കാരണമുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ, അവർ എല്ലാവരേയും തേടിയെത്തും

മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് അടിച്ചമർത്തലിന്റെ ഇരുണ്ട കാലത്തിലേക്കുള്ള ഇന്ത്യയുടെ പോക്കിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

പ്രതിക് സിൻഹയും സുബൈറും ചേർന്ന് 2017 ൽ തുടങ്ങിയ ആൾട്ട് ന്യൂസ് ഇന്ത്യയിലെ സമാന്തര മാധ്യമ രംഗത്തെ ഏറ്റവും മികച്ച സംരംഭമായിരുന്നു. വിദ്വേഷവും പകയും വിതയ്ക്കുന്ന വ്യാജ വർത്തകളേയും പ്രചാരണങ്ങളേയും ഒന്നൊഴിയാതെ തുറന്ന് കാട്ടി ഫാക്റ്റ് ചെക്കിങ് എന്ന രീതിയെ ഇന്ത്യൻ സൈബർ ലോകത്ത് ഒരു തരംഗമാക്കി മാറ്റിയതിൽ സുബൈറും ആൾട്ട് ന്യൂസും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വ്യാജ വാർത്തയുടെ ലക്ഷണം മണത്താൽ ആളുകൾ ആൾട്ട് ന്യൂസ് ചെക്ക് ചെയ്യുന്ന ഒരു രീതി വളർന്നു വന്നു. മുഖ്യധാരയിലെ സംഘപരിവാര മാധ്യമങ്ങളും വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളും ഒഴുക്കിവിടുന്ന വിഷപ്രവാഹത്തെ പ്രതിരോധിക്കുന്നതിൽ ആൾട്ട് ന്യൂസ് മുൻ നിരയിൽ നിന്നു.

അവിടെ നിന്ന് തുടങ്ങിയതാണ് സുബൈറിന് എതിരെയുള്ള നീക്കങ്ങൾ.. ഇത് ആദ്യത്തെ കേസല്ല.. മുമ്പൊരു പോക്സോ കേസ് കൊണ്ട് വന്നിരുന്നു. ഒരു കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തു എന്നതിന്റെ പേരിൽ.. ഒരു വ്യാജ വാർത്ത തുറന്ന് കാട്ടിയപ്പോൾ അദ്ദേഹത്തെ തെറിയഭിഷേകം നടത്തിയ ഒരാളുടെ പ്രൊഫൈൽ പിക്ച്ചർ ട്വീറ്റ് ചെയ്തപ്പോഴായിരുന്നു അത്. അതിലുള്ള കുട്ടിയുടെ ചിത്രം ബ്ലർ ചെയ്ത ശേഷമായിരുന്നു ആ ട്വീറ്റ്. പക്ഷേ ആ കേസിൽ അദ്ദേഹത്തെ കുടുക്കാൻ കഴിഞ്ഞില്ല. 


പക്ഷേ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ.. പ്രവാചകനെതിരെയുള്ള പരാമർശങ്ങൾ സുബൈർ വാർത്തയാക്കിയതോടെ ദിനോസറുകളുടെ പക ആളിക്കത്തി. യു പി യിൽ ഒരു എഫ് ഐ ആർ ഈ മാസം ഇട്ടിരുന്നു. മഹന്ത് ബജ്‌റംഗ് മുനിക്കെതിരെ പരമാർശം നടത്തി എന്നതിന്റെ പേരിൽ. നിരന്തരമുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രസിദ്ധനായ ആളാണ് ഈ മുനി. ഹിന്ദു സേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആ എഫ് ഐ ആർ.. 

ഇന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ട രണ്ട് വാർത്തകൾ.. രണ്ടും ഒരുമിച്ച് വായിച്ചാൽ ഐറണി തൂങ്ങിച്ചത്തു പോകും..
 
ഇപ്പോഴിതാ പുതിയ കേസും അറസ്റ്റും.. 2018 ലെ ഒരു ട്വീറ്റിന്റെ പേരിൽ ഇപ്പോൾ മതവികാരം ഇളകി എന്ന് പറഞ്ഞു കൊണ്ട്.. 1983 ൽ ഇറങ്ങിയ ഹൃഷികേശ് മൂഖർജിയുടെ ഫിലിമിൽ നിന്നുള്ള ഒരു ഹോട്ടലിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോഴത്തെ കേസിന് ആധാരം എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. .. സെൻസർബോർഡ് അപ്രൂവ് ചെയ്ത് ഇന്നും അവൈലബിളായ ഒരു ചിത്രത്തിലെ സ്ക്രീൻഷോട്ട് മതവികാരം ഇളക്കി എന്ന്... ഹണിമൂൺ ഹോട്ടൽ എന്ന പേര് ഹനുമാൻ ഹോട്ടൽ എന്നായി മാറിയത് നായിക നായകന് അത്ഭുതത്തോടെ കാണിച്ചു കൊടുക്കുന്ന രംഗം ആ സിനിമയിലുണ്ട്.. അതിന്റെ സ്‌ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്തതാണ് കേസത്രേ.. അതും മൂന്ന് ഫോളോവെഴ്‌സും ഒരു പോസ്റ്റും മാത്രമുള്ള  ഒരു അനോണി അക്കൗണ്ട് നൽകിയ പരാതിയുടെ പേരിൽ.. 

കൂടുതൽ ഒന്നും പറയാനില്ല. ഇന്ത്യ എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ കൃത്യമായ ചിത്രമാണ് സുബൈറിന്റെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്.. കാരണമുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ, അവർ എല്ലാവരേയും തേടിയെത്തും എന്ന മുന്നറിയിപ്പ് വളരെ കൃത്യമായി നല്കുന്ന വർത്തമാന ഇന്ത്യയുടെ ചിത്രം. 

നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങൾ ഉയരണം, പ്രതിഷേധങ്ങൾ ഉണ്ടാകണം.. ഇപ്പോൾ മൗനം കുറ്റകരമാണ്..