March 6, 2010

കൃഷ്ണയ്യര്‍ ക്ലീന്‍ ബൌള്‍ഡ്, അഴീക്കോട് റണ്‍ ഔട്ട്‌.

കേരള സംസ്കാരത്തെയും പൈതൃകത്തെയും  സംരക്ഷിച്ച് നിര്‍ത്തുന്ന പൊതുസമ്മതരായ സാംസ്കാരിക നായകരുടെ ഒരു ലിസ്റ്റ് എഴുതിയുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു. വി. ആര്‍ കൃഷ്ണയ്യര്‍ ആണ് ഒന്നാം സ്ഥാനക്കാരനായി മനസ്സില്‍ എത്തിയത്. സുകുമാര്‍ അഴീക്കോട് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തേക്ക് എഴുതാന്‍ ആളെ കിട്ടുന്നില്ല. ഇത്ര ശുഷ്കിച്ചു പോയോ നമ്മുടെ സാംസ്കാരിക രംഗം?. സിംഹവാലന്‍ കുരങ്ങുകള്‍ സുഗമായി കഴിയുന്നത് കൊണ്ട് സുഗതകുമാരി ഇപ്പോള്‍ അത്ര സജീവമല്ല. അല്ലേല്‍ മൂന്നാം സ്ഥാനത്തേക്ക് അവരെ എഴുതാമായിരുന്നു.
സി  ആര്‍ നീലകണ്ഠന്‍, ളാഹ ഗോപാലന്‍, ഇന്നസെന്റ്  തുടങ്ങി വളര്‍ന്നു വരുന്ന ചിലരുണ്ട്. പക്ഷെ അവര്‍ കുറച്ചു കൂടി പബ്ലിക്‌ റിലേഷന്‍ ഗിമ്മിക്കുകള്‍ പഠിച്ചെടുക്കേണ്ടതുണ്ട്. സാംസ്കാരിക നായക സ്ഥാനം എന്നത് ഓസിന് കിട്ടുന്ന ഒന്നല്ല.

സാംസ്കാരിക നായകന്മാരുടെ ലിസ്റ്റില്‍ ആളെ കിട്ടാനില്ലാതെ വിഷമിച്ചിരിക്കുന്ന സമയത്താണു ഈ രംഗത്ത് ഒന്നാം സ്ഥാനം അലങ്കരിച്ചു നില്‍ക്കുന്ന കൃഷ്ണയ്യരെ ഗൗരിയമ്മ ക്ലീന്‍ ബൌള്‍ഡ് ആക്കിയിരിക്കുന്നത്. ഇതൊരു കൊടും ചതിയായിപ്പോയി. രണ്ടാം സ്ഥാനത്തുള്ള ‘കിളവനായ അമ്മാവനെ’ കഴിഞ്ഞ ആഴ്ച മോഹന്‍ലാലും ഇന്നസെന്റും ചേര്‍ന്ന് റണ്‍ ഔട്ടാക്കിയതും ഇതിനോട് ചേര്‍ത്തു വായിക്കണം. ആകെയുള്ള ഒന്നോ രണ്ടോ പേരെത്തന്നെ ഇങ്ങനെ പരുന്തിന് ഇട്ടു കൊടുത്താല്‍ നമ്മുടെ സാംസ്കാരിക രംഗം നാഥനില്ലാതെ പോകില്ലേ. എന്തൊരു ദുരന്തമായിരുക്കുമത്? അടിയന്തിരമായി നമ്മുടെ സാംസ്കാരിക രംഗത്തിന് ഒരു നസര്‍ സുരക്ഷാ കവചം വാങ്ങി അണിയിക്കണം.

കൃഷ്ണയ്യരെക്കുറിച്ചുള്ള ഗൗരിയമ്മയുടെ പ്രസ്താവന വന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. മുന്‍ മന്ത്രി, സുപ്രീം കോടതി ജഡ്ജ് എന്നിങ്ങനെയുള്ള വിശേഷണങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന ഒരാളല്ല വി ആര്‍ കൃഷ്ണയ്യര്‍. അദ്ദേഹം നമ്മുടെ സംസ്കാര കേരളത്തിന്റെ എല്ലാമെല്ലാമാണ്. ഭരണഘടനയുടെ കാവല്‍ ഭടനാണ്. മുഖം നോക്കാതെ ആരെയും വിമര്‍ശിക്കുന്നയാളാണ്. എല്ലാത്തിനുമുപരി ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം ചെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആണ്.

ഭൂപരിഷ്കരണ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കണക്കിലധികമുള്ള കുടുംബ സ്വത്ത് ഒരു കള്ളട്രസ്റ്റ്‌ ഉണ്ടാക്കി സര്‍ക്കാരിനെ പറ്റിക്കാന്‍ കൃഷ്ണയ്യരും അദ്ദേഹത്തിന്റെ അച്ഛനും ശ്രമിച്ചു എന്നാണ്  ഗൗരിയമ്മ പറഞ്ഞിരിക്കുന്നത് . ഈ ആരോപണം ഇതിനു മുമ്പും ഉയര്‍ന്നു വന്നതാണെങ്കിലും ഭൂപരിഷ്കരണ നിയമത്തിന് ചുക്കാന്‍ പിടിച്ച ഗൗരിയമ്മ അതാവര്‍ത്തിച്ചപ്പോള്‍ എന്നെപ്പോലെ കറകളഞ്ഞ സാംസ്കാരിക സ്നേഹികള്‍ ഒന്നടങ്കം ഷോക്കേറ്റത് പോലെ ആയി. എന്താണീ കേള്‍ക്കുന്നത്?. കൃഷ്ണയ്യര്‍ ഈ പണി ചെയ്യുമോ?. ഏതേലും ഏഴാംകൂലികള്‍ ആണ് ഈ ആരോപണം ഉന്നയിച്ചതെങ്കില്‍ ക്ഷമിക്കാമായിരുന്നു. പക്ഷെ പറഞ്ഞിരിക്കുന്നത് ഗൗരിയമ്മയാണ്. തെളിവുകള്‍ സഹിതമാണ് ആരോപണം. മാത്രമല്ല അന്‍പത്തി ഏഴിലെ ഇ.എം.എസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടു പേര്‍ ഗൗരിയമ്മയും കൃഷ്ണയ്യരും ആണ്. 

ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി പതിനഞ്ചു ഏക്കറായി നിജപ്പെടുത്തിയപ്പോള്‍ കുടുംബത്തിന്റെ പേരില്‍ ഒരു തുളസിത്തറ ട്രസ്റ്റ്‌ ഉണ്ടാക്കി ഭൂമി മുഴുവന്‍ ആ ട്രസ്റ്റിന് കീഴിലാക്കിയത്രേ കൃഷ്ണയ്യര്‍. മത സ്ഥാപങ്ങങ്ങളെയും ട്രസ്റ്റ്‌കളെയും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ മറ പിടിച്ച് രക്ഷപ്പെടാനാണ്  ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലിരുന്ന് വിധി നടത്തിയ നമ്മുടെ ഈ സാംസ്കാരിക നായകന്‍ ഇത് ചെയ്തത്.  

സംഗതി വിവാദമായപ്പോള്‍ അന്നത്തെ റവന്യൂ  മന്ത്രിയായിരുന്ന ഗൗരിയമ്മ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ‘ട്രസ്റ്റ്‌’ എന്ന പദത്തിന് മുന്നില്‍  ‘പബ്ലിക്‌’ എന്ന്  എഴുതിച്ചേര്‍ത്തുവത്രേ. അങ്ങനെ നിയമ പരിരക്ഷ പബ്ലിക്‌ ട്രസ്റ്റുകള്‍ക്ക് മാത്രമായി. കൃഷ്ണയ്യരുടെ മുഖം രക്ഷിക്കാനാണ് താനിത് ചെയ്തത് എന്നും ഗൗരിയമ്മ പറയുന്നുണ്ട്.  ഏതായാലും കൃഷ്ണയ്യരുടെ  തരികിട വിലപ്പോയില്ല എന്ന് ചുരുക്കം. ഗൗരിയമ്മയും കൃഷ്ണയ്യരും തമ്മിലുള്ള വിഴുപ്പലക്കലിനു ഇടയില്‍ പുറത്തു വന്ന ഈ അണിയറ രഹസ്യങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ വല്ലാതെ ചര്‍ച്ച ചെയ്യാതെ ഒതുക്കിയിരിക്കുകയാണ്. നല്ലത് തന്നെ. അത്രയും ആശ്വാസം. പക്ഷെ നമ്മുടെ സാംസ്കാരിക നായകന്മാരുടെയും ന്യായാധിപന്‍മാരുടെയും അവസ്ഥ ഇതാണെന്ന് ആലോചിക്കുമ്പോള്‍ ആകെക്കൂടി ഒരു വല്ലായ്മ.   നമ്മുടെ നാടിനെ ദൈവം രക്ഷിക്കട്ടെ.

10 comments:

 1. അണ്ണാറക്കണ്ണനും തന്നാലായത്.അത്ര തന്നെ!!

  ReplyDelete
 2. അണ്ണാ‍.. ഈ സാംസ്കാരിക നായകന്‍ ആവാന്‍ എന്തിരെല്ലാം ചെയ്യണം അണ്ണാ..!!

  ReplyDelete
 3. ഹാഷിമേ(കൂതറേന്ന് വിളിക്കാന്‍ ഒരു മടി) നീ ഓള്‍റെഡി ഒരു സാംസ്കാരിക നായകന്‍ ആണ്. ഇവരുടെ ജനുസ്സില്‍ പെടുത്താന്‍ പറ്റാവുന്ന കയ്യിരുപ്പുകളൊക്കെ വേണ്ടത്രയുണ്ടല്ലോ..

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. കൂതറ ഹാഷിമേ. ചോദിച്ചത് കൊണ്ട് പറയാം. നല്ലൊരു സാംസ്കാരിക നായകനാകാന്‍ വേണ്ടത്.
  ---------------------------
  നായകനെന്നു കേട്ടാല്‍ ആകാശത്തോളം പൊങ്ങണം
  സംസ്കാരമെന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍
  മദ്ധ്യസ്ഥനാക്കുമെന്നു കേട്ടാല്‍ വെള്ളമൂറണം നാവില്‍.
  മദ്ധ്യസ്ഥം വേണ്ടെന്നു പറഞ്ഞാല്‍ കോമരം പോലെ തുള്ളണം.

  നാലാള്‍ കേള്‍ക്കെ തെറി പറയണം
  വാക്കാല്‍ മാളോരെ തുണി ഉരിയണം.
  സ്വന്തം കൂട് വൃത്തികേടാക്കാതിരിക്കാന്‍
  മുഖ്യനെപ്പോലും പരസ്യമായി ഓര്‍മപ്പെടുത്തണം

  പ്രതിയോഗികളില്‍ നിസ്സാരനാണ്‌ ലാലെന്നു പറയണം
  വന്‍ പ്രതിയോഗികളെ സൃഷ്ടിക്കലാണ് പുതു സംസ്കാരമത്രെ.
  പകലോക്കെയും മതേതര വാദിയായി പ്രസംഗിച്ചു നടക്കണം.
  രാത്രിയില്‍ കമലാ സുരയ്യുടെ കബറടക്കം "നീതികേടാക്കി" തനിനിറം കാട്ടണം.

  വന്‍ പാര്‍ട്ടികളുടെയൊക്കെ സൂപര്‍ അട്വൈസരാണ് താനെന്നു സ്വയം പറയണം.
  ഒപ്പം താനാണ് സാംസ്കാരിക നായകനെന്നു പറയാനുള്ള തൊലിക്കട്ടി നേടണം.

  (ഒന്ന് പരീക്ഷിച്ചു നോക്കൂ)

  ReplyDelete
 6. അക്ബറിന്റെ കവിത ഒരൊന്നൊന്നര കവിത തന്നെ!

  ReplyDelete
 7. ബഷീര്‍ ബായ് താങ്കളുടെ എല്ലാ പോസ്റ്റും വായിക്കുന്ന ഒരാളാണു ഈയുള്ളവന്‍

  ഈയിടെയായി വല്ലാത്ത വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്നുന്ടൊ എന്നൊരു ശങ്ക

  ഹൈബി ഈടന്‍ പറഞ്ഞപോലെ expiary date കഴിഞ്ഞ ഈ വക ആളുകള്‍ വെറുതെ പത്രത്താളുകളില്‍ ഇടം പിടിക്കാനായി നടത്തുന്ന ഈ വക വാക്കുകളില്‍ വീഴാതെ വെറെ എന്തെങ്കിലുമൊക്കെ എഴുതും എന്ന പ്രതീക്ഷയൊടെ

  ReplyDelete
 8. റിയാസ് ഭായ്, എന്നെ ഒരു സീരിയസ് അമ്മാവന്‍ ആക്കല്ലേ. ഇടക്കൊക്കെ ഇങ്ങനെ കാമ്പില്ലാത്ത പോസ്റ്റുകളും കിടക്കെട്ടെന്നെ.. നേരമ്പോക്ക് ആയി എടുത്താല്‍ മതി.

  ReplyDelete
 9. റിയാസ് ഭായ്, അക്ബറിന്റെ കവിത ഒന്ന് വായിക്കു. ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടില്ലായിരുന്നുവെങ്കില്‍ ഇത്ര മനോഹരമായ ഈ കവിത പുറത്തു വരുമായിരുന്നോ..

  ReplyDelete
 10. പോസ്റ്റിനേക്കാളും നന്നയിരിക്കണു അക്ബറിന്റ്റെ കവിത!! ബലേ ഭേഷ്

  ReplyDelete