മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി

എഫ് എം സ്റ്റേഷന്‍     -   മാംഗോ  (അതെ, മാമ്പഴമാ, മാമ്പഴം.. മല്‍ഗോവ മാമ്പഴം. )
പ്രോഗ്രാം                    - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം    - രാത്രി പത്ത് മണി
കലാപരിപാടി             - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.

ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന്‍ ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..


സമയം കളയാതെ നമുക്ക് പത്ര വാര്‍ത്തയിലേക്ക് കടക്കാം.

എഫ്. എം. അവതാരകന്‍ യുവതിയെ പ്രണയത്തില്‍ കുടുക്കി.
കോഴിക്കോട് : റേഡിയോ മാംഗോയിലെ മുത്തുഗവു (മുത്തം തരുമോ) പരിപാടിയുടെ അവതാരകന്‍ പ്രണയ വല വീശി യുവതിയെ സ്വന്തമാക്കി. മലയാള മനോരമയുടെ എഫ് എം ചാനലായ റേഡിയോ മാംഗോ അവതാരകന്‍ തിരുവനന്തപുരം മലയിന്‍കീഴ്‌ സ്വദേശി മുപ്പത്തഞ്ചുകാരന്‍ ദേവീപ്രസാദത്തില്‍ സജുവാണ് പത്തൊന്‍പത്കാരിയെ പ്രണയക്കുരുക്കില്‍ കുടുക്കി വിവാഹം കഴിച്ചത്.

റേഡിയോ മാംഗോയില്‍ രാത്രി പത്തുമണി മുതല്‍ പ്രക്ഷേപണം ചെയ്യുന്ന മുത്തുഗവു ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ച മുസ്ലിം യുവതിയെ അവതാരകന്‍ പിന്നീട് നിരന്തരം സ്വന്തം മൊബൈലില്‍ നിന്ന് വിളിച്ചു വശീകരിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

മറ്റു വിവാഹാലോചനകള്‍ നടക്കുന്നതിനിടെ ഈ മാസം ഏഴിന് യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായാണ് യുവതി വീട് വിട്ടിറങ്ങിയത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ് എം ഓഫീസില്‍ പോലീസ് അന്വേഷിച്ചെത്തി. അവിടുന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെയും അവതാരകനെയും കസ്റ്റഡിയിലെടുത്ത് പോലീസ്‌ കോടതിയില്‍ ഹാജരാക്കി. മകളെ ഹാജരാക്കുന്നത് കാണാനെത്തിയ മാതാവ് കൊയിലാണ്ടി കോടതിയില്‍ മോഹാലസ്യപ്പെട്ടു വീണു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹം കഴിച്ചതായുള്ള രേഖ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി യുവതിയെ സജുവിനൊപ്പം വിടുകയും ചെയ്തു."

ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത യാതൊരു മസാലയും ചേര്‍ക്കാതെ അപ്പടി എഴുതിയതാണ്. ഒരക്ഷരം പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ബ്ലോഗിന് നേരെ ആരോപണം ഉന്നയിക്കരുത്. ലവ്‌ ജിഹാദില്‍ ഗവേഷണം നടത്തി മൂവായിരത്തോളം കേസുകള്‍ കണ്ടെത്തിയ മാത്തുക്കുട്ടിച്ചായന്റെ പത്രത്തില്‍ ഇത് വന്നോ എന്നറിയില്ല.
“ഹലോ, ഒറ്റയ്ക്കാണോ, ഡാഡി മമ്മി സ്ലീപ്പിയോ?  വെരി നൈസ് ഡാ... എന്താ കല്യാണം കഴിക്കാത്തെ.. ?.”
എഫ് എമ്മിലെയും ചാനലുകളിലെയും ഫോണ്‍ ഇന്‍ അവതാരകര്‍ സമയത്തിന്റെ വില നന്നായി അറിയുന്നവരാണ്. അതുകൊണ്ട് തന്നെ അതുമിതും പറഞ്ഞു സമയം കളയാനൊന്നും അവരെ കിട്ടില്ല. നേരെ വിഷയത്തിലേക്കങ്ങ് കടക്കും. ചെല്ലക്കിളി ശൃംഗാരം കത്തിക്കയറുമ്പോള്‍ ശ്രോതാക്കളായ (രാഷ്ട്രീയ ഭാഷയില്‍ ശ്രോദ്ധാക്കള്‍)  എല്ലാ ഞരമ്പ്‌ രോഗികള്‍ക്കും സായൂജ്യം. അവസാനം വായുഗുളിക കഴിച്ചുകൊണ്ടിരിക്കുന്ന അമ്മൂമ്മക്ക് ഒരു വെടിക്കേഷന്‍ “താമസമെന്തേ വരുവാന്‍ .. (കാലനോടാണാവോ?) അടുത്ത കാളര്‍ റെഡി.

ഇക്കിളി രോഗികളായ പ്രേക്ഷകര്‍ക്ക്‌ വേണ്ടി നടത്തുന്ന പരിപാടിയാണ് ഈ ഫോണ്‍ ഇന്‍ എന്നായിരുന്നു ഇതുവരെയുള്ള എന്റെ ധാരണ. അത് തെറ്റാണെന്ന് തെളിഞ്ഞു. കാര്യമാത്ര പ്രസക്തമായ ഇത്തരം ചില സംഗതികളും അതുകൊണ്ട് നടന്നു കിട്ടുന്നുണ്ട്‌. റേഡിയോ മാംഗോയുടെ പ്രസിദ്ധമായ ആ പരസ്യ വാചകം ഓര്‍മയില്ലേ.. നാട്ടിലൊക്കെ പാട്ടായി.. വള്ളിക്കുന്ന്  അങ്ങാടിയിലെ അവരുടെ ബോര്‍ഡില്‍ ഏതോ ഒരു വിരുതന്‍ പ്രാസമൊട്ടും കളയാതെ ഒരു വരി കൂടെ ചേര്‍ത്തു. നാട്ടിലൊക്കെ പാട്ടായി.. നാട്ടാര്‍ക്കൊക്കെ വട്ടായി.. ഇനി കൂടുതല്‍ വട്ട് പിടിക്കുന്നതിന് മുമ്പ് അയാം സൈനിംഗ് ഓഫ്.. നാളെ വീണ്ടും കാണാം.. ഇതേ സമയം. ഇതേ എഫ് എം.. സ്റ്റേ ട്യൂണ്‍ഡ്..