'നഫ്‌റത് കേ ബസാർ മേ മുഹബ്ബത്ത് കീ ദുകാൻ' - വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്ന രാഹുൽ

ഇൻസ്റ്റയിൽ വളരെ വൈറലായിരുന്ന രാഹുലിന്റെ ഒരു റീൽ ഉണ്ടായിരുന്നു. അതിലദ്ദേഹം ജോഡോ യാത്ര തുടങ്ങിയപ്പോൾ പരിഹസിച്ചവരെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലെ ജനപങ്കാളിത്തം നോക്കേണ്ട, കേരളം വിട്ടാൽ പിന്നെ ആളുണ്ടാവില്ല എന്നുള്ള പരിഹാസമായിരുന്നു ആദ്യം. കർണാടകയിലും തമിഴ്‌നാട്ടിലും വൻ ജനപങ്കാളിത്തം ഉണ്ടായപ്പോൾ സൗത്തിൽ ആളുണ്ടാകും, നോർത്തിൽ ഉണ്ടാകില്ല എന്നായി.നോർത്തിലേക്ക് കടന്നപ്പോൾ സൗത്തിൽ കണ്ടതിനേക്കാൾ വലിയ ജനക്കൂട്ടം.. ഓരോ സംസ്ഥാനങ്ങളുടെയും പേരെടുത്ത് പറഞ്ഞു രാഹുൽ വിമർശകരുടെ അസ്വസ്ഥതകളെക്കുറിച്ച് കൃത്യമായി സൂചിപ്പിക്കുന്നുണ്ട് ആ ചെറിയ ക്ലിപ്പിൽ.

ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും യാത്ര കടന്നു പോയ ഇടങ്ങളിലെ പ്രാദേശിക മാധ്യമങ്ങളും കൃത്യമായ അജണ്ടയോടെ തമസ്കരിക്കാൻ ശ്രമിച്ച യാത്രയാണ് രാഹുൽ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിലൂടെ വിജയിപ്പിച്ചെടുത്തത്. ഒരു പാർട്ടിയെന്ന നിലക്ക് കോൺഗ്രസ്സ് അവരുടെ മുഴുവൻ ഊർജ്ജ്വവും പരിമിതമെങ്കിലും അവർക്ക് ലഭ്യമായ റിസോഴ്‌സുകളും ഉപയോഗപ്പെടുത്തി ഈ യാത്രയുടെ പ്രതിധ്വനികൾ ദേശീയ തലത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാലും യാത്ര കടന്നു പോയ വഴികളിലെ കോൺഗ്രസ്സ് പ്രാദേശിക നേതൃത്വങ്ങൾ യാത്രയെ ഒരു ചലഞ്ചായി തന്നെ ഏറ്റെടുക്കകയും അവർക്ക് കഴിയാവുന്നതിന്റെ പരമാവധി ശ്രമിക്കുകയും ചെയ്തു. ഈ യാത്രയെ പരിഹസിക്കാനും അപഹസിക്കാനും മാത്രം ശ്രമിച്ച മാധ്യമങ്ങൾക്ക് പോലും ഭാരത് ജോഡോ യാത്ര സഞ്ചരിച്ച മൂവായിരത്തി അഞ്ഞൂറ് കിലോമീറ്ററിൽ ഒരിടത്തെങ്കിലും ആൾക്കൂട്ടമൊഴിഞ്ഞ ഒരു രാഹുൽ ഗാന്ധിയുടെ ലോങ്ങ് ഷോട്ട് കിട്ടിയില്ല.

രാഹുൽ നടത്തിയത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയല്ല, പതിനായിരങ്ങളെ ഒരുക്കിനിർത്തിയ പ്രചാരണ ഗ്രൗണ്ടിലേക്ക് വിമാനത്തിൽ പറന്നിറങ്ങി വന്ന് അവിടെ കബറിസ്ഥാനും ശ്‌മശാനവും പറയുന്ന ഒരു പ്രധാനമന്ത്രിയെ നാം  കണ്ടിട്ടുണ്ട്, പ്രതിഷേധിക്കുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരു ഭരണാധികാരിയെ കണ്ടിട്ടുണ്ട്, മതത്തിന്റെയും ഭാഷയുടേയും പേരിൽ മനുഷ്യരെ വിഭജിക്കാൻ കോടികൾ ചിലവിട്ട് റാലികൾ നടത്തുന്നത് കണ്ടിട്ടുണ്ട്, പക്ഷേ വിഭജിക്കാൻ നിന്ന് കൊടുക്കരുത്, സ്നേഹത്തിന്റെ ചൂട് കൊണ്ട് പരസ്പരം ചേർന്ന് നില്ക്കണമെന്ന് പറയാനും കാണിച്ചു കൊടുക്കാനും ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ നടന്നു നീങ്ങുന്ന ഒരു മനുഷ്യനെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല, രാഹുലിനെയല്ലാതെ.. അയാളെ എത്ര കണ്ട് പരിഹസിച്ചാലും ഇകഴ്ത്താൻ ശ്രമിച്ചാലും ഈ നൂറ്റമ്പത് ദിവസം കൊണ്ട് രാഹുൽ പിന്നിട്ട വഴികളും ആ വഴികളിൽ വീണ വിയർപ്പ് തുള്ളികളും ഇരുട്ട് മൂടിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പ്രതീക്ഷകളാണ്.

രാഹുലിന്റെ യാത്രയിൽ അയാൾ കുറച്ച് സംസാരിക്കുകയും കൂടുതൽ കേൾക്കുകയുമായിരുന്നു. ഈ യാത്രയിൽ അയാളോടൊടൊപ്പം പലയിടങ്ങളിൽ നിന്നായി ചേരുകയും കൂടെ നടക്കുകയും ചെയ്ത സാധാരണ മനുഷ്യരുടെ ശരീര ശാസ്ത്രം എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടാവും എന്നറിയില്ല.. കൃഷിയിടങ്ങളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും ഓടിയെത്തി വിയർപ്പിന്റെ മണവുമായി അയാളെ  ചേർത്ത് പിടിച്ച ആയിരക്കണക്കിന് മനുഷ്യരുണ്ട്.. അയാളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ പച്ച മനുഷ്യരുണ്ട്, സങ്കടങ്ങളും പരിദേവനങ്ങളും ഗദ്ഗദത്തോടെ പങ്ക് വെച്ചവരുണ്ട്.. അവയെല്ലാം പരിഹരിക്കാൻ കഴിയുന്ന ഒരു മാന്ത്രിക വടിയുമായാണ് അയാൾ നടക്കുന്നത് എന്ന മിഥ്യാധാരണയുള്ളവരായിരുന്നില്ല അവരൊന്നും, മറിച്ച്  അവരുടെ സങ്കടങ്ങളും ദുഖങ്ങൾക്കും കാത് കൊടുക്കാൻ മനുഷ്യപ്പറ്റുള്ള ഒരു നേതാവുണ്ട് എന്ന തിരിച്ചറിവായിരുന്നു അവരെ അയാളിലേക്ക് ആകർഷിച്ച പ്രധാന ഘടകം.


രണ്ട് പേര് വിൽക്കുകയും രണ്ട് പേർ വാങ്ങുകയും ചെയ്യുന്ന ഒരിന്ത്യയിലാണ് നാം ജീവിക്കുന്നത്.. പതിറ്റാണ്ടുകളിലൂടെ ഈ രാഷ്ട്രം ഉയർത്തിക്കൊണ്ട് വന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിൽക്കുകയും അവയെല്ലാം ഒന്നോ രണ്ടോ വ്യക്തികളുടെ ആസ്‌തിപ്പട്ടികയിലേക്ക് ചെന്ന് ചേരുകയും ചെയ്യുന്ന ഒരിന്ത്യ. കുറഞ്ഞ വർഷങ്ങൾ കൊണ്ട് അവരുടെ സ്വത്തുക്കളും വരുമാനങ്ങളും നൂറുകണക്കിന് ഇരട്ടിയിലേക്ക് കുതിച്ചപ്പോൾ പട്ടിണിയിൽ നടുവൊടിഞ്ഞു ശബ്ദിക്കാനാവാതെ കിടന്ന ഒരു ജനതയുണ്ട്. അവരുടെ രാഷ്ട്രീയമാണ് രാഹുൽ ഈ യാത്രയിലുടനീളം പറഞ്ഞത്.

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിന് പകരം അർത്ഥപൂർണ്ണമായ ചോദ്യങ്ങൾ ചോദിക്കൂ എന്ന് രാഹുൽ പറഞ്ഞു കൊണ്ടിരുന്നു.  എന്ത് കൊണ്ട് രാജ്യം ഇന്നോളം കാണാത്ത വിലക്കയറ്റിലേക്ക് കുതിച്ചു. 400 രൂപയുണ്ടായിരുന്ന ഒരു ഗ്യാസ് സിലിണ്ടർ എന്ത് കൊണ്ട് ആയിരവും കടന്ന് മുന്നോട്ട് പോയി? 45 വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കിലേക്ക് ഈ രാജ്യം എത്തിപ്പെട്ടത് എങ്ങിനെ? ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി എന്ത് കൊണ്ട് കർഷകർക്ക് ജിഎസ്ടി കൊടുക്കേണ്ടി വന്നു. നോട്ട് നിരോധനം നടപ്പിലാക്കി ഇന്ത്യയുടെ ചെറുകിട വ്യവസായങ്ങളുടെ നടുവൊടിച്ചത് എന്തിന്? ഇന്ത്യൻ ഗ്രാമങ്ങളിലൂടെ കൃത്യമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് തന്നെയാണ് രാഹുൽ മുന്നോട്ട് പോയത്.

രാഹുൽ ഗാന്ധി ഒരിക്കലും പപ്പു ആയിരുന്നില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശക്തികളും പരിമിതികളും ഉണ്ടായിരുന്നിരിക്കാം, മറ്റേതൊരു വ്യക്തിയേയും പോലെ.. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പോസ്റ്റിറ്റിവ് തലങ്ങളെ മുഴുവൻ തമസ്കരിച്ച് ദൗർബല്യങ്ങളെ പതിന്മടങ്ങ് പെരുപ്പിച്ച് കാട്ടി അതിനുള്ളിലേക്ക് പരിഹാസത്തിന്റെ രസതന്ത്രം കടത്തി സംഘ്പരിവാരവും അവരെ പിന്തുണക്കുന്ന   മാധ്യമങ്ങളും സൃഷ്ടിച്ചെടുത്ത ഇമേജായിരുന്നു പപ്പു എന്നത്.. അതവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു. ആ ഇമേജിന് വലിയ പ്രചാരണം കിട്ടി.. എന്നാൽ അത്തരം പ്രചാരണങ്ങളെക്കൂടി പൊളിച്ചെടുത്ത് നിലംപരിശാക്കുന്ന ഒന്നായിരുന്നു രാഹുൽ പിന്നിട്ട ഈ നൂറ്റമ്പത് ദിവസങ്ങൾ..

ഹരിയാനയിലെ സമാനയിൽ നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ഇമേജിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ രാഹുൽ അതിനോട് പ്രതികരിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന രൂപത്തിലായിരുന്നു. "രാഹുൽ ഗാന്ധി ആപ് കാ ദിമാഗ് മേ ഹേ.. മേനേ മാർ ദിയാ ഉസ്‌കോ.. ആ രാഹുലിനെ ഞാൻ കൊന്നു.. രാഹുൽ ഗാന്ധി ബിജെപി യുടെ തലക്കകത്താണുള്ളത്, എന്റെ തലക്കകത്തല്ല" .. ഉത്തരം കേട്ട് അന്ധാളിച്ച് നിന്ന മാധ്യമ പ്രവർത്തകനോട് രാഹുൽ പറഞ്ഞു.. "മനസ്സിലായില്ല, അല്ലേ.. ഹിന്ദു പുരാണങ്ങൾ അല്പം പഠിക്കൂ, ശിവനെക്കുറിച്ച് പഠിക്കൂ".. അവസാനിപ്പിക്കുന്നതിന് മുമ്പ് ഇതുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.  "നിങ്ങൾ എന്നെക്കുറിച്ച് എന്ത് ഇമേജ് ഉണ്ടാക്കുന്നു എന്നത് എന്റെ പ്രശ്നമല്ല, നല്ല രൂപത്തിലോ ചീത്ത രൂപത്തിലോ എന്ത് ഇമേജ് വേണമെങ്കിലും നൽകൂ.. എനിക്കതൊരു വിഷയമല്ല.. കോയി ഫറഖ് നഹീ പട്താ, മുജേ അപ്നാ കാം കർണാ ഹേ"  


കോൺഗ്രസ്സ് പാർട്ടി ഇന്ത്യയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ദുർബലമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്ന അവസ്ഥയിൽ അനിവാര്യമായി ഉണ്ടാകേണ്ട ഒരു ഉയിർത്തെഴുന്നേൽപിന്റെ കാഹളമാണ് രാഹുൽ മുഴക്കിയത്. ഒരു നേതാവെന്ന നിലക്ക്‌ ആ ദൗത്യത്തിൽ അയാൾ വിജയിച്ചിട്ടുണ്ട്. കോൺഗ്രസ്സ് പ്രവർത്തകരും നേതൃത്വവും ഇനിയുള്ള നാളുകളിൽ ആ ദൗത്യത്തെ എങ്ങിനെ മുന്നോട്ട് കൊണ്ട് പോകുമെന്നതാണ് ഏറ്റവും പ്രധാനം. ഈ യാത്ര മുന്നോട്ട് കൊണ്ട് പോകാൻ രാഹുൽ എടുത്ത എഫേർട്ടിന്റെ പ്രാധാന്യവും ദേശീയ രാഷ്ട്രീയത്തിൽ അതുയർത്താവുന്ന സാധ്യതയും മനസ്സിലാക്കിക്കൊണ്ട് ഹൈകമാണ്ടിലും ദേശീയ നേതൃത്വത്തിലുമുള്ള നേതാക്കൾ കൃത്യമായ ഒരു പ്രചാരണ മെക്കാനിസത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഈ യാത്ര ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് റിസൾട്ട് ഉണ്ടാക്കുമായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ അതുണ്ടായിട്ടില്ല എന്ന് മാത്രമല്ല ഒരു ഭാഗത്ത് രാഹുൽ വിയർപ്പൊഴുക്കി നടക്കുമ്പോഴും കോൺഗ്രസ്സ് രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള വഴികൾ തേടുകയായിരുന്നു പല നേതാക്കളും.

ആർ എസ് എസ്സും സംഘ്പരിവാരവും ഇന്ത്യയിലെ പൗരന്മാരെ മതത്തിന്റെ കള്ളിയിൽ ആഴത്തിൽ വിഭജിച്ചു നിർത്താൻ ശ്രമിക്കുന്ന ഒരു കെട്ട കാലത്ത് അതിനെതിരെ സ്നേഹത്തിന്റെ തുരുത്തുകൾ സൃഷ്ടിക്കാൻ രാഹുൽ നടന്നു കൊണ്ടേയിരിക്കുമ്പോൾ ഇവിടെ ഒരു  കെപിസിസി പ്രസിഡന്റ്  ആർഎസ്എസ്സിന് ശാഖ നടത്താനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പണ്ട് കാലത്ത് വിയർപ്പൊഴുക്കിയതിന്റെ വീര കഥകളും എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിലേക്ക് പോകുമെന്നുമുള്ള വിടുവായിത്തങ്ങളും പറയുകയായിരുന്നു. അനേകായിരം മനുഷ്യർ ഒറ്റക്കെട്ടായി ചേർന്ന് നടത്തുന്ന ഒരു വലിയ ദൗത്യത്തിന്റെ മെറിറ്റിനെ അപ്പാടെ മായ്ച്ചു കളയും വിധമുള്ള  പ്രവൃത്തികളും വാക്കുകളും നേതൃത്വത്തിലുള്ളവർ ഇതുപോലെ നടത്തുന്നത് കണ്ടപ്പോൾ അറിയാതെയെങ്കിലും ചോദിച്ചു പോയവരുണ്ട്, ഈ മനുഷ്യൻ ആർക്ക് വേണ്ടിയാണ് നടക്കുന്നത് എന്ന്. സ്വയം വിമർശനം നടത്തി അത്തരം തെറ്റുകൾ തിരിച്ചറിയുകയും അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ദൂരത്തിനിടയിൽ കഴിയാവുന്ന രൂപത്തിൽ പ്രതിപക്ഷ നിര ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ  ശ്രമിക്കുകയും ചെയ്തില്ലെങ്കിൽ ഈ യാത്ര സൃഷ്‌ടിച്ച ഓളം കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങളൊന്നുമുണ്ടാകില്ല.  

"ആപ്കേ നഫ്‌റത് കേ ബസാർ മേ മുഹബ്ബത്ത് കീ ദുകാൻ ഖോൽ രഹാ ഹും" രാഹുൽ ഈ യാത്രയിൽ ഇന്ത്യയോട് പറഞ്ഞത് ഇതാണ്.. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുന്നതിനെക്കുറിച്ച്.. രാഹുൽ ആ കട തുറന്നിട്ടുണ്ട്.. ഇന്ത്യയുടെ പ്രതീക്ഷയും ഈ രാജ്യത്തിന്റെ നാളേയും തുറന്ന് വെച്ച ആ കടയിലാണ്. 2024 ലെ തെരഞ്ഞെടുപ്പിലേക്ക് ഇനി അവശേഷിക്കുന്ന സമയത്ത് ഈ യാത്ര സൃഷ്‌ടിച്ച ഊർജ്ജത്തെ കോൺഗ്രസ്സ് എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ കടയിലെ കച്ചവടവും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും.  

(The Fourth ൽ പ്രസിദ്ധീകരിച്ചത്)