കശാപ്പുകാരന്‍ കോമയിലാണ്

ഏരിയല്‍ ഷിനർമാന്‍ ഷാരോണ്‍. ഈ പേര് അത്ര പെട്ടെന്നൊന്നും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോകാന്‍ ഇടയില്ല. അല്പം ഓര്മക്കുറവുള്ളവര്‍ക്ക് ബുച്ചര്‍ ഓഫ് ബേറൂത്ത് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് പിടികിട്ടും. രണ്ടായിരത്തിയാറ് ജനുവരി നാല് മുതല്‍ പൂര്‍ണമായ അബോധാവസ്ഥയിലാണ് ഇദ്ദേഹം. മസ്തിഷ്കാഘാതം സംഭവിച്ചു സമ്പൂര്ണമായി കോമയില്‍ ആവുന്ന അവസ്ഥയെ ഇംഗ്ലീഷില്‍ Vegetative State എന്ന് പറയും. ഈ അവസ്ഥ നാല് ആഴ്ചയില്‍ കൂടിയാല്‍ Persistent Vegetative State എന്നും ഒരു വര്ഷം പിന്നിട്ടാല്‍ Permanent Vegetative State എന്നും വിളിക്കും. ഇതേ അവസ്ഥ നാല് വര്ഷം പിന്നിട്ടാല്‍ അതിനെ എന്ത് വിളിക്കും എന്നറിയില്ല, മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയായ ഷാരോണ്‍ ഇപ്പോള്‍ Permanent Vegetative State ന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ദുരന്ത പൂര്‍ണമായ അദ്ദേഹത്തിന്റെ ഈ അവസ്ഥയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ആണ് ഈ പോസ്റ്റ് ഇടുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്നാല്‍ അല്പം സഹതാപം പ്രകടിപ്പിക്കാനായിരിക്കുമോ? അല്ല, അതിനുമല്ല.

കോമയില്‍ കിടക്കുന്ന ഷാരോണിന്റെ ദയനീയ ഫോട്ടോ എന്റെ പക്കലുണ്ട്. ആ ചിത്രം ഈ ബ്ലോഗില്‍ ഇടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതയാളുടെ ദയനീയാവസ്ഥയെ ആഘോഷിക്കുന്നതിനു തുല്യമാവും. പക്ഷെ, ഫലസ്തീന്‍ ജനതയുടെ  സ്വാതന്ത്ര്യ സ്വപ്നങ്ങളെ ഒരു കാട്ടു പോത്തിന്റെ ശൌര്യത്തോടെ ചവിട്ടി മെതിച്ച നരാധമനായിരുന്നു ഷാരോണ്‍ എന്ന് പറയാതിരിക്കുക വയ്യ. പിറന്ന മണ്ണും മരങ്ങളും മാനവും നഷ്ടപ്പെട്ട നിസ്സഹായരായ ആ സമൂഹത്തിന്റെ ദുരവസ്ഥക്ക് ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കനത്ത ‘സംഭാവന’ നല്‍കിയ വ്യക്തികളില്‍ ഒരാളാണ് ഷാരോണ്‍. ഇന്നും ആ പേര് കേള്‍ക്കുമ്പോള്‍ ഞെട്ടി വിറയ്ക്കുന്ന നിരവധി പേര്‍ ഗാസയിലും വെസ്റ്റ്‌ ബാങ്കിലും ഉണ്ടാവും.


പത്താം വയസ്സില്‍ തുടങ്ങിയതാണ് ഫലസ്തീന്‍ ജനതക്കെതിരെയുള്ള ഷാരോണ്‍ന്റെ പോരാട്ടം. ഹസ്സാദേ എന്ന് പേരുള്ള സിയോനിസ്റ്റ്‌ യൂത്ത് മൂവ്മെന്റില്‍ ഷാരോണ്‍ അംഗമാവുന്നത് വെറും പത്താം വയസ്സില്‍. പതിനാലാം വയസ്സില്‍ ഗദ്ന എന്ന ഇസ്രയേലി പാരാമിലിട്ടറി ബറ്റാലിയനില്‍. ഒട്ടും വൈകാതെ ഹഗാന എന്ന അണ്ടര്‍ ഗ്രൌണ്ട് ആക്ഷന്‍ യൂണിറ്റിലേക്ക്. ഫലസ്തീന്‍ ജനതയോടുള്ള പകയും വിദ്വേഷവും രക്തത്തില്‍ കത്തിജ്വലിച്ചു നിന്നതിനാല്‍ പടികള്‍ കയറിക്കയറി ഇരുപത്തി മൂന്നാം വയസ്സില്‍ മേജര്‍ പദവിയോടെ  ‘യൂനിറ്റ് വണ്‍ സീറോ വണ്‍’ എന്ന ആദ്യ ഇസ്രായേല്‍ സ്പെഷ്യല്‍ ഫോഴ്സിന്റെ തലവന്‍!!!!. ഫലസ്തീനികളുടെയും സമീപ പ്രദേശത്തെ അറബ് വംശജരുടെയും വീടുകള്‍ റൈഡ് ചെയ്യുക എന്നതായിരുന്നു ഈ സേനയുടെ മുഖ്യ ദൌത്യം.

വെസ്റ്റ്‌ ബാങ്കിലെ കിബ്‌ യയില്‍ കുട്ടികളും സ്ത്രീകളും അടങ്ങുന്ന അറുപത്തിമൂന്നു പേരെ കൂട്ടക്കൊല (കിബ്‌ യ കൂട്ടക്കൊല ) നടത്തിയാണ് ഷാരോണ്‍ ‘പ്രശസ്തന്‍’ ആയത്. അന്പത്തിയാറിലെ സൂയസ് യുദ്ധം, അറുപത്തിയേഴിലെ ആറുദിന യുദ്ധം (Six Day War), എഴുപത്തി മൂന്നിലെ യൗം കിപ്പൂര്‍ യുദ്ധം തുടങ്ങി ഫലസ്തീന്‍ ജനതയുടെ അസ്തിത്വത്തെ സമ്പൂര്‍ണമായി ഇല്ലായ്മ ചെയ്ത എല്ലാ സായുധ പോരാട്ടങ്ങളിലും ഷാരോണ്‍ മുഖ്യപങ്ക് വഹിച്ചു. സീനായ്‌ ഉപദ്വീപും, ഗാസ മുനമ്പും ഈജിപ്തില്‍ നിന്ന്.. ബൈത്തുല്‍ മുഖദ്ദസ് അടങ്ങുന്ന കിഴക്കന്‍ ജെരൂസലേമും വെസ്റ്റ്‌ ബാങ്കും ജോര്‍ദാനില്‍ നിന്ന്.., ഗോലാന്‍ കുന്നുകള്‍ സിറിയയില്‍ നിന്ന്.. ആറു നാളുകള്‍ക്കുള്ളില്‍ ഇസ്രായീല്‍ വെട്ടിപ്പിടിച്ച ഈ പ്രദേശങ്ങളിലെല്ലാം ഏരിയല്‍ ഷാരോണ്‍ എന്ന യുദ്ധനായകന്‍റെ കാല്പാടുകള്‍ ഉണ്ടാവും.

എണ്‍പത്തിരണ്ടില്‍ ഇസ്രാഈലിന്റെ പ്രതിരോധ മന്ത്രിയായിരിക്കുമ്പോഴാണ് ഏരിയല്‍ ഷാരോണ് ബേറൂത്തിന്റെ കശാപ്പുകാരന്‍ എന്ന ‘മഹത്തായ’ ആ ടൈറ്റില്‍ ലഭിക്കുന്നത്. ലെബനോനിലെ ശബ്റ, ശത്തില അഭയാര്‍ഥി ക്യാമ്പുകളില്‍ സെപ്റ്റംബര്‍ പതിനാറിനും പതിനെട്ടിനും ഇടയിലെ മൂന്നു ദിന രാത്രങ്ങള്‍ക്കുള്ളില്‍ വെടിവെച്ചും കഴുത്തറുത്തും ദാരുണമായി കൊല്ലപ്പെട്ടത് മൂവായിരത്തി അഞ്ഞൂറോളം പച്ച മനുഷ്യര്‍.. വീടും കുടുംബവും നഷ്ടപ്പെട്ടു അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിഞ്ഞു കൂടിയ ആയിരങ്ങളെ പച്ചക്ക് വെടിവെച്ചു കൊല്ലുവാന്‍ കല്പന പുറപ്പെടുവിച്ച ഒരു മനുഷ്യനെ കശാപ്പുകാരന്‍ എന്ന് ചരിത്രം വിളിക്കുന്നുവെങ്കില്‍ അതില്‍ അത്ഭുതമില്ല. ഈ കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച ഇസ്രാഈലിന്റെ കഹാന്‍ കമ്മീഷന്‍ പോലും ഏരിയല്‍ ഷാരോനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി.

ഇതെല്ലാം ഇപ്പോള്‍ ഓര്‍ക്കുന്നതെന്തിന് എന്ന് ചോദിച്ചേക്കാം. വെറുതെ ഓര്‍ത്ത്‌ പോയതാണ്. ഒരു കഷണം മിഠായിക്ക് വേണ്ടി വാശി പിടിച്ചു കരയേണ്ട പ്രായത്തിലുള്ള കുട്ടികള്‍ ബോംബര്‍ വിമാനങ്ങള്‍ക്ക് നേരെ കരിങ്കല്‍ ചീളുകള്‍ വലിച്ചെറിഞ്ഞ് പ്രതിരോധിക്കുന്ന ഒരു ചിത്രം എനിക്ക് ഇമെയിലില്‍ കിട്ടി. കൃത്രിമ ഉപകരണങ്ങളാല്‍ ശ്വാസം നിലനിര്‍ത്തി ചലനമറ്റു കിടക്കുന്ന ഏരിയല്‍ ഷാരോണ്‍ന്റെ ചിതവും എന്റെ ഇന്‍ബോക്സില്‍ ഉണ്ട്. ആ രണ്ടു ചിത്രങ്ങളില്‍ ഒന്ന് ഇപ്പോള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുന്നു. ഷാരോണ്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു. 

പിന്‍‌മൊഴി :- ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ഇസ്രാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ആണ്. രണ്ടായിരത്തി മൂന്നു സെപ്തംബറില്‍ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ രണ്ടു നാള്‍ മുമ്പ് വര്‍ത്തമാനം പത്രത്തില്‍ എഴുതിയ ലേഖനം (കശാപ്പുകാരന് സ്വാഗതം) ഇമേജില്‍ ക്ലിക്ക് ചെയ്തു വായിക്കാം. 

Update: ഈ പോസ്റ്റ്‌ പുനപ്രസിദ്ധീകരിച്ച ചന്ദ്രിക വാരാന്ത്യപ്പതിപ്പിന് നന്ദി -  ചന്ദ്രികേ നിനക്കൊരുമ്മ