സഹകരണ പ്രസ്ഥാനത്തെ മുതല പിടിക്കുമോ?

കരുവന്നൂർ അടക്കമുള്ള സഹകരണബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകൾ വലിയ വിവാദമായിട്ടും താങ്കൾ അതിനെക്കുറിച്ച് ഒന്നും എഴുതിയില്ലല്ലോ എന്ന് എന്നെ ഓർമ്മപ്പെടുത്തുന്നവർ ധാരാളമുണ്ട്. എല്ലാ പോസ്റ്റുകളുടെ കമന്റുകളിലും അതുമായി ബന്ധപ്പെട്ട പരിഹാസങ്ങൾ ഉണ്ടാകാറുണ്ട്.
സാധാരണക്കാരന്റെ പണം ഉപയോഗപ്പെടുത്തിയുള്ള ആ വലിയ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും ന്യായീകരിക്കപ്പെടണം എന്നത് കൊണ്ടല്ല ആ വിഷയത്തിൽ വലിയ ആവേശം കാണിക്കാതിരുന്നത്. സഹകരണ പ്രസ്ഥാനങ്ങളും ബാങ്കുകളും കേരളത്തിലെ അടിസ്ഥാന വർഗ്ഗ ജനതയുടെ ജീവനാഡികളാണ്. നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ആഴത്തിലുള്ള വേരുകളാണ്. കേരളം പിടിക്കണമെങ്കിൽ ആ സാമ്പത്തിക സംവിധാനത്തെയും സിസ്റ്റത്തേയും തകർക്കണമെന്നത് ബിജെപിയുടെ അജണ്ടകളിൽ ഒന്നാണ്. കേരളത്തിലെ സഹകരണ ബാങ്കുകളെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനകളും നീക്കങ്ങളും അത് കൃത്യമായി വ്യക്തമാക്കിത്തരുന്നതുമാണ്. ഗുജറാത്തിൽ ഭരണം പിടിച്ചടക്കുന്നതിനും കോൺഗ്രസ്സിനെ ദുർബലമാക്കുന്നതിനും ബിജെപിയുടെ മുന്നൊരുക്കം നടന്നത് സഹകരണ പ്രസ്ഥാനം വഴിയാണ്. ഏതാണ്ട് എഴുപത്തിനായിരത്തിലധികം വരുന്ന സഹകരണ സംഘങ്ങൾ കോൺഗ്രസ്സിന്റെ അടിത്തറയായിരുന്നു അവിടെ. ഇന്നതിന്റെ തൊണ്ണൂറ് ശതമാനവും ബിജെപിയുടെ കൈപ്പിടിയിലാണ്. കൈപ്പിടിയിലാണെന്ന് മാത്രമല്ല, ഒരു പാർട്ടിയെന്ന നിലക്ക്‌ അവരുടെ പൊന്മുട്ടയിടുന്ന താറാവുമാണ്. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്കിലാണ് നോട്ട് നോരോധന കാലത്ത് ഏറ്റവും കൂടുതൽ നിരോധിത നോട്ടുകൾ നിക്ഷേപിക്കപ്പെട്ടത്. നിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745 കോടി രൂപയുടെ നിരോധിത നോട്ടുകളാണ് ആ ബാങ്കിലെത്തിയതെന്ന് വിവരാവകാശ രേഖകൾ ഉണ്ടായിരുന്നു.


സഹകരണ സംഘങ്ങളേയും അതിന്റെ ബാങ്കിങ് സംവിധാനത്തെയും ഒരു പാർട്ടിക്ക് വേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്തപ്പെട്ടുക്കൊണ്ടിരിക്കുന്നു എന്ന് ഗുജറാത്തിൽ നോക്കിയാൽ കാണാം. ആ ഗുജറാത്ത് മോഡൽ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കാനാണ് അവരുടെ ശ്രമം. കേന്ദ്രത്തിൽ ആദ്യമായി ഒരു സഹകരണ വകുപ്പ് ഉണ്ടാക്കുകയും അതിന്റെ തലപ്പത്ത് അമിത് ഷാ വരുകയും ചെയ്തത് വെറുതെയാണെന്ന് കരുതരുത്. കേരളത്തെ പിടിക്കാൻ ഇവിടുത്തെ ഗ്രാമീണ സാമ്പത്തിക സംവിധാനങ്ങളുടെ അടിവേരുള്ള സഹകരണ ബാങ്കുകളെ കൈപ്പിടിയിലൊതുക്കിക്കൊണ്ട് മാത്രമേ കഴിയൂ എന്ന് സംഘപരിവാരത്തിന് അറിയാം. അതിന് വേണ്ട പ്രചാരണങ്ങൾ ദേശീയ തലത്തിൽ തന്നെ കൃത്യമായ അജണ്ടയോടെ നടക്കുന്നുണ്ട്.
എന്നാൽ ആ അജണ്ട പേടിച്ച് കരുവന്നൂർ അടക്കമുള്ള ചില സഹകരണ ബാങ്കുകളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടില്ലെന്ന് നടിക്കണമോ? സാമ്പത്തിക കൊള്ളകൾക്ക് ചൂട്ട് പിടിക്കണമോ? സാധാരണ മനുഷ്യരുടെ പണം കൊണ്ട് പാർട്ടിയെ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുന്നവരെ പിന്തുണക്കണമോ?..



പ്രസക്തമായ ആ ചോദ്യത്തിന് ഉത്തരം പറയാൻ കൂടിയാണ് ഈ കുറിപ്പ്.. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ അമിത് ഷായുടെ മുതലകൾ വിഴുങ്ങാതിരിക്കാൻ ആദ്യമായും അവസാനമായും വേണ്ടത് അത്തരം സ്ഥാപനങ്ങളിൽ ഇന്നുള്ള സകല പുഴുക്കുത്തുകൾക്കെതിരെയും കൃത്യമായ ശുദ്ധീകരണപ്രക്രിയകൾ ഉണ്ടാക്കി അതിന്റെ ജനകീയാടിത്തറ കൂടുതൽ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ്.
പതിനാറായിരത്തിലധികം സഹകരണ സംഘങ്ങൾ കേരളത്തിലുണ്ട്, ഈ സംഘങ്ങളിൽ ബഹുഭൂരിപക്ഷവും കാര്യക്ഷമമായി പ്രവർത്തിക്കുകയും പരാതികളില്ലാതെ മുന്നോട്ട് പോവുകയും ചെയ്യുമ്പോൾ വളരെ ചെറിയ ശതമാനം ബാങ്കുകളിലാണ് സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചെയ്യപ്പെടാത്തതും ഉണ്ടാകാം. പക്ഷേ ആപേക്ഷികമായി അവയുടെ എണ്ണം വളരെ കുറവാണ്. അഴിമതി റിപ്പോർട്ട് ചെയ്യപ്പെട്ട ഭരണസമിതികളിൽ ഇടതുപക്ഷം ഭരിക്കുന്ന സമിതികളും കോൺഗ്രസ്സ് ഭരിക്കുന്ന സമിതികളുമുണ്ട്, ബിജെപിയുടെ നിയന്ത്രണത്തിലുള്ള സമിതികളുണ്ട്.
മാധ്യമങ്ങളിലൂടെ ഈയിടെ പുറത്ത് വന്ന സഹകരണ രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലുള്ള 16255 സഹകരണ സമിതികളിൽ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 272 യൂണിറ്റുകളിലാണ്. (രണ്ട് ശതമാനത്തിൽ താഴെ മാത്രം യൂണിറ്റുകളിൽ). ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ 272 സഹകരണ യൂണിറ്റുകളിൽ 202 എണ്ണം യുഡിഎഫിന്റെ നിയന്ത്രണത്തിലാണ്, 63 സംഘങ്ങൾ എൽ ഡി എഫിന്റേതും. 7 സംഘങ്ങൾ ബിജെപി നിയന്ത്രണത്തിലും. അതായത് സഹകരണ സംഘങ്ങൾ തകർന്നേ എന്ന് ബിജെപിയോടൊപ്പം ചേർന്ന് ബഹളങ്ങൾ ഉണ്ടാക്കുന്നവർ തന്നെ ക്രമക്കേടുകളുടെ പട്ടികയിൽ മുൻനിരയിൽ ഉണ്ട്. ആരും വിശുദ്ധരല്ല എന്നർത്ഥം.


അതൊരു വശമാണ്, എന്നിരുന്നാലും കേരളത്തിലെ ഭരണകക്ഷി എന്ന നിലയിലും സഹകരണ പ്രസ്ഥാനത്തിലെ ഏറ്റവും കൂടുതൽ സംഘങ്ങളെ നിയന്ത്രിക്കുന്ന പാർട്ടി എന്ന നിലയിലും ഈ രംഗത്തെ പുഴുക്കുത്തുകൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട പാർട്ടി സി പി എമ്മാണ്, എന്നാൽ കരുവന്നൂറിലടക്കം പ്രതിക്കൂട്ടിലുള്ളതും അവരാണ്. സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങൾ ഉയർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അതിലിപ്പോഴും പരിഹാരം കാണാതെ സാധാരണ നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തുക പിൻവലിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദിത്വം സിപിഎമ്മിനും അവരുടെ പാർട്ടി സംവിധാനത്തിനുമാണ്. അത് തിരിച്ചറിയാനും ശക്തമായ ഇടപെടലുകൾ നടത്താനും കഴിയുമ്പോൾ മാത്രമേ അമിത്ഷായുടേയും ബിജെപിയുടേയും അജണ്ടകളെക്കുറിച്ച് സംസാരിക്കാനുള്ള ധാർമ്മിക അവകാശം ആ പാർട്ടിക്കുണ്ടാകൂ.
ചുരുക്കത്തിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനരംഗത്ത് ഇപ്പോൾ അടിയന്തിരമായി വേണ്ടത് ഒരു ശുദ്ധീകരണ പ്രക്രിയയാണ്. അതിന് വേണ്ട നിയമങ്ങളും മോണിറ്ററിങ് സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണം. ജനകീയ ജാഗ്രതാ സമിതികൾ വേണം. ആ പ്രക്രിയയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഈ രംഗത്തേക്ക് കടന്ന് വരുന്ന സംഘപരിവാർ അജണ്ടകളെ പ്രതിരോധിക്കാൻ സാധിക്കൂ.
അതോടൊപ്പം തന്നെ വേണ്ടത് ഏതാനും ബാങ്കുകളിലെ സാമ്പത്തിക ക്രമക്കേടുകളെ പെരുപ്പിച്ച് കാണിച്ച് ഇതാണ് മൊത്തത്തിൽ കേരത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥിതിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന മാധ്യമ അജണ്ടകളെ തിരിച്ചറിയുക എന്നത് കൂടിയാണ്. മോഡിക്കും അമിത്ഷായ്ക്കും കേരളത്തിലേക്കുള്ള കടന്നുവരവിന് നിലമൊരുക്കുന്ന അജണ്ട കൂടിയാണത്. ആ അജണ്ട കൃത്യമായി തിരിച്ചറിയുന്നത് കൊണ്ട് കൂടിയാണ് ഇത്തരമൊരു വിഷയത്തിൽ ചാടിക്കേറി പ്രതികരിക്കാതിരിക്കുന്നതും അവരുടെ കോറസിന്റെ ഭാഗമാകാതെ മാറിനിൽക്കുന്നതും. അതൊരു പാർട്ടിയോടുമുള്ള വിധേയത്വം കൊണ്ടല്ല, സംഘപരിവാരം കടന്നു വരാൻ ശ്രമിക്കുന്ന വഴികളെക്കുറിച്ചും അവരുടെ ലാർജർ അജണ്ടകളെക്കുറിച്ചും ധാരണയുള്ളത് കൊണ്ട് കൂടിയാണ്.