അർണബിന്റെ വാട്സ്ആപ് : ഇന്ത്യൻ മീഡിയ എവിടെ എത്തി നിൽക്കുന്നു?


അർണബ് ഗോസ്വാമിയുടെ പുറത്ത് വന്ന വാട്സാപ്പ് ചാറ്റുകൾ ലോകത്തിന് മുന്നിൽ ഒരു കാര്യം വളരെ കൃത്യമായി തുറന്ന് കാട്ടുന്നുണ്ട്. ഇന്ത്യൻ മാധ്യമ രംഗത്തെ സംഘ്പരിവാർ ഭരണകൂടം എങ്ങിനെ കൈപ്പിടിയിൽ ഒതുക്കി എന്നും അതിനെ അവർ എങ്ങിനെ ഉപയോഗപ്പെടുത്തുന്നുവെന്നും..

നാല്പത് സൈനികരുടെ ജീവൻ നഷ്ടപ്പെട്ട പുൽവാമ ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്ന ഉടനെ "നാം വിജയിച്ചിരിക്കുന്നു" എന്ന് അയാൾ വാട്സാപ്പ് സന്ദേശം അയക്കുന്നു. അതീവ രഹസ്യമായി ഇന്ത്യൻ സേന നടത്തിയ ബാലക്കോട്ട് സ്‌ട്രൈക്കിന്റെ മൂന്ന് ദിവസം മുമ്പ് അക്കാര്യം സൂചിപ്പിച്ചു കൊണ്ട് അയാൾ വാട്സാപ്പ് ചെയ്യുന്നു. ഈ വാർത്ത പുറത്ത് വരുന്നതോടെ ജനവികാരം പാരമ്യതയിൽ എത്തുമെന്നും ഇലക്ഷൻ തൂത്തുവാരുമെന്നും അയാൾ ആവേശഭരിതനാകുന്നു. കാശ്മീരിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അയാൾ മുൻകൂട്ടി പറയുന്നു. ആർട്ടിക്കിൾ 370 എടുത്ത് കളയുന്നതിന് രണ്ട് ദിവസം മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി അയാൾ രഹസ്യ കൂടിക്കാഴ്ച നടത്തിയ കാര്യം പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അയാൾക്കും ചാനലിനും ലഭിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശുപാർശകൾക്ക് ആളെ ഏർപ്പാട് ചെയ്യുന്നു.

ടെലിവിഷന്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് സമർപ്പിച്ച 3400 പേജുകളുള്ള കുറ്റപത്രത്തിലാണ് അർണബിന്റെ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളുള്ളത്. ബാർക്ക് (Broadcast Audience Research Council ) മുൻ സി ഇ പാർത്ഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കണ്ടെത്തിയിട്ടുള്ളതും കോടതിയിൽ സമർപ്പിച്ചിട്ടുള്ളതും.


Arnab's WhatsApp chat leaked. The data is more than of 80 MB.
These are few screenshots of Arnab asking help from PMO.
Courtesy : https://twitter.com/abhijeet_dipke/status/1349960068653989889/photo/2


റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിംഗ് കൃത്രിമമായി ഉണ്ടാക്കുന്നതിന് അയാൾ ശ്രമിച്ചു എന്ന കേസായിരുന്നു ഇത് തുടക്കത്തിൽ.. എന്നാൽ അവിടെ നിന്നൊക്കെ ബഹുദൂരം മുന്നോട്ട് പോയി ഇപ്പോൾ ഈ കേസ് എത്തിപ്പെട്ടിരിക്കുന്നത് രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന രൂപത്തിൽ സർക്കാറും മാധ്യമങ്ങളും തമ്മിലുള്ള അപകടകരമായ കൂട്ടുകെട്ടിന്റെ രഹസ്യങ്ങളിലേക്കാണ്. ഇന്ത്യ നടത്തുന്ന അതീവ രഹസ്യ സൈനിക നീക്കങ്ങൾ പോലും ഒരു സംഘപരിവാർ മാധ്യമ സ്ഥാപനത്തിന് മുൻകൂട്ടി ചോർത്തി നല്കപ്പെടുന്നുവെങ്കിൽ നമ്മുടെ രാജ്യം എവിടെ എത്തി നിൽക്കുന്നു എന്ന് ആലോചിക്കുക.
വാട്സാപ്പിന്റെ പ്രൈവസിയെക്കുറിച്ചുള്ള ആശങ്കകളേക്കാൾ പതിന്മടങ്ങ് ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണിവ . അധികാരം നിലനിർത്തുന്നതിനും അതിനു വേണ്ട ഒരു മാസ്സ് ഹിസ്റ്റീരിയ സൃഷ്ടിക്കുന്നതിനും വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്ന അത്യന്തം അപകടകരമായ ഒരു ഗെയിമാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

(Troll Courtesy : ICU)

രാജ്യം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട ഈ വിവാദങ്ങൾക്ക് നമ്മുടെ വാർത്താ മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കുമെന്ന് കരുതേണ്ടതില്ല.. കാരണം ഇവിടെ വെളിപ്പെടുന്നത് ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന് വിളിക്കപ്പെടുന്ന മാധ്യമ ലോകത്തിന്റെ ഇന്ത്യൻ അവസ്ഥയാണ്, ഒരു മാധ്യമപ്രവർത്തകന്റെ സ്വകാര്യ മെസ്സേജുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. ഇതിലേറെ വിവാദങ്ങളും രാഷ്ട്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രഹസ്യവിവരങ്ങളും ഗൂഢ ആസൂത്രണങ്ങളുമൊക്കെ മറ്റ് പലരുടെയും ചാറ്റുകൾ പുറത്ത് വന്നാൽ കിട്ടും. ഇനി ഞങ്ങളുടെ ചാറ്റുകളും പുറത്ത് വരുമോ എന്ന ആശങ്കയായിരിക്കും ഇപ്പോൾ പല മാധ്യമ പുലികളുടേയും ഉറക്കം കെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇവരൊന്നും ഈ വിഷയം ചർച്ചക്കെടുക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ജനാധിപത്യ വ്യവസ്ഥയെ എങ്ങിനെ ഹൈജാക്ക് ചെയ്യാമെന്നും ജനങ്ങളുടെ പ്രതികരണ ബോധത്തെ എങ്ങിനെ വഴിതിരിച്ചു വിടാമെന്നും ഒരു ഭരണകൂടം തന്ത്രങ്ങൾ മെനയുമ്പോൾ ജനപക്ഷത്ത് നിന്ന് അവയെ പ്രതിരോധിക്കാൻ ശ്രമിക്കേണ്ട ഈ "ഫോർത്ത് എസ്റ്റേറ്റ്", ആ ഭരണകൂട തന്ത്രങ്ങളുടെ പ്രചാരകരും അതിന്റെ ആസൂത്രകരുമായി മാറുന്ന അത്യന്തം ഖേദകരമായ ഒരാവസ്ഥാവിശേഷത്തിലൂടെയാണ് ഇന്ത്യൻ മാധ്യമ ലോകം കടന്നു പോകുന്നത്. ജനാധിപത്യത്തിന്റെ കാവൽ നായ്ക്കൾ (Watchdogs of Democracy ) എന്നല്ല ജനാധിപത്യത്തിന്റെ കശാപ്പുകാർ (Butchers of Democracy ) എന്നാണ് ഇവരെ വിളിക്കേണ്ടത്.

N.B. ഈ വിഷയകമായുള്ള വായനക്കാരുടെ കൂടുതൽ പ്രതികരണങ്ങൾ എന്റെ എഫ് ബി പ്രൊഫൈലിൽ കാണാം. 


Recent Posts