ഷമ മുഹമ്മദ് തുറന്ന് പറഞ്ഞത് കയ്പ്പേറിയ സത്യങ്ങൾ

പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് ദേശീയ വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം ഉയർത്തിയത് പ്രസക്തമായ ചില വിമർശനങ്ങളാണ്. കോൺഗ്രസ്സ് ലിസ്റ്റിലെ സ്ത്രീ പ്രതിനിധ്യത്തെക്കുറിച്ചാണ് ആദ്യം അവർ പറഞ്ഞത്. അതോടൊപ്പം മറ്റൊരു പ്രധാന വിഷയവും അവർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചായിരുന്നു അത്.. കൃത്യമായി പറഞ്ഞാൽ മുസ്‌ലിം പ്രതിനിധ്യത്തക്കുറിച്ച്.

ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നാണ് ക്രിയാത്മകമായ ആ വിമർശനങ്ങളോട് പ്രതികരിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് സുധാകൻ പറഞ്ഞത്. ദേശീയ വക്താവായ ഒരു വനിതയെ അങ്ങേയറ്റം അപഹസിക്കുന്ന ഒരു പ്രസ്താവനയാണ് അത്. ഷമയെ പരിഹസിക്കുവാനും അവരുടെ ഭാഷാ പ്രയോഗങ്ങളെ ഇകഴ്ത്തി കാണിക്കുവാനും ശ്രമിക്കുന്ന ധാരാളം പേരെ സൈബറിടത്തിൽ കാണാറുണ്ട്. ആ കൂട്ടത്തിൽ കൂടാനില്ലെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.

കഴിഞ്ഞ ദിവസം ഷമ ഉയർത്തിയത് തികച്ചും വാലിഡ്‌ ആയ ചില കാര്യങ്ങളാണ്. മലബാറിൽ ലീഗുള്ളത് കൊണ്ട് ആ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികളെ പരിഗണിക്കേണ്ടതില്ലെന്ന കോൺഗ്രസ്സ് നിലപാടിനെ അവർ വ്യംഗ്യമായാണെങ്കിലും ആർക്കും വ്യക്തമാകുന്ന രൂപത്തിൽ ചോദ്യം ചെയ്തു. മലബാറിൽ ന്യൂനപക്ഷത്തിന് കൺസിഡറേഷൻ കുറയുന്നു, "ആ" പാർട്ടിയുണ്ടല്ലോ എന്നതാണ് ന്യായമെങ്കിൽ പിന്നെ "ആ" പാർട്ടിയിലേക്ക് പോയാൽ പോരേ, ഞങ്ങളെപ്പോലുള്ളവർ ഈ പാർട്ടിയിൽ തുടരേണ്ട ആവശ്യമുണ്ടോ എന്നും ഷമ ചോദിച്ചു. പാർട്ടി വക്താവിന്റെ മേല്വിലാസമുള്ളതിനാൽ അതിലപ്പുറം പറയാൻ അവർക്ക് കഴിയുമായിരുന്നില്ല, പക്ഷേ അവർ പറഞ്ഞത് കയ്പ്പേറിയ ഒരു സത്യം തന്നെയാണ്.
കേരളത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥികളിലെ മുസ്‌ലിം പ്രാതിനിധ്യം പതിനാറിൽ ഒന്നാണ്. ജനസംഖ്യാനുപാതികമായി അഞ്ച് പേരെങ്കിലും വേണ്ടിടത്താണ് ഇത്. കഴിഞ്ഞ തവണ വിജയിച്ച കോൺഗ്രസ്സിന്റെ പതിനഞ്ച് എം പി മാരിൽ ഒരു മുസ്‌ലിം പോലുമുണ്ടായിരുന്നില്ല. ഒരു സമുദായമെന്ന നിലക്ക് പ്രാതിനിധ്യം നോക്കിയാൽ ഇന്ത്യൻ പാർലിമെന്റിൽ ഏറ്റവും അവഗണന നേരിടുന്ന വിഭാഗമാണ് മുസ്ലിംകൾ.
സ്ഥാനാർത്ഥികളുടെ മതം നോക്കി വർഗീയത പറയുകയാണോ എന്ന ചോദ്യമുയരാം. നിയമങ്ങളും ബില്ലുകളുമടക്കം ഒരു സമുദായത്തെ പാർശ്വവത്കരിക്കാൻ നിരന്തരം നിയമനിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പാർലിമെന്റിൽ പാർശ്വവത്കരിക്കപ്പെടുന്ന ആ സമുദായത്തിന്റെ പ്രാതിനിധ്യം നേർത്ത് നേർത്ത് ഇല്ലാതാവുകയാണെന്ന് തിരിച്ചറിയുമ്പോൾ അവർക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുന്നത് വർഗീയതയല്ല, സാമൂഹിക നീതി മാത്രമാണ്. ഇരയോടുള്ള ഐക്യപ്പെടലിന്റെ ഭാഗം കൂടിയാണത്. കേരളത്തിലെ കോൺഗ്രസ്സ് സീറ്റുകളിലെ ആ സമുദായത്തിന്റെ പ്രാതിനിധ്യത്തെ നിരീക്ഷിക്കുന്നതും അത് കൊണ്ടാണ്.


നന്നായി ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കുന്ന ഒരാളാണ് ഷമ. മലയാളം സംസാരിക്കാനാണ് അവർക്ക് ആപേക്ഷികമായി പരിമിതികളുള്ളത്. കേരളത്തിന് പുറത്ത് പഠിച്ചു വളർന്നത് കൊണ്ടുള്ള സാഹചര്യങ്ങളായിരിക്കാം അതിനു കാരണം. ട്രോളുകൾ മാറ്റിനിർത്തിയാൽ പൊതുവിഷയങ്ങളിൽ കൃത്യമായി പ്രതികരിക്കുന്ന ഒരാളായിട്ടാണ് ഷമയെ ഞാൻ കണ്ടിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ ഒരു സംഭവം തന്നെയെടുക്കാം. ഡൽഹിയിൽ നമസ്കരിച്ചു കൊണ്ടിരിക്കുന്ന വിശ്വാസികളെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യം പുറത്ത് വന്നിരുന്നു. കേരളത്തിൽ നിന്ന് അതിനെതിരെ ഒരു പ്രതികരണം ശ്രദ്ധയിൽ പെട്ടത് ഷമയുടേതാണ്. പാർലിമെന്റിൽ ഒരക്ഷരം മിണ്ടാതെ ഉറക്കം തൂങ്ങിയിരിക്കുന്ന പതിനാറെണ്ണത്തിൽ സംസാരിക്കാനറിയുന്ന ഒന്നോ രണ്ടോ പേരെങ്കിലും ഉണ്ടാകുന്നത് നല്ലതാണെന്ന് മാത്രമല്ല, കമ്മ്യൂണിറ്റി റെപ്രെസന്റേഷന്റെ കുറവും പരിഹരിക്കാൻ പറ്റുമായിരുന്നു ഷമയെപ്പോലുള്ളവരെ പരിഗണിച്ചിരുന്നുവെങ്കിൽ.
അതിന് പകരം കോൺഗ്രസ്സ് ചെയ്യുന്നത് നിലവിൽ നിയമസഭ മെമ്പറായ ആ കമ്യൂണിറ്റിയിൽ നിന്നുള്ള ഒരാളെ അവിടെ നിന്ന് പിടിച്ചു കൊണ്ട് വന്ന് വടകരയിൽ മത്സരിപ്പിക്കുന്നു. ഒരിടത്തെ കമ്മ്യൂണിറ്റി റെപ്രെസന്റേഷനെ ഇല്ലാതാക്കി ഒരു മാറ്റക്കച്ചവടം. പതിനാറിൽ ഏക പ്രതിനിധിക്ക് വേണ്ടി കളിക്കുന്ന നാടകങ്ങൾ. വെറും നാലായിരം വോട്ടിന്റെ വ്യത്യാസത്തിൽ ബിജെപി രണ്ടാം സ്ഥാനത്തുള്ള പാലക്കാട് മണ്ഡലത്തിൽ അവർക്ക് മറ്റൊരു ബലപരീക്ഷണത്തിനുള്ള അവസരം കൊടുത്ത് കൊണ്ടാണിത് ചെയ്യുന്നത് എന്നോർക്കണം.
മറ്റൊന്ന് കണ്ടത് രണ്ട്‌ വർഷം ഇനിയും കാലാവധിയുള്ള രാജ്യസഭാ മെമ്പറായ ഒരാളെ ആലപ്പുഴയിൽ മത്സരിപ്പിച്ച് ആ രാജ്യസഭാ സീറ്റ് കൂടി ബി ജെ പിക്ക് താലത്തിൽ വെച്ച്‌ കൊടുക്കാൻ പോകുന്നതാണ്. കോൺഗ്രസ്സിന്റെ വാർ റൂമിൽ നിന്നുള്ള ഇത്തരം തമാശകൾ കാണുമ്പോൾ എത്ര മിണ്ടാതിരിക്കണമെന്ന് മനസ്സിൽ കരുതിയാലും അതിനു സാധിക്കുകയില്ല.
നിലവിലെ രാഷ്ട്രീയ ശക്തി പരിഗണിച്ചാൽ കേരളത്തിൽ നാലോ അഞ്ചോ പാർലമെന്റ് സീറ്റിന് അവകാശമുണ്ട് മുസ്‌ലിം ലീഗിന്.. വെറും ഒരു സീറ്റ് കൂടി അവർ അധികം ചോദിച്ചപ്പോൾ അതൊരു വിവാദമാക്കി അവരെ പരിഹസിച്ച് ഒതുക്കാനാണ് കോൺഗ്രസ്സ് നോക്കിയത്. ഇപ്പോൾ പാർട്ടിക്കകത്ത് തന്നെ ആ റെപ്രസെന്റേഷന്റെ കാര്യം സൂചിപ്പിക്കുന്നവരെ അവരാരുമല്ലെന്ന് ഇകഴ്ത്തി അപമാനിക്കാനാണ് പാർട്ടി പ്രസിഡന്റ് തന്നെ ശ്രമിക്കുന്നത്. മുസ്‌ലിം വോട്ട് ബാങ്ക് എന്തുകൊണ്ട് യുഡിഎഫിൽ നിന്ന് അകലുന്നു എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം ഇത്തരം സമീപനങ്ങളിലുണ്ട്.
ബഷീർ വള്ളിക്കുന്ന്