മാഷേ, നിങ്ങള്‍ മരിക്കുന്നില്ല

മാഷ്‌ ഇനിയില്ല. രോഗം അതീവ ഗുരുതരമാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നതിനാല്‍ വേദനിപ്പിക്കുന്ന ഈ വാര്‍ത്ത ഏതു നിമിഷവും വരാം എന്ന് അറിയാമായിരുന്നു.  എന്നാലും മരിച്ചു എന്ന് കേട്ടപ്പോള്‍ വല്ലാത്ത ഒരു നടുക്കമുണ്ട്. ശരീരം വിറയ്ക്കുന്ന പോലെ. വല്ലാത്ത ഒരു നിരാശ ചുറ്റും വന്നു പൊതിയുന്ന പോലെ. ആറ് പതിറ്റാണ്ടിലെറെക്കാലമായി നമ്മുടെ മണ്ണിന്റെ പ്രതികരണ സംസ്കാരത്തെ ജ്വലിപ്പിച്ചു നിര്‍ത്തിയ ഒരേ ഒരു മാഷ്‌.. ഒരു വടി പോലെ മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍ നിന്നാണ് കേരളക്കരയുടെ സാമൂഹ്യ ചലനങ്ങളില്‍ പലപ്പോഴും കൊടുങ്കാറ്റുകള്‍ രൂപപ്പെട്ടത്.

ആര് യോജിച്ചാലും വിയോജിച്ചാലും മാഷ്‌ പറയാനുള്ളത് പറയും. ആ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കും. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും വിദ്യാഭ്യാസവും സിനിമയും കലയും.. അഴീക്കോട് മാഷ്‌ ഇടപെടാത്ത മേഖലകള്‍ ഇല്ല. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ചലനങ്ങളുയര്‍ത്താത്ത പൊതുവിഷയങ്ങള്‍ ഇല്ല. ഇനി ഇതുപോലൊരു മാഷ്‌ നമുക്കുണ്ടാവുകയില്ല. ഒരു സാഹിത്യകാരനോ രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ മരിച്ചാല്‍ പകരം നില്‍ക്കാന്‍ പലരുമുണ്ടായി എന്ന് വരും. പക്ഷെ ഒരഴീക്കോട് മാഷിനു പകരം നില്‍ക്കാന്‍ ഇനി ഈ നൂറ്റാണ്ടില്‍ മറ്റൊരു മാഷുണ്ടാവില്ല എന്നതുറപ്പ്‌.


എന്റെ ഹോം ലൈബ്രറിയിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന് അഴീക്കോട് മാഷിനു പ്രമുഖര്‍ അയച്ച കത്തുകളുടെ സമാഹാരമാണ്. കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട അഴീക്കോടിന്' എന്ന പുസ്തകം. ആ പുസ്തകം ഞാന്‍ പല തവണ വായിച്ചിട്ടുണ്ട്. വായിച്ച് അത്ഭുതം കൂറിയിട്ടുണ്ട്. മാഷ്‌ ഇരുപതു വയസ്സുള്ള ഒരു പയ്യനായിരുന്നപ്പോള്‍  മഹാകവി ഉള്ളൂരും വള്ളത്തോളും ശങ്കരക്കുറുപ്പും അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. ഒരു കൊച്ചു പ്രതിഭയെ തിരിച്ചറിഞ്ഞ് ആ പ്രതിഭയുമായി സൗഹൃദം കൊതിച്ച മഹാ കവികള്‍. അഴീക്കോട് മാഷ്‌ ആരായിരുന്നു എന്നറിയാന്‍ ആ പുസ്തകമൊന്നു വായിച്ച് നോക്കണം.

മലയാളത്തിന്റെ മഹാസാഹിത്യകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അഴീക്കോട് മാഷിനു എഴുതിയ രസകരമായ ഒരു എഴുത്ത് ഇവിടെ ചേര്‍ക്കട്ടെ.

പ്രിയപ്പെട്ട അഴീക്കോട്,
താങ്കള്‍ക്ക് സുഖവും സമാധാനവും ദീര്‍ഘായുസ്സും നേരുന്നു. ബേപ്പൂര്‍ നവാബ് എന്ന നിലക്ക് താങ്കള്‍ക്ക് ഒരു ബിരുദം തരാന്‍ സന്തോഷമുണ്ട്. 'പ്രസംഗ ചക്രവര്‍ത്തി സുകുമാര്‍ അഴീക്കോട്‌' എന്നാണ്. താങ്കള്‍ സന്തോഷത്തോടെ ആചന്ദ്രതാരം വാഴുക. 


ഒരു താഴ്മയായ അപേക്ഷയുണ്ട്. ശ്രീമതി ഇന്ദിര ഗാന്ധിക്കുള്ള കത്ത് ഞാന്‍ എഴുതിയിട്ടുള്ളത് പോലെ തര്‍ജ്ജമ ചെയ്തു തരാന്‍ അപേക്ഷ. എഡിറ്റ്‌ ചെയ്തു കുറക്കേണ്ട എന്ന് സാരം. അത് പോലെ തന്നെ വേണം.

താങ്കള്‍ സദയം കൊണ്ടുവന്നു തന്ന കുഴമ്പ് പുരട്ടി തിരുമ്മി കുളിക്കുന്നുണ്ട്. കുളി കഴിയുമ്പോള്‍ സുഖം തോന്നും പിന്നീട് നടക്കുമ്പോള്‍ വേദന വരും. വരട്ടെ. പ്രായമാകുമ്പോള്‍ ഇങ്ങനെയൊക്കെയാണ്.

താങ്കളെ ക്കൊണ്ട് ഒരു പെണ്ണ് കെട്ടിക്കണമെന്ന് എന്റെ ഭാര്യ പറഞ്ഞു. ഞാന്‍ പറഞ്ഞു, ആ മനുഷ്യന്‍ സമാധാനമായി ജീവിച്ചോട്ടെ. അപ്പോള്‍ ഭാര്യ പിണങ്ങി. കുറെക്കഴിഞ്ഞു പറഞ്ഞു. വയസ്സാകുമ്പോള്‍ സുകുമാറിനെ
ആര് നോക്കും. ഒരു ഭാര്യ അത്യാവശ്യമാണ്. ഞാന്‍ പറഞ്ഞു. എന്നെ നോക്കാന്‍ ആരുണ്ട്‌? നീ കയ്യും ഒടിച്ചു നടക്കുകയല്ലേ? അതുകൊണ്ട് ഒരു പെണ്ണ് കൂടി കെട്ടിക്കളയാം! 

അപ്പോഴും പിണക്കം.

ഞാന്‍ എന്നാണ് വരേണ്ടത്? വിവരം അറിയിച്ചാല്‍ കൂനിക്കൂടി അവിടെ വരാം. 


ക്ഷേമാശംസകളോടെ
വൈക്കം മുഹമ്മദ്‌ ബഷീര്‍

കോഴിക്കോട്
19-12-1980


തത്ത്വമസി ഞാന്‍ വായിച്ചിട്ടില്ല. എങ്കിലും മാഷുടെ നിരവധി പ്രഭാഷണങ്ങള്‍ നേരിട്ട് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തിന് കീഴില്‍  കുറച്ചു കാലം പ്രവര്‍ത്തിക്കാനുള്ള (വര്‍ത്തമാനം പത്രത്തില്‍) ഭാഗ്യം ഉണ്ടായിട്ടുണ്ട്.  തത്ത്വമസി വായിച്ച് മനസ്സിലാക്കാന്‍ വേണ്ട വകതിരിവ് എനിക്കില്ലാത്തത് കൊണ്ടാണ് ആ മഹാപുസ്തകം വായിക്കാതിരിക്കുന്നത്. അഴീക്കോട് മാഷിന്റെ ഓര്‍മ്മകള്‍ ലോകമുള്ളിടത്തോളം കാലം ജീവത്തായി നിലനിര്‍ത്താന്‍ ആ ഒരൊറ്റ പുസ്തകം മതി എന്ന് അത് വായിച്ചവര്‍ പറഞ്ഞിട്ടുണ്ട്.  തത്ത്വമസി വായിച്ച് കൊണ്ടിരുന്ന ഒരു ആസ്വാദകന്‍ ഒരിക്കല്‍ മാഷിനു എഴുതി. "സാര്‍, ഞാന്‍ തത്ത്വമസി വായിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങേക്ക് ഭാര്യ യില്ലാത്തത് കാരണം ഞങ്ങള്‍ക്ക് ഈ പുസ്തകം ലഭിച്ചു. എന്റെ ഭാര്യ പിരിഞ്ഞു പോയത് കാരണം ഞാനിത് വായിക്കുന്നു. നന്ദി"

അഴീക്കോട് മാഷിനെ പറ്റി കുഞ്ഞുണ്ണി മാഷ്‌ എഴുതിയ ഒരു കവിതയുണ്ട്. വായിക്കാന്‍ അല്പം ബുദ്ധിമുട്ടുമെങ്കിലും ആ രണ്ടു വരിയില്‍ എല്ലാമുണ്ട്.

അഴിയാക്കോടിഴയാക്കോ
ടുഴിയാക്കോടൊഴിയാക്കോടഴീക്കോട്

അതെ, കുഞ്ഞുണ്ണി മാഷ്‌ എഴുതിയ പോലെ അഴിയുകയും ഇഴയുകയും ഒഴിയുകയും ഉഴിയുകയും ചെയ്യാത്ത മാഷാണ് അഴീക്കോട് മാഷ്‌. മാഷുടെ വാദഗതികളോട് എല്ലാവരും യോജിച്ചു കൊള്ളണമെന്നില്ല. ഈ ബ്ലോഗിലും അദ്ദേഹത്തെ വിമര്‍ശിച്ചു നിരവധി പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. എന്നാലും ആ വ്യക്തി പ്രഭാവത്തെ, നിലപാടുകളിലെ ആര്‍ജ്ജവത്തെ, അത് തുറന്നു പറയുന്നതിലെ ചങ്കൂറ്റത്തെ വിമര്‍ശിക്കുവാന്‍ ആര്‍ക്കും കഴിയാറില്ല.

മാഷിന്റെ ഭൗതിക ശരീരം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മണ്ണായി മാറുമെങ്കിലും അദ്ദേഹം വിട്ടേച്ചു പോയ ധിഷണയുടെ സൗരഭ്യം ഒരിക്കലും മരിക്കില്ല. മരിക്കാത്ത  ആ  ഓര്‍മയ്ക്ക് മുന്നില്‍ ഒരായിരം കണ്ണീര്‍പൂക്കള്‍..