രാഷ്ട്രീയത്തിൽ നിന്ന് നേടേണ്ടതെല്ലാം നേടിയ ഒരാളുടെ വീട്ടിൽ രാഷ്ട്രീയം പറയാൻ പാടില്ലത്രേ


ജീവിത കാലം മുഴുവൻ സർക്കാർ ചെലവിൽ.. ബംഗ്ളാവ്, കാറ്, പരിചാരകർ, കുക്ക്, ശമ്പളം.. ഒന്നുകിൽ സർക്കാർ വക, അല്ലെങ്കിൽ പാർട്ടി വക. അത് മുഴുവൻ ആവോളം ആസ്വദിച്ചു. ഇനിയൊന്നും കിട്ടാൻ ബാക്കിയില്ലെന്ന് വന്നപ്പോൾ ഭാര്യ വക ഒരു തുണ്ട് കടലാസ്.. പാർട്ടിയെ ചതിച്ച് മകനെ മോദിയുടെ പാളയത്തിലേക്ക്. അവന്റെ ഭാവിയും ഇതുപോലെ ശോഭനമാക്കണം. സർക്കാർ ചെലവിൽ മരിക്കുവോളം അവനും കഴിയണം. സ്റ്റേറ്റ് കാറിൽ കറങ്ങണം. കോൺഗ്രസ്സിൽ നിന്നാൽ ഇനിയതിന് കഴിയില്ല. അവരുടെ കഥ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഉള്ളിലെ ധാരണ.
പതിറ്റാണ്ടുകൾ പാർട്ടി വിശ്വസിച്ചു ഏല്പിച്ച സ്ഥാനമാനങ്ങളുടെ ഭാരമെല്ലാം ഒരൊറ്റ മിനുട്ട് കൊണ്ട് കൃപാസനം മാറ്റിയെഴുതി. ബിജെപിയോടുള്ള വിദ്വേഷവും വെറുപ്പുമെല്ലാം സ്നേഹവും ആദരവുമായി മാറി. ചതിയുടെ പേരുദോഷമെല്ലാം കൃപാസനത്തിന് ഡെഡിക്കേറ്റ് ചെയ്തു. തനിക്കും ഭാര്യക്കും ഒരു പങ്കുമില്ല, എല്ലാ പണിയും പറ്റിച്ചത് പള്ളിയും കൃപാസനവുമാണ്.
ഇന്ത്യയുടെ പ്രസിഡന്റ് ആയി മരിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു, അത് മാത്രം നടന്നില്ല. അതിന് വേണ്ട പി ആർ വർക്കുകൾ കാലങ്ങളായി നടത്തിയിരുന്നു, മോദിയേയും ആർ എസ് എസ്സിനെയും പരമാവധി സുഖിപ്പിക്കാൻ നോക്കി. അവരെ എതിർക്കാതിരിക്കാനും കടുത്ത വാക്കുകൾ പറയാതിരിക്കാനും എപ്പോഴും ശ്രദ്ധിച്ചു. പാർലിമെന്റിൽ ശബ്ദം പുറത്ത് വരുത്താതെ പതുങ്ങിയിരുന്നു.
ന്യൂനപക്ഷങ്ങൾ അനർഹമായത് കരസ്ഥാമാക്കുന്നു എന്ന് വീണ്ടും വീണ്ടും പ്രസ്താവന നടത്തി നാഗ്പൂരിലെ ഗുഡ് ബുക്കിൽ സ്ഥാനം പിടിച്ചു. ഏതാണ്ടൊക്കെ ചാൻസ് ഒത്തുവന്നതാണ്. പക്ഷേ അവസാന ലാപ്പിൽ ചില കണക്കുകൂട്ടലുകൾ പിഴച്ചു. എന്നാലും മോഹം പൂർണ്ണമായി വിട്ടിട്ടില്ല, മകൻ വഴി ഒരു പാലം പണിയാനുള്ള സൂത്രമൊക്കെ കയ്യിലുണ്ട്.മുമ്പും ഈ പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്, കേരളത്തിൽ പിആർ സ്‌കൂൾ സ്ഥാപിച്ച ആളാണെന്ന്. ദിവസവും അംബാസഡർ കാറിൽ വന്നിറങ്ങുന്ന ആൾ മനോരമയുടെ ഫോട്ടോ ഷൂട്ടുള്ള ദിവസം ഓട്ടോറിക്ഷയിൽ വന്നിറങ്ങും. അന്ന് ധരിക്കുന്ന ഖദർ ഷർട്ടിന്റെ കീശ കീറിയിരിക്കും. അത് മതി.. ബാക്കി മനോരമ നോക്കിക്കോളും. ഇതുപോലൊരു നിർഗുണ പരബ്രഹ്‌മത്തെ മഹാത്യാഗിയും ഇതിഹാസവുമാക്കി മാറ്റാൻ മനോരമക്ക് പുഷ്പം പോലെ കഴിയും. ജീവിതം മുഴുവൻ പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞു വെച്ച കരുണാകരനെപ്പോലൊരു ഉജ്ജ്വല നേതാവിനെ താഴെയിറക്കാൻ ഈ പി ആർ വർക്കുകൾ ധാരാളം മതി.
സ്ഥാനമാനങ്ങളിൽ കടിച്ചു തൂങ്ങരുതെന്നും പുതുതലമുറക്ക് അവസരം കൊടുക്കണം എന്നും മക്കൾ രാഷ്ട്രീയം പാടില്ലെന്നുമായിരുന്നു അന്നത്തെ വേദാന്തങ്ങൾ.. ഇപ്പോൾ എൺപത്തിരണ്ടാം വയസ്സിലും പുതുതലമുറക്ക് അവസരം കൊടുക്കാതെ പാർട്ടിയുടെ തലപ്പത്തുണ്ട്. വർക്കിങ് കമ്മറ്റിയിലേക്ക് വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടപ്പോൾ നിരാശയൊക്കെ വിട്ട് പുള്ളി വീണ്ടും ഉഷാറായി എന്നാണ് ഭാര്യയുടെ കൃപാസന പ്രഭാഷണത്തിൽ ഉള്ളത്. ഹോ.. എന്തൊരു ആദർശ ധീരത, എന്തൊരു യുവപ്രസാദം.

വീട്ടിൽ രാഷ്ട്രീയം പറയരുത് എന്നാണത്രെ ആന്റണിയുടെ കല്പന. രാഷ്ട്രീയത്തിൽ വളർന്ന്, രാഷ്ട്രീയത്തിൽ ജീവിച്ച്, അത് കൊണ്ട് നേടേണ്ടതെല്ലാം നേടി, സ്ഥാനമാനങ്ങൾ വാരിക്കൂട്ടി ഒരു ജീവിതകാലം മുഴുവൻ കഴിഞ്ഞ മനുഷ്യൻ പറഞ്ഞുവത്രേ വീട്ടിൽ രാഷ്ട്രീയം പറയരുതെന്ന്..

രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ജീവിക്കാത്ത സാധാരണ മനുഷ്യർ വരെ വീട്ടിലും പുറത്തും രാഷ്ട്രീയം പറയും. കാരണം അത് നമ്മുടെ സാമൂഹ്യബോധത്തിന്റേയും രാഷ്ട്രവീക്ഷണത്തിന്റെയും ഭാഗമാണ്. ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയവീക്ഷണമാണ് ആ രാജ്യത്തെ ജനങ്ങളുടെ ജീവിതം എങ്ങിനെയാണെന്ന് തീരുമാനിക്കുക, അതിൽ നിന്ന് ഒളിച്ചോടി വീട്ടിൽ വാതിലടച്ചിരിക്കാൻ ഒരു മനുഷ്യനും കഴിയില്ല. രാഷ്ട്രീയം വേണ്ടെന്ന് വെക്കുന്നവന് പോലും അത് രാഷ്ട്രത്തിൽ ഉണ്ടാക്കുന്ന ഇടപെടലുകളിൽ നിന്ന് വിട്ട് നില്ക്കാൻ കഴിയില്ല. നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നിങ്ങളിൽ ഇടപെട്ട് കൊണ്ടിരിക്കുമെന്ന് പറയുന്നത് അത് കൊണ്ടാണ്.

അപ്പോഴാണ് കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'രാഷ്ട്രീയ ചാണക്യൻ' പറയുന്നത് ഇവിടെ രാഷ്ട്രീയം പാടില്ലെന്ന്.. ബിജെപിയിൽ ചേർന്ന് വീട്ടിലെത്തിയ മകനെ സൗമ്യമായി സ്വീകരിച്ചെന്ന്.. ആ പാർട്ടിയോടുള്ള വെറുപ്പും വിദ്വേഷവുമെല്ലാം ഇപ്പോൾ ഇല്ലാതായെന്ന്.. പി എം ഓ ഓഫീസിൽ നിന്ന് വിളി വന്നെന്ന്.. ഇനി അവന് ജീവിതത്തിൽ അവസരങ്ങളും നേട്ടങ്ങളും വരാനിരിക്കുന്നു എന്ന്.എലിസബത്ത് ആന്റണിയുടെ കൃപാസന പ്രഭാഷണത്തിൽ പറയുന്ന മറ്റൊരു കാര്യം മകന് പാർട്ടിയിൽ അവസരങ്ങൾ കിട്ടിയില്ല എന്നാണ്. രാഹുൽ ഗാന്ധി ജോഡോ യാത്ര നടത്തുമ്പോൾ പാർട്ടിയുടെ സോഷ്യൽ മീഡിയ തലവനായിരുന്നു. പക്ഷേ ഒരിക്കൽ പോലും ആ യാത്രയെക്കുറിച്ച് ഒരക്ഷരം എഴുതിയില്ല, പ്രചാരണം നടത്തിയില്ല. അമ്മാതിരി ഉത്തരവാദിത്വ ബോധമായിരുന്നു മകന്.. എന്നാലും പിടിച്ചു മന്ത്രിയാക്കണമായിരുന്നു, അത് പാർട്ടി ചെയ്തില്ല. നന്ദിയില്ലാത്ത പാർട്ടി.
പി എം ഒ ഓഫീസിൽ നിന്ന് വിളി വരുന്നത് പെട്ടെന്നല്ല, നേരത്തെ പറഞ്ഞ പി ആറിന്റെ ബാക്കിപത്രമാണത്. ഇപ്പോൾ മകൻ ബിജെപിയുടെ ദേശീയ നേതാവ്.. അച്ഛൻ കോൺഗ്രസ്സിന്റെ ദേശീയ സമിതിയിൽ. ഒരു തുണ്ട് കടലാസിൽ അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയം നടത്താം. കോൺഗ്രസ്സിന്റെ എല്ലാ തീരുമാനങ്ങളും ചർച്ചയും കൃപാസനം മാതാവ് വഴി അമിത് ഷാക്ക് ആ സെക്കന്റിൽ കിട്ടാനുള്ള വകുപ്പുണ്ട്. മകനെ ബിജെപി യിൽ ചേർത്ത് ബാക്കി ജീവിതം കൂടി സുരക്ഷിതമാക്കിയതിന് പാർട്ടിയുടെ പ്രത്യേക പാരിതോഷികമാണ് എൺപത്തി രണ്ടാം വയസ്സിലെ വർക്കിങ് കമ്മിറ്റി സ്ഥാനം. ബെഷ്ട് തീരുമാനം, ബെഷ്ട് സെറ്റപ്പ്.
കോൺഗ്രസിനെയും കോൺഗ്രസ്സ് രാഷ്ട്രീയത്തേയും ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും ഉപയോഗപ്പെടുത്തി ഇനിയൊന്നും കിട്ടാൻ ബാക്കിയില്ലെന്ന് വന്നപ്പോൾ ആ രാഷ്ട്രീയത്തെ ചവിട്ടിയെറിഞ്ഞു അവസരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയ ഒരു കുടുംബമുണ്ടെങ്കിൽ അത് ഈ കുടുംബമാണ്. രാഷ്ട്രീയം കൊണ്ട് ജീവിച്ച് രാഷ്ട്രീയം കൊണ്ട് വളർന്ന് രാഷ്ട്രീയം സംസാരിക്കാത്ത കുടുംബം. കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ നെഞ്ചിൽ ചവിട്ടിയ കുടുംബം.

രാഷ്ട്രീയ നേതാവായി ജനിക്കുന്നെങ്കിൽ ഇതുപോലെ ജനിക്കണം മക്കളേ.. നിങ്ങൾ സാധാരണ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ചുമരെഴുതിയും കാലം കഴിക്കുന്നത് ഇതുപോലുള്ള വഞ്ചകരെ തീറ്റിപ്പോറ്റാനാണ്. പാർട്ടിയേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചാലും അവരുടെ ഇതിഹാസ ഇമേജ് കോട്ടം തട്ടാതെ നിലനിർത്താനാണ്. അതിന് കൃപാസനത്തിന്റെ പിന്തുണയുണ്ടാകും, മനോരമയുടേയും മാപ്രകളുടേയും 'കൃപ'യും ഉണ്ടാകും.