സുരാജിന് ദേശീയ അവാർഡ്, ന്റെ പടച്ചോനെ !

സുരാജിന്റെ കഷ്ടകാലം തുടങ്ങീന്നാ തോന്നണത്.. നിറയെ സിനിമകൾ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ആരെയും അസൂയപ്പെടുത്തുന്ന സൗഹൃദ വലയം. സൂപ്പർ മെഗാ സ്റ്റാറുകളുമായി മൂക്ക് തോണ്ടിക്കളിക്കാവുന്ന ചങ്ങാത്തം. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ സുരാജ് വെട്ടിപ്പിടിക്കാത്ത മേഖലകളില്ല. ടി വി പരിപാടികൾ.. മോഹൻ ലാലിനും മമ്മൂട്ടിയോടും ഒപ്പമുള്ള സ്റ്റേജ് ഷോകൾ. അങ്ങനെയങ്ങിനെ ശുക്ര നക്ഷത്രം വെട്ടിത്തിളങ്ങി ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇടിവെട്ട് പോലെ ഈ അവാർഡ് വാർത്തയെത്തിയിരിക്കുന്നത്. ഒരു കൊലച്ചതിയാണ് ദേശീയ അവാർഡ് കമ്മറ്റി സുരാജിനോട് ചെയ്തിരിക്കുന്നത്. ഇതുപോലൊരു ചതി വളർന്നു വരുന്ന ഒരു കലാകാരനോടും ചെയ്യാൻ പാടില്ലാത്തതാണ്. ഇനി സുരാജിന് ഒറ്റ സിനിമ കിട്ടാൻ പാടാണ്. പാവം ഇനിയെങ്ങിനെ ജീവിച്ചു പോകും?

നമുക്കറിയാം, സലീം കുമാറിന്റെ അഭിനയ ജീവിതം തകർത്തത് ഇതേ പോലൊരു അവാർഡാണ്. നിറയെ റോളുകളും കോമഡി പരിപാടികളുമായി കത്തി നില്ക്കുന്ന കാലത്താണ് സലീം കുമാറിന് ദേശീയ അവാർഡ് കിട്ടിയത്. അതോടെ മുഴുവൻ സൂപ്പർ താരങ്ങളും സലീം അഹമ്മദ് ഒഴിച്ചുള്ള മുഴുവൻ സംവിധായകരും സലിം കുമാറിന്റെ ശത്രുക്കളായി. സ്റ്റേജ് ഷോകൾ നിന്നു. ടെലിവിഷൻ പരിപാടികൾക്ക് വിളിക്കാതായി. അമ്മയുടെ യോഗത്തിൽ പിറകിലെ ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. മാത്രമല്ല, ഒരു കോമാളി നടന് അവാർഡ് കൊടുത്തതിന്റെ പേരിൽ നിരവധി പേർ ജൂറിയുടെ തന്തക്ക്‌ വിളിച്ചു. അങ്ങനെ എന്തെല്ലാം പുകിലുകലാണ് അന്നുണ്ടായത്. അതിന്റെ തനിയാവർത്തനം തന്നെയല്ലേ ഇപ്പോഴും ഉണ്ടായത് എന്ന ഞെട്ടലിൽ നിന്നാണ് ഈ പോസ്റ്റിന്റെ ആദ്യ വാചകം ഞാൻ കുറിച്ചത്. സുരാജിന്റെ കഷ്ടകാലം തുടങ്ങീന്നാ തോന്നണത്..


സത്യത്തിൽ ഈ ജൂറിക്കൊക്കെ എന്തിന്റെ കുഴപ്പമാണ്. എത്രയെത്ര സൂപ്പർ സ്റ്റാറുകൾ മലയാളത്തിലുണ്ട്. അവർക്കൊക്കെ മാറി മാറി അവാർഡ് കൊടുത്താൽ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ? ഈ സിനിമ ഇൻഡസ്ട്രി തന്നെ നിലനിന്നു പോകുന്നത് അവരെക്കൊണ്ടല്ലേ. ഇനി ഒരു കോമഡി നടന് അവാർഡ് കൊടുത്തേ തീരൂ എന്നുണ്ടെങ്കിൽ അമ്മയുടെ പ്രസിഡന്റും ഭാവി എം പിയുമായ ഇന്നസെന്റിന് കൊടുക്കാമായിരുന്നില്ലേ. ഇത് സുരാജിനെ നശിപ്പിക്കുന്നതിന് വേണ്ടി കരുതിക്കൂട്ടി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

സുരാജിനോട് പറയാനുള്ളത് വിഷമിക്കരുത് എന്നാണ്. ജീവിതത്തിൽ ഇതുപോലെ പല ദുരന്തങ്ങളും വരും. സമചിത്തതയോടെ വേണം അവയെയൊക്കെ നേരിടേണ്ടത്. ഇനിയുള്ള നാളുകളിൽ വളരെ തന്ത്രപരമായി വേണം മുന്നോട്ട് പോകാൻ. സലീം കുമാറിന് പറ്റിയ അബദ്ധം ഒരിക്കലും ആവർത്തിക്കരുത്. ഈ അവാർഡിന് ഒരിക്കലും ഞാൻ അർഹനല്ല എന്നും മമ്മുക്കയുടെയും ലാലേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും കാൽക്കീഴിൽ ഈ അവാർഡ് സമർപ്പിക്കുകയാണെന്നും ഒരു കാച്ച് കാച്ചണം. അവരാണ് അഭിനയത്തിന്റെ എ ബി സി ഡി പഠിപ്പിച്ച് തന്നത് എന്നും ഈ അവാർഡ് നേടിത്തന്നതിൽ അവരുടെ ശുപാർശകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പറയണം. ഒരവാർഡ് കിട്ടി അതിന്റെ ഹാങ്ങ് ഓവറിൽ വീട്ടിലിരിക്കുന്നതിനേക്കാൾ നല്ലതാണ് അല്പം ഡിപ്ലോമസി കാണിച്ച് പിടിച്ചു നില്ക്കുന്നത്. അവാർഡ് പ്രഖ്യാപിച്ചിട്ട് മണിക്കൂറുകൾ ആയിട്ടില്ല. ആദ്യ പ്രതികരണം മുതൽ വളരെ ശ്രദ്ധിച്ചു വേണം നടത്താൻ. താങ്കളുടെ അഭിനയവും കോമഡിയും ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടും മലയാള സിനിമയിലും ടി വി യിലും ഇനിയും താങ്കളെ കാണണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടും നല്കുന്ന ഉപദേശമാണ്. തെറ്റിദ്ധരിക്കില്ല എന്ന് കരുതുന്നു.