ഇ ബുള്‍ജെറ്റിന്റെ പാരലൽ വേൾഡ്


ഇ-ബുൾജെറ്റിന്റെ യൂടൂബ് ചാനലിൽ ഒന്ന് കയറി നോക്കി. അവർക്ക് ഏറ്റവും കൂടുതൽ ഹിറ്റ് ഉണ്ടായിട്ടുള്ളത് ഇന്നലെയാണ്. ഒരു ദിവസം മുമ്പിട്ട അവസാന വീഡിയോക്ക് മൂന്ന് മില്യൺ ഹിറ്റായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് ഇടുന്ന വീഡിയോകൾക്കും മുടിഞ്ഞ ഹിറ്റായിരിക്കും. 

എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധയാകർഷിക്കുക, വാർത്ത സൃഷ്ടിക്കുക, ഹിറ്റ് കൂട്ടുക എന്ന ഒരു തന്ത്രത്തിലേക്ക് കൂടുതൽ യൂ ടൂബേഴ്സ് ഇനി വരും. ബുൾജെറ്റ് ഉണ്ടാക്കിയത് അവർക്കെല്ലാവർക്കും കോപ്പി ചെയ്യാവുന്ന ഒരു സ്പെസിമെൻ ആണ്. 

സോഷ്യൽ മീഡിയയെ ഒരു വരുമാന മാർഗമായി ഉപയോഗിക്കുന്നതും അവയിൽ ടൈം ഇൻവെസ്റ്റ് ചെയ്യുന്നതും നല്ല കാര്യമാണ്. പ്രോത്സാഹിപ്പിക്കേണ്ട ഒന്നാണ്. എന്നാൽ ജീവിക്കുന്ന സമൂഹവുമായി ഡിസ്കണക്ക്ട് ചെയ്ത്, ആ യാഥാർത്ഥ്യങ്ങളിൽ നിന്നൊക്കെ മുഖം തിരിച്ച്, തികഞ്ഞ അരാഷ്ട്രീയ ജീവികളായി മാറാവുന്ന ഒരു പാരലൽ വേൾഡാണ് നമ്മുടെ കുട്ടികൾ ഉണ്ടാക്കാൻ നോക്കുന്നതെങ്കിൽ അതൊരു സാമൂഹ്യ പ്രശ്നമാണ്. അവധാനതയോടെ അഡ്രസ്സ് ചെയ്യേണ്ട വിഷയമാണ്.

 ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ചതിന് വണ്ടി പിടിച്ചെടുത്ത് പിഴ ഈടാക്കുക എന്നത് ഒരു പുതുമയുളള കാര്യമല്ല. പക്ഷേ അവരുടെ 'പാരലൽ വേൾഡിൽ' അതൊരു പുതുമയുള്ള കാര്യമാണ്, സ്ഫോടനാത്മകമായ സംഭവമാണ്.   കേരളം കത്തിക്കുമെന്നൊക്കെ പറയുന്നത് ആ പാരലൽ വേൾഡിലെ ഹലൂസിനേഷന്റെ പുറത്താണ്. കുറച്ച് ദിവസം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങുകയും വക്കീൽ ഫീസ് കൊടുത്ത് കോടതി വ്യവഹാരങ്ങളിൽ ഇടപെടുകയും ചെയ്യുമ്പോൾ ആ ഹലൂസിനേഷൻ ഇത്തിരി കുറഞ്ഞു കിട്ടും. 


ഇവരുടെ കൂടുതൽ വീഡിയോകളൊന്നും ഞാൻ കണ്ടിട്ടില്ല.. ആംബുലൻസിന്റെ സൈറൺ മുഴക്കി ടോൾ ബൂത്തുകൾ കടന്നു പോവുക, കർഷകരേയും സാധാരണക്കാരേയും പരിഹസിച്ചു കേമന്മാരാവുക, പബ്ലിക്ക് ടോയ്‌ലറ്റിൽ നിന്ന് ബക്കറ്റ് മോഷ്ടിക്കുക, മാസ്ക് ധരിച്ചു നിൽക്കുന്നവരുടെ മാസ്ക് വലിച്ചൂരുക  തുടങ്ങി പലവിധ കലാപരിപാടികൾ നടത്തുന്നുണ്ട് എന്നൊക്കെ വീഡിയോ കണ്ട ചിലർ എഴുതിയത് വായിച്ചു. ഏതായാലും ഇജ്‌ജാതി ഐറ്റംസുകളെ പ്രോത്സാപ്പിച്ച് കയ്യടിക്കാൻ തത്ക്കാലം വയ്യ.. 

എന്നാൽ ഇത്തരം അരാഷ്ട്രീയ പാരലൽ വേൾഡ് സ്വപ്ന ജീവികൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും നിയമ വ്യവസ്ഥയുടേയും നമ്മുടെ സാമൂഹ്യക്രമത്തിന്റെയും അവശ്യം വേണ്ട ഇടപെടലുകളെ പോലും തെറ്റായി വ്യഖ്യാനിക്കുകയും ചെയ്യുന്ന ചിലരെ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. അവരോട് മിനിമം ഭാഷയിൽ പറയാനുള്ളത് വളരെ അപകടം പിടിച്ച ഒരു ഗെയിമാണ് നിങ്ങൾ കളിക്കുന്നത് എന്നാണ്. വളർന്ന് വരുന്ന ഒരു തലമുറയുടെ രാഷ്ട്രീയബോധത്തേയും സോഷ്യൽ കമ്മിറ്റ്മെന്റിനെയും അപകടകരമാം വിധം അപായപ്പെടുത്തുകയും ദിശ തെറ്റിക്കുകയും ചെയ്യുന്ന ഒരു ഗെയിം..