ടോ‌യ്‌ലറ്റുണ്ടോ ഒരു ക്യാമറയെടുക്കാന്‍ ?

പുറത്തിറങ്ങുമ്പോള്‍ ബേഗും കുടയും എടുക്കുന്നതിനോടൊപ്പം ഒരു ടോ‌യ്‌ലറ്റ് കൂടെ എടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. വഴിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ അതുപകാരപ്പെടും. സ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും. വഴിയില്‍ കാണുന്ന ടോയ്.ലെറ്റുകളില്‍ കേറിയാല്‍ സാഗര്‍ ടോ‌യ്‌ലിയാസ് ജാക്കി എന്ന ലേറ്റസ്റ്റ് മൊബൈല്‍ സിനിമയില്‍ കാള്‍ഷീറ്റ് ഒപ്പിടാതെ തന്നെ അഭിനയിക്കേണ്ടി വരും. സാഗറില്‍ കയറിയവര്‍ക്ക് ജാക്കി വെക്കുന്ന ഒരു മുഴുനീള മൂത്രപ്പുര സിനിമയാണ് സാഗര്‍ ടോ‌യ്‌ലിയാസ് ജാക്കി.. പൂര്‍ണമായും ഒളിക്ക്യാമറയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകളാണ് മലയാളികളുടെ ലേറ്റസ്റ്റ് ഓസ്കാര്‍ എന്‍ട്രി.

കേരളത്തെ ഉടന്‍ ഐ സി യു വില്‍ ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓക്സിജന്‍ കൊടുത്ത് നേരെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ട് പോണം. നട്ടെല്ലിലെ കുതിരവട്ടം കശേരു വഴി തലച്ചോറില്‍ എത്തുന്ന കുറെ ഞരമ്പുകള്‍ അടിവേരോടെ മുറിച്ച് കളയണം. ഇത്രയും ഉടന്‍ ചെയ്തില്ലെങ്കില്‍ ഈ ഞരമ്പുകളെല്ലാം കൂടി നമ്മെ അറ്റാക്ക്‌ ചെയ്ത് ഒടുക്കത്തെ ശ്വാസം വലിപ്പിക്കും. കേരളത്തിന്‍റെ ഞരമ്പ്‌ രോഗം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയതാണ് കഴിഞ്ഞ ദിവസം നാം കോഴിക്കോട്ട് സാഗര്‍ ഹോട്ടലില്‍ കണ്ടത്.

കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് ഭക്ഷണം കഴിക്കുന്നതിന് എന്റെ ഫസ്റ്റ് ഓപ്ഷന്‍ സാഗര്‍ ഹോട്ടല്‍ ആയിരുന്നു. അവിടത്തെ കുറുവ അരിയുടെ ചോറും വറുത്തരച്ച മീന്‍ കറിയും കയ്പ്പങ്ങ ഉണക്കിപ്പൊരിച്ചതും കിട്ടിയാല്‍ തന്നെ ഊണ് കേമം ആയി. വലിയ പപ്പടവും അതിനോളം വട്ടമുള്ള അയക്കോറ പൊരിച്ചതുമായാല്‍ സംഗതി കുശാല്‍.  ഈ ബ്ലോഗിന്‍റെ സൈഡ്ബാറിലെ കാഴ്ച്പ്പുറങ്ങളില്‍ സാഗര്‍ ഹോട്ടലിന്‍റെ ചിത്രം കൊടുത്തതും വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ആ ഉച്ചയൂണുകളുടെ കൊതിയൂറും ഓര്‍മയിലാണ്.

ആ ഹോട്ടലിന്‍റെ മുകള്‍ നിലയിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിക്ക്യാമറ വെച്ച് സിനിമയെടുത്തുകൊണ്ടിരുന്ന ഹോട്ടല്‍ ജീവനക്കാരനായ അഖില്‍ ജോസ്‌ എന്ന ചെറുപ്പക്കാരന്‍ ഒരൊറ്റപ്പെട്ട വട്ട് കേസല്ല. കേരളത്തിലെ എല്ലാ ഞരമ്പ്‌ രോഗികളുടെയും പ്രതിനിധിയാണയാള്‍. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണെങ്കിലും ആ പെങ്കൊച്ചിന് അല്പം ബുദ്ധിയുണ്ടായിരുന്നത് കൊണ്ടാണ് ഹോട്ടല്‍ മാനേജ്‌മന്റ്‌ പാസ്സായ ‘ക്യാമറാമാനെ’ പിടികൂടാന്‍ പറ്റിയത്. (പത്താം ക്ലാസ്സ്‌ കഴിഞ്ഞാല്‍ എന്തിനാ പ്ലസ്‌ ടൂവിന് പോണേ, മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിച്ചൂടെ എന്ന് റിമി ടോമി ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോഴാണ് എനിക്ക് മനസ്സിലായി വരുന്നത്) മൂത്രപ്പുരയില്‍ മൊബൈല്‍ ഒളിപ്പിച്ച് വെച്ച് എത്രയെത്ര സ്ത്രീകളെ അയാള്‍ ഷൂട്ട്‌ ചെയ്തിട്ടുണ്ടെന്ന് അറിയില്ല. എത്ര കാലമായി ഈ ചിത്രീകരണം നടക്കുന്നു എന്നുമറിയില്ല. (ഈയിടെ സാഗറില്‍ കയറി മൂത്രമൊഴിച്ചിറങ്ങിയ സകല സ്ത്രീകളുടെയും  ഹൃദയമിടിപ്പ് ഉത്രാളിക്കാവ് പൂരത്തിന്‍റെ വെടിക്കെട്ടിന് സമാനമാവാനാണ് സാധ്യത). അഖില്‍ ജോസെന്ന ക്യാമറാമാനെ പിടിച്ചെങ്കിലും (പോലീസല്ല, നാട്ടാര് ) ആരാണ് ഈ സിനിമയുടെ നിര്‍മാതാവ്, തിരക്കഥ ആരുടെതാണ്, ക്ലാപ്പടിച്ച് ഉദ്ഘാടനം ചെയ്തത് ആരാണ്, സംവിധാനം, മോര്ഫിംഗ്, വിതരണം എന്നിവ നടത്തുന്നത് ആരൊക്കെ എന്നും ഇതുവരെ അറിവായിട്ടില്ല.   

കേരള പോലീസിന്റെ കൈവശമാണ് കേസെന്നതിനാല്‍ ഇവയൊക്കെ പുറത്തുവരും എന്ന് വിശ്വസിക്കുന്ന ഒരു പൊട്ടനും കേരളത്തില്‍ ഉണ്ടാവില്ല. ഒളിക്യാമറ പിടിച്ചെടുത്ത് പരാതി നല്‍കിയ കുട്ടികളെ ഇടിച്ച് ചമ്മന്തിയാക്കി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയാണ് നടക്കാവ്‌ എസ് ഐ ചെയ്തത്. ഇവനൊക്കെയാണല്ലോ നമ്മുടെ രാജ്യത്തെ നിയമപാലകന്മാര്‍ എന്നോര്‍ക്കുമ്പോള്‍ മുതലക്കുളത്തെ അലക്കുകല്ലിലിട്ട് എനിക്കെന്‍റെ തല തല്ലിപ്പൊളിക്കാനാണ് തോന്നുന്നത്.  മൊബൈലില്‍ പിടിച്ചെന്ന് വെച്ച് നിന്റെയൊക്കെ തോല്‍ പൊളിയുമോ എന്നാണ് അയാള്‍ ആ അടിയിലൂടെ പരാതിക്കാരോട് ചോദിച്ചത്. ഇടി കൊണ്ടിട്ടും എസ് ഐക്ക് ഒളിക്യാമറ കൊടുക്കാതിരുന്ന ആ കുട്ടികളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കണം.

മൊബൈല്‍ ക്യാമറയിലെ ഷൂട്ടിങ്ങിന് ഇരയായി തളിപ്പറമ്പിലെ വിദ്യാര്‍ത്ഥിനിയും യുവാവും ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പാണ് ഈ ‘മൂത്രപ്പുര’ നാടകം വന്നിരിക്കുന്നത്. ഇന്റര്‍നെറ്റും മൊബൈലും ബ്ലുടൂത്തും വഴി ഇത്തരം രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന എണ്ണമറ്റ ഞരമ്പ്‌ രോഗികള്‍ക്കിടയിലാണ് നമ്മുടെ പെങ്ങന്മാരുടെയും അമ്മമാരുടെയും ജീവിതം. പട്ടാപകല്‍ പോലും പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പുറത്തിറങ്ങാന്‍ ഈ ഞരമ്പുകളെയും പോലീസിനെയും പേടിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെയാണ് കേരളമെന്നത് നാം കുറിച്ച് വെക്കുക. ഇതൊക്കെയാണ് നമ്മുടെ നാടിന്റെ ഏറ്റവും പുതിയ വിശേഷങ്ങളെന്ന് മാലോകരെ അറിയിക്കാന്‍ നമുക്ക് ടൂറിസം അംബാസിഡര്‍ അമിതാബ് ബച്ചനോട് പറയാം.   ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ലേക്ക്‌ എല്ലാവര്ക്കും സ്വാഗതം.