ശശി തരൂരിന്റെ ട്വിറ്റെര്‍ പിന്തുടര്ച്ചക്കാരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു!. കൃത്യമായി പറഞ്ഞാല്‍ ഇതെഴുതുമ്പോള്‍ 318,896ആയി. ഓരോ മിനുട്ടിലും ഈ എണ്ണം പെരുകികൊണ്ടിരിക്കുകയാണ്!!!. ട്വിറ്റെര്‍ കൊണ്ട് പുകിലുകള് പലതും ഉണ്ടാകുന്നുണ്ടെങ്കിലും തരൂര്‍ജി ട്വീറ്റിംഗ് നിര്‍ത്താതെ തുടരുകയാണ്. ഇന്നലെ അദ്ദേഹം എഴുതി. "Landed in NY after good flight. Seeing my wife (a UN official based here) for 1st time in 5 months". 5 മാസത്തിനു ശേഷം ഭാര്യയെ ആദ്യമായി ഇന്ന് കാണുകയാണ് എന്ന് ! പോരെ പൂരം !!!.ഭാര്യയെ കണ്ട ശേഷം എന്തുണ്ടായി എന്നതല്ല നമ്മുടെ വിഷയം. വിഷയം തരൂര്‍ജിയുടെ ട്വീറ്റിങ്ങാണ് .
'ഒരു മന്ത്രി ഇങ്ങനെയൊക്കെ എല്ലാ കാര്യങ്ങളും നാട്ടുകാരോട് പറയേണ്ടതുണ്ടോ?. തന്ത്രിമാരും മന്ത്രിമാരുമൊക്കെ എന്നെയും നിങ്ങളെയും പോലെയല്ല. അവര്‍ ജനങ്ങളുടെ പ്രതിപുരുഷന്മാരാണ് ('പ്രതിസ്ത്രീ'കളുമാണ് എന്ന് പ്രയോഗിക്കാമോ എന്തോ?) അവര്‍ സ്വകാര്യ കാര്യങ്ങളൊന്നും പുറത്തു പറയരുത് , മന്ത്രിയുടെ പണിയെടുക്കാതെ കമ്പ്യൂട്ടറില്‍ കളിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.'
തരൂര്‍ജിയുടെ ട്വീറ്റിങ്ങിനെ എതിര്‍ക്കുന്നവരുടെ ന്യായം ന്യായമാണ്!!
അനുകൂലിക്കുന്നവര്‍ക്കുമുണ്ട് ന്യായം. 'തരൂര്‍ജി ട്വീറ്റിംഗ് തുടങ്ങിയ ശേഷമാണ് ഒരു മന്ത്രിയുടെ ജോലികളും അവര്‍ എന്തൊക്കെ ചെയ്യുന്നു എന്നുമൊക്കെ അറിയാന്‍ കഴിഞ്ഞത്, മന്ത്രിയോട് നേരിട്ട് ദിവസവും ബന്ധപ്പെടാനും ഇന്റെര്‍നെറ്റിലൂടെ കഴിയുന്നു. പറയാനുള്ളത് നേരെ ചൊവ്വേ പറയുന്ന ശൈലി ഞങ്ങള്‍ക്കിഷ്ടമാണ്. ഇത് പോലൊരു ഹൈടെക് മന്ത്രിയെയാണ് നമുക്ക് ആവശ്യം.'ഈ ന്യായവും ന്യായമല്ലേ?.
രണ്ടു പക്ഷത്തും ചേരാതെ ഒരു ചേരിചേരാ നയം സ്വീകരിക്കാനാണ് എനിക്കിഷ്ടം. താജ് ഹോട്ടല്‍ , വിശുദ്ധ പശു, ഗാന്ധി ജയന്തി അവധി, ഭാര്യയെ കാണല്‍ തുടങ്ങി ദിവസേന വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന തരൂര്‍ജിയുടെ ട്വീറ്റിംഗ് ഏത് വരെ പോകുമെന്ന് നോക്കാം. കാണാന്‍ പോകുന്ന പൂരമല്ലേ, പറഞ്ഞ് പറഞ്ഞ് അതിന്റെ രസം കളയേണ്ട. (പൂരങ്ങള്‍ ഇതിനകം തന്നെ കുറെ കണ്ടു. ഇനി തൃശൂര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂ!!)