ചരമക്കുറിപ്പ്‌ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

06.04.2009ലെ മാതൃഭൂമി വാര്‍ത്തയാണിത്.
കുഞ്ഞപ്പ നായര്‍ ചെയ്തത് ഒരു നല്ല കാര്യമാണ്. മരിക്കുന്നതിനു മുമ്പ് വിശദമായ ഒരു ചരമ വാര്‍ത്ത അദ്ദേഹം എഴുതി വെച്ചു. എല്ലാവര്ക്കും ഫോളോ ചെയ്യാവുന്ന ഒന്ന്. . ചരമ വാര്‍ത്ത മുന്‍കൂട്ടി എഴുതി വെക്കുന്നത് കൊണ്ട് പല ഗുണങ്ങളുണ്ട്‌. പത്ര റിപ്പോട്ടര്‍മാര്‍ക്ക് നമ്മുടെ ഭൂതകാലം തേടി കറങ്ങേണ്ടി വരില്ല എന്നത് അതിന്റെ ഒരു മിനിമം ഗുണമാണ്. പ്രധാന ഗുണം, പക്ഷെ, മറ്റൊന്നാണ്. നമുക്ക് നമ്മെ തന്നെ ഒന്ന് വിലയിരുത്താന്‍ പറ്റും. വര്‍ഷാവസാനം ബാലന്‍സ് ഷീറ്റ് തയ്യാറാക്കുന്നത് പോലെ എല്ലാ ഡിസംബര്‍ അവസാനത്തിലും ഒരു ചരമക്കുറിപ്പ്‌ തയ്യാറാക്കുക. 1975ല്‍ ജനിച്ചു 2075ല്‍ മരിച്ചു എന്ന മട്ടില്‍ രണ്ടു വരി മാത്രമേ എഴുതാന്‍ സാധിക്കുന്നുള്ളൂവെങ്കില്‍ ജീവിതം നായ നക്കി എന്നര്‍ത്ഥം. അറ്റ്‌ ലീസ്റ്റ്, കുഞ്ഞപ്പ നായര്‍ക്കു അമ്പലവും ദേവസ്വവുമായി ബന്ധപ്പെട്ട ചിലതെങ്കിലും എഴുതാന്‍ കഴിഞ്ഞു. നമ്മളൊക്കെ എന്തെഴുതി വെക്കും?. ചിലതൊക്കെ കാണുമായിരിക്കും അല്ലെ.. ചരമക്കുറിപ്പ്‌ ആയതിനാല്‍ സംഗതികള്‍ സത്യസന്ധമായി എഴുതണം. ചാകുമ്പോഴും കള്ളം പറഞ്ഞു ചത്തു എന്ന് പറയരുതല്ലോ. തട്ടിപ്പോ പിടിച്ചു പറിയോ കൊള്ളയോ ബലാല്‍സംഗമോ എന്ത് നടത്തിയിട്ടുണ്ടെങ്കിലും നേരെ ചൊവ്വേ പറയണം. ദൈവത്തിന്റെ കണക്കു ബുക്കില്‍ വള്ളി പുള്ളി വിടാതെ അവയെല്ലാമുണ്ടാകും. അത് കട്ടായമാണ്. പിന്നെ മരിച്ചു കഴിഞ്ഞ ശേഷം പ്രസിദ്ധീകരിക്കുന്നതായതിനാല്‍ നാട്ടുകാരെയും പോലീസിനെയും പേടിക്കുകയും വേണ്ട. എന്തായാലും മടിച്ചു നില്‍ക്കേണ്ട, സത്യസന്ധമായ ഒരു ചരമക്കുറിപ്പ്‌ എഴുതിത്തുടങ്ങിക്കോളൂ.