ചാനലുകള്‍ക്ക് പുതിയ സംഘടന. പൂഹോയ്‌..

ടീ വീ ചാനലുകാര്‍ പുതിയ സംഘടന ഉണ്ടാക്കിയതായി ഇന്നത്തെ പത്രത്തില്‍ കണ്ടു. ഏഷ്യാനെറ്റ്‌ ചെയര്‍മാന്‍ കെ മാധവനാണ് പ്രസിഡന്റ്‌, കൈരളിയിലെ ജോണ്‍ ബ്രിട്ടാസ്‌ ജനറല്‍ സെക്രട്ടറിയും. ഇന്ത്യവിഷന്റെ നികേഷ്‌ കുമാര്‍ മുതല്‍ മനോരമ, അമൃത, ജൈഹിന്ദ്‌, ജീവന്‍ തുടങ്ങി സകല ചാനലുകളിലെയും വിദ്വാന്മാര്‍ കമ്മറ്റിയിലുണ്ട്. കള്ളുകുടിയന്മാര്‍ മുതല്‍ വേശ്യകള്‍ക്ക് വരെ ഇന്ന് സംഘടനയുണ്ട്. അതുകൊണ്ട് തന്നെ മാനം മര്യാദക്ക് ജീവിച്ചു പോകുന്ന ചാനലുകാര്‍ ഒരു സംഘടന ഉണ്ടാക്കിയെങ്കില്‍ അതിനെ കുറ്റം പറയേണ്ട ആവശ്യമില്ല. പക്ഷെ ലവന്മാര്‍ക്ക് ഒരു സംഘടനയുടെ ആവശ്യം ഉണ്ടായിരുന്നോ എന്നാണു എന്റെ ചോദ്യം.

സംഘടന ഇല്ലാതിരുന്നതിന്റെ ഒരു കുറവും നാളിതു വരെ ഇവര്‍ക്കിടയില്‍ കണ്ടിട്ടില്ല. എല്ലാം വളരെ ഒത്തൊരുമയോടെ ചെയ്തിരുന്നവരാണ് ഇവര്‍. ഇല്ലാത്ത വാര്‍ത്ത ഉണ്ടാക്കുന്നത് ‌, ഉള്ള വാര്‍ത്ത ഇല്ലാതെയാക്കുന്നത്, നേതാവ് ചത്താല്‍ കുഴിച്ചിടാന്‍ പോലും അണികളില്ലാത്ത പാര്‍ട്ടികള്‍ക്ക് ലൈവ് കവറേജ് കൊടുക്കുന്നത്, ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ജനകീയ പരിപാടികളെ തമസ്കരിക്കുന്നത്, ആളുകളെ പച്ചക്ക് കടിച്ചു കൊല്ലുന്നത്, കൊന്നിട്ട് പോസ്റ്റ്‌ മോര്‍ട്ടം നടത്താതെ കുഴിച്ചിടുന്നത് തുടങ്ങി പതിവ് കലാപരിപാടികളെല്ലാം വളരെ ഐക്യത്തോടെയും ഒത്തൊരുമയോടെയും  കൈകാര്യം ചെയ്തിരുന്ന ലവന്മാര്‍ക്ക് ഇനിയിപ്പോള്‍ ഒരു പുതിയ സംഘടനയുടെ ആവശ്യമുണ്ടോ?.. മുടക്കം കൂടാതെ നടന്നു പോകുന്ന ഇപ്പറഞ്ഞ കലാപരിപാടികളല്ലാതെ വല്ല പുതിയ സര്‍ക്കസ്സുകളും കേരളീയര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള പദ്ധതി നമ്മുടെ മാധ്യമ രാജാക്കന്മാര്‍ക്ക് ഉണ്ടോ? ഉണ്ടെങ്കില്‍ അത് പറയണം.


എത്ര തെണ്ടിത്തരം കാണിച്ചാലും മാധ്യമ പ്രവര്‍ത്തകരെ തൊട്ടു പോകരുത് എന്നതാണ് നമ്മള്‍ പഠിച്ചു വെച്ചിട്ടുള്ള നിയമം. അവര്‍ക്ക് സംഘടന ഇല്ലാതിരുന്ന കാലത്ത് തന്നെ അക്കാര്യത്തില്‍ കേരളീയര്‍ ഒരു അലമ്പും കാണിച്ചിട്ടില്ല. അബദ്ധവശാല്‍ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകന്റെ മൂക്കിനു തൊട്ടാല്‍ ആ നിമിഷം മറ്റെല്ലാ വാര്‍ത്തയും മാറ്റി വെച്ചു മാധ്യമപ്പട ഒന്നടങ്കം അങ്കത്തിനു ഇറങ്ങും. ലൈവായും അല്ലാതെയും കാണുന്നവരെയൊക്കെ വെട്ടി വീഴ്ത്തും. ഒരു സംഘടനയും ഇല്ലാതെ തന്നെ എല്ലാവരുടെയും മെക്കിട്ടു കയറാന്‍ ചാനലുകള്‍ക്ക് നിലവില്‍ തന്നെ ലൈസെന്‍സ് ഉണ്ട്. ഇനിയിപ്പോള്‍ സംഘടന കൂടി വന്നാലത്തെ പുകില് പറയാനുണ്ടോ? ആഴ്ചയില്‍ മൂന്നു മിമിക്രി, രണ്ടു മോണോ ആക്ട്‌, ഒരു കോല്‍ക്കളി എന്നിവ അവതരിപ്പിക്കാന്‍ കരാര്‍ എടുത്തിരിക്കുന്ന അമ്മ, മാക്ട, ഫിലിം ചേംബര്‍ തുടങ്ങിയ സിനിമാക്കാരെപ്പോലെ വല്ല പുതിയ കരാറുകളും ഈ പുതിയ സംഘടനക്കു ഉണ്ടോ ആവോ?. ഉണ്ടെങ്കില്‍ നമ്മള്‍ രക്ഷപ്പെട്ടു.  

മാന്ത്രിക ഏലസ്സ്, നായ്ക്കുരണപ്പൊടി അഥവാ മുസ്ലി പവര്‍, നാസര്‍ സുരക്ഷാ കവച് തുടങ്ങി സകല തട്ടിപ്പ് പരസ്യങ്ങളും പ്രേക്ഷകര്‍ക്ക്‌ വിളമ്പുന്നത് ചാനലുകള്‍ ഒന്നിച്ചാണ്. ആര്‍ക്കും എതിരഭിപ്രായം ഇല്ല. ഇത്രയും ഒത്തൊരുമ ഉള്ളപ്പോഴാണ് ഒരു പുതിയ സംഘടന!!! അഴീക്കോട് മാഷ്‌ക്ക്  പണിയുണ്ടാക്കാനായിട്ടു ഓരോ പരിപാടികള് എന്നല്ലാണ്ടെ എന്ത് പറയാനാ.. ..


ഇന്ത്യന്‍ ആണവക്കരാര്‍ കത്തി നില്‍ക്കുന്ന സമയം. ഏഷ്യാനെറ്റിന്റെ ന്യൂസ്‌ അവറില്‍ എം ഐ ഷാനവാസ് ലൈവായി തിളങ്ങുന്നു. കേട്ട് മടുത്തപ്പോള്‍ ഞാന്‍ റിമോട്ട് ഇന്ത്യാവിഷത്തിലേക്ക് മാറ്റി. ദാണ്ടേ കിടക്കുന്നു ഷാനവാസ് അവിടെയും. അതും ലൈവ്.. ഡബിള്‍ റോള്‍ ആയിരിക്കും.. വീണ്ടും റിമോട്ടില്‍ ഞെക്കി ഞാന്‍ മാത്തുക്കുട്ടിച്ചായന്റെ ചാനലിലേക്ക് ഓടി. ന്റെ പടച്ചോനെ, ഷാനവാസ് അവിടെയും !!!. അതും ലൈവ്.!!!. ഒരേ സമയം മൂന്നു ചാനലില്‍  ഷാനവാസ് ലൈവ് കളിക്കുന്നു. ഇതിലും മീതെ ഒരൊത്തൊരുമ ഭൂമിയില്‍ വേറെ ഏതങ്കിലും ചാനലുകള്‍ തമ്മില്‍ കാണുമോ.. ഇനിയും ഒരു സംഘടന വേണോ മാഷമ്മാരെ..