ഇതാണ് സൂപ്പര്‍ ബ്ലോഗര്‍ !!!

എന്റെ കഴിഞ്ഞ പോസ്റ്റ്‌ ബൂലോകത്ത് വലിയ ബഹളം ഉണ്ടാക്കിയിരുന്നു. ഒരു ആവശ്യമില്ലാത്ത പോസ്റ്റെന്നാണ് എന്റെ വായനക്കാരില്‍ ഭൂരിഭാഗവും പറഞ്ഞത്. ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരത്തില്‍ പരമാവധി വായനക്കാരെ വോട്ടു ചെയ്യിപ്പിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്നത്‌ ചെയ്യുക എന്നതായിരുന്നു ആ പോസ്റ്റ്‌ കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. ഈ വോട്ടെടുപ്പ് ഒരു ചൂട് പിടിച്ച ചര്‍ച്ച ആക്കാനും കൂടുതല്‍ പേരെ വോട്ടു ചെയ്യിപ്പിക്കാനും അത് വഴി കഴിഞ്ഞു എന്ന് തന്നെയാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്.

ശ്രീ മനോജ്‌ രവീന്ദ്രനെയാണ് (നിരക്ഷരന്‍)  കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി വായനക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീ നൌഷാദ് അകംബാടം  ആണ് ഫസ്റ്റ് റണ്ണര്‍ അപ്പ്‌. എന്റെ പ്രിയ സുഹൃത്തുക്കളായ ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ . ശ്രീ മനോജ്‌ രവീന്ദ്രന്‍ ഒരു ബ്ലോഗ്ഗര്‍ മാത്രമല്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തെ സോഷ്യല്‍ മീഡിയകളില്‍ ലൈവ് ആയി നിര്‍ത്തുന്നതിനു ഏറ്റവും വലിയ പങ്കു  വഹിച്ച അദ്ദേഹം പല മാനുഷിക സംരംഭങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. എഴുത്തിന്റെ വിവിധ മേഖലകളില്‍ കൈ വെച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ യാത്രാവിവരണങ്ങങ്ങളാണ് എനിക്കേറെ പ്രിയങ്കരം. ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം എഴുതിയിട്ടുള്ള ബ്ലോഗുകള്‍ നിരവധി വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൌണ്‍സില്‍ സിങ്കപ്പൂര്‍ നടത്തിയ യാത്രാ വിവരണ ബ്ലോഗ്‌ മത്സരത്തില്‍ അവാര്‍ഡും നേടിയിട്ടുണ്ട്.

നൗഷാദ് അകമ്പാടം വരകളുടെ രാജാവാണ്. എന്നെ ഇന്ദ്രന്‍സിനെപ്പോലെയാക്കി മുമ്പ് വരച്ചിട്ടുണ്ടെങ്കിലും എനിക്കദ്ദേഹത്തോടു ഒട്ടും വിദ്വേഷം തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയകളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും ചലനമുണ്ടാക്കിയ ബ്ലോഗറും നൗഷാദ് ആണ്. അദ്ദേഹത്തിന്‍റെ ചില കാര്‍ട്ടൂണുകള്‍ ഒരു തീക്കാറ്റു പോലെ പടര്‍ന്നു കയറിയിട്ടുണ്ട്. ആയിരം വാക്കുകളേക്കാള്‍ മൂര്‍ച്ചയുള്ള ആ കാര്‍ട്ടൂണുകള്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ വരെ മോഷ്ടിച്ച് കൊടുത്തിട്ടുണ്ട്. ഈ  ഫസ്റ്റ് റണ്ണര്‍ അപ്പ്‌  സ്ഥാനം നൗഷാദ് എന്തുകൊണ്ടും അര്‍ഹിക്കുന്നു.

 ഈയിടെ ഏറെ വിവാദമുയര്‍ത്തിയ നൗഷാദിന്റെ ഒരു കാര്‍ട്ടൂണ്‍ 

മറ്റൊരു പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് എനിക്ക് തിരിച്ചു കൊടുക്കേണ്ടി വരില്ല എന്നതാണ്!!.  സത്യം പറഞ്ഞാല്‍ ആ പോസ്റ്റിനെ ചര്‍ച്ചയാക്കാന്‍ വേണ്ടി ഉപയോഗിച്ച ഒരു ലളിതമായ എന്‍ഡ് പഞ്ച് ആയിരുന്നു അത്. പക്ഷെ എന്റെ പല സുഹൃത്തുക്കളും വല്ലാതെ പ്രകോപിതരായി. എനിക്കെതിരെ പല പരിഹാസ പോസ്റ്റുകളും വന്നിട്ടുണ്ട് എന്ന് പലരും പറഞ്ഞറിഞ്ഞു. അതില്‍ ഒട്ടും പരിഭവമില്ല. ഞാന്‍ പലരെയും രൂക്ഷമായ ശൈലിയില്‍ വിമര്‍ശിക്കാറുണ്ട്. അപ്പോള്‍ എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും വകവെച്ചു കൊടുക്കണമല്ലോ. പക്ഷെ എന്റെ പോസ്റ്റിന്റെ ദൗത്യം വിജയിച്ചിട്ടുണ്ട്. ബ്ലോഗിലെ നല്ല 'എയുത്തു'കാരനെയല്ല നല്ല 'എഴുത്തു'കാരനെയാണ് ബൂലോകം തിരഞ്ഞെടുക്കുന്നത്. ബിരിയാണിയും നെയ്ച്ചോറും വിളമ്പി വാങ്ങിക്കേണ്ട ഒന്നല്ല വോട്ട്. അത് വായനക്കാരന്‍ അവന്റെ ഔചിത്യ ബോധം അനുസരിച്ച് ചെയ്യേണ്ടതാണ്. അടുത്ത വര്‍ഷമെങ്കിലും ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ ബൂലോകം ഭാരവാഹികള്‍ ശ്രദ്ധിക്കണം. തികഞ്ഞ ഗുണമേന്മ തന്നെയായിരിക്കണം ബ്ലോഗുകള്‍ മത്സരത്തിനു തിരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡം. ഒരു വിദഗ്ധ പാനല്‍ പരിശോധിച്ച ശേഷമേ ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കാവൂ.. വളര്‍ന്നു വരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കണം. പക്ഷെ അത് ഭാഷയെ കൊന്നുകൊണ്ടാവരുത്!!.

മലയാള ബ്ലോഗിനെ പുതിയ ചക്രവാളങ്ങളില്‍ എത്തിക്കാന്‍ സഹായകമാകുന്ന ഇത്തരം സംരംഭങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ബൂലോകം പോര്‍ട്ടലിനും അതിന്റെ സ്ഥാപകനായ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റിനും പുരസ്കാര ജേതാക്കള്‍ക്കും ഒരിക്കല്‍ കൂടി എന്റെ അഭിനന്ദനങ്ങള്‍ .. അവാര്‍ഡിന്റെ വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം.