മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റിയാണ്

ഫാസിസത്തിനെതിരെ കൊച്ചിയിലൊരു മനുഷ്യക്കൂട്ടായ്മ. അതേ ദിവസം അതേ സമയം ഫാസിസത്തിനെതിരെ കോഴിക്കോട്ടൊരു മനുഷ്യക്കൂട്ടായ്മ. കൊച്ചിയിലെ ഫാസിസ്റ്റ് വിരുദ്ധർ കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധരെ വിമർശിക്കുന്നു, കളിയാക്കുന്നു, ട്രോളുന്നു. കോഴിക്കോട്ടെ ഫാസിസ്റ്റ് വിരുദ്ധർ കൊച്ചിക്കാരെ വിമർശിക്കുന്നു, കളിയാക്കുന്നു, ട്രോളുന്നു. കൊച്ചിയിലെ മനുഷ്യ സംഗമത്തിലേക്ക് മുസ്‌ലിം സംഘടനകളെ ക്ഷണിച്ചില്ല എന്ന കാരണം പറഞ്ഞാണ് അതേ ദിവസം അതേ സമയം ജമാഅത്തെ ഇസ്‌ലാമിയുടെ പോഷക ഘടകമായ സോളിഡാരിറ്റി, എസ് ഡി പി ഐ തുടങ്ങിയ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട്ട് 'അ'മാനവിക സംഗമം എന്ന പേരിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ നടത്തിയത്. രണ്ട് കൂട്ടായ്മകളിലും എഴുത്തുകാരും ചിന്തകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കുകയും ചെയ്തു. കേരളത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ ഫാസിസ്റ്റ് വിരുദ്ധർ ഇരുപക്ഷത്തായി നിന്ന് ഇതുപോലെ പൊരുതിയ മറ്റൊരവസരം ഉണ്ടായിട്ടില്ല. വർഗീയ വാദികളേയും ഫാസിസ്റ്റുകളേയും നാളിതുവരെ ഫലപ്രദമായി തടുത്തു നിർത്തിയിട്ടുള്ള പ്രബുദ്ധ കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിൽ ഫാസിസ്റ്റ് വിരുദ്ധ മുന്നണി ഇതുപോലെ ആശയക്കുഴപ്പത്തിലാവുകയും ആന്തരിക ശൈഥില്യം നേരിടുകയും ചെയ്ത മറ്റൊരു സന്ദർഭവും ഉണ്ടായിട്ടില്ല എന്നും പറയാം.

സ്വത്വമുപേക്ഷിച്ച് വരാൻ പറഞ്ഞു എന്നതാണ് കൊച്ചിയിലെ സംഘാടകരോട് കോഴിക്കോട്ടെ അമാനവ സംഘത്തിനുള്ള പ്രധാന പരാതി. 'സ്വത്വം' എന്ന പദപ്രയോഗം കടന്നു വരുന്ന ചർച്ചകളൊക്കെ പൊതുവേ സാധാരണക്കാർക്ക് ദഹിക്കാത്തതായിട്ടാണ് കാണാറുള്ളത്‌. അതുകൊണ്ട് ആ പദപ്രയോഗത്തെക്കുറിച്ച് രണ്ട് വരി സിമ്പിളായി പറഞ്ഞിട്ട് ബാക്കി പറയാം. സ്വത്വബോധമെന്നത് വളരെ ആപേക്ഷികമായ ഒന്നാണ്, അതിന്റെ വിവക്ഷകൾ അതിലേറെ സങ്കീർണ്ണവും. പത്തോ പതിനഞ്ചോ രാജ്യക്കാർ ഒരുമിച്ച് ജോലി ചെയ്യുന്ന ഗൾഫ് മേഖലയിൽ എത്തിയ ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരനെന്നതാണ് അവന്റെ ഐഡന്റിറ്റി അല്ലെങ്കിൽ സ്വത്വം. 'അൻത ഹിന്ദീ?' (നീ ഇന്ത്യക്കാരനാണോ) എന്നാണ് അവൻ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനമായ സ്വത്വാധിഷ്ടിത അന്വേഷണം. അതേ 'ഹിന്ദി' ബോംബേയിലോ ഡൽഹിയിലോ വിമാനമിറങ്ങിയാൽ തമിഴനും മലയാളിയും തെലുങ്കനുമായി സ്വത്വം മാറും. ദേശീയ സ്വത്വം പ്രാദേശിക സ്വത്വത്തിന് വഴി മാറുന്നു. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമായി രൂപാന്തരപ്പെടുന്നതും ഇങ്ങനെ തന്നെ. മറ്റ് വിശ്വാസ സ്വത്വങ്ങൾക്കിടയിൽ ഹിന്ദുവെന്ന സ്വത്വത്തിൽ ഉറച്ചു നിന്ന ഒരാൾ  ഹിന്ദുക്കളുടെ കോമ്പൗണ്ടിന്റെ അകത്ത് കടക്കുന്നതോടെ നമ്പൂരി മുതൽ നായാടി വരെയുള്ള നൂറുകൂട്ടം സ്വത്വങ്ങളിലേക്ക് ഉൾവലിയുന്നു. പറയനും പുലയനും നമ്പൂരിയും നായരും അവരവരുടെ സ്വത്വങ്ങളിൽ വികേന്ദ്രീകൃതരാവുന്നു. മുസ്‌ലിംകളുടെ കോമ്പൗണ്ടിൽ കടക്കുന്നവൻ സുന്നിയോ മുജാഹിദോ ജമാഅത്തെ ഇസ്ലാമിയോ സമാനമായ മറ്റെന്തെങ്കിലുമോ ആയി സംഘടനാ സ്വത്വം മാറുന്നു. സ്ഥല കാല മാറ്റങ്ങൾക്ക് വിധേയമായി സ്വത്വ സങ്കല്പങ്ങൾക്ക് മാറ്റം വരുന്നു എന്നും നാം കൊട്ടിഘോഷിക്കുന്ന സ്വത്വം നാമറിയാതെ തന്നെ രൂപം മാറിക്കൊണ്ടിരിക്കുന്നു എന്നും സാരം. 



വൈവിധ്യങ്ങളുടെ സഹിഷ്ണുതാപൂർണമായ സഹവാസത്തെ നിഷേധിക്കുക എന്നത് ഫാസിസത്തിന്റെ ഒരു രീതിയാണ്. വിഭിന്ന സ്വത്വങ്ങളുമായി സൗഹാർദ്ദത്തോടെ ഇടപഴകാൻ കഴിയുന്ന സാമൂഹ്യ സാഹചര്യം ഇല്ലാതാക്കുകയെന്നതാണ് അതിനവർ തിരഞ്ഞെടുക്കുന്ന വഴി. ആര്യ സ്വത്വത്തെ മഹത്വവത്കരിച്ചപ്പോൾ ജൂത സ്വത്വത്തെ അമാനവീകരിച്ച് ഇല്ലായ്മ ചെയ്യാനാണ് ഹിറ്റ്ലർ ശ്രമിച്ചത്. രണ്ട് സ്വത്വ വിശേഷതകളും സമഞ്ജസമായി നിലനില്ക്കുന്നതിനെ നിരാകരിക്കുകയും മനുഷ്യനെ വിഭജിക്കുകയും ചെയ്യുകയെന്ന ഫാസിസത്തിന്റെ അടിസ്ഥാന രീതിയാണിവിടെ കാണുന്നത്. ഇന്ത്യയിലും സംഭവിക്കുന്നത്‌ സമാനമായ വിഭാഗീകരണത്തിനുള്ള ശ്രമങ്ങളാണ്. അത് കൊണ്ടാണ് ഫാസിസം എന്ന പ്രയോഗം നാമിവിടേയും ഉപയോഗിക്കുന്നത്. മനുഷ്യൻ ഒന്നാണെന്ന വികാരമുള്ളവർ ഒരുമിച്ചു നില്ക്കുകയാണ് ഫാസിസത്തിനെതിരായ ചെറുത്ത് നില്പ്പിന് ആദ്യം വേണ്ടത്. ഇവിടെ രണ്ട് പക്ഷമേയുള്ളൂ, ഒന്ന് ഫാസിസ്റ്റ് പക്ഷം. മറ്റൊന്ന് ഫാസിസ്റ്റ് വിരുദ്ധ പക്ഷം. ആ വിരുദ്ധ പക്ഷത്തിൽ സംഘടനയുള്ളവനും ഇല്ലാത്തവനും മതമുള്ളവനും ഇല്ലാത്തവനും എല്ലാം ഉൾപ്പെടും. ഹിന്ദുവാണോ മുസ്ലിമാണോ എന്നതല്ല, മനുഷ്യനാണോ എന്നതാണ് ഫാസിസ്റ്റ് വിരുദ്ധതയുടെ ചേരിയിൽ നില്ക്കുമ്പോൾ പ്രസക്തമാവുന്നത്. ഫാസിസത്തിനെതിരായ സമരത്തിലേക്ക് ഞങ്ങളുടെ സംഘടനയെ ക്ഷണിച്ചില്ല എന്ന് പറയുന്നവർ വിഭജന രാഷ്ട്രീയത്തിന്റെ മറ്റൊരു ഭാവം പ്രകാശിപ്പിക്കുകയാണ്. സംഘടനയും കൊടിയുമല്ല, നിലപാടാണ് പ്രധാനം എന്ന് തിരിച്ചറിയുകയും അതിനായി ഐക്യപ്പെടുകയുമായിരുന്നു വേണ്ടിയിരുന്നത്. ഫാസിസ്റ്റ് വിരുദ്ധ മനുഷ്യ സംഗമത്തിലേക്ക് മുസ്‌ലിം സംഘടനകളെ മാത്രമായി വിളിക്കേണ്ടതിന്റെ രാഷ്ട്രീയം എന്താണ്?. കേരള മുസ്ലിംകളിൽ അഞ്ച് ശതമാനം വരുന്ന വിഭാഗത്തെപ്പോലും പ്രതിനിധീകരിക്കാത്ത എസ് ഡി പി ഐ, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് പ്രസംഗിക്കാൻ ക്ഷണിച്ചില്ല എന്നതിനർത്ഥം കേരളത്തിലെ മുസ്ലിംകളെ ക്ഷണിച്ചില്ല എന്നാണോ?. എവിടെ നിന്നാണ് അങ്ങിനെയൊരു ലോജിക്ക് വന്നത്. ഫാസിസത്തിന് ഇന്ത്യയിൽ കൂടുതൽ ഇരകളായ മുസ്‌ലിംകളെ ഫാസിസ്റ്റ് വിരുദ്ധ സമരമുഖത്ത്‌ നിന്ന് അകറ്റിയത് എന്തിനാണ് എന്ന ചോദ്യവും ഉയർന്നു കേട്ടു. സോളിഡാരിറ്റിയും എസ് ഡി പി ഐ യുമാണോ ഇന്ത്യയിലെ ഫാസിസത്തിന്റെ ഇരകൾ?. മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായി പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗോ സുന്നി, മുജാഹിദ് തുടങ്ങിയ മത സംഘടനകളോ ഇത്തരമൊരു പരിദേവനം ഉയർത്തിയില്ല എന്നതും ശ്രദ്ധേയമാണ്. കൈവെട്ട് ഫാസിസത്തിന്റെ വക്താക്കളായ എസ് ഡി പി ഐ ഫാസിസത്തിനെതിരായ മനുഷ്യ സംഗമത്തെ എതിർക്കുന്നത് മനസ്സിലാക്കാം. എന്നാൽ കൈവെട്ടി മാറ്റപ്പെട്ട ജോസഫിന് രക്തം നല്കാൻ തയ്യാറായ ഒരു കൂട്ടം ചെറുപ്പക്കാരെ പ്രതിനിധാനം ചെയ്യുന്ന സോളിഡാരിറ്റി അവരുടെ സംഘടനാസ്വത്വത്തിലധിഷ്ടിതമായ ഈഗോയെ തൃപ്തിപ്പെടുത്താൻ വേണ്ടിയല്ലേ അണിയറയ്ക്ക് പിറകിൽ നിന്ന് കൊണ്ട് ഒരു സമാന്തര സംഗമം സംഘടിപ്പിച്ചത്?.

സോളിഡാരിറ്റിക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ സ്വത്വം  സോളിഡാരിറ്റി മാത്രമാണ്. അത് വിട്ടൊരു സ്വത്വം അവർക്കില്ല. മുസ്‌ലിം സ്വത്വം എന്ന് അവർ വിളിക്കുന്നത്‌ സോളിഡാരിറ്റി സ്വത്വത്തെയാണ്‌. അതായത്കേരളത്തിന്റെ സാംസ്കാരിക രംഗത്ത് തങ്ങളുടെ സാന്നിധ്യം ഏത് വിധേനയും ഉറപ്പാക്കുന്ന സ്വത്വമോഹം.  കൊച്ചിയിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ സ്വാഗതം പറയാനോ അധ്യക്ഷത വഹിക്കാനോ നോട്ടീസിൽ പേര് വെച്ച് ഏതെങ്കിലും ഒരു സോളിഡാരിറ്റി നേതാവിനെ വിളിച്ചിരുന്നെങ്കിൽ മറ്റ് ബാക്കിയെല്ലാ മുസ്‌ലിം സംഘടനകളെ മാറ്റി നിർത്തിയാലും അവർ പരാതിപ്പെടുകയില്ലായിരുന്നു. അങ്ങനെയെങ്കിൽ കോഴിക്കോട്ടെ അമാനവ സംഗമം ഉണ്ടാവുകയും ചെയ്യില്ലായിരുന്നു. കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിൽ  സോളിഡാരിറ്റിയുടെ പതാകയില്ലാത്ത ഒരു പരിപാടി അവർക്ക് സ്വപ്നത്തിൽ പോലും ദഹിക്കില്ല. മാധ്യമം പത്രവും ആഴ്ചപ്പതിപ്പും നല്കുന്ന സ്പേസും സോളിഡാരിറ്റിയുടെ പോഡിയങ്ങളും ശക്തമായ ഒരു പ്രലോഭനമായി മാറുമ്പോൾ അവർ എന്ത് ഉടായിപ്പുകൾ കാട്ടിയാലും അതിന് ചില ഇടത് ലിബറൽ ചിന്തകരുടെ പിന്തുണ കിട്ടുമെന്നത് ഉറപ്പാണ്. കലശലായ രോഗമുണ്ടെന്ന് സംശയിക്കത്തക്കവിധം അസ്വാഭാവിക ചേഷ്ടകളുമായി മാടമ്പള്ളിയിലെ പൂമുഖത്ത് അത്തരം ചിന്തകർ കസേരയിട്ട് ഇരിക്കുമെങ്കിലും യഥാർത്ഥ രോഗികൾ അവരല്ല.  മാനവികതയെ ഫക്ക് ചെയ്യണം എന്ന് പ്ലക്കാർഡിലെഴുതി മുദ്രാവാക്യം വിളിക്കുന്ന ഒരു പറ്റം ആളുകൾക്ക് എങ്ങിനെയാണ് ഒരു ബഹുസ്വര ജനാധിപത്യ സമൂഹത്തിന്റെ താളാത്മകതയെ ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഇടപെടലുകൾ നടത്താൻ കഴിയുക. ഫാസിസത്തെ എതിർക്കാൻ മാനവിക വിരുദ്ധരായ ഇത്തരം ആളുകളുടെ സഹായം തേടുന്നതല്ലേ കൂടുതൽ അപകടകരം.


കൊച്ചിയിലെ മാനവ സംഗമത്തിൽ നല്കിയ ബാഡ്ജിൽ റിലീജിയൻ എന്ന കോളത്തിൽ Not Applicable എന്നെഴുതിയത് സ്വത്വ നിഷേധമാണെന്നും മത നിരാസമാണെന്നും പലരും എഴുതിക്കണ്ടു.  Not Applicable എന്ന് പറഞ്ഞാൽ മതം വേണ്ട എന്നല്ല, മതം ഏതെന്നത്‌ ബാധകമല്ല എന്നാണ്. ഹിന്ദുവാണോ മുസ്ലിമാണോ കൃസ്ത്യാനിയാണോ അതല്ലെങ്കിൽ ഇതൊന്നുമല്ലാത്ത നിരീശ്വര വാദിയാണോ എന്നതൊന്നും ഫാസിസത്തിനെതിരായ പോരാട്ടത്തിൽ പ്രസക്തമല്ല എന്നർത്ഥം. ആ കോളം സ്വത്വ നിരാസമല്ല, മറിച്ച് 'മനുഷ്യ സ്വത്വ'ത്തെ വളരെ സമർത്ഥമായി മുന്നോട്ട് വെക്കുന്ന ഒരടയാളപ്പെടുത്തലായി വായിക്കുകയായിരുന്നു നല്ലത്. പേപ്പട്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ കൂടിയ ആളുകളുടെ തൊപ്പിയോ തലപ്പാവോ കൃപാണമോ അല്ല പ്രധാനം, സുറി നോക്കി എറിയാൻ കഴിയുന്നുണ്ടോ എന്നത് മാത്രമാണ്.

കൊച്ചിയിലെ മനുഷ്യസംഗമം സംഘാടനത്തിലെ താളപ്പിഴകൾ കൊണ്ട് അവതാളമായി എന്നത് നേരാണ്. മുഖ്യ സംഘാടകരിൽ ഒരാൾ തന്നെ പരിപാടി നടന്നു കൊണ്ടിരിക്കെ വേദിയിലേക്ക് ഇരച്ചു കയറി 'സ്വത്വ പ്രതിസന്ധി' ഉണ്ടാക്കി. ഞാൻ മുസ്ലിമല്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ആ പ്രസംഗം തുടങ്ങുന്നത്  'പരമ കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തി'ലായിരുന്നു എന്ന വൈചിത്ര്യവും അവിടെ കേട്ടു.  ഹിസ്റ്റീരിയ  ബാധിച്ചത് പോലെ അനവസരത്തിൽ  'മുസ്‌ലിം സ്വത്വം' അദ്ദേഹത്തിൽ നിന്ന് പുറത്തു ചാടുന്നതായാണ് ഭൂരിപക്ഷം ആളുകൾക്കും അനുഭവപ്പെട്ടത്. സംഘാടകർക്കിടയിൽ തന്നെ പരിപാടിയുടെ ഘടനയും രൂപവും സംബന്ധിച്ച ആശയ വ്യക്തത ഉണ്ടായിരുന്നില്ല എന്നത് ഈ മഹാ സംഗമത്തിന്റെ നിറം കെടുത്തി എന്നത് പറയാതെ വയ്യ.  എന്നിരുന്നാലും ഫാസിസത്തിനെതിരായ ഇത്തരമൊരു മനുഷ്യക്കൂട്ടായ്മ അനിവാര്യമായിരുന്നു. അതിന്റെ തുടർ അലയൊലികൾ സമൂഹത്തിൽ ഇനിയും ഉണ്ടാവണം.


ഞാനൊരു മതവിശ്വാസിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ആ മതവിശ്വാസം  മാനവികതയെ ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമാകുന്നതിനെ തടയുന്നില്ല. മറിച്ച് അത്തരം പോരാട്ടങ്ങളുടെ ഭാഗമാവാൻ കൂടുതൽ പ്രേരണ നല്കുകയാണ് ചെയ്യുന്നത്. "ഹേ മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു" എന്നതാണ് വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന മാനവിക കാഴ്ചപ്പാട്. മുസ്ലിംകളേ എന്നല്ല മനുഷ്യരേ എന്നാണ് സംബോധന. 'നിങ്ങളെല്ലാവരും ആദമിന്റെ മക്കളാണ്, ആദമാകട്ടേ, മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനും' എന്നാണ് പ്രവാചകന്റെ മാനവിക വിശദീകരണം.   മാനവികതയെ ഫക്ക് ചെയ്തു കൊണ്ട് സംരക്ഷിക്കേണ്ട ഒന്നല്ല എന്റെ വിശ്വാസത്തിന്റെ അടിത്തറയെന്ന് പൂർണ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ ഒരു മനുഷ്യനായി തന്നെ പങ്കെടുക്കാൻ കഴിയും. മത വിശ്വാസത്തെ ഒരു മാനവിക അടിത്തറയിൽ ശുദ്ധീകരിക്കുന്ന ഏത് മത വിശ്വാസിക്കും അവന്റെ മത സ്വത്വം അഴിച്ച് വെക്കാതെ തന്നെ മനുഷ്യരുടെ കൂട്ടത്തിൽ കൂടുന്നതിന് പ്രയാസമുണ്ടാകില്ല എന്നർത്ഥം. മുസ്ലിമിനെന്ന പോലെ ഹിന്ദുവിനും ക്രിസ്ത്യാനിക്കുമൊക്കെ അത് സാധിക്കും. അതുകൊണ്ട് മനുഷ്യ സംഗമത്തിലേക്ക്‌ ഹിന്ദുവിനെയും മുസ്ലിമിനേയും കൃസ്ത്യാനിയേയും വെവ്വേറെ വിളിക്കേണ്ടതില്ല. മനുഷ്യരെ മൊത്തത്തിൽ വിളിച്ചാൽ മതി. സോളിഡാരിറ്റിയുടെ കൊടി പിടിക്കുമ്പോൾ മാത്രമാണ് ഒരാൾ മുസ്ലിമും മനുഷ്യനുമാകുന്നത് എന്ന് വരുന്നത് ഫാസിസത്തിന്റെ മൂർത്തമായ മറ്റൊരു രൂപമാണ്.  

കേരളത്തിന്റെ സവിശേഷമായ സാംസ്കാരിക ഭൂമികയിൽ സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തി കുറച്ചു കാണുന്നില്ല. മുസ്‌ലിം സമൂഹത്തിലെ മറ്റു യുവജന സംഘടനകളുമായി തട്ടിച്ചു നോക്കുമ്പോൾ സോളിഡാരിറ്റിയുടെ അംഗ ബലം വളരെ കുറവാണ്. എന്നാൽ കർമ രംഗത്ത് ക്രിയാത്മകമായ പല ചലനങ്ങളും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.  അംഗ സംഖ്യയുടെ ദൗർബല്യത്തെ സാമൂഹ്യ ഇടപെടലുകളുടെ ശക്തിയാൽ മറികടക്കാൻ പലപ്പോഴും അവർക്കായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷേ,    അടിയന്തിരമായി സോളിഡാരിറ്റി ചെയ്യേണ്ടത് സ്വന്തം സ്വത്വം എന്ത് എന്ന് സ്വയം തിരിച്ചറിയുകയാണ്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തിൽ അതിന്റെ ബഹുസ്വരതയേയും ആ ബഹുസ്വരത ഉയർത്തുന്ന മാനവികതയേയും ഉൾക്കൊണ്ട്‌ കൊണ്ടുള്ള ഒരു യുവജന പ്രസ്ഥാനമായി മാറണമോ, അതോ ആ മാനവികതയെ ഫക്ക് ചെയ്തു കൊണ്ട് രാഷ്ട്രീയ ഇസ്‌ലാമിന്റെ സംസ്ഥാപനത്തിന് വേണ്ടി മതേതര പൊയ്മുഖം അണിഞ്ഞുള്ള സർക്കസ്സ് തുടരണമോ?. ഇത് രണ്ടിലൊന്നിൽ  സോളിഡാരിറ്റി തങ്ങളുടെ സ്വത്വം ഉറപ്പിക്കണം. ഈ രണ്ടിടത്തും സൗകര്യം പോലെ ഉപയോഗിക്കാവുന്ന ഒരു ദ്വന്ദസ്വത്വം കൊണ്ട് നടക്കുന്നത് അമാനവ സംഗമം നടത്തിയത് പോലുള്ള സ്വത്വ പ്രതിസന്ധിയിൽ (identity crisis) സംഘടനയെ കൊണ്ടെത്തിക്കും എന്നതിൽ സംശയമില്ല. പറഞ്ഞു വന്നതിന്റെ ബോട്ടം ലൈൻ ഇതാണ്. ഫാസിസത്തിനെതിരായ ജനകീയ കൂട്ടായ്മയുടെ ശക്തിയെ തെല്ലെങ്കിലും തളർത്തുവാൻ കാരണമായ അമാനവ സംഗമവും അനുബന്ധ ബഹളങ്ങളും ഉണ്ടാക്കിയ മാടമ്പള്ളിയിലെ യഥാർത്ഥ രോഗി സോളിഡാരിറ്റി തന്നെയാണ്. നാഗവല്ലിയെ ആവാഹിച്ച  ഗംഗയിലെ ദ്വന്ദവ്യക്തിത്വത്തെപ്പോലെ ഒരു ഇരട്ട മുഖം അവർക്കുണ്ട്. 'വിടമാട്ടെ' എന്ന അലർച്ചയോടെ ആ മുഖം പലപ്പോഴും അവരയറിയാതെ പുറത്ത് ചാടുന്നുണ്ട്. അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാക്കേണ്ടതും അവർക്ക് തന്നെയാണ്.

Recent Posts
This is Me!.. Mediaone Weekend Arabia Episode
നന്ദിയുണ്ട് പ്രിയരേ, നന്ദി
തട്ടമിടാത്ത പുസ്തകത്തെക്കുറിച്ച്