ഇത് അനീതി. ആണുങ്ങള്‍ക്കും വേണം സംവരണം

പുരുഷന്മാര്‍ അസംഘടിതരായത് കൊണ്ട് അവരുടെ മേല്‍ ആര്‍ക്കും കുതിര കയറാവുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളത്. പുരുഷന്മാര്‍ക്ക് ഒരു പ്രശ്നം വന്നാല്‍ തിരിഞ്ഞു നോക്കാന്‍ ഒരു പട്ടി പോലും ഉണ്ടാവില്ല എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. (പട്ടിയും സ്ത്രീവര്‍ഗ പ്രതിനിധി ആണല്ലോ). ഇന്ത്യയിലെ അറുപതു കോടി പുരുഷന്മാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഞാന്‍ ഒരാള്‍ മാത്രമാണല്ലോ ഉള്ളത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടവും അതോടൊപ്പം രോമാഞ്ചവും ഒരുമിച്ച് വരുകയാണ്. ഞാന്‍ മാത്രമല്ല, ഒരാള്‍ കൂടി എന്നോടൊപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന സ്ത്രീ സംവരണ വോട്ടെടുപ്പില്‍ നൂറ്റി എണ്‍പത്താറു പേര്‍ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ എതിര്‍ത്തു വോട്ടു ചെയ്ത ഒരാളുണ്ട്. അയാള്‍ ആരാണ് എന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കണ്ടെത്തി ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത് എന്റെ കൂടെ കൂട്ടണം എന്ന് മനസ്സില്‍ ഒരാഗ്രഹമുണ്ട്.
ഈ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഉപരാഷ്ട്രപതിയുടെ മൈക്ക്‌ തട്ടിപ്പറിച്ചവരും പുറത്താക്കപ്പെട്ടവരും വേറെയുണ്ടെങ്കിലും അവരെയൊന്നും കൂടെ കൂട്ടാന്‍ പറ്റില്ല. വെറും വികാര ജീവികളാണ്. ആയിരം രൂപ ആരേലും ഓഫര്‍ ചെയ്‌താല്‍ അവര്‍ കൂടെയുള്ള ലാലുജിയുടെ മൈക്കും തട്ടിപ്പറിക്കും. അത്രയ്ക്ക് അലമ്പ് കേസുകളാണ്.    

സ്ത്രീകള്‍ക്ക് നിയമ നിര്‍മാണ സഭകളില്‍ മുപ്പത്തി മൂന്ന് ശതമാനം സംവരണം നടപ്പിലാക്കുന്നതില്‍ എനിക്ക് ഒരു കെറുവും ഇല്ല. വളരെ നല്ല കാര്യമാണ്. ഫൂലന്‍ ദേവി മുതല്‍ ഇന്ദിരാ ഗാന്ധി വരെ ഓരോ രംഗത്തും തിളങ്ങിയ നിരവധി സ്ത്രീകളെ കണ്ടവരാണ് നാം. ഇനിയും കാണുന്നതില്‍ ഒരു കുഴപ്പവും ഇല്ല.  നോ പ്രോബ്ലം അറ്റോള്‍. പക്ഷെ മുപ്പത്തിമൂന്ന് ശതമാനം സംവരണം പുരുഷമാര്‍ക്കും കൊടുക്കണം എന്ന ന്യായമായ ഒരാവശ്യമാണ് എനിക്ക് ഉന്നയിക്കാനുള്ളത്. ബാക്കി മുപ്പത്തി നാല് ശതമാനത്തില്‍ പുരുഷന്മാരും സ്ത്രീകളും ഇഞ്ചോടിഞ്ച്‌ പൊരുതി ആര് ജയിക്കുന്നുവോ അവര്‍ വരട്ടെ. അങ്ങിനെയാവുമ്പോള്‍ അതിലൊരു നീതിയുണ്ട്..

ഇപ്പോള്‍ വരുന്നത് മുപ്പത്തി മൂന്ന് ശതമാനമാണ്. പാര്‍ലമെന്റല്ലേ പോകട്ടെ എന്ന് വെക്കാം. മഹിളാമണികള്‍ അവിടെ വന്നിരുന്ന് നാല് കൊച്ചു വര്‍ത്തമാനവും പറഞ്ഞു പോയ്കോട്ടേ എന്ന് സമാധാനിക്കാം. . അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് താജ്‌ മഹലും കുത്തബ് മീനാരും കണ്ടു ദല്‍ഹിയില്‍ കറങ്ങുകയും ചെയ്യാം. പക്ഷെ ഇനി വരാന്‍ പോകുന്നത് അമ്പത് ശതമാനം സംവരണമാണ്. അതായത് പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റികളിലും. ഒന്നോ രണ്ടോ വനിതാ മെമ്പര്‍മാരെക്കൊണ്ട് തന്നെയുള്ള പൊല്ലാപ്പ് എത്രയാണെന്ന് ഏതു പഞ്ചായത്തില്‍ പോയി ചോദിച്ചാലും അറിയാന്‍ പറ്റും. ഇനി അവര്‍ ഭൂരിപക്ഷം കൂടിയായാലോ? എനിക്ക് തല കറങ്ങുന്നുണ്ട്. 

അമ്പത് ശതമാനം വനിതകള്‍ക്ക് സംവരണം ഉള്ളപ്പോള്‍ തൊട്ടു നക്കാന്‍ ഒരു ശതമാനം സംവരണം പോലും നമ്മള്‍ പുരുഷന്മാര്‍ക്ക് ഇല്ല. അതായത് ബാക്കിയുള്ള അമ്പത് ശതമാനം ജനറല്‍ സീറ്റിലും വേണമെങ്കില്‍ വനിതകള്‍ക്ക് മത്സരിക്കാം. എങ്ങനെ വന്നാലും ആ സീറ്റുകളിലും അഞ്ചോ പത്തോ ശതമാനം അവര്‍ ഉണ്ടാവും. ചുരുക്കത്തില്‍ പുരുഷന്മാര്‍ ന്യൂനപക്ഷം ആവും. ഇത് ഏതു കോത്താഴത്തെ നീതിയാണ് ഹേ...? ( ഈ കാര്യങ്ങളെപ്പറ്റിയൊക്കെ  ഇതിന് മുമ്പേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . അതില്‍ സഖാക്കളെ മാത്രം കുറ്റപ്പെടുത്തെണ്ടി വന്നതില്‍ സങ്കടം ഉണ്ട്. ഇനി വായിക്കുന്നവര്‍ സഖാക്കളുടെ പേര് കാണുന്നിടത്തൊക്കെ കോണ്ഗ്രസ്സ് എന്ന് തിരുത്തി വായിക്കണം ട്ടോ..)  

ഗാന്ധിജി പറഞ്ഞ ഒരു വാചകമാണ് എനിക്കോര്‍മ വരുന്നത്. “ജൂതന്മാര്‍ക്കു ഒരു രാജ്യം വേണമെന്നത് ശരി തന്നെ, പക്ഷെ അത് ഫലസ്തീനികളുടെ നെഞ്ചില്‍ ചവിട്ടിക്കൊണ്ടാവരുത്”. എനിക്കും അതാണ്‌ പറയാനുള്ളത്. സ്ത്രീകള്‍ക്ക് നീതി കിട്ടണം എന്നത് ശരി തന്നെ. പക്ഷെ അത് പുരുഷന്മാരുടെ പിടലിക്ക് പിടിച്ചിട്ടാവരുത്. ഫാഷന് വേണ്ടി സ്ത്രീ ശാക്തീകരണം പറയുന്നവരുണ്ട്‌. അവര്‍ക്ക് ഒരു നേരം അമ്മയോ ഭാര്യയോ ഭക്ഷണം വെച്ചു വിളമ്പിക്കൊടുക്കാതിരുന്നു നോക്കട്ടെ. അപ്പോള്‍ കാണാം സിറ്റൗട്ടില്‍ നിന്ന് ഡൈനിംഗ് ഹാളിലേക്ക് കുരുക്ഷേത്രം വരുന്നത്. ഞാന്‍ ഇതെല്ലാം പറയുന്നത് സ്ത്രീ സംവരണത്തോടുള്ള എതിര്‍പ്പുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതേ. അവര്‍ക്ക് തൊണ്ണൂറ് ശതമാനം സംവരണം കൊടുത്താലും സന്തോഷമാണ്. പക്ഷെ അതേപോലെ ഒരു തൊണ്ണൂറ് ശതമാനം പുരുഷന്മാര്‍ക്കും കൊടുക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. ആണുങ്ങളായ നമ്മളെല്ലാവരുടെയും ജീവിതം നായ നക്കരുത് എന്ന ആഗ്രഹമുള്ളത് കൊണ്ട് പറഞ്ഞു പോയതാണ്. എന്നെ ഒറ്റപ്പെടുത്തരുത്.

മ്യാവൂ: പുരുഷന്മാര്‍ ചെയ്യുന്നതെല്ലാം ഞങ്ങളും ചെയ്യും എന്ന് പറഞ്ഞ് ഒരു വനിതാ മെമ്പര്‍ തെങ്ങില്‍ കയറിയ വാര്‍ത്ത ഫോട്ടോ സഹിതം ഏതാനും നാള്‍ മുമ്പ് ഒരു പത്രം വെണ്ടയ്ക്ക കൊടുത്തിരുന്നു. അതേ മെമ്പര്‍ അതേ തെങ്ങില്‍ നിന്ന് വീണു താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് വേറൊരു പത്രവും അന്ന് തന്നെ കൊടുത്തു. ആദ്യ പത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ മഹിളാമണി തെങ്ങിന്റെ കുരലില്‍ എത്തിയപ്പോഴെക്ക് ഫോട്ടോയെടുത്ത് സ്ഥലം വിട്ടു. വീഴുന്നത് വരെ (തേങ്ങയല്ല, വനിതാമെമ്പര്‍) കാത്തിരിക്കാനുള്ള ക്ഷമ അയാള്‍ക്കുണ്ടായില്ല !! ഞാനൊന്നും പറഞ്ഞില്ലേയ്.., ടാറ്റാ ബൈ ബൈ ..