പിണറായിക്കൊരു റെഡ് സല്യൂട്ട്!

Comment Box Closed
സഖാവായാല്‍ ഇങ്ങനെ വേണം. ഒരല്പം നട്ടെല്ലും ആരെയും കൂസാത്ത തന്റേടവും. പിണറായി സഖാവിനു അതുണ്ട്. ഒള്ളത് പറയാമല്ലോ, അദ്ദേഹത്തിനൊരു റെഡ് സല്യൂട്ട് കൊടുക്കുവാന്‍ എനിക്ക് തോന്നുന്നുണ്ട്!. സമകാലീന കേരളീയ സമൂഹത്തില്‍ ഒരു രാഷ്ട്രീയ നേതാവ് നടത്തുന്ന ഏറ്റവും ചങ്കുറപ്പുള്ള അഭിപ്രായ പ്രകടനമാണ് വ്യാജകേശം വിഷയത്തില്‍ സഖാവ് നടത്തിയിരിക്കുന്നത്. കത്തിച്ചാല്‍ ഏത് മുടിയും കത്തുമെന്നു സഖാവ് പറഞ്ഞപ്പോള്‍ മുടി വ്യാപാരത്തിന്റെ ഹോള്‍സെയില്‍ ഏജന്‍സി എടുത്തിട്ടുള്ള കാന്തപുരം ഉസ്താദ് കത്തിയൂരി! തൊട്ടാല്‍ തട്ടുമെന്നായിരുന്നു ഭീഷണി.

വോട്ടു രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാവുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മെല്ലെ തടിയൂരുകയാണ് ചെയ്യുക. പക്ഷെ സഖാവ് പിണറായി പറഞ്ഞിടത്ത് തന്നെ ഉറച്ചു നിന്നു എന്ന് മാത്രമല്ല ഒരു പടി കൂടി കടന്നു അടുത്ത വെടിയും പൊട്ടിച്ചു. ആണായി പിറന്ന രാഷ്ട്രീയക്കാരന്‍ ഇങ്ങനെയാണ് വേണ്ടത്. നാല് വോട്ടിനു വേണ്ടി വാക്ക് മാറ്റിപ്പറയില്ല, പറയരുത്. പിണറായി സഖാവിനു അദ്ദേഹത്തിന്റേതായ ഒരു രാഷ്ട്രീയമുണ്ട്. ഈ പ്രസ്താവനയുടെ പിന്നിലും അത്തരമൊരു രാഷ്ട്രീയം ഇല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ അദ്ദേഹം ഉയര്‍ത്തിയ അഭിപ്രായം മതത്തിന്റെ പേരിലുള്ള ഒരു ശുദ്ധതട്ടിപ്പിനെതിരെയുള്ള ഏറ്റവും ഫലവത്തായ ഒരു സാമൂഹ്യ ഇടപെടലാണ്. അത്തരമൊരു ഇടപെടലിന് കരുത്തു പകര്‍ന്നേ തീരൂ. പിണറായി സഖാവ് പറയുന്ന എന്തിനെയും പിന്തുണക്കുക  എന്നതല്ല ഇതിനര്‍ത്ഥം. അദ്ദേഹത്തിന്‍റെ പല നിലപാടുകളെയും പല തവണ ഈ ബ്ലോഗില്‍ എതിര്‍ത്തിട്ടുണ്ട്.  ഇനിയും എതിര്‍ക്കേണ്ടി വന്നെന്നിരിക്കും. പക്ഷേ, വോട്ടു രാഷ്ടീയത്തിന്റെ കണക്കുകള്‍ പേടിച്ചു തിരുകേശം തട്ടിപ്പിനെതിരെ ക മ എന്നരക്ഷരം മിണ്ടാതെയിരിക്കുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്കിടയില്‍  സഖാവ് പിണറായി വേറിട്ട്‌ നില്‍ക്കുന്നുണ്ട്. അതിനൊരു സല്യൂട്ട് കൊടുത്തേ തീരൂ.


മതം എന്നത് ഏതെങ്കിലും മുസ്ലിയാരുടെ തറവാട്ടു സ്വത്തല്ല. അത് മനുഷ്യരാശിയുടെ മൊത്തം പൊതു സ്വത്താണ്. താടിയും തലപ്പാവും മതത്തെ വിറ്റ് പുട്ടടിക്കാനുള്ള ലൈസന്‍സാണെന്ന് കരുതുന്ന പുരോഹിത വര്‍ഗം എക്കാലത്തും പറഞ്ഞിരുന്ന ഒരു വാദമാണ് മതത്തെക്കുറിച്ച് മറ്റാരും അഭിപ്രായം പറയരുത് എന്നത്.  അത് ഞങ്ങള്‍ മാത്രം പറഞ്ഞോളാം എന്നതും!. ഇതൊരു പുതിയ വാദമല്ല. വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തരുതെന്നു പോലും ഒരു കാലത്ത് വാദിച്ച പുരോഹിത വര്‍ഗ്ഗത്തെയാണ്‌ കാന്തപുരം ഉസ്താദ് പ്രതിനിധീകരിക്കുന്നത്. പച്ചത്തുണിയില്‍ പൊതിഞ്ഞു അലമാരയില്‍ പൂട്ടിവേക്കേണ്ട ഒന്നാണ്  ഖുര്‍ആന്‍ എന്നാണു മത പൌരോഹിത്യം കേരളക്കരയിലെ മുസ്ലിംകളെ പഠിപ്പിച്ചത്. സാധാരണക്കാരന്‍ വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിയാല്‍ അവരെപ്പറ്റിച്ചു  ജീവിക്കുന്ന തങ്ങളുടെ കഞ്ഞി കുടി മുട്ടും എന്ന സിമ്പിള്‍ ലോജിക്കാണ് ഇത്തരമൊരു നിലപാടിന് പിന്നിലുണ്ടായിരുന്നത്. വക്കം മൌലവി, കെ എം മൌലവി, മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളക്കരയില്‍ ഉയര്‍ന്നു വന്ന മതനവോത്ഥാന പ്രസ്ഥാനങ്ങളാണ് ഇവക്കെതിരെ ശക്തമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയത്. മലയാളം ആര്യനെഴുത്താണെന്നും ഇംഗ്ലീഷ് നരകത്തിലെ  ഭാഷയാണെന്നും മുസ്ലിംകളെ 'പഠിപ്പിച്ച'വരാണ് ഈ മുസ്ലിയാക്കന്മാര്‍ . പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ പോകരുതെന്ന് പോലും പറഞ്ഞ് നടന്നവര്‍ !!. അവര്‍ക്കെതിരില്‍ ഒരു ചെറിയ ന്യൂനപക്ഷം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ കഥയാണ് കേരളത്തിലെ മത നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പറയാനുള്ളത്.

വിശ്വാസികളെ പറ്റിക്കാന്‍ വേണ്ടിയെന്ന് നൂറു ശതമാനം ഉറപ്പുള്ള ഈ 'നാല്പതു കോടി വ്യവസായ'ത്തിന് സര്‍ക്കാര്‍ അനുമതി നല്‍കരുത് എന്നാണ് എന്റെ പക്ഷം. ഇതിനു വേണ്ടിയുള്ള ഭൂമിയെടുപ്പും നിര്‍മാണവും തടയുന്നതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രവാചകന്റെ മുടിയോ നഖമോ അല്ല, അദ്ദേഹത്തിന്റെ വാക്കുകളും ജീവിതവുമാണ് മുസ്ലിംകള്‍ കണക്കിലെടുക്കേണ്ടത് എന്ന സഖാവ് പിണറായിയുടെ പ്രസ്താവന കേരളക്കരയില്‍ ഉയര്‍ത്തിവിട്ട ഒരു സംവാദ അന്തരീക്ഷം മതം എന്താണെന്ന് പഠിക്കാനുള്ള ഒരവസരമാണ് പൊതുസമൂഹത്തിനു നല്‍കുന്നത്. ഈ പ്രസ്താവനയുടെ ചരിത്രപരത അതാണ്‌ എന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ സഖാവിനു എന്റെ മനസ്സറിഞ്ഞ ഒരു റെഡ് സല്യൂട്ട്.

Related Topics
തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?
കത്തുന്ന മുടി: പിണറായിക്കിതെന്തു പറ്റി?