ഭൂമിക്കായി ഒരു മണിക്കൂര്‍

ഭൂമിക്കായി ഒരു മണിക്കൂര്‍ നീക്കി വെക്കുകയാണ് ഇന്ന് ലോകം. രാത്രി എട്ടര മുതല്‍ ഒമ്പതര വരെ വൈദ്യുതി ഉപയോഗം നിര്‍ത്തി വെച്ചുകൊണ്ട്  ഭൂമിയുടെ നിലവിളി കേള്‍ക്കാന്‍ കാതോര്‍ക്കണം എന്നാണു വേള്‍ഡ് വൈഡ് ഫണ്ട്‌ ഫോര്‍ നേച്ചര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ മണ്ണിന്റെ, മരങ്ങളുടെ, ജീവ ജാലങ്ങളുടെ അവകാശങ്ങളെ ഓര്‍ക്കാന്‍ ഒരു മണിക്കൂര്‍ വിളക്കണക്കൂ എന്നാണ് അഭ്യര്‍ത്ഥന. നൂറോളം രാജ്യങ്ങളോടൊപ്പം ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം ഇന്ന് ഒരു മണിക്കൂര്‍ വിളക്കണക്കും.  വൈദ്യുതിയുടെ സ്വിച്ചുകള്‍ ഓഫ്‌ ചെയ്തു മനസ്സിന്റെ സ്വിച്ചുകള്‍ ഓണ്‍ ചെയ്യുവാനുള്ള ഈ ആഹ്വാനത്തിന് ലോകം മുഴുക്കെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങളായി മാര്‍ച്ച്‌ മാസത്തിലെ അവസാന ശനിയാഴ്ചയില്‍ 'ഭൂമിയുടെ മണിക്കൂര്‍' ആചരിക്കുന്നു എങ്കിലും പ്രകൃതിയുടെ നിലവിളിയും പരിസ്ഥിതിയുടെ കരച്ചിലും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ഈ വര്ഷം 'ഭൂമിയുടെ മണിക്കൂറിനു' കൂടുതല്‍ ശ്രദ്ധ ലഭിച്ചിട്ടുണ്ട്.

കടല്‍ കൂടുതല്‍ ചൂട് പിടിക്കുകയും ഹിമ പ്രദേശങ്ങളിലെ മഞ്ഞുരുക്കം തുടരുകയും ചെയ്‌താല്‍ പല ദ്വീപ്‌ സമൂഹങ്ങളും അധികം വിദൂരമല്ലാത്ത ഭാവിയില്‍ വെള്ളത്തിനടിയിലാവും. ആഗോളതാപനത്തിന് മുഖ്യ കാരണക്കാരായ അമേരിക്കയും ചൈനയുമടങ്ങുന്ന വന്‍കിട രാജ്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് സമര്‍ത്ഥമായി തടിയൂരുകയും ചെറുകിട രാജ്യങ്ങളുടെ മേല്‍ ഉപദേശ പ്രസംഗം നടത്തുകയുമാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെ രൂക്ഷമായ പ്രതിഫലനങ്ങള്‍ ഏറ്റുവാങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിലവിളി ലോകം കേള്‍ക്കേണ്ടതുണ്ട്.  തുടര്‍ച്ചയായ നാലാം വിളനാശത്തിന്‍റെ തേങ്ങലാണ് ഉഗാണ്ടയില്‍ നിന്ന് ഉയരുന്നത്. സോമാലിയയിലെ പകുതിയിലധികം ജനങ്ങളും സഹായമായെത്തുന്ന ഭക്ഷണക്കിറ്റുകളുടെ പുറത്താണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കെനിയ, എത്യോപ്പ്യ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. 


ജലനിരപ്പിന്റെ നേരിയ ഉയര്‍ച്ച പോലും സീഷെല്‍സ് ദ്വീപ്‌ സമൂഹങ്ങളുടെ അറുപതു ശതമാനവും വെള്ളത്തിന്‌ അടിയിലാക്കും. ഭൂമിയെ ഒട്ടും സ്നേഹിക്കാതെ ആധുനിക സാങ്കേതിക വിദ്യകള്‍ നല്‍കുന്ന സുഖ ശീതളിമയില്‍ നാം എല്ലാം മറക്കുമ്പോള്‍ അല്‍പ നേരമെങ്കിലും ഭൂമിയെക്കുറിച്ച് ചിന്തിക്കാന്‍ ഒരവസരം ഉണ്ടാവുന്നത് നല്ലതാണ്. ഇന്ന് രാത്രി അതിനുള്ള ഒരവസരമാണ്. 


കേരളത്തില്‍ നമ്മള്‍ ഭൂമിക്കായി ദിവസവും മണിക്കൂറുകള്‍ നീക്കിവെക്കാറുണ്ട്. അതുകൊണ്ട് ഇന്ന് പ്രത്യേകമായി അത് ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നവര്‍ ഏറെയുണ്ടാവും. ചോദ്യം പ്രസക്തമാണ് എന്നിരിക്കിലും നമ്മുടെ മണ്ണിനെക്കുറിച്ച് ഓര്‍ത്ത്‌ കൊണ്ട്, പരിസ്ഥിതിയുടെ താളം തെറ്റല്‍ മൂലം ദുരിതമനുഭവിക്കുന്ന ആയിരങ്ങളെ ഓര്‍ത്തു കൊണ്ട്, ഈ മണ്ണിനു അവകാശികളായ നമ്മുടെ പിന്‍ തലമുറകളെ ഓര്‍ത്ത്‌ കൊണ്ട് ഒരു മണിക്കൂര്‍ വിളക്കണക്കുമ്പോള്‍ നമ്മുടെ മനസ്സിനുള്ളില്‍ ഒരു വിക്ക് തെളിയും. തെളിയണം.