എം ടി ഉയർത്തിയത് കാമ്പുള്ള വിമർശനം, അത് കേട്ടില്ലെന്ന് പിണറായി നടിക്കരുത്

കെ എൽ എഫിന്റെ ഉദ്ഘാടന വേദിയിൽ അതിശക്തമായ രാഷ്ട്രീയ വിമർശനം തന്നെയാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയത്. വർഷങ്ങൾക്ക് മുമ്പെഴുതിയ ഒരു ലേഖനത്തിലെ വരികൾ ചടങ്ങിൽ വായിച്ചതല്ലേ എന്ന് പറഞ്ഞു കൊണ്ട് ആ വിമർശനത്തിന്റെ അന്തസ്സത്തയെ തള്ളിക്കളയാനാവില്ല. എം ടി ആയിരക്കണക്കിന് വരികളും എണ്ണമറ്റ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്, അതിൽ നിന്ന് ഇത്തരമൊരു സാമൂഹ്യ വിമർശനം തന്നെ തിരഞ്ഞെടുത്ത്, പകർത്തിയെഴുതിക്കൊണ്ട് വന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിൽ വായിക്കുന്നത് വെറുതേയല്ല, അതിനൊരു സാമൂഹ്യ ലക്ഷ്യമുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് എം ടി അത് വായിച്ചത്. മാത്രമല്ല, ആ സംസാരത്തിന്റെ അവസാനത്തിൽ മുമ്പെഴുതിയ ലേഖനത്തിൽ ഇല്ലാത്ത ഒരു വാചകം കൂടി എംടി കൂട്ടിച്ചേർത്തു. "ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾകൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന്.. ആ അവസാന വാചകത്തിൽ എല്ലാമുണ്ട്. 

എം ടി യുടെ പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ലക്ഷ്യം വെച്ചുള്ളതാണ് എന്ന് പറയുന്നതിൽ കാര്യമില്ല, എന്നാൽ ആ വിമർശനങ്ങളുടെ മുന തുളഞ്ഞു കയറുന്ന രൂക്ഷപരിസരങ്ങളിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റി നിർത്താനുള്ള ശ്രമങ്ങളും വൃഥാവിലാണ്. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന പഴയ സങ്കല്പത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് ശ്രമിച്ചത് എന്നും ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നത് അത് കൊണ്ടാണെന്നും എം ടി പറയുമ്പോൾ അതിലടങ്ങിയിരിക്കുന്ന പരോക്ഷ വിമർശനം കൃത്യമായി തന്നെ വായിച്ചെടുക്കാൻ പറ്റും.

സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ മുഖ്യമന്ത്രിയെ പുകഴ്ത്തിപ്പാടാനും വീഡിയോ ഉണ്ടാക്കാനും കവികൾക്ക് സ്വാത്രന്ത്ര്യമുണ്ട്, പക്ഷേ ആ കവിതകളെ എൻഡോർസ് ചെയ്ത് അതിൽ ആത്മരതിയടഞ്ഞു അത് ജനങ്ങളുടെ വികാരപ്രതിഫലനമാണ് എന്ന് കരുതാൻ തുടങ്ങിയാൽ അത് പതനത്തിന്റെ ആരംഭമാണ്. 


കവികൾ പാടുന്നത് കണ്ടില്ലെന്ന് നടിക്കാം, മുഖ്യമന്ത്രി സൂര്യനാണെന്നും അടുത്ത് പോയാൽ കരിഞ്ഞു പോകുമെന്നും പാർട്ടി സെക്രട്ടറി തന്നെ പറയുന്ന  കാലത്ത് എം ടി ഉയർത്തിയ  "ആചാരോപചാരമായ നേതൃത്വ പൂജ"യെക്കുറിച്ച വിമർശനങ്ങൾക്ക് കാമ്പും കാതലുമുണ്ട്. എം ടി യെ അവമതിക്കുന്നതിന് പകരം അത്തരം വിമർശനങ്ങളുടെ അന്തസ്സത്ത എത്ര പെട്ടെന്ന് തിരിച്ചറിയുന്നുവോ അത്രയും നല്ലത്. 

പി ജയരാജനെ കണ്ണൂരിന്റെ ചെന്താരകമാക്കി വാഴ്ത്തുപാട്ടുണ്ടാക്കിയപ്പോൾ പാർട്ടി അതിനെ തിരുത്തി,  തള്ളിപ്പറഞ്ഞു, താരാരാധനയും വ്യക്തിപൂജയും അടിസ്ഥാന തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ രീതിയല്ലെന്ന് കൃത്യമായി ബോധ്യപ്പെടുത്തി.വലതുപക്ഷ മാധ്യമങ്ങളുടെ വാഴ്ത്തുപാട്ടുകളിൽ വി എസ് വീണുപോയപ്പോൾ പാർട്ടി സെക്രട്ടറി അതിനെ തിരുത്തി. ബക്കറ്റിലെ വെള്ളത്തിനല്ല, കടലിന്റെ മാറിനോട് ചേർന്ന് നിൽക്കുന്ന തിരമാലക്ക് മാത്രമേ ശക്തിയുള്ളൂ എന്ന് കൃത്യമായി വിശദീകരിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് പാർട്ടി സെക്രട്ടറി ആ തിരുത്ത് നടത്തിയത്. ഇടതുപക്ഷത്തിന്റെ തിരുത്തിന്റെ രീതി അതാണ്. പാർട്ടിയും പാർട്ടി മുന്നോട്ട് വെക്കുന്ന അടിസ്ഥാന വർഗ്ഗ നിലപാടുകളുമാണ് വലുത്, അതിലപ്പുറം ഒരു താരമില്ല, സൂര്യനില്ല.


ഭരിക്കുന്നവർക്ക് ട്രാക്ക് തെറ്റുമ്പോൾ തിരുത്ത് വരുത്താൻ കരുത്തുണ്ടാകണം പാർട്ടിക്ക്, അപ്പോഴാണ് തെരുവിൽ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന സാധാരണ പ്രവർത്തകൻ പാർട്ടിയുടെ അടിത്തറ താങ്ങുന്ന ഇഷ്ടികയായി മാറുക. അപ്പോഴാണ് അവന്റെ ശബ്ദവും വികാരവും പാർട്ടിയായി രൂപാന്തരപ്പെടുന്നത്. മുഖ്യമന്ത്രിക്ക് അനിഷ്ടകരമായ ഒരു വാക്ക് ഉച്ചരിക്കാൻ പാർട്ടി സെക്രട്ടറിക്ക് പോലും ഭയം വരുമ്പോൾ പാർട്ടിക്ക് മേൽ വ്യക്തി വിജയിക്കും, അടിസ്ഥാന വർഗ്ഗത്തിന്റെ ശബ്ദം ഇല്ലാതാവും. 

മുഖ്യമന്ത്രി സൂര്യനാണെന് വാഴ്ത്തുപാട്ടുകാരൻ പാടുമ്പോൾ വെറും സൂര്യനല്ല കത്തിജ്വലിക്കുന്ന സൂര്യനാണെന്ന് കോറസ് പാടുന്ന പണിയല്ല പാർട്ടി സെക്രട്ടറിയുടേത്.. അയാളുടെ പണി പാർട്ടിയെ താങ്ങുന്ന ആ 'ഇഷ്ടിക'കകളുടെ ശബ്ദമാകുക എന്നതാണ്. ഗാന്ധിയും നെഹ്‌റുവും ആരാധിക്കപ്പെടുന്നില്ലേ, അതുപോലുള്ള ആരാധനയായി കൂട്ടിയാൽ മതി എന്ന് എൽ ഡി എഫ് കൺവീനർ പറയുമ്പോൾ അയാളും മറ്റൊരു കോറസ് പാട്ടുകാരനാകുകയാണ്. 

മുഖ്യമന്ത്രി പറഞ്ഞിട്ടല്ല വാഴ്ത്തുപ്പാട്ടുകാർ ഉണ്ടാകുന്നത് എന്ന ന്യായം പറയാം. അത് അദ്ദേഹം ആസ്വദിക്കുന്നില്ല എന്നും പറയാം, പക്ഷേ ആ ന്യായം പി ജയരാജനും വി എസിനും പറയാമായിരുന്നു. ഒരാൾ ആസ്വദിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, ഒരു മോശം പ്രവണത വളർന്ന് വരുമ്പോൾ കൃത്യമായ സമയത്ത് ഇടപെടാനും തിരുത്താനുമുള്ള കരുത്ത് പാർട്ടിക്കുണ്ടോ എന്നതാണ്, അവർ സ്തുതിപാഠകർ മാത്രമായി അധഃപതിക്കുന്നുണ്ടോ എന്നതാണ്. 

എം ടി ഇപ്പോൾ നല്കിയിരിക്കുന്നത് ഒരു സുവർണാവസരമാണ്. തൊണ്ടയിൽ കിച്ച് കിച്ച് ഉള്ളവർക്കൊക്കെ അത് മാറ്റാനുളള അവസരമാണ് എംടി നല്കിയിരിക്കുന്നത്. 

ബഷീർ വള്ളിക്കുന്ന്