വീണ്ടും താലിബാൻ : അഫ്‌ഗാനിൽ നിന്ന് പഠിക്കേണ്ട പാഠം


കാബൂളും താലിബാന് കീഴടങ്ങിയിരിക്കുന്നു. 

നിലവിലുള്ള പ്രസിഡന്റ് രാജ്യം വിട്ടോടുന്നിടത്തോളം സ്ഥിതിഗതികൾ എത്തിക്കഴിഞ്ഞു. താലിബാനെ ഭയന്നോടിയിരുന്ന എല്ലാ മനുഷ്യരും ഇതുവരെ അഭയം പ്രാപിച്ചിരുന്നത് കാബൂളിലാണ്. ആ അവസാന സങ്കേതവും കൈവിട്ടു കഴിഞ്ഞു. 

ഇനി ദയയോ കരുണയോ മാനവികതയോ തൊട്ടുതീണ്ടിയിട്ടാത്ത പിശാചുക്കളുടെ തോക്കിന് കീഴിൽ ജീവച്ഛവങ്ങളായി കഴിയുക എന്നതാണ് അഫ്ഘാൻ ജനതയുടെ വിധി. രണ്ടര പതിറ്റാണ്ട് മുമ്പുള്ള അവരുടെ  ഭരണചരിത്രം നമുക്ക് മുന്നിലുണ്ട്. അതിൽ നിന്ന് ഒട്ടും വ്യത്യസ്തമാകാനിടയില്ല ഇനി വരുന്ന ഭരണവും. 

സ്ത്രീകളുടേയും പെൺകുട്ടികളുടേയും കാര്യമാണ് ഏറെ പരിതാപകരം. അവരുടെ ജീവിതം ഇരുളിന് മേൽ ഇരുളാവാൻ പോവുകയാണ്. അടിച്ചമർത്തപ്പെടലിന്റെ അങ്ങേയറ്റം അനുഭവിക്കാൻ പോവുകയാണ് അവർ. ഇനി നേരായ വിദ്യാഭ്യാസമില്ല, സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കാൻ കഴിയില്ല, കലയും സാഹിത്യവും സിനിമയും വിനോദവുമില്ല.

വീടിനു പുറത്തിറങ്ങണമെങ്കിൽ മുഖം മൂടി ധരിക്കണം. ഒരു പുരുഷന്റെ അകമ്പടി വേണം. ശബ്ദമുയർത്തി സംസാരിക്കാൻ കഴിയില്ല. മതത്തിന്റെ പേര് പറഞ്ഞു ചോര ചിന്തുന്ന ഭീകര ജീവികളുടെ തോക്കിനും കത്തിക്കും വിധേയമാകാതെ ജീവിതം കഴിക്കണം. 

അവരുടെ കാര്യം ആലോചിക്കുമ്പോൾ തല കറങ്ങുന്നുണ്ട്. വളർന്ന് വരുന്ന പെൺകുഞ്ഞുങ്ങളുടെ കാര്യം ആലോചിക്കുമ്പോൾ ശരിയ്ക്കും ഭീതിയുണ്ട്. 

അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുഴുവൻ പരാജയമാണിത്. ആയുധം കയ്യിലെടുത്ത് മതത്തിന്റെ പേര് പറഞ്ഞു രക്തം ചിന്തുന്ന ഒരു പറ്റം മനുഷ്യ മൃഗങ്ങളുടെ ക്രൂരതൾക്ക് ഒരു രാജ്യത്തെ ജനതയെ മുഴുവൻ വിട്ടു കൊടുക്കുക. ഐക്യരാഷ്ട്ര സഭയും മനുഷ്യരാശിയുടെ മേലുള്ള ആ സഭയുടെ കളക്ടീവ് ഉത്തരവാദിത്വങ്ങളും നിറവേറ്റപ്പെടാൻ കഴിയാതെ നിസ്സഹായരായ കാഴ്ചക്കാരായി നോക്കിനിൽക്കുക. പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ കഴിയാത്ത ഒരു ജനതയുടെ നിലവിളികൾക്ക് പുറം തിരിഞ്ഞു നില്ക്കുക.. 

എന്തൊരു ദുരവസ്ഥയാണെന്ന് ആലോചിക്കൂ.. 

ലോകപ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ദാനിഷ് സിദ്ദിഖിയുടെ കൊല നാം കണ്ടു. ഹാസ്യ താരം നസർ മുഹമ്മദ് കൊല്ലപ്പെട്ടത് നാം കണ്ടു. മൃഗീയമായ കൊലകൾ. മതത്തിന്റെ പേരിലാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് ചെയ്യുന്ന പണിയാണ്. അധിനിവേശ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചക്കൊപ്പം,  സംഗീതവും സിനിമയും ഫോട്ടോയുമൊക്കെ നിഷിദ്ധമാക്കി മതത്തെ വിചാരശൂന്യതയുടെ ഒരു നേർരേഖയിലേക്ക് വലിച്ചു കൊണ്ട് വരുന്നതിന്റെ ബാക്കിപത്രം കൂടിയാണിത്.

ബുദ്ധിയും ചിന്തയും ലവലേശമില്ലാത്ത ഏതാനും വികാരജീവികളുടെ കയ്യിലെ ആയുധമായി മതം മാറുമ്പോൾ ഇതും ഇതിലധികവും സംഭവിക്കും. ഇത്തരം ചിന്താധാരകൾ പൊട്ടിമുളക്കുന്ന വേളയിലും അവ പതിയെ പടരുന്ന സമയത്തും ഒട്ടും പ്രതിരോധിക്കാതെ നോക്കി നിന്നാൽ ഇതുപോലുള്ള ദുരന്തങ്ങളിൽ അത് പര്യവസാനിക്കും. അവ മണ്ണിൽ കൂടുതൽ വേരുകളാഴ്ത്തി സമ്പൂർണ്ണമായി പിടിമുറുക്കി കഴിഞ്ഞാൽ പിന്നെ പ്രതിരോധമില്ല, അനുഭവിക്കുക തന്നെ..

ദാനിഷ് സിദ്ദിഖി : വംശീയ ആക്രമണത്തിൽ നിന്ന് രക്ഷതേടി ബോട്ടിൽ കടൽ കടന്ന് ബംഗ്ലാദേശ് തീരത്തെ മണൽത്തരികൾ  തൊടുന്ന റോഹിൻഗ്യൻ അഭയാർത്ഥി സ്ത്രീയുടെ ഈ ചിത്രം (വലത് വശത്തെ ചിത്രം)  ദാനിഷിന്റെതാണ്. പുലിസ്റ്റർ തേടിയെത്തിയ ചിത്രം.. ഇരകളുടെ ശബ്ദം എത്ര ഉച്ചത്തിലാണ് ഡാനിഷിന്റെ ചിത്രങ്ങളിലൂടെ ലോകം കേട്ടത്.. 

ബാമിയാനിലെ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തപ്പോൾ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നല്കിയവരേയും ഇവിടെ കണ്ടിരുന്നു. നാസർ മുഹമ്മദിനെ കൊന്നതിന് കാല്പനിക മാനം നൽകുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച് പുറത്ത് പറയാത്തതാവാം. 

അവസരം വരുമ്പോൾ രൂപം മാറാവുന്ന പൊട്ടൻഷ്യൻ താലിബാനികൾ നമുക്കിടയിലൊക്കെ ഉണ്ടാകും, ഉണ്ട്.. അത്തരക്കാരെ കരുതിയിരിക്കുകയും കഴിയുന്നത്ര പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഒരു മതേതര സമൂഹത്തിന് ചെയ്യാനുള്ളത്. കൈവിട്ട് പോകുന്നതിന് മുമ്പേ ചെയ്യേണ്ട പ്രതിരോധങ്ങൾ. ഇനിയൊന്നും ചെയ്യാനില്ല എന്ന നിസ്സഹായതയിലേക്ക് എത്തുന്നതിന് മുമ്പ് കൈക്കൊള്ളേണ്ട സൂക്ഷ്മതയും ജാഗ്രതയും.    

തീവ്രവാദം അതേത് മതത്തിന്റെ പേരിലായാലും മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കിയേ അവസാനിക്കൂ.. ഫ്രീസറിൽ ഇറച്ചി വെച്ചിട്ടുണ്ട് എന്ന് ആക്രോശിച്ച് അഖ്‌ലാഖിനെ അടിച്ചു കൊന്ന ആൾക്കൂട്ടവും താലിബാന്റെ ഇന്ത്യൻ വേർഷനാണ്. ബാബരി മസ്ജിദ് പൊളിച്ചു മാറ്റിയ ഭീകരരും ബാമിയാനിലെ പ്രതിമകൾ തകർത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയാണ്. അത്തരം വൈകാരികതകളെ വളരാൻ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നൽകരുത്. നൽകിയാൽ അത് ആ  രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ  അവസാനിക്കൂ. 

അഫ്‌ഗാനിസ്ഥാനിൽ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണ്.

(3 August 2021, 15 Aug 2021 എന്നീ തിയ്യതികളിൽ എഫ് ബി യിൽ പോസ്റ്റ് ചെയ്ത രണ്ട് കുറിപ്പുകൾ ഒന്നിച്ചു ചേർത്തത്.)