ബ്ലോഗിപ്പെണ്ണിനെ സസ്പെന്‍ഡ് ചെയ്തു

ഇനി വള്ളിക്കുന്നിലേക്ക് നേരിട്ട് വരാം. ബ്ലോഗ്സ്പോട്ട് വഴി കറങ്ങിത്തിരിയേണ്ടതില്ല. ഈ ഡൊമൈന്‍ http://www.vallikkunnu.com/ ഞാന്‍ സ്വന്തമാക്കിയതില്‍ പ്രതിഷേധമുള്ള ഏതെങ്കിലും വള്ളിക്കുന്നുകാര്‍ ഉണ്ടെങ്കില്‍ നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വിവരം പറയണം. അല്ലാത്ത പക്ഷം മൌനം സമ്മതമെന്ന ആ പഴയ തത്വം അനുസരിച്ചു ഈ ഡൊമൈന്‍ ഞാനങ്ങു ഉറപ്പിക്കും.
ഗൂഗിള്‍ അമ്മാവനോടോ മകള്‍ ബ്ലോഗിയോടോ യാതൊരു വിരോധവും ഉള്ളത് കൊണ്ടല്ല ഞാന്‍ ഈ കൂട് മാറ്റം നടത്തുന്നത്. രണ്ടു പേരോടും പഴയതിലേറെ പ്രേമം എനിക്കുണ്ട്. കാര്യങ്ങളൊക്കെ ഇപ്പോഴും ബ്ലോഗി തന്നെയാണ് നിയന്ത്രിക്കുന്നത്‌. പേരിനൊപ്പം അവളെ കൊണ്ട് നടക്കാനുള്ള

പ്രയാസം കാരണം  അഡ്രസ്‌ ബാറില്‍ നിന്നും  തല്കാലത്തേക്ക് മാറ്റി നിറുത്തുന്നു എന്ന് മാത്രം. മൂന്നാല് കൊല്ലത്തെ ആത്മബന്ധം ഉള്ളതിനാല്‍ അവള്‍ പിണങ്ങില്ല എന്ന വിശ്വാസത്തിലാണ് ഞാനിതൊക്കെ ചെയ്യുന്നത്. വിശ്വാസം, അതല്ലേ എല്ലാം.

ബൂലോകത്ത് പ്രായപൂര്‍ത്തിയായ സ്ഥിതിക്ക് ബ്ലോഗിപ്പെണ്ണിന്റെ തോളില്‍ കയ്യിട്ടു നടക്കുന്നത് ശരിയല്ല, ഒറ്റയ്ക്ക് നടക്കാന്‍ പഠിക്കണം എന്നൊക്കെ പലരും  എന്നെ ഉപദേശിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനും വെബ്‌ ഡിസൈനറുമായ സുഹൃത്ത് ഷിനോദും ഭാര്യയും കഴിഞ്ഞ ദിവസം എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ബ്ലോഗിയെ വിളിച്ചിറക്കിക്കൊണ്ട് പോയി. ഞാനായിട്ട് തടസ്സം പറഞ്ഞില്ല.

മൂന്നാല് വര്‍ഷത്തെ ബ്ലോഗെഴുത്ത് കൊണ്ട് കുറെ ശത്രുക്കളെ കിട്ടിയിട്ടുണ്ട്. കുറച്ചു മിത്രങ്ങളെയും. ശത്രുവോ മിത്രമോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വേറെയും ചിലരുണ്ട്.  ഇവിടെ കയറിയിറങ്ങുന്ന ഈ മൂന്ന് വകുപ്പില്‍ പെട്ടവര്‍ക്കും എന്റെയും ഞാന്‍ പടി കടത്തിയ ബ്ലോഗിപ്പെണ്ണിന്റെയും ആശംസകള്‍..