മലയാള ബ്ലോഗിങ്ങ് പുതിയ ചരിത്രത്തിലേക്ക്

ആശയ സംവേദനത്തിന്റെ അതിരുകളില്ലാത്ത ലോകമാണ് ബ്ലോഗുകളുടെത്. മലയാളത്തിലെ ഏറ്റവും ജീവത്തായ ചര്‍ച്ചകളില്‍ ചിലത് ഇന്ന് ബ്ലോഗുകളിലാണ് നടക്കുന്നത്. സാമ്പ്രദായിക പ്രിന്‍റ് മീഡിയകള്‍ പോലും ബ്ലോഗുകളിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. പുതുതലമുറയുടെ പുത്തന്‍ രീതികളോട് എളുപ്പം ചങ്ങാത്തം കൂടുവാന്‍ ഇന്ന് ഇ-മീഡിയകള്‍ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി വരും കാലങ്ങളില്‍ ബ്ലോഗുകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നതില്‍ സംശയമില്ല.

എന്നിരുന്നാലും ഇന്റര്‍നെറ്റ്‌ എന്തൊന്നോ ബ്ലോഗുകള്‍ എന്തൊന്നോ അറിയാത്ത ഒരു വലിയ വിഭാഗം സാധാരണക്കാര്‍ നമുക്കിടയില്‍ ഉണ്ട്. വര്‍ത്തമാന പത്രങ്ങളെയും ആഴ്ച്ചപ്പതിപ്പുകളെയും മാത്രമേ അവക്ക് പരിചയമുള്ളൂ.. അവര്‍ക്കിടയിലേക്ക് കൂടി ബ്ലോഗുകള്‍ കടന്നു ചെല്ലാന്‍ തുടങ്ങുകയാണ്. 


മലയാളത്തിലെ ആദ്യത്തെ ബ്ലോഗ്‌ പത്രം (ഒരു വേള, ഇന്ത്യയിലെ തന്നെ ആദ്യ ബ്ലോഗ് പത്രം) ഈ മാസം മുപ്പത്തിയൊന്നിന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുപ്പെടുകയാണ്. (ഇതോടൊപ്പമുള്ള ക്ഷണപത്രം കാണുക.) ബ്ലോഗുകള്‍ക്ക്‌ പ്രിന്റ്‌ എഡിഷനുകള്‍ ഇറക്കുന്ന (ബ്ലോഗ്‌ പത്രം) രീതി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിലവിലുണ്ട്. ആ രീതി നമ്മുടെ കൊച്ചു കേരളത്തിലേക്കും വരുന്നു എന്നര്‍ത്ഥം. മലയാള ബ്ലോഗുകകളുടെ ചരിത്രത്തില്‍ പുതുമയാര്‍ന്ന ഒരു വഴിത്തിരിവായിരിക്കും ഈ ബ്ലോഗ്‌ പത്രം എന്ന് ഞാന്‍ കരുതുന്നു. ഉള്ളടക്കം എങ്ങിനെയുണ്ടാവും എന്നറിയില്ല. എന്നാലും ആദ്യ സംരംഭം എന്ന നിലയില്‍ ഈ പത്രം ചരിത്രത്തില്‍ ഇടം നേടും എന്നുറപ്പാണ്.. ബ്ലോഗുകളുടെ ലോകത്തെ പുതു ചലനങ്ങളും നിശ്വാസങ്ങളും അവയൊക്കെ അപ്രാപ്യമായ സാധാരണക്കാരന്റെ കൈകളിലേക്ക് അച്ചടി മഷി പുരണ്ട് എത്തുകയെന്നത് തീര്‍ത്തും ആവേശകരമായ ഒരു അനുഭവമാണ്.


ശ്രമകരമായ ഈ ദൌത്യം ഏറ്റെടുത്ത ബൂലോകം ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ അഭിനന്ദനം  അര്‍ഹിക്കുന്നു. പ്രത്യേകിച്ചും  ആ പോര്‍ട്ടലിന്റെ  ജീവാത്മാവും പരമാത്മാവുമായ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്  അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മോഹന്‍ ജോര്‍ജ് , ജിക്കു വര്‍ഗീസ്  ഈ ബ്ലോഗ്‌ പത്രം മനോഹരമായി ഡിസൈന്‍ ചെയ്ത സുനില്‍ പണിക്കര്‍  തുടങ്ങി നിരവധി പേര്‍.. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.. തിരുവനന്തപുരത്തും പരിസരത്തുമുള്ള എല്ലാ ബ്ലോഗ്ഗര്മാരും വായനക്കാരും പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് ഈ സംരംഭത്തെ വിജയിപ്പിക്കുക. നാട്ടുമ്പുറത്തെ ജീപ്പ് അനൌന്‍സ്മെന്റ്കളില്‍ പ്രാസം ഒപ്പിച്ചു പറയുന്ന പോലെ ഞാനും പറയുകയാണ്‌. പങ്കെടുക്കുക, വിജയിപ്പിക്കുക, അനുഗ്രഹിക്കുക, ആശിര്‍വദിക്കുക..