ഇന്ത്യ ഇന്ത്യയായി തുടരട്ടെ

ഇന്ത്യ അതിന്റെ ഏഴ് പതിറ്റാണ്ട് കാല ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടാണ് കടന്നു പോകുന്നത്. അത്യധികം വൈവിധ്യ പൂർണ്ണമായ ഒരു ബഹുമത സമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വം ഉറപ്പ് വരുത്തിക്കൊണ്ട്  ലോക രാഷ്ട്രങ്ങൾക്കിടയിൽ ജനാധിപത്യ മതേതര വ്യവസ്ഥിതിയുടെ ഉജ്ജ്വല മാതൃകമായി നില നിന്ന ചരിത്രമാണ് സ്വതന്ത്ര ഇന്ത്യക്കുള്ളത്. ആ ചരിത്രത്തിന് നിരന്തരം മുറിവേറ്റുകൊണ്ടിരിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണ് ഇന്ത്യ യാത്ര തുടരുന്നത്. വർഗീയ ധ്രുവീകരണങ്ങളുടേയും അസഹിഷ്ണുതയുടെയും കാറ്റ് ഏറെക്കുറെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും അടിച്ചു വീശുന്നുണ്ട്.         

ഇന്ത്യയെക്കുറിച്ച് ഏത് ദേശക്കാരുടെ മുന്നിലും അഭിമാനത്തോടെ പറയുന്ന ഓരോ പ്രവാസിക്കും നാട്ടിൽ നിന്ന് എത്തുന്ന ഇത്തരം വാർത്തകൾ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഇന്ത്യയെന്ന വികാരം മനസ്സിൽ കൂടുതൽ ശക്തമാകുക ഇന്ത്യക്ക് പുറത്ത് ജീവിക്കുമ്പോഴാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിരഹം സ്നേഹത്തേയും പ്രണയത്തേയും കൂടുതൽ ഊഷ്മളമാക്കുന്നത് പോലെ പ്രവാസം രാജ്യത്തോടുള്ള വികാരത്തെ കൂടുതൽ തീവ്രതരമാക്കുന്നതാകാം അതിനുള്ള കാരണം. രാജ്യത്ത് നടക്കുന്ന സംഭവങ്ങളും വർത്തകളുമൊക്കെ നാട്ടിലുള്ളവരേക്കാൾ ഏറ്റവും കൂടുതൽ അപ്‌ഡേറ്റഡായി അറിയുന്നവരാണ് പ്രവാസ ലോകത്ത് ജീവിക്കുന്ന ഭൂരിപക്ഷം പേരും. 'എത്ര കുറച്ചറിയുന്നുവോ അത്ര സുഖമായിട്ടുറങ്ങാം' എന്നൊരു പഴമൊഴിയുണ്ട്. രാജ്യത്ത് നടക്കുന്ന അസ്വസ്ഥതകളുടേയും സംഘർഷങ്ങളുടേയും വാർത്തകൾ അപ്പപ്പോൾ അറിയുന്ന ആർക്കും അത്ര സുഖമായിട്ടുറങ്ങാൻ കഴിയുന്ന കാലമല്ല ഇത്.

മതമോ ജാതിയോ നോക്കാതെ പരസ്പരം സ്നേഹിച്ചും ഇടപെഴകിയും ജീവിച്ച സൗഹാർദത്തിന്റെ മണ്ണിൽ നിന്നാണ് പ്രവാസത്തിലേക്ക്  ഓരോരുത്തരും പറിച്ചു നടപ്പെട്ടത്. അത് കൊണ്ട് തന്നെ തിരിച്ചു ചെല്ലുമ്പോൾ ആ മണ്ണ് മതസൗഹാർദത്തിന്റെ ഭൂമിയായി തന്നെ നിലനിന്ന് കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നവരാണ് പ്രവാസികൾ. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും ശക്തിയിൽ തഴച്ചു വളരുന്നത്. അത് ഏതെങ്കിലും ഒരു മതവിഭാഗക്കാരിൽ മാത്രം പരിമിതപ്പെടുന്ന ഒന്നല്ല, കൂടിയും കുറഞ്ഞും അത് സകല വിഭാഗത്തിലേക്കും വ്യാപിക്കുകയാണ്. ഇന്ത്യ എക്കാലവും ഉയർത്തിപ്പിടിച്ച മാനവ മൂല്യങ്ങളുടേയും സമഭാവനയുടേയും മാതൃക കേടുപാടുകൾ കൂടാതെ ഇനിയെത്ര കാലം ബാക്കിയുണ്ടാകും എന്ന ചോദ്യം ഇപ്പോൾ ഓരോ പ്രവാസിയുടെ മനസ്സിലും നെരിപ്പോട് കണക്കെ എരിയുന്നുണ്ട്. 

അടുക്കളയിൽ ഇറച്ചി സൂക്ഷിച്ചതിന്റെ പേരിൽ അഖ്‌ലാഖുമാരെ ആൾകൂട്ടം അടിച്ചു കൊല്ലുമ്പോൾ, മതേതരത്വത്തിന്റെ ജീവന് വേണ്ടി ശബ്ദമുയർത്തുന്ന ഗൗരി  ലങ്കേഷുമാരെ നിർദ്ദയം വെടിവെച്ചു കൊല്ലുമ്പോൾ, ലൗ ജിഹാദിന്റെ പേരിൽ അതെന്താണെന്ന് കേട്ടറിവ് പോലുമില്ലാത്ത അഫ്‌റാസുലുമാരെ വർഗീയ ഭ്രാന്തന്മാർ അടിച്ചു കൊന്നു കത്തിച്ചു കളയുമ്പോൾ, അതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ,  എന്തിനധികം നിങ്ങൾക്ക് മസ്ജിദ് വേണോ മന്ദിർ വേണോ എന്ന് ഒരു പ്രധാനമന്ത്രി തന്നെ ചോദിക്കുമ്പോൾ, ഇന്ത്യയെന്ന സങ്കല്പം   അപകടപ്പെടുകയാണെന്ന് നാം തിരിച്ചറിയുന്നുണ്ട്. അത്യധികം ആശങ്കാജനകമായ ഇത്തരൊരു സാമൂഹ്യാവസ്ഥയിലാണ് മറ്റൊരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നു വരുന്നത്. നാം നമ്മോട് തന്നെ ചോദിക്കേണ്ട ചോദ്യം ഇതാണ്, ഇന്ത്യയെ ഇന്ത്യയായി നിലനിർത്തുന്നതിൽ നമുക്കോരോരുത്തർക്കും എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാതിരിക്കാൻ കഴിയും?. 

Gulf Madhyamam 26 Jan 2018

വർഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതിൽ ഫാസിസ്റ്റ് ശക്തികൾ ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് സോഷ്യൽ മീഡിയയെയാണ്. വിഷലിപ്‌തമായ ആശയങ്ങളും വ്യാജ വാർത്തകളും  നിമിഷ നേരം കൊണ്ട് പ്രചരിപ്പിക്കുവാനും സൗഹാർദത്തോടെ കഴിയുന്ന മനുഷ്യർക്കിടയിൽ പകയും വിദ്വേഷവും പടർത്തുവാനും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്റർനെറ്റും വിവര സാങ്കേതിക വിദ്യയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വിഭാഗമെന്ന നിലയ്ക്ക് പ്രവാസികൾ ഓരോരുത്തർക്കും ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത അനിവാര്യമാണ്. ജോലി കഴിഞ്ഞു താമസ സ്ഥലങ്ങളിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഇന്റർനെറ്റിന്റെയും ടി വി യുടേയും മുന്നിലാണ് പ്രവാസികളുടെ ഒഴിവുവേളകൾ ഏറെയും ചിലവഴിക്കപ്പെടുന്നത്. നാട്ടിലേക്കുള്ള വിളികൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ, ഫേസ്‌ബുക്ക് അപ്ഡേറ്റുകൾ, ലൈവ് വാർത്തകൾ തുടങ്ങി ഉറക്കം വരും വരെ ലോകത്തേക്കുള്ള ജാലകങ്ങൾ വിരൽത്തുമ്പിൽ തുറന്ന് വെച്ച് ഇരിക്കുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ബ്ലോഗ് തുടങ്ങി സോഷ്യൽ മീഡിയയുടെ എല്ലാ കോണുകളിലും പ്രവാസികളുടെ സജീവ സാന്നിധ്യം കാണാം. അതുകൊണ്ടു തന്നെ സങ്കുചിത ചിന്തയും തീവ്രവാദവും പടർത്തുന്ന സന്ദേശങ്ങളുടേയും കള്ളക്കഥകളുടേയും  പ്രചാരകരാകാതിരിക്കാൻ തികഞ്ഞ ജാഗ്രത വേണം. 

സോഷ്യൽ മീഡിയ ഇടപെടലുകളെ കൃത്യമായ ചില പെരുമാറ്റച്ചട്ടങ്ങൾക്ക് വിധേയമാക്കേണ്ടതുണ്ടെന്നർത്ഥം.  ഇൻഫർമേഷൻ ടെക്‌നോളജി വലിയ ഒരനുഗ്രഹമായാണ് കടന്നു വന്നത്. അതിനെ ഒരു ശാപമാക്കി മാറ്റാതിരിക്കാൻ ശ്രദ്ധ വേണം. മിനുട്ടിന് പത്ത് റിയാലും എട്ട് റിയാലും കൊടുത്ത് നാട്ടിലേക്ക് ഫോൺ വിളിച്ചിരുന്ന പ്രവാസകാലം വളരെയൊന്നും പിറകിലല്ല, ഏതാണ്ട് ഒരു പതിറ്റാണ്ട് കാലമേ ആയിട്ടുള്ളൂ അത്തരമൊരവസ്ഥക്ക് മാറ്റം വന്ന് തുടങ്ങിയിട്ട്. സൗദി ടെലികോമിന്റെ കോയിൻ ബൂത്തുകളിൽ മണിക്കൂറുകളോളം വരി നിന്ന് നാട്ടിലേക്ക് ഫോൺ വിളിച്ചിരുന്നവർ ഇന്നും പ്രവാസ ലോകത്തുണ്ട്. നാട്ടിലെ വിശേഷങ്ങൾ അറിയാൻ ആഴ്ചകളും മാസങ്ങളും കഴിഞ്ഞെത്തുന്ന കത്തുകൾക്ക് വേണ്ടി കാത്തിരുന്നിരുന്ന ആ കാലത്തെ പ്രവാസ അനുഭവങ്ങൾ വിരൽത്തുമ്പിലെ മായാജാലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. അതിരുകളില്ലാത്ത ലോകത്തെ ആശയ സംവേദനങ്ങളും ലോകത്തെങ്ങുമുള്ള മനുഷ്യരുമായുള്ള സൗഹൃദങ്ങളും വിദേശ വാസത്തിന്റെ വിരഹത്തേയും ഒറ്റപ്പെടലിനേയും അതിജയിക്കുവാൻ പ്രവാസിയെ സഹായിക്കുന്നുണ്ടെന്നത്‌ സത്യമാണ്. ജോലിയും റൂമും മാത്രമായി ഉൾവലിഞ്ഞു മാനസിക സംഘർഷങ്ങളാൽ ഉരുകിത്തീരുന്ന അവസ്ഥയിൽ നിന്നും ഒരു ഓൺലൈൻ ജീവിതത്തിന്റെ സജീവതയിലേക്ക് പ്രവാസത്തെ കൊണ്ടുപോകാൻ അവരിൽ പലർക്കും ഇന്ന് സാധിക്കുന്നുണ്ട്. പറഞ്ഞു വരുന്നത് മറ്റൊന്നല്ല, ടെക്‌നോളജി ഒരനുഗ്രഹമാണ്.. അതിനെ വ്യക്തിക്കും സമൂഹത്തിനും രാഷ്ട്രത്തിനും അനുഗുണമായ രൂപത്തിൽ ഉപയോഗിച്ച് ശീലിക്കണം. അത്തരം ടെക്‌നോളജിയെ സംഹാരാത്മക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവരെക്കുറിച്ച് തിരിച്ചറിവ് വളർത്തിയെടുക്കണം. രാജസ്ഥാനിൽ അഫ്‌റാസുലിനെ കത്തിച്ചു കൊന്ന ആ കൊടും ക്രൂരന് അതിനുള്ള പ്രചോദനം ലഭിച്ചത് സോഷ്യൽ മീഡിയയിൽ നിന്നാണ്, വാട്സ്‌ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ്. കാണുകയും പങ്ക് വെക്കുകയും ചെയ്യപ്പെടുന്ന സന്ദേശങ്ങളിൽ മനുഷ്യനെ മൃഗമാക്കി മാറ്റുന്ന വല്ലതുമുണ്ടോ എന്ന് ആത്മ പരിശോധന നടത്തുക.   

അതിതീവ്ര ആത്മീയതയുടെ വഴികളിൽ നിന്ന് മാറി സഞ്ചരിക്കാനും അന്യമതങ്ങളോടും അവരുടെ വിശ്വാസങ്ങളോടും  ആഘോഷങ്ങളോടും തികഞ്ഞ സൗഹാർദ്ദവും സഹിഷ്ണുതയും പ്രകടിപ്പിക്കാനും നമുക്കോരോരുത്തർക്കും കഴിയേണ്ടതുണ്ട്.  ഭൂരിപക്ഷ സമൂഹത്തിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നവരോളം തന്നെ അപകടകാരികളാണ് ന്യൂനപക്ഷ സമൂഹത്തിലും വർഗീയ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നവർ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഫാസിസ്റ്റ് ശക്തികളുടെ പ്രചാരണങ്ങളെ തടുത്തു നിർത്തിയവരാണെന്നതിന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം സാക്ഷിയാണ്. അവരെ ആ പാതയിൽ തന്നെ ഉറപ്പിച്ചു നിർത്തുവാനും ഫാസിസ്റ്റ് ചേരിയിലേക്ക് അവർ ചേക്കേറാതിരിക്കാനും ഉതകുന്ന സമീപനങ്ങളാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളിൽ നിന്ന് ഉണ്ടാവേണ്ടത്. ഭൂരിപക്ഷ  ന്യൂനപക്ഷ വർഗ്ഗീയതകൾ പരസ്പര സഹായ സഹകരണ സംഘങ്ങളാണ്. ഒന്ന് മറ്റൊന്നിന്റെ വളമാണ്. ഒന്ന് പൂർണമായി ഇല്ലാതെയായാൽ മറ്റേതിന്റെ വളർച്ചയും ക്ഷയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

പാക്കിസ്ഥാനി കവയത്രിയും ആക്ടിവിസ്റ്റുമായ ഫഹ്മിദ റിയാസിന്റെ പ്രശസ്തമായ ഒരു കവിതയുണ്ട്. ഇന്ത്യയിൽ വർഗീയ ശക്തികൾ വേര് പിടിക്കുകയും മത സൗഹാർദ്ദം കടുത്ത ഭീഷണികളെ നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് അവർ ഈ കവിത എഴുതിയത്. അതിന്റെ തലക്കെട്ട് ഇതായിരുന്നു. "തും ബിൽകുൽ ഹം ജയ്സേ നിക് ലേ"..  നിങ്ങളുമിപ്പോൾ ഞങ്ങളെപ്പോലെത്തന്നെയായി എന്നാണ് ഈ കവിതയിലൂടെ ഫഹ്മിദ പറയുന്നത്. മതതീവ്രവാദത്തിന്റെയും ഭീകര വാദത്തിന്റേയും യാതനകളിലൂടെയാണ് ഇപ്പോൾ പാക്കിസ്ഥാൻ കടന്നുപോകുന്നതെന്നും അതേ യാതനകളിലേക്ക് തന്നെയാണ് ഇന്ത്യയും നടന്നടുക്കുന്നത് എന്നും അവർ  പറഞ്ഞു.  പാക്കിസ്ഥാനിലെ മതതീവ്രവാദത്തിനെതിരെ അഭിപ്രായങ്ങൾ തുറന്നെഴുതുന്നതിന് പല വിധ എതിർപ്പുകൾ നേരിട്ട ഫഹ്മിദ സിയാവുൽ ഹഖിന്റെ പട്ടാള ഭരണ കാലത്ത് ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ട്. മറ്റൊരു പാക്കിസ്ഥാനാകാൻ നിങ്ങൾ ശ്രമിക്കാതിരിക്കൂ, മതേതര ലോകത്തിന് മുന്നിൽ തലയുയർത്തി നില്ക്കുന്ന ഇന്ത്യയായി തന്നെ തുടരൂ എന്ന വലിയ സന്ദേശമാണ് ഈ കവിത ഇന്ത്യയോട് പറയുന്നത്.  

ഇന്ത്യ എന്തായിരുന്നവോ അതായി തന്നെ നിലനിൽക്കണമെന്നാണ് ജനാധിപത്യത്തേയും മതേതരത്വത്തേയും സ്നേഹിക്കുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്. വിവിധ മത ജാതി വിഭാഗങ്ങൾ അവരുടെ സാംസ്കാരികത്തനിമയേയും സ്വത്വ വൈവിധ്യങ്ങളേയും നിലനിർത്തിക്കൊണ്ട് കൊണ്ട് തന്നെ ഇന്ത്യയെന്ന ഒരു വികാരത്തിലേക്ക് ലയിച്ചു ചേർന്ന് ജീവിക്കാൻ സാധിക്കണം.  ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെ ഉയരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ ചെറുത്തു നില്ക്കാനുള്ള ശക്തി സ്വതന്ത്ര ഇന്ത്യയുടെ അസ്ഥിവാരങ്ങൾക്കുണ്ട്. ആ അസ്ഥിവാരത്തെ ദുർബലപ്പെടുത്താനല്ല, ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് ഓരോ ഇന്ത്യക്കാരനും ശ്രമിക്കേണ്ടത്.

(മാധ്യമം റിപ്പബ്ലിക്ക് ദിന സെപ്ഷ്യലിൽ പ്രസിദ്ധീകരിച്ചത്. 26 Jan 2018)