മമ്മൂട്ടിയുടെ ബ്ലോഗ്‌ ആരാണ് ഹാക്കിയത്?

നൂറാള്  ഒരുമിച്ചു വന്നാലും പുല്ലു പോലെ അടിച്ചിടുന്ന മമ്മൂട്ടിയുടെ ബ്ലോഗ്‌  ഏതോ ഒരു പുല്ലന്‍ അടിച്ചെടുത്തിരിക്കുന്നു. ഇന്നലെ മുതല്‍ സൂപ്പര്‍ താരത്തിന്റെ വെബ്‌ സൈറ്റ് തുറക്കുന്നവര്‍ക്ക് കിട്ടുന്നത് സൗദി അറേബ്യയില്‍ നിന്നുള്ള മിസ്റ്റര്‍ സ്കൂറിന്റെ സന്ദേശമാണ്. Saudi Arabia Hacker. Hacked by Mr. Skooor എന്നാണു സൈറ്റില്‍ തെളിഞ്ഞു വരുന്നത്. ഇന്ദ്രന്‍സ് ടൈ കെട്ടിയത് പോലെ ഒരു ഞാഞ്ഞൂലിന്റെ ചിത്രവും അതിലുണ്ട്. കളി മമ്മൂട്ടിയോട് വേണ്ട മോനെ, സൂപ്പര്‍ സ്റ്റാറാ, നിന്റെ പരിപ്പ് അയാളെടുക്കും എന്നാണു എനിക്ക് മിസ്റ്റര്‍ സ്കൂറിനോട് പറയാനുള്ളത്.

ഈ വിവരം അറിഞ്ഞ ഉടനെ മമ്മൂട്ടി ബെര്‍ളിയെ വിളിച്ചിരിക്കാന്‍ സാധ്യതയുണ്ട്. കാരണം പുള്ളിയുടെ വെബ്‌സൈറ്റിന്റെ ഹോള്‍ സെയില്‍ ഉപദേശകനും റീടെയില്‍ ബ്രോക്കറും ബെര്‍ളിയാണ്  ബെര്‍ളി മമ്മൂട്ടിയുടെ അളിയനാണോ എന്ന് വരെ ദുഫായിയില്‍ നിന്നുള്ള ഒരു ബ്ലോഗ്ഗര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. അളിയനായാലും അല്ലേലും ബെര്‍ളിയുടെ തവിട്ടു കരങ്ങള്‍ (കറുത്ത കരങ്ങള്‍ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല) മമ്മൂട്ടിയുടെ ബ്ലോഗിന് പിന്നില്‍ ഉണ്ട് എന്നത്  നാട്ടില്‍
പാട്ടാണ്

കേരള പോലീസിന്റെ ഇന്റെലിജെന്‍സ് രീതി അനുസരിച്ച് എന്റെ സംശയം ബെര്‍ളിയുടെ നേരെയാണ് തിരിയുന്നത്. സൗദി അറേബ്യയിലെ ഹാക്കര്‍ എന്ന പേരില്‍ ഈ പണി ഒപ്പിച്ചത് ബെര്‍ളി ആയിക്കൂടെന്നില്ല. സാഹചര്യത്തെളിവുകള്‍ ഇവയാണ്. (ഒന്ന്) ബെര്‍ളിയുടെ ബ്ലോഗ്‌  ഇതുപോലെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. അന്ന് ബെര്‍ളിയുടെ ഫോട്ടോക്ക് പകരം ഒരു പട്ടിയുടെ ഫോട്ടോയാണ് ആ ബ്ലോഗില്‍ ഉണ്ടായിരുന്നത്. ബ്ലോഗ്‌ സംസാര വിഷയമാക്കാന്‍ ബെര്‍ളി തന്നെ ഒപ്പിച്ചതാണ് ആ പണിയെന്നു ഒരു സംസാരം ഉണ്ടായിരുന്നു. (രണ്ടു) മമ്മൂട്ടിയുടെ ബ്ലോഗ്‌ ഹാക്ക് ചെയ്ത വാര്‍ത്ത മനോരമയാണ്‌ പ്രാധാന്യത്തോടെ കൊടുത്തത്. ബെര്‍ളിയും മനോരമയിലാണ് .  (മൂന്ന്) ബെര്‍ളി ഈ വിഷയങ്ങളില്‍ ഒക്കെ മഹാ വെളവന്‍ ആണ്. വല്ലാത്ത ചങ്കുറപ്പുള്ള ഇനമാനെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഈ മൂന്ന് സാഹചര്യത്തെളിവുകള്‍ക്ക് പുറമേ ശരിക്കുള്ള സാക്ഷി മൊഴികള്‍ (മഅദനി മോഡല്‍) വേറെയും ഹാജരാക്കാന്‍ അല്പം ശ്രമിച്ചാല്‍ കഴിയും.

ഏതായാലും നമ്മുടെ സൂപ്പര്‍ താരത്തെ ഇങ്ങനെ ഹാക്കാന്‍ വിടുന്നത് ശരിയല്ല. ഹാക്ക് ചെയ്തത് ബെര്‍ളി ആയാലും അല്ലെങ്കിലും ബെര്‍ളി തന്നെ ഇടപെട്ട് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചു കൊടുക്കണം എന്നാണു എനിക്ക് പറയാനുള്ളത്. മമ്മൂട്ടിയുടെ ബ്ലോഗ്‌ വായിക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന കോടിക്കണക്കിനു വായനക്കാരെ ഇനിയും ആകാംക്ഷയുടെ  മുള്‍മുനയില്‍ നിര്‍ത്തരുത്. 

മ്യാവൂ: മമ്മൂട്ടിയുടെ ബ്ലോഗ്‌ ആരാണ് ആക്കിയത്? എന്ന ചോദ്യത്തിന്റെ കൂടെ ഇപ്പോള്‍ ചോദിക്കാന്‍ മറ്റൊരു ചോദ്യം കൂടി ഉണ്ടായി. മമ്മൂട്ടിയുടെ ബ്ലോഗ്‌ ആരാണ് ഹാക്കിയത്