March 29, 2010

ജ്യോത്സ്യന്‍ പറഞ്ഞാല്‍ സെക്രട്ടേറിയറ്റും പൊളിക്കുമോ ?

ഒരു ജ്യോത്സ്യന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കെ മുരളീധരന്‍ ഇനി മുതല്‍ കോഴിക്കോട്ടുള്ള തന്റെ വീട്ടിലേക്ക് പിന്നാമ്പുറത്ത് കൂടി മാത്രമേ പ്രവേശിക്കൂ എന്നാണ് ദീപിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ഭാവിയുടെ രാശിചക്രം തിരുത്താന്‍ വീടിന്റെ മുഖം തെക്ക് നിന്ന് പടിഞ്ഞാറോട്ട് മാറ്റുന്ന തിരക്കിലാണ് മുരളിയെന്നും ദീപിക റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്‍റെ വക എരിവോ പുളിയോ കൂട്ടി എന്ന പരാതി വേണ്ട. ദീപികയില്‍ നിന്ന് കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്‌ ചെയ്യാം. (സോറി, കട്ട്‌ ആന്‍ഡ്‌ പേസ്റ്റ്‌ നടക്കുന്നില്ല. ഫോണ്ട് വഴങ്ങുന്നില്ല. റീ ടൈപ്പ് ചെയ്യാം.)

മുരളീധരന്‍ വീടിന്റെ മുഖം മാറ്റുന്നു.
കോഴിക്കോട്: രാഷ്ട്രീയ ഭാവിയുടെ രാശിചക്രം തിരുത്താന്‍ കെ മുരളീധരന്‍ വീടിന്റെ മുഖം മാറ്റുന്നു. കോണ്ഗ്രസ്സ് പ്രവേശനം സാധ്യമാവാതെ നട്ടം തിരിയുന്ന ഘട്ടത്തില്‍ ഒരു ജ്യോത്സ്യന്റെ ഉപദേശമനുസരിച്ചാണ് മുരളീധരന്‍ വീടിന്റെ മുഖം തെക്ക് നിന്ന് പടിഞ്ഞാറോട്ട് തിരിക്കുന്നത്. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള ജ്യോതിസ്സാണ് കഴിഞ്ഞ മൂന്നു മാസമായി നവീകരിക്കുന്നത്. ആറു മാസം മുമ്പാണത്രേ ജ്യോത്സ്യന്‍ ഈ ഉപദേശം നല്‍കിയത്.

എന്നാല്‍ മറ്റെല്ലാ അഭ്യൂഹങ്ങളെയും പോലെ മുരളീധരന്‍ ഇതും നിഷേധിക്കുകയാണ്. സൗകര്യം മാത്രം കണക്കിലെടുത്താണ് വാസ്തുവിലെ തിരുത്തല്‍ എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വിശദീകരണം. എന്നാല്‍ വീടിന്‍റെ പിന്നിലൂടെ പ്രവേശിക്കുന്നതാണോ സൗകര്യമെന്ന് ആരും ചോദിക്കരുത്. പുതിയൊരു പൂമുഖവും മുഖം മിനുക്കലിന്റെ ഭാഗമായി പണിയുന്നതിനാല്‍ വീടിനെ തന്നെ മുഖം തിരിച്ചിരുത്താന്‍ അദ്ദേഹത്തിന് കഴിയും. ഭാര്യാവീടിനോട് ചേര്‍ന്നുള്ള ഔട്ട്‌ ഹൗസ് പൊളിച്ചാണ് പുതിയ വഴിയുടെയും ഗെയിറ്റിന്റെയും പണി നടക്കുന്നത്. (ദീപിക, മാര്‍ച്ച്‌ ഇരുപത്തിരണ്ട്)

അപ്പൊ അതാണ്‌ കാര്യം. വീടിന്‍റെ പൂമുഖമാണ് ഇതുവരെ ഈ കുഴപ്പങ്ങള്‍ എല്ലാം ഉണ്ടാക്കിയത്. അച്ഛനും മകനും മകളും കളിച്ച എല്ലാ കളികളും ക്ലീന്‍ ക്ലീന്‍ ആയിരുന്നു. ഒളിഞ്ഞിരുന്ന് വില്ലത്തരം കാണിച്ചതൊക്കെ പൂമുഖം ആണ്. അവനെ ഇടിച്ചു നിരത്തിയാല്‍ സംഗതിയെല്ലാം ശുഭകരമായി ഭവിക്കും.

നമ്മുടെ ഭാവി മുഖ്യമന്ത്രി ആവാനുള്ള ആളാണ്‌ ദീപികയുടെ വാര്‍ത്ത ശരിയാണെങ്കില്‍ പാവം പൂമുഖത്തെ കുതിര കയറുന്നത്. മറ്റൊരു ജ്യോത്സ്യന്‍ അടുക്കള ഭാഗത്തും ശകുനമുണ്ട്‌ എന്ന് പറഞ്ഞാല്‍ പിന്നെ എന്തോ ചെയ്യും എന്നാണ് എന്‍റെ ആശങ്ക. ഹെലിക്കോപ്ടര്‍ കൊണ്ടുവന്നു മിലിട്ടറിക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന പോലെ കയറില്‍ കെട്ടി ടെറസില്‍ ഇറങ്ങേണ്ടി വരില്ലേ?. മുരളിയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ജ്യോത്സ്യന്മാര്‍ പറയുന്നതിനനുസരിച്ച് വീട് പൊളിക്കുന്നവര്‍,,പേര് മാറ്റുന്നവര്‍, വിവാഹ മോചനം ചെയ്യുന്നവര്‍ തുടങ്ങി നാട് വിടുന്നവര്‍ വരെയുണ്ട്. തങ്ങളുപ്പാപ്പയുടെ വാക്ക് കേട്ട് ‘കന്നി മൂലയിലെ കക്കൂസ്’ പൊളിച്ചവര്‍ എന്‍റെ കുടുംബത്തില്‍ തന്നെയുണ്ട്. കയ്യിരുപ്പിലല്ല കാര്യം കിടക്കുന്നത് വീടിന്‍റെ പൂമുഖത്താണ് എന്ന് കരുതുന്ന ആയിരങ്ങളില്‍ ഒരാളാണ് മുരളി എന്ന് ചുരുക്കം. ഇനി മുരളി മുഖ്യമന്ത്രി ആയി എന്ന് കരുതുക (അതിന് അധിക കാലമൊന്നും കാത്തിരിക്കേണ്ടി വരില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍) തിരോന്തരത്തുള്ള സെക്രട്ടേറിയറ്റിന്റെ സ്ഥാനം ശരിയല്ല, അത് വള്ളിക്കുന്നിലേക്ക് മാറ്റണം എന്നെങ്ങാനും വല്ല ജ്യോത്സ്യനും പറഞ്ഞാല്‍ എന്ത് സംഭവിക്കും. എന്‍റെ വീടിരിക്കുന്ന സ്ഥലം സര്‍ക്കാര് അക്വയര്‍ ചെയ്യും.  ഞാനിരിക്കുന്ന കസേരിയില്‍ നിന്ന് എന്നെ പിടിച്ചിറക്കി അവിടെ സ്പീക്കര്‍ കയറി ഇരിക്കും.

അത് എന്തേലും ആവട്ടെ, അക്വയര്‍ ചെയ്യാന്‍ വരുമ്പോള്‍ നോക്കാം. വരാതിരുന്നാല്‍ അവര്‍ക്ക് നന്ന്. അതല്ലേല്‍ എന്റെ തനിനിറം കാണേണ്ടി വരും. ഏതായാലും മുരളിക്ക് നല്ലത് വരട്ടെ. അദ്ദേഹത്തിന്‍റെ കാലം തെളിയുന്നതോടെ കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ പൂമുഖം അടുക്കള ഭാഗത്തേക്ക് നീങ്ങാതെയിരിക്കട്ടെ.. സാരെ ജഹാം സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ. (ഈണം തെറ്റാതെ പാടണേ)                

11 comments:

 1. മുരളി ഇത്രക്ക് മണ്ടനാ...??
  ഷയിം.. മുരളീ ഷയിം...!!

  ReplyDelete
 2. ചൂട്‌ വെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും വഴി മാറി നടക്കും. ജ്യോത്സ്യന്‍ അത്‌ മുതലാക്കി എന്നേ കരുതാവൂ.

  ReplyDelete
 3. ഇതവസാനത്തെ പരീക്ഷണമാവാം . പാവം മുരളീധരന്‍.

  ReplyDelete
 4. കേരളത്തിൽ വലിയ രണ്ട് സംഭവങ്ങൾ നടന്നത് കണ്ണിന്നു പിടിച്ചില്ലെന്നു തോന്നുന്നു. തൊടുപുഴയെങ്കിലും കണ്ണിൽ കാണേണ്ടിയിരുന്നു. ആരാധക വൃന്ദത്തെ നഷ്ടമാകുമെന്ന പേടിയായിരിക്കും അന്ധതക്ക് കാരണം. ഒലിപ്പീര് ലേഖനങ്ങളെഴുതുന്നവർക്കാണോ സമകാലിക ബ്ലോഗർ അവാർഡ് കൊടുക്കുന്നതെന്ന് ഒരു നിമിഷം സംശയിച്ചുപോയി.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. 'ഏതായാലും മുരളിക്ക് നല്ലത് വരട്ടെ. അദ്ദേഹത്തിന്‍റെ കാലം തെളിയുന്നതോടെ കോണ്ഗ്രസ്സ് പാര്‍ട്ടിയുടെ പൂമുഖം അടുക്കള ഭാഗത്തേക്ക് നീങ്ങാതെയിരിക്കട്ടെ..
  സാരെ ജഹാം സെ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ.'

  മുരളീധരന്‍ കീ ജയ്..
  പൂമുഖം കീ ജയ്..
  ജ്യോല്‍സ്യം കീ ജയ്..
  കള്ളവാസ്തു കീ ജയ്...

  അവനവന്റെ വിശ്വാസം
  അവനവനെ രക്ഷിക്കട്ടെ..
  അത് മറ്റുള്ളവര്‍ക്കൊരു ശിക്ഷ ആവാതിരിക്കട്ടെ...!?

  ReplyDelete
 7. എന്റെ Facebook ലിങ്കില്‍ കണ്ട രസകരമായ ഒരു കമ്മന്റ് :

  Ashraf Vpc commented on your link:

  "പണ്ട് എന്റെ നാട്ടില് ഒരു പണിക്കര് ഉണ്ടായിരുന്നു, പല വീടുകളിലും കയറി ഇറങ്ങി കക്കുസ് കുഴി പരിശോദിക്കുന്ന പണി ആയിരുന്നു മൂപര്ക്ക്, എവിടെ എങ്കിലും കുഴി കന്നി മൂലയില് ആണെങ്കില് പറഞ്ഞു പേടിപ്പിച്ചു അത് പോളിപിച്ചു മാറ്റി സ്ഥാപിക്കല് ആയിരുന്നു ടിയാന്റെ ഒരു പരിപാടി,പതിവ് പരിശോദനകിടയില് ഒരു ദിവസം സ്ലാബ് പൊട്ടി കുഴിയില് വീണാണ് പുള്ളി മെരിച്ചത്, ഏതാണ്ട് ഇതു പോലെ ഒരു കുഴിയില് ആണ് നമ്മളെ മുരളിയും വീണു കിടക്കുനന്ത് "

  ReplyDelete