷ്യൽ മീഡിയയിൽ കണ്ട രണ്ട് തരം ജീവികൾ

പഹൽഗാം ആക്രമണം നടന്ന ഉടനെ സോഷ്യൽ മീഡിയയിൽ രണ്ട് തരം ജീവികളെ കണ്ടു. രണ്ടും അപകടകാരികളാണ്, സമൂഹം സൂക്ഷിക്കേണ്ട വർഗ്ഗങ്ങൾ..

ഒന്നാമത്തെ വിഭാഗം ആക്രമണത്തിന്റെ വാർത്ത വന്ന ഉടനെ തന്നെ ഇത് ഇസ്‌ലാമിക ഭീകര പ്രസ്ഥാനങ്ങൾ ചെയ്തതല്ല എന്ന് സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാട് പ്രകടിപ്പിച്ചവരാണ്. സംഭവം നടന്ന് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളൂ, വാർത്തകളൊക്കെ പുറത്ത് വരുന്നേയുള്ളൂ. അപ്പോഴേക്ക് അവർ തീരുമാനത്തിലെത്തിക്കഴിഞ്ഞു. പഴയ ഡാറ്റകളും സംഭവങ്ങളുമൊക്കെ കോർത്തിണക്കി ഭീകരവാദികളെ വെളുപ്പിച്ചെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു അവർ.
ഇന്ത്യയിൽ നടന്ന പല സ്ഫോടനങ്ങളുടെയും പിറകിൽ തുടക്കത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ട ഭീകരപ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നില്ല എന്ന് പിന്നീട് തെളിഞ്ഞു എന്നതാണ് ഈ തിയറിക്ക് പിൻബലമായി ഇത്തരക്കാർ ഉയർത്തിക്കാട്ടുന്നത്. ഇവിടെ വലിയ ഒരു കുഴപ്പമുള്ളത് എന്താണെന്ന് വെച്ചാൽ എല്ലാ ആക്രമണങ്ങളേയും ആ കണ്ണിലൂടെ കണ്ട് ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളെ വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നു എന്നതാണ്. അത്യധികം അപകടകരമായ ഒരു പ്രവണതയാണിത്. ഭീകര വാദികളോടും തീവ്രവാദികളോടും പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തിലുള്ള ഒരു സോഫ്റ്റ് കോർണർ നിങ്ങൾ കാണിച്ചു കഴിഞ്ഞാൽ അതോടെ നിങ്ങളിലെ മനുഷ്യൻ തീർന്നു. പിന്നെ അവിടെ ജനിക്കുന്നത് ഒരു ക്രൂര മൃഗമാണ്. ആ മൃഗം നിങ്ങളെ പല വഴിക്ക് നടത്തും, പല ന്യായീകരണങ്ങൾ ചമക്കും.
ഇസ്‌ലാമിന്റെ പേരിലുള്ള ഭീകര പ്രസ്ഥാനങ്ങൾ ലോകത്ത് പലയിടത്തുണ്ട്. പല ദിക്കുകളിൽ പല സമയങ്ങളിൽ പല സ്‌ഫോടനങ്ങളിൽ അവർ ആയിരക്കണക്കിന് നിരപരാധികളെ കൊന്നിട്ടുണ്ട്. പാക്കിസ്ഥാനിലും അഫ്‌ഗാനിലും ഇറാഖിലുമൊക്കെ നടന്നിട്ടുള്ള സ്ഫോടനങ്ങൾ ഉദാഹരണങ്ങളാണ്. കൊല്ലപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലിംകൾ തന്നെ. അവിടെയൊക്കെ നിങ്ങൾക്ക് മുകളിൽ പറഞ്ഞ ഈ തിയറി പ്രയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു സംഭവം നടന്ന ഉടനെ, അതിന്റെ പ്രാഥമിക വിവരങ്ങൾ പോലും ലഭിക്കുന്നതിന് മുമ്പ് ചാടിക്കേറി തിയറികൾ ഉണ്ടാക്കാതിരിക്കുക. ആരെയും വിശുദ്ധരാക്കാതിരിക്കുക.


ഇനി സോഷ്യൽ മീഡിയയിൽ കണ്ട രണ്ടാമത്തെ വിഭാഗത്തെക്കുറിച്ച് പറയാം. നാട്ടിൽ സൗഹാർദ്ദത്തോടെ ജീവിക്കുന്ന മനുഷ്യർ തമ്മിൽ അകൽച്ചയും വിദ്വേഷവും പടർത്താൻ ഇത് തന്നെ 'സുവർണാവസരം' എന്ന് മനസ്സിലാക്കി പരമാവധി വിഷം വമിപ്പിക്കുന്നവരാണ് അവർ. ഏതാനും ഭീകരർ ചെയ്ത ക്രൂരകൃത്യത്തിന്റെ പേരിൽ ഇന്ത്യയിൽ ജീവിക്കുന്ന മുഴുവൻ മുസ്ലിംകളേയും അപരവത്കരിക്കാനുള്ള കൊണ്ട് പിടിച്ച പ്രചാരണങ്ങൾ നടത്തുന്നവർ.
ഒരു കാര്യം മനസ്സിലാക്കുക, ഈ ഭീകരാക്രമണത്തിന്റെ ഏറ്റവും വലിയ ദുരിതം അനുഭവിക്കാൻ പോകുന്നത് കാശ്മീർ ജനത തന്നെയാണ്. അവർ തന്നെയായിരിക്കും ഈ കൂട്ടക്കൊലയെത്തുടർന്ന് രാജ്യത്ത് ഏറ്റവും ആശങ്കയോടെ ജീവിക്കുന്നവർ. അവരുടെ ജീവനോപാധികളാണ് ഇല്ലാതാകുന്നത്, അവരുടെ വരുമാന സ്രോതസ്സുകളാണ് നിലക്കുന്നത്. ഈ ഭീകര പ്രവർത്തകർക്കെതിരെ കാശ്മീരിൽ ഇന്നവർ ഹർത്താൽ ആചരിക്കുകയാണ്. പല മാധ്യമങ്ങളും അവരോട് സംസാരിക്കുമ്പോൾ അവർ പൊട്ടിക്കരയുന്നു, ആക്രമണം നടന്ന ഉടനെ കഴിയുന്നത്ര മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയതും അവരാണ്.
"ഐസാ നഹി ഹോനാ ചാഹിയേ" എന്ന് പറഞ്ഞു ഒരാൾ കണ്ണുനീർ തുടക്കുന്നത് ഒരു ചാനലിൽ കണ്ടു. അവരുടെ ജീവിതം ഇരുളടയാൻ പോകുന്നത് കാണുമ്പോഴുള്ള കണ്ണുനീരാണത്. ഈ ക്രൂരത ചെയ്ത പിശാചുക്കളെ ഏറ്റവും കൂടുതൽ വെറുക്കുന്നതും അവരായിരിക്കും.
രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഏതാനും മനുഷ്യമൃഗങ്ങൾ ഒരു കൂരകൃത്യം നടത്തുമ്പോൾ അതിന്റെ പേരിൽ ഒരു സമുദായത്തെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്താൻ ശ്രമിക്കുന്നവർ ആ ഭീകരരോളം ഭീകരരാണ്. വിദ്വേഷത്തിന്റേയും പകയുടെയും കനലുകൾ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന മറ്റൊരു കൂട്ടം വേട്ട മൃഗങ്ങൾ എന്നേ അവരെ വിളിക്കാൻ പറ്റൂ..
മുകളിൽ സൂചിപ്പിച്ച ഈ രണ്ട് കൂട്ടരേയും കരുതിയിരിക്കുക എന്നതാണ് ഇത്തരം ദാരുണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരു മതേതര സമൂഹത്തിന് ചെയ്യാനുള്ളത്. അവസരങ്ങളെ അപകടകരമായ രീതിയിലേക്കും ഡയമെൻഷനിലേക്കും കൊണ്ട് പോകാൻ ശ്രമിക്കുന്നവർ. അവരെ കൃത്യമായി തിരിച്ചറിയുകയും ആട്ടിയോടിക്കുകയും ചെയ്യുന്നിടത്ത് മാതമേ നമ്മൾ മനുഷ്യർക്ക് മനുഷ്യരായി സൗഹാർദത്തോടെ ഈ മണ്ണിൽ ജീവിക്കാൻ സാധിക്കൂ..
ബഷീർ വള്ളിക്കുന്ന്