കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം ലീഗ്


കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ വലിയ പടയൊരുക്കം നടക്കുകയാണ്. 

ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾ തന്നെ  പരസ്യമായി രംഗത്ത് വന്നു കഴിഞ്ഞു. യൂത്ത് ലീഗ് നേതാക്കളിൽ പലരുടേയും പിന്തുണ അദ്ദേഹത്തിനുണ്ട് എന്നുറപ്പാണ്. ലീഗ് ഹൗസിൽ വെച്ച് നടത്തുന്ന ഒരു പത്രസമ്മേളനത്തിൽ അത്ര പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു ആക്രമണം നടത്തണമെങ്കിൽ അതിന് പിന്നിൽ ചില കൂടിയാലോചനകളും പ്ലാനുകളും ഉണ്ടായിരിക്കും എന്നുറപ്പാണ്. 

ലീഗിന്റെ സൈബർ അണികളിലും കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പോസ്റ്റുകൾ എഴുതുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ലീഗിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് കുടുംബത്തിൽ നിന്നടക്കം കാറ്റും കോളും ഉരുണ്ട് കൂടുന്നുണ്ട് എന്ന് ചുരുക്കം.  

ഇങ്ങനെയൊക്കെയാണ് സ്ഥിതിഗതികളുടെ പോക്കെങ്കിലും, ലീഗിലെ ഇന്നത്തെ നേതാക്കളിൽ ഏറ്റവും കൂടുതൽ ലീഡർഷിപ്പ് ക്വാളിറ്റിയുള്ള ഒരാൾ ആരെന്ന് ചോദിച്ചാൽ അത് കുഞ്ഞാലിക്കുട്ടിയെന്നേ ഞാൻ പറയൂ. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ഒരു മത സാമുദായിക പാർട്ടിയെ വിജയകരമായി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ അതിന് കുറച്ച് പണിയുണ്ട്. അതൊരു ചെറിയ ദൗത്യമല്ല. വിട്ടുവീഴ്ച ചെയ്യേണ്ടിടത്ത് അത് ചെയ്തും ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിടത്ത് അതെടുത്തും പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകാനും പ്രതിസന്ധികളിൽ തളരാതെ നില്ക്കാനും കഴിയണം. കുഞ്ഞാലിക്കുട്ടിക്ക് അത് സാധിക്കുന്നത് കൊണ്ട് കൂടിയാണ് പാർട്ടിയിലെ ഒറ്റയാനയായി അദ്ദേഹത്തിന് തുടരാൻ കഴിയുന്നത്.

 യു ഡി എഫ് പോലൊരു മുന്നണി സംവിധാനത്തിൽ കുഞ്ഞാലിക്കുട്ടിയെപ്പോലൊരു കോർഡിനേറ്റർ വേറെയില്ല. യുഡിഎഫിൽ പാർട്ടികളും ഘടക കക്ഷികളും തമ്മിൽ ഒരു പ്രശ്നം വന്നാൽ പരിഹാരത്തിനായി മുന്നണിയിലെ എല്ലാവരും നോക്കുന്ന ഒരാൾ കുഞ്ഞാലിക്കുട്ടിയാണ്. മറ്റ് സമുദായ നേതാക്കളുമായും ഇതര മത നേതാക്കളുമായൊക്കെ ലീഗിൽ ഏറ്റവും കൂടുതൽ കണക്ഷൻ കീപ്പ് ചെയ്യുന്ന ഒരാളും കുഞ്ഞാലിക്കുട്ടി തന്നെ. 

ഇടത്പക്ഷ നേതാക്കളുമായും എന്തിനധികം സംഘപരിവാർ നേതാക്കളുമായിപ്പോലും  രാഷ്ട്രീയ ഡയലോഗുകൾ കണക്ട് ചെയ്യാൻ കഴിയുന്ന ഒരാളും ലീഗിൽ കുഞ്ഞാലിക്കുട്ടിയെപ്പോലെ വേറെയില്ല. സാമുദായിക സൗഹാർദ്ദത്തിന് കോട്ടം തട്ടുന്ന രൂപത്തിൽ തീവ്ര സമീപനമില്ലാത്തെ ഒരാളെന്ന പ്രതിച്ഛായയും കേരളീയ മതേതര സമൂഹത്തിൽ കുഞ്ഞാലിക്കുട്ടിക്കുണ്ട്. 


ഞാൻ പറഞ്ഞു വരുന്നതിന്റെ ചുരുക്കം ഇതാണ്. ലീഗിന്റെ നേതൃനിരയിൽ കുഞ്ഞാലിക്കുട്ടി അപ്രമാദിത്വം നേടിയെടുത്തെങ്കിൽ അത് അയാളുടെ രാഷ്ട്രീയ തന്ത്രജ്ഞത കൊണ്ട് കൂടിയാണ്. അദ്ദേഹത്തിനെതിരെ ഇപ്പോൾ പട നയിക്കുന്ന ആർക്കും ആ രാഷ്ട്രീയ തന്ത്രജ്ഞതയുടെ നാലയലത്ത് എത്താൻ കഴിയില്ല. ഒതുക്കേണ്ടവരെ ഒതുക്കാനും ചേർത്ത് നിർത്തേണ്ടവരെ ചേർത്ത് നിർത്താനുമൊക്കെയുള്ള എല്ലാ കസർത്തുകളും അറിയാവുന്ന ലീഗിലെ ഒരു റിയൽ ചാണക്യൻ ആണ് കുഞ്ഞാലിക്കുട്ടി. ഭൂമി കുലുങ്ങും പോലുള്ള വലിയ ആരോപണങ്ങളും വിമർശനങ്ങളുമൊക്കെ നേരിട്ടുള്ള ആളാണെങ്കിലും അതിൽ നിന്നൊക്കെ കൂളായി ഊരിപ്പോരാൻ കഴിഞ്ഞതും അത് കൊണ്ട് കൂടിയാണ്. 

ഐസ് ക്രീം കേസ് ഇന്ത്യാവിഷനിൽ ഒരു ഭൂകമ്പമായി പൊട്ടിയത് കുഞ്ഞാലിക്കുട്ടി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ട സമയത്തായിരുന്നു. വിവാദം പൊട്ടിത്തെറിക്കുന്ന സമയത്ത് അദ്ദേഹം വിമാനയാത്രയിലായിരുന്നു. വലിയ രാഷ്ട്രീയ വിവാദമായി അതുയർന്നു. ജിദ്ദയിലെത്തിയ അദ്ദേഹത്തെ ആദ്യമായി ഒരു മാധ്യമ അഭിമുഖം ചെയ്യാൻ അവസരം ലഭിച്ചത് എനിക്കായിരുന്നു. ആ അഭിമുഖത്തെക്കുറിച്ച് മുമ്പൊരു ബ്ലോഗിൽ എഴുതിയിട്ടുണ്ട്. ആ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല, അത് വേറൊരു വിഷയമാണ്, പല സമയങ്ങളിലായി എഴുതിയിട്ടുണ്ട്.  പക്ഷേ അന്നേ മനസ്സിലാക്കിയ ഒരു കാര്യം എത്ര വലിയ വിവാദങ്ങൾക്കിടയിലും വളരെ കൂളായി അതിനെ നേരിടാനുള്ള ഒരു മനക്കരുത്ത് അദ്ദേഹത്തിനുണ്ട് എന്നതാണ്. 

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ആകെ പാളിപ്പോയ ഒരു എപ്പിസോഡേയുള്ളൂ, അത്  ഡൽഹിയിലേക്കുള്ള യാത്രയാണ്. അതിലാണ് അദ്ദേഹം പെട്ടത്. കണക്കുകൂട്ടലുകൾ പിഴച്ചത്. ഡൽഹിയിൽ കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേകിച്ച് ചെയ്യാൻ റോളൊന്നും ഇല്ലെന്നും കേരളത്തിലാണ് അദ്ദേഹത്തിനെ പാർട്ടിക്കും പാർട്ടിക്ക് അദ്ദേഹത്തേയും വേണ്ടതെന്നും അന്നൊരു പോസ്റ്റിൽ എഴുതിയിരുന്നു. നീയാരെടാ ലീഗിനെ ഉപദേശിക്കാൻ എന്ന കുറെ പൊങ്കാല അന്ന് കിട്ടിയത് ഓർക്കുന്നുണ്ട് :)

പോയ സ്ഥിതിക്ക് അവിടെ തുടരണമായിരുന്നു. അതുണ്ടായില്ല, യുദ്ധം പകുതി വെച്ച് നിർത്തി തിരിച്ചു പോന്നു. അതൊക്കെയും അണികളിൽ മാത്രമല്ല, പൊതുസമൂഹത്തിലും കുഞ്ഞാലിക്കുട്ടിയുടെ ഇമേജ് തകർത്തു. യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് ലീഗണികൾക്കുണ്ടായ നിരാശ നേരെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ തിരിയുകയും ചെയ്തു. success has many fathers, failure is an orphan എന്ന പ്രസിദ്ധമായ മൊഴി മുല്ലപ്പള്ളി പറഞ്ഞത് പോലെ കുഞ്ഞാലിക്കുട്ടിക്കും പറയേണ്ട അവസ്ഥ വന്നു.. 

ഇതൊക്കെയാണെങ്കിലും ലീഗിനുള്ളിലെ ഈ പടയൊരുക്കത്തിൽ കുഞ്ഞാലിക്കുട്ടി നിലംപരിശാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. ആ പായസം കുടിക്കാമെന്ന് ആരും കരുതുകയും വേണ്ട. ഇതിലും വലിയ പെരുന്നാള് വന്നിട്ട് ബാപ്പ പള്ളിയിൽ പോയിട്ടില്ല എന്ന് പറഞ്ഞത് പോലെ ഇതല്ല ഇതിലും വലിയ ഭൂകമ്പങ്ങൾ വന്നാലും മൂപ്പര് കുലുങ്ങില്ല.. ഇന്ന് ചന്ദ്രഹാസമിളക്കിയ മുഈനലി തങ്ങൾ തന്നെ നാളെ അദ്ദേഹത്തിന് സിന്ദാബാദ് വിളിക്കും. അതിന് വേണ്ട പണിയൊന്നും മൂപ്പരെ ആരും പഠിപ്പിക്കേണ്ട..

ഒറ്റവാക്കിൽ പറഞ്ഞാൽ  ഇന്നത്തെ ലീഗ് നേതൃത്വത്തിൽ കുഞ്ഞാലിക്കുട്ടിക്ക് പകരം വെക്കാൻ വേറൊരു കുട്ടി താത്ക്കാലമില്ല..  

05 Aug 2021 ന് എഫ് ബി പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത്.