അങ്ങിനെയാണ് ഹജ്ജിന്റെ കല്ലേറ് എളുപ്പമായത്

മുമ്പൊക്കെ ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ തിക്കിത്തിരക്കും അതുവഴിയുള്ള മരണങ്ങളും നടക്കാറുണ്ടായിരുന്നത് മിനായിൽ ജംറകളിലെ കല്ലേറിന്റെ അടുത്തായിരുന്നു.

കല്ല് കൊണ്ട് പടുത്ത ഒരു ചെറിയ തൂൺ, അതിന് ചുറ്റും വൃത്താകൃതിയിലുള്ള ഒരു ചെറിയ മതിൽ. കല്ലെറിയുന്നതിന് മതാചാരപ്രകാരമുള്ള പ്രത്യേക സമയമുണ്ട്. ആ സമയത്ത് ലക്ഷക്കണക്കിന് മനുഷ്യർ അതിന് ചുറ്റും കൂടും. എറിയാൻ പോകുന്നവരും എറിഞ്ഞു വരുന്നവരുമൊക്കെ ഒരേ ദിശയിലായി പലപ്പോഴും തിക്കിത്തിരക്കുകൾ ഉണ്ടാകും. അതുവഴി മരണങ്ങളും.
സൗദി ഭരണകൂടം മതപണ്ഡിതന്മാരുമായി ആലോചിച്ച് അതിനൊരു പരിഹാരം കണ്ടു. ജംറയിലെ ചെറിയ കൽത്തൂണിന് പകരം അതിനെ വീതി കൂട്ടി വലിയൊരു മതിൽ കണക്കെയാക്കി അതിനെ കുത്തനെ ഉയർത്തി. എന്നിട്ട് അതിലേക്ക് വിവിധ തട്ടുകളിലായി മൾട്ടി ലെവൽ റോഡുകളും പാലങ്ങളും പണിതു. ബില്യൺ കണക്കിന് റിയാൽ ചിലവഴിച്ചുള്ള വർഷങ്ങൾ നീണ്ട പ്രൊജക്റ്റായിരുന്നു അത്. അങ്ങിനെ കല്ലെറിയുക എന്ന ചടങ്ങ് വിവിധ തട്ടുകളിൽ എവിടെ നിന്നെങ്കിലും വളരെ വീതി കൂടിയ പ്രതലത്തിൽ തീർത്ഥാടകർക്ക് ചെയ്യാൻ സൗകര്യം ഉണ്ടായി.

1942 ലെ ജംറ

പുതിയ ജംറ സമുച്ഛയം

പഴയതും പുതിയതും 

അതോടൊപ്പം അവർ മറ്റൊരു കാര്യവും കൂടി ചെയ്തു. ഓരോ രാജ്യക്കാർക്കും ടെന്റുകളുടെ ഏരിയകൾക്കും ആനുപാതികമായി എറിയാൻ പോകുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിച്ചു. മതാചാരപ്രകാരം മൂന്ന് ദിവസങ്ങളിലായി കല്ലെറിയുന്നതിന് കൂടുതൽ പുണ്യമുണ്ടെന്ന് കരുതുന്ന പ്രത്യേക സമയങ്ങളുണ്ട്. എങ്കിലും പല ടെന്റുകൾക്കും ടൈം സ്ലോട്ട് ലഭിക്കുന്നത് ആ സമയത്ത് തന്നെ ആയിക്കൊള്ളണമെന്നില്ല. അതിൽ ചിലർക്കൊക്കെ പരിഭവം ഉണ്ടാകാറുണ്ട്. എന്നാലും പൊതുനന്മയും ഹാജിമാരുടെ ജീവസുരക്ഷയും പരിഗണിച്ച് അധികൃതർ അനുവദിച്ചു നൽകുന്ന ടൈം സ്ലോട്ടിൽ തന്നെ അത് നിർവഹിക്കുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളത്. അങ്ങിനെയൊക്കെയാണ് ഇപ്പോൾ ജംറകളിൽ കല്ലേറ് വളരെ ആയാസരഹിതമായ ഒരു ചടങ്ങായി മാറിയത്.
ലക്ഷക്കണക്കിന് മനുഷ്യർ ഒരേ സമയം ഒത്തുകൂടുന്ന മത ആചാരങ്ങളിലും ചടങ്ങുകളിലുമൊക്കെ മനുഷ്യരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് കാലികമായ ചില ക്രമീകരണങ്ങൾ നടത്തേണ്ടത് അനിവാര്യമായി വരും. ആളുകളുടെ മതവിശ്വാസങ്ങൾ ഇല്ലാതാക്കാനോ അവയെ ഒന്നാകെ പൊളിച്ചെഴുതാനോ ആർക്കും സാധിക്കില്ല, എന്നാൽ കാലോചിതമായ ചില പരിഷ്കാരങ്ങളും ക്രമീകരണങ്ങളും വരുത്താൻ സാധിക്കും.

o o o

Note: ശബരിമലയിലെ തിരക്കും പതിനെട്ടാം പടി വീതി കൂട്ടുന്നതിനെപ്പറ്റിയുള്ള ചർച്ചകളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും കണ്ടപ്പോൾ എഫ് ബി യിൽ പങ്ക് വെച്ച കുറിപ്പ്