March 3, 2009

പത്താം തരത്തിലെ ലൈവ് ഷോ

കണ്ടറിഞ്ഞത് .. കൊണ്ടറിഞ്ഞത്.. (1)

വള്ളിക്കുന്ന് സി ബി ഹൈസ്കൂള്‍ .. പത്താം തരം എ ഡിവിഷനില്‍ ക്ലാസ് എടുത്തു കൊണ്ടിരിക്കുകയാണ് ഞാന്‍.. പുതുതായി വന്ന അധ്യാപകന്‍ എന്ന നിലക്കുള്ള സകല ആരംഭ ശൂരത്വവും ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. നോട്ട് കൊടുക്കുന്നു, ബോര്‍ഡില്‍ എഴുതുന്നു, ചോദ്യം ചോദിക്കുന്നു, ചിലര്‍ക്ക് അടി കിട്ടുന്നു.. 'തിരോന്തരം' ഭാഷയില്‍ പറഞ്ഞാല്‍ നല്ല പൊളപ്പന്‍ ക്ലാസ്.. .

അമ്പതോളം കുട്ടികളില്‍ പകുതിയിലേറെയും പെണ്‍ കുട്ടികളാണ്. കല്യാണം കഴിക്കാത്ത പുതിയ അദ്ധ്യാപകന്‍ ആയതിനാല്‍ മുതിര്‍ന്ന ക്ലാസ്സുകളില്‍ അല്പം ഗൌരവത്തോടെ ഇരിക്കണമെന്ന് ഹെഡ് മാസ്റ്റര്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കുട്ടികളോട് കൊഞ്ചാനും കുഴയാനും പാടില്ല, സ്ട്രിക്ട് ആയിരിക്കണം. അല്ല്ലെങ്കില്‍ പെണ്‍ പിള്ളേര്‍ തലയില്‍ മാത്രമല്ല, പലയിടത്തും കയറും.. ആണ്‍ പിള്ളേര്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട, മൂക്ക് കൊണ്ട് ക്ഷ്ഷ വരപ്പിക്കും .. ഇത്യാദി ഉപദേശങ്ങളൊക്കെ ചെവി കൊണ്ട് നീങ്ങിയതിനാല്‍ തുടക്കത്തിലെ തന്നെ കുട്ടികളെ 'അണ്ടര്‍ കണ്‍ട്രോള്‍' ആക്കാന്‍ എനിക്കായിരുന്നു.

അപ്പോള്‍ പറഞ്ഞു വന്നത് .. എന്റെ ക്ലാസ് പൊടി പൊടിച്ചു കൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ എഴുതാന്‍ കൊടുത്തു ഞാന്‍ മേശപ്പുറത്ത് ഇരുന്നതേയുള്ളൂ , മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന ഒരു വിദ്വാന്‍ എഴുന്നേറ്റ് എന്റടുത്ത് വന്നു.

ഹും .. എന്താടാ .. ഉത്തരം കിട്ടുന്നില്ലേ..
അതല്ല സാര്‍
ങും.. .. പിന്നെ.. ?
പയ്യന്‍സ് ഒന്നും മിണ്ടുന്നില്ല..
എനിക്ക് കലി കയറി..
ഇളിക്കാതെ കാര്യം പറയെടാ.

അവനു വീണ്ടും മൌനം. നല്ല പോലെ പഠിക്കുന്ന പയ്യനായതിനാല്‍ അടിക്കാന്‍ തോന്നുന്നില്ല, വടി
എന്റെ കയ്യില്‍ കിടന്നു വിറച്ചു. മുഖം തക്കാളി പോലെ ചുവന്നു വന്നു.
സാര്‍,, ങ്ങ് .. ങും..
അവന്‍ പിറകിലെ കുട്ടികളെ നോക്കുന്നു.. വാക്കുകള്‍ ഇടറുന്നു..
എനിക്കെന്തോ പന്തികേട്‌ തോന്നി.. പയ്യന് കക്കൂസില്‍ പോകാന്‍ എങ്ങാനും ഉണ്ടോ.. പറയാന്‍ മടി ആയതിനാലാവണം.
ഞാന്‍ അവന്റെ ചെവിയില്‍ ചോദിച്ചു..
തൂറാന്‍ മുട്ടുന്നുണ്ടോടാ ..?
അതല്ല സര്‍,
പിന്നെ.. ?
അത് .. അത്.. സാറ് പാന്റിന്റെ സിബ്ബിട്ടിട്ടില്ല ..

രാംജിറാവുവില്‍ ഇന്നസെന്റ് നോക്കുന്ന പോലെ ഞാന്‍ കീഴോട്ടു നോക്കി. ഷര്‍ട്ട് ഇന്‍സൈഡ് ചെയ്യാത്തതിനാല്‍ പെട്ടെന്ന് പുറത്ത് കാണുന്നില്ല.

അവനോടു ഇരിക്കാന്‍ പറഞ്ഞു വളിച്ച ചിരിയുമായി ഞാന്‍ ഒരുവിധം പുറത്തിറങ്ങി.. നോക്കുമ്പോള്‍ സംഗതി ശരിയാണ്.. സിബ്ബ് വാ പൊളിച്ചു നില്‍ക്കുകയാണ്‌.. ജട്ടി പുറത്ത് കാണുന്നുണ്ട്. പകുതി ആശ്വാസമായി.. ജട്ടി ഇടാന്‍ മറന്നിട്ടില്ലല്ലോ..

ഇത് നാലാമത്തെ പിരിയഡാണ്. അതില്‍ രണ്ടു പിരിയഡും ഞാന്‍ ക്ലാസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ പിരിയഡില്‍ ഒമ്പത് സി യിലെ ചില പെണ്‍പിള്ളേര്‍ ഞാന്‍ ടേബിളില്‍ കാല്‍ കയറ്റി ഇരുന്നപ്പോള്‍ അടക്കി ചിരിക്കുന്നത് കണ്ടിരുന്നു. പിള്ളേരല്ലേ, വല്ല തമാശയും പറഞ്ഞു കാണും എന്ന് കരുതി.. ഇപ്പോഴാണ് അതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്.. ഛെ.. നാറ്റക്കേസായി..

ആ പയ്യനോട് എന്തെന്നില്ലാത്ത ആദരവ്‌ തോന്നി. കുട്ടികള്‍ ആരായിരുന്നാലും ഇങ്ങനെ ഒരു സന്ദര്‍ഭം കിട്ടിയാല്‍ അത് ഉപയോഗപ്പെടുത്തുന്നതാണ്. കണിശക്കാരനായ അധ്യാപകന്‍ ആണെങ്കില്‍ പ്രത്യേകിച്ചും.. അധ്യാപകരെ കളിയാക്കാന്‍ കിട്ടിയിരുന്ന ഒരവസരവും പാഴാക്കാതിരുന്ന എന്റെ പഠന കാലം ഞാന്‍ ഓര്‍ത്തു. . പല സംഭവങ്ങളും മനസ്സിലൂടെ ഓടി മറഞ്ഞു.
പൊട്ടിച്ചിരിയുടെ ഒരു ലൈവ് ഷോയാണ് എന്റെ അഭിമാനം സംരക്ഷിക്കാനായി അവന്‍ വേണ്ടെന്നു വെച്ചത്.. 'സംഗതി' കണ്ട ഉടനെ എന്റടുത്ത് വന്നു അത് പറയാന്‍ കാണിച്ച മനസ്സ് .. അതും മറ്റു കുട്ടികള്‍ അറിയാതെ എന്റെ കാതില്‍..

വര്‍ഷങ്ങള്‍ പതിനഞ്ചു കഴിഞ്ഞെങ്കിലും മുന്നില്‍ പരുങ്ങലോടെ വന്നു നിന്ന ആ കുട്ടിയുടെ മുഖം ഇന്നും മനസ്സിലുണ്ട് .
ഞാന്‍ ശിഷ്യനും അവന്‍ ഗുരുനാഥനുമായ നിമിഷങ്ങള്‍.. അവന്‍ ഇപ്പോള്‍ എവിടെയാണാവോ ?..

15 comments:

 1. ചിലര്‍ കണ്ടറിയും, മറ്റു ചിലര്‍ കൊണ്ടാലേ അറിയൂ, ഞാന്‍ ഈ രണ്ടു വകുപ്പിലും പെടും. കണ്ടും കൊണ്ടും അറിഞ്ഞ ചില കാര്യങ്ങള്‍ ചുമ്മാ എഴുതി നോക്കുകയാണ്. ബ്ലോഗല്ലേ .. വായിക്കാനും എഴുതാനും ചിലവൊന്നും ഇല്ലല്ലോ..

  ReplyDelete
 2. Your blog is now more strengthen by lot of articles, fun, story, and beautiful pictures.
  i am frequently visiting to enjoy new creativity and it is of course not disappointing me all the time.
  basheer bai, keep going. all the best.

  ReplyDelete
 3. ഹ ഹ ഹ... മഴയെത്തും മുമ്പേ എന്ന സിനിമയില്‍ ആനി
  മമ്മൂട്ടിയോട്‌ സിബ്ബ്‌. സിബ്ബ്‌ എന്ന്‌ മന്ത്രിക്കുന്നത്‌ കണ്ടിട്ടില്ലേ?

  മെല്ലെപ്പറഞ്ഞതു കേള്‍ക്കാതിരുന്നപ്പോള്‍ മമ്മൂട്ടി സാര്‍ ചൂടാകുന്നു.
  വല്ലതും പറയാനുണ്ടെങ്കില്‍ വായ തുറന്നു പറയാന്‍
  പറഞ്ഞപ്പോള്‍ ആനി വിളിച്ചു കൂവുന്നു
  സാറ്‌ സിബ്ബിട്ടിട്ടില്ല...

  ReplyDelete
 4. ബഷീര്‍ജി ബ്ലോഗ്‌ നന്നാവുന്നുണ്‌ട്‌. ഇതിന്റെ മുകളിലുള്ള ബ്ലോഗ്‌ നാവ്‌ ബാര്‍ വേണമെങ്കില്‍ കാണാതാക്കാം. പിന്നെ വള്ളിക്കുന്നുമായി ബന്ധപ്പെട്ട ഒരു ഡൊമെയ്‌ന്‍ സ്വന്തമാക്കുകയാണെങ്കില്‍ താങ്കളുടെ ബ്ലോഗ്‌ അതില്‍ ഘടിപ്പിക്കാനും സാധിക്കും. ഉദാഹരണത്തിന്‌ www.vallikkunnu.com എന്നാക്കി മാറ്റാന്‍ സാധിക്കും. ഈ അഡ്രസ്‌ അടിച്ചാല്‍ താങ്കളുടെ ബ്ലോഗിലെത്തും. ചെറിയ പണം മാത്രമേ ചിലവ്‌ വരികയുള്ളൂ(ആയിരം രൂപയോളം)...അതല്ല..കുറെ കൂടി ചെലവാക്കാന്‍ തയ്യാറായാല്‍ ഓപണ്‍ സോഴ്‌സ്‌ ബ്ലോഗില്‍ സ്വന്തം സ്‌പേസില്‍ മനോഹരമായ ഡിസൈനിങില്‍ ഒരു പോര്‍ട്ടല്‍ പോലെ ആക്കാന്‍ സാധിക്കും...പക്ഷേ ഏകദേശം 5000രൂപയോളമാവും...ബിസിനസ്‌ കാര്യം പറഞ്ഞതല്ല... ബ്ലോഗെഴുതാനുള്ള ഈ മനസ്സ്‌ നല്ലൊരു ഡൊമെയ്‌ന്‍ സ്വന്തമാക്കി കൂടുതല്‍ വിപുലപ്പെടുത്തുന്നത്‌ നന്നായിരിക്കും....

  ReplyDelete
 5. ബഷീര്‍ജി,
  നര്‍മം ഇഷ്ടപെടുന്ന ആളാണെന്ന് മനസിലായി..
  പക്ഷെ,
  അങ്ങട് ഏശീല!
  ശര്യാവും.. ശര്യാവും....

  ReplyDelete
 6. hahaha...enikkishtamayi...thankalude valincha chiri ente mano nukarathil theliyunnu, next friday let me check too !

  I understand now the reason why you fled to KSA...ha ha ha...

  Blog is super, stories 'powder powedered' !
  Wish you good luck and great blog !
  Your lovely friend,
  Saleem EP

  ReplyDelete
 7. Don't forget that you are a willian in this story but as a writer good job, great presentation, really impressed.
  Expecting more and more from you........


  Your friend

  ReplyDelete
 8. മഹാ നഗരത്തില്‍ കൂടുകാരനോടൊപ്പം നടക്കുമ്പോള്‍ തന്നെ നോക്കി ചിരിക്കുന്നവരെല്ലാം
  വിശാല സൌഹൃദമാണെന്നു തട്ടിവിട്ട വിരുതനെയ്ക്കുറിചു കേട്ടിട്ടുണ്ട്‌. അവസാനം ഒരാള്‍ ഇതെപോലേ കാതി്ല് പറഞ്ഞത്രെ..................................അത് മറ്റൊരു സിപ്പ് കഥ

  ReplyDelete
 9. പ്രശസ്തമായ ഒരു സിനിമയില്‍ ഈ രംഗം ആസ്വദിച്ചത് കൊണ്ട് അത്രക്കങ്ങട് സുഖായില്ല.എങ്കിലും അവതരണം നന്നായി. ...സസ്നേഹം ....വാഴക്കോടന്‍.

  ReplyDelete
 10. കമന്റിയ പെരിയോര്കള്‍ക്കെല്ലാം നാന്‍ നണ്ട്രി ശൊല്.വത് .. ചങ്ക് പറിച്ചു തന്നാലും ചെമ്പരുത്തി ആണെന്നെ പറയൂ.. ഇത് സിനിമയിലെ സംഭവമാണെന്ന് മാത്രം പറയല്ലേ. ശ്രീനിവാസനു ഞാന്‍ പല കഥകളും കൊടുത്തിട്ടുണ്ട്‌, ഇത് മാത്രം കൊടുത്തിട്ടില്ല, പിന്നെ അയാള്‍ക്ക്‌ ഇതെവിടുന്നു കിട്ടി..

  ReplyDelete
 11. nice ...keep it up

  ReplyDelete
 12. മാഷെ,

  അബദ്ധം പറ്റാത്തവര്‍ ആരും ഉണ്ടാവാന്‍ ഇടയില്ല. എങ്ങിനെ അതില്‍ നിന്ന് തടിതപ്പുന്നു, എന്നാണു പ്രധാനം.

  ഞാനായിരുന്നില്ലാ ആ കുട്ടി... :)

  ReplyDelete
 13. ലത് ശരിയാ.. വേറെ ആരെങ്ങാനും ആയിരുന്നേല്‍ സാറിന്‍റെ മാനം ടൈറ്റാനിക്കില് കേറി അറ്റ്ലാന്റിക് ഓഷനില്‍ മുങ്ങിച്ചത്തേനെ...
  (ഇനി അത് മുങ്ങിയത് വേറെ എവിടെങ്കിലും ആണെന്ന് പറഞ്ഞു ക്ലാസ് എടുക്കാന്‍ വന്നേക്കല്ലേ. എന്റെ ടൈറ്റാനിക് അവിടാണ് മുങ്ങിയത്, അവിടെത്തന്നെ ആണ് മുങ്ങിയത്, അവിടെ മാത്രം ആണ്...)

  ReplyDelete
 14. maravi kondu collegil padikumbol ithu pole sambivichittundu college ethilyalayirikum engineyengilum manassilavuka ..... enthayalum vallikunnan story nannayi

  ReplyDelete