പെന്‍ഷന്‍ പ്രായം 65 ആക്കണം !!

ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലെയും റിട്ടയര്‍മെന്റ് പ്രായം 60-65 ആണ്. അമേരിക്കയിലും ജര്‍മനിയിലും നോര്‍വേയിലും ഇത് അറുപത്തേഴു വയസ്സാണ്. ഇത്ര 'ചെറു പ്രായത്തില്‍' ആളുകള്‍ റിട്ടയര്‍ ചെയ്യുന്ന അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മസില്‍ പിടിക്കാതെ പറഞ്ഞാല്‍ ആളുകള്‍ വളരെ ചെറുപ്പത്തില്‍ തന്നെ 'തട്ടിപ്പോയിരുന്ന' കാലത്ത് ഉണ്ടാക്കിയ ഒരു പെന്‍ഷന്‍ പ്രായമാണ് ഇപ്പോള്‍ ഉള്ളത്. ലൈഫ് എക്സ്പെക്ടന്സി കൂടിക്കൂടി വരുന്നതിനനുസരിച്ച് പെന്‍ഷന്‍ പ്രായം അല്പാല്പമായി ഉയര്‍ത്തുന്നത് കൊണ്ട് തെറ്റില്ല എന്നാണ് വിദഗ്ദരുടെ (ഞാനടക്കമുള്ള) അഭിപ്രായം!.

ശിലായുഗത്തില്‍ ഇരുപതു വയസ്സായിരുന്നുവത്രേ മനുഷ്യന്റെ ശരാശരി ആയുസ്സ്. അത് കൂടിക്കൂടി വന്നു ഇപ്പോള്‍ അറുപത്തിയേഴില്‍ എത്തിനില്‍ക്കുന്നു. ഇത് ലോക ശരാശരിയാണ്. ജപ്പാനില്‍ ഇത് 83 ആണ്. ഇന്ത്യയില്‍ അറുപത്തിയഞ്ചും. ആയുസ്സിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും താഴെ നില്‍ക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്ക് ആണ്. അവിടുത്തെ ശരാശരി വളരെ കഷ്ടമാണ്. 39 വയസ്സ്!!. ഞാന്‍ പറഞ്ഞു വരുന്നത് ഓരോ രാജ്യത്തിനും അവരുടെ നിലവാരത്തിനനുസരിച്ച പെന്‍ഷന്‍ പ്രായം ഉണ്ടാക്കേണ്ടി വരുമെന്നതാണ്. ഇന്ത്യയില്‍ ശരാശരി ആയുസ്സ് അറുപത്തിയഞ്ച് ആയതിനാല്‍ പെന്‍ഷന്‍ പ്രായവും അറുപത്തിയഞ്ചു ആക്കിയാല്‍ ചില്ലിക്കാശ് പെന്‍ഷന്‍ വിഷയത്തില്‍ നീക്കി വെക്കേണ്ടി വരില്ല. ഖജനാവില്‍ ഇഷ്ടം പോലെ പണമുണ്ടാവും. സാമ്പത്തിക വിഷയത്തില്‍ അതിവിദഗ്ദനായ കെ എം മാണിക്കെന്നല്ല ശരാശരിയായ തോമസ്‌ ഐസക്കിന് പോലും അടിപൊളി ബജറ്റ് ഉണ്ടാക്കാന്‍ പറ്റും.
  
 വിവിധ രാജ്യങ്ങളിലെ റിട്ടയര്‍മെന്റ് പ്രായം കാണിക്കുന്ന ചാര്‍ട്ട്

അമേരിക്ക ഇനി ആരുടെ മേലും ആറ്റംബോംബ്‌ പ്രയോഗിക്കുകയില്ലായെങ്കില്‍ ആയുസ്സ് ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. അതിനനുസരിച്ച് പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടി നീക്കി വെക്കുന്ന തുക കൂട്ടിക്കൊണ്ടേയിരിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ നമ്മുടെ ഖജനാവിന്റെ പ്രധാന ഭാഗം പോകുന്നത് പെന്‍ഷന്‍ വകുപ്പിലേക്കാണ്. അടിയന്തിരമായി ഒരഞ്ചു വര്‍ഷമെങ്കിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയില്ലെങ്കില്‍ നമ്മുടെ ഖജനാവ് കുളമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗജന്യ നിരക്കില്‍ വിദ്യാഭ്യാസം നല്‍കി പ്രൊഫഷനല്‍ മേഖലയില്‍ ഒരാളെ തൊഴില്‍ പ്രാപ്തനാക്കി വളര്‍ത്തിക്കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ ഭീമമായ തുക ചെലവ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം ആളുകളെ മാക്സിമം ഉപയോഗപ്പെടുത്തുക എന്ന പ്രായോഗിക ബുദ്ധികൂടി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം എന്ന് ആവശ്യപ്പെടുന്നതിന് പിന്നില്‍ ഉണ്ട്.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ പെന്‍ഷന്‍ പ്രായം താഴ്ത്തുകയാണ് വേണ്ടത് എന്നത് തികച്ചും അശാസ്ത്രീയമായ ഒരു വീക്ഷണമാണ്. അതിനേക്കാള്‍ നല്ലത് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരെ ഓരോ കുപ്പി എന്‍ഡോസള്‍ഫാന്‍ കുടിപ്പിച്ചു കാലപുരിക്ക് അയക്കുന്നതാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കണം. പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തണം. ഇപ്പോള്‍ സര്‍വീസില്‍ ഉള്ളവരെ പെട്ടെന്ന് റിട്ടയര്‍ ചെയ്യിപ്പിച്ചു അവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മരണ കാലം വരെ പെന്‍ഷന്‍ കൊടുത്തുകൊണ്ട് ഖജനാവ് കാലിയാക്കുക എന്ന പിന്തിരിപ്പന്‍ ആശയത്തേക്കാള്‍ എത്രയോ ഭേദമാണ് ജീവനക്കാരെ പരമാവധി ഉപയോഗപ്പെടുത്തി വെറുതെ പെന്‍ഷന്‍ കൊടുക്കേണ്ട കാലം കുറച്ചു കൊണ്ട് വരിക എന്നത്. ഇതൊക്കെ പറയുമ്പോഴേക്കു ഡി വൈ എഫ് ഐ, യൂത്ത് കാങ്ഗ്രസ്സ് കുട്ടികള്‍ക്ക് അപസ്മാരം ഇളകാന്‍ സാധ്യതയുണ്ട്. അതിനുള്ള മരുന്ന് കൊടുക്കേണ്ടത് ആ പാര്‍ട്ടികളിലെ മുതിര്‍ന്ന ഘടകങ്ങളുടെ പണിയാണ്. അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സിച്ചാല്‍ കുറഞ്ഞ പൈസ കൊണ്ട് രോഗം മാറിക്കിട്ടും. രോഗം കണ്ട്രോള്‍ വിട്ടു പോയിക്കഴിഞ്ഞാല്‍ തറവാട് വിറ്റ് ചികിത്സിക്കേണ്ടി വരും.ഇന്ന് പലരും ജോലിയില്‍ കയറുന്നത് തന്നെ മുപ്പത്തഞ്ചും നാല്‍പ്പതും വയസ്സ് ആകുമ്പോഴാണ്. പതിനഞ്ചു കൊല്ലം പണിയെടുക്കുമ്പോഴേക്ക് റിട്ടയര്‍ ചെയ്യാനുള്ള പ്രായമായി. പെന്‍ഷന്‍ പ്രായം ഒരഞ്ചു കൊല്ലം കൂടി ഉയര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത അഞ്ചു കൊല്ലത്തേക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ വലിയ ഒഴിവുകളൊന്നും വരില്ല. അതുകൊണ്ട് തന്നെ യുവാക്കള്‍ക്ക് വാദ്ധ്യാര്‍ പണിക്കും ഗുമസ്തന്‍ പണിക്കും വേണ്ടി പി എസ് സി പരീക്ഷയെഴുതി വെറുതെ കുത്തിയിരുന്നു കാലം കളയേണ്ട ഗതികേട് ഉണ്ടാവില്ല. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ കാര്‍ഷിക ഐ ടി മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് ശ്രമിക്കേണ്ടി വരും. അതൊരു ഗുണപരമായ തുടക്കമാവുകയും ചെയ്യും.

ഒരു പ്രധാന കാര്യം കൂടി പറയാനുണ്ട്. കച്ചറയുണ്ടാക്കില്ല എങ്കില്‍ അതുകൂടി പറഞ്ഞു അവസാനിപ്പിക്കാം. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ആയുസ്സ് കൂടുതലാണെന്നാണ്‌ പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. മിക്കവാറും പുരുഷന്മാര്‍ ആണ് ആദ്യം തട്ടിപ്പോവുക. ആ ഒരു ലൈനില്‍ പിടിച്ചു സ്ത്രീകള്‍ക്ക് ഒന്നോ രണ്ടോ വര്‍ഷം പെന്‍ഷന്‍ പ്രായം കൂട്ടിക്കൊടുത്താലും കുഴപ്പമില്ല എന്നാണ് എന്റെ പക്ഷം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിഞ്ഞു വരുന്നവര്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക. ഞാനെന്റെ അഭിപ്രായമാണ് പറയുന്നത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ജയ്‌ ഹിന്ദ്‌!.

Note:20.03.2012
ഈ പോസ്റ്റ്‌ ഇന്ന് പുന:പ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിനു നന്ദി.