എന്നെ ഇന്ദ്രന്‍സ്‌ ആക്കരുത് നൗഷാദേ

ഈ ഡിസംബര്‍ ഒന്നിന് എനിക്ക് ആശംസകളുടെ പ്രവാഹം ആയിരുന്നു. ഫേസ്ബുക്ക്‌ പറ്റിച്ച പണിയാണ്. 'പുള്ളിക്കാരത്തി' എന്‍റെ ജന്മദിനം എല്ലാവരെയും അറിയിച്ചു. ആശംസ നേര്‍ന്നു കൊണ്ട് ബൂലോകത്ത് പ്രത്യക്ഷപ്പെട്ട ബ്ലോഗ്‌ പോസ്റ്റുകള്‍ കണ്ടു ഞാന്‍ ഞെട്ടി!!. സാനിയ മിര്‍സക്ക് പോലും ഇത്രയും ആശംസ കിട്ടിക്കാണില്ല. ജന്മദിനം ആഘോഷിക്കുന്ന പരിപാടി എനിക്കില്ല. രാത്രിയിലിരുന്നു കുറെ കരയും എന്നല്ലാതെ പ്രത്യേകമായി ഒരു കടല മിഠായി പോലും അന്ന് വാങ്ങിത്തിന്നാറില്ല. പക്ഷേ ഈ ബഹളങ്ങളൊക്കെ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ഞാനൊരു ഫുലിയാണ്. മാത്രമല്ല ഒരു മഹാ സംഭവവുമാണ്.. ഇനി ഗതി കെട്ടാല്‍ പോലും പുല്ലു തിന്നാന്‍ പാടില്ല. !!.


എനിക്ക് ആശംസ നേര്‍ന്നു കൊണ്ട് ബ്ലോഗ്ഗര്‍ നൗഷാദ് അകമ്പാടം അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ ഇട്ട ഒരു ചിത്രമാണിത്. ബെര്‍ളി തോമസ്‌ ആയിരം പോസ്റ്റ് തികച്ചപ്പോഴും നൗഷാദ് ഇത് പോലെ ഒരു ചിത്രം ഡെഡിക്കേറ്റ് ചെയ്തിരുന്നു . ബെര്‍ളി അതില്‍ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റ് ഇടുകയും ചെയ്തു. കാരണമുണ്ട്. എസ്സ് കത്തി പോലെ ഇരിക്കുന്ന ബെര്‍ളിയെ പ്രിഥ്വിരാജിനെക്കാള്‍ സുന്ദരനായാണ് വരച്ചിരുന്നത്. എന്നാല്‍ എന്റെ കാര്യം വന്നപ്പോള്‍ നൗഷാദ്‌ കൂറു മാറി. ഒറ്റ നോട്ടത്തില്‍ മമ്മൂട്ടിയെപ്പോലെ ഇരിക്കുന്ന എന്നെ പകുതി ഇന്ദ്രന്‍സും പകുതി ശ്രീനിവാസനും ആയിട്ടാണ് വരച്ചിരിക്കുന്നത്!. ഇത് ഒരു ഒടുക്കത്തെ ചതിയായിപ്പോയി!. ഇങ്ങനെയൊരു പാര ഞാന്‍ പ്രതീക്ഷിച്ചതല്ല. 
ഇന്ത്യയില്‍ ആദ്യ ബ്ലോഗ്‌ പത്രം പ്രസിദ്ധീകരിച്ചു വാര്‍ത്തയില്‍ ഇടം നേടിയ ബൂലോകം ഓണ്‍ലൈനിന്റെ സ്ഥാപകന്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റും എഴുതി ഒരു ആശംസ. 

ഇനി ആരൊക്കെ പോസ്റ്റ്‌  ഇട്ടിട്ടുണ്ട് എന്നറിയില്ല.  വേറെ വല്ലോരും ഇട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണം.  നൗഷാദിനോട് ഒരു വാക്ക്. ചിത്രം മാറ്റി വരച്ചില്ലെങ്കില്‍ കോടിക്കണക്കിനു വരുന്ന എന്‍റെ ഫാന്‍സിനെ വിട്ടു നിന്റെ ബ്ലോഗ്‌ ഞാന്‍ പൂട്ടിക്കും. ഇത് ഒരു താക്കീതല്ല, ഭീഷണി മാത്രമാണ്!!.

മ്യാവൂ: നൌഷാദിന്റെ ചിത്രം 'കൊണ്ട' ശേഷം ബെര്‍ളിക്ക് പഴയ ഫോം കിട്ടിയിട്ടില്ല. ഒരാഴ്ചയില്‍ ചുരുങ്ങിയത് പത്തു പോസ്റ്റെങ്കിലും ഇട്ടിരുന്ന ബെര്‍ളി ഇപ്പോള്‍ ഒരു പോസ്റ്റ് പോലും തികച്ച് ഇടുന്നില്ല.  ഇനി എനിക്കും ആ ഗതി വരുമോ?