ബൽറാമിനോട് അടി ഇരന്ന് വാങ്ങിയ കെ സുരേന്ദ്രൻ

ഇത് പോലൊരു അടി കെ സുരേന്ദ്രന് തന്റെ ജീവിതത്തിൽ മറ്റാരിൽ നിന്നും കിട്ടിയിരിക്കാൻ ഇടയില്ല. മാസ്സ് അടി. സൽമാൻ ഖാന്റെ ദബാങ്ങ് ചിത്രങ്ങളിൽ പോലും ഇത്ര പഞ്ചുള്ള ഒരടി കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ സെൻസിബിളായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരാളാണ് വി ടി ബൽറാം. സാധാരണ രാഷ്ട്രീയ നേതാക്കളിൽ കണ്ടു പരിചയമില്ലാത്ത എഴുത്തും ഭാഷാ ചാതുരിയും കൊണ്ട് നവ മാധ്യമങ്ങളിൽ  പലപ്പോഴും തരംഗമുയർത്താറുണ്ട് ബൽറാം. എന്ത് കൊണ്ടും ഒരു ന്യൂ ജനറേഷൻ പൊളിറ്റീഷ്യൻ എന്ന് വിളിക്കാവുന്ന നേതാവ്. സുരേന്ദ്രനും മോശക്കാരനല്ല. ബി ജെ പി നിരയിലെ ഏറ്റവും സമർത്ഥനായ യുവ നേതാവാണ്‌. കാര്യങ്ങൾ കുറിക്ക് കൊള്ളുന്ന രൂപത്തിൽ പറഞ്ഞവതരിപ്പിക്കാൻ സുരേന്ദ്രന് അനിതര സാധാരണമായ കഴിവുണ്ട്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.  അതൊന്നും ബൽറാമിന്റെ അടുത്ത് വിലപ്പോയില്ല. 'കളിക്കേണ്ടവരോട് കളിക്കണം. അതല്ലെങ്കിൽ ചെകിടടക്കി കിട്ടും എന്ന് പണ്ടുള്ളവർ പറഞ്ഞ പോലായി കാര്യങ്ങൾ.  എല്ലാത്തിന്റെയും തുടക്കം ബി ജെ പി  ദേശീയ പ്രസിഡന്റ്‌ അമിത് ഷായുടെ (ബൽറാമിന്റെ ഭാഷയിൽ അമിട്ട് ഷാജി) ഒരു പ്രസ്താവനയിൽ നിന്നാണ്. ഇരുപത്തിയഞ്ച് കൊല്ലം കാത്തിരുന്നാലേ ഞങ്ങൾ പറഞ്ഞ 'അച്ഛാ ദിൻ' കടന്നു വരൂ എന്ന് പുള്ളി പ്രസ്താവിച്ചു. 'അച്ഛാ ദിൻ' എന്ന് കേൾക്കുന്നിടത്തൊക്കെ ബി ജെ പിക്കാരും സംഘികളും തലയിൽ മുണ്ടിട്ട് നടക്കുന്നതിനിടയിലാണ് അമിത് ഷായുടെ ഈ അമിട്ട് പൊട്ടിയത്. മോദിജിയുടെ ഒരു വർഷത്തെ ഭരണം കൊണ്ട് തന്നെ  ജനങ്ങൾ പൊറുതിയില്ലാതെ ചെയ്തു പോയ വോട്ടിനെ ശപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ഇരുപത്തിയഞ്ച് കൊല്ലം കൂടി ക്ഷമിക്കുവാൻ ബി ജെ പി പ്രസിഡന്റ്‌ ആജ്ഞാപിക്കുന്നത്. പോരേ പൂരം.

അമിത് ഷായുടെ പ്രസ്താവനയോട് ബൽറാം ഇങ്ങനെ പ്രതികരിച്ചു. 

"അതായത്‌ ഇപ്പോഴുള്ള സംഘികളും സംഘിണികളും ഒക്കെ കല്ല്യാണം കഴിച്ച്‌ ആർഷ ഫാരത സംസ്ക്കാര പ്രകാരമുള്ള മാതൃകാകുടുംബങ്ങളുണ്ടാക്കി അവർക്ക്‌ പുതിയ സംഘിക്കുഞ്ഞുങ്ങൾ ഉണ്ടായി അവർക്ക്‌ പ്രായപൂത്രി ആയാലും അച്ഛേ ദിൻ എന്നത്‌ ഡംഭുമാമയുടേയും അമിട്ട്‌ ഷാജിയുടേയും ഒരു ചുനാവി ജുംലയായിത്തന്നെ അവശേഷിക്കും എന്ന് സാരം. പകച്ചു പോയി എന്റെ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം."

ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി ഈ സ്റ്റാറ്റസ് തരംഗ മുയർത്തുന്നതിനിടയിൽ ബൽറാമിന്റെ തന്നെ രണ്ടാമത്തെ സ്റ്റാറ്റസുമെത്തി. അതിങ്ങനെയായിരുന്നു.

"ഞങ്ങൾ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാൻ പാടില്ല.
അതുകൊണ്ട്‌ ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വെച്ചാൽ അമിട്ട്‌ ഷാജിയോട്‌ നേരിട്ട്‌ ചോദിച്ച്‌ പറഞ്ഞ്‌ തന്നാൽ മതി, എന്നാണു ഈ അച്ഛാ ദിൻ ശരിക്കും വരിക എന്ന്. കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ്‌ പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്‌".

സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ബീഫ് പ്രസ്താവനയുടെ ശൈലിയിൽ പരിഹാസത്തിന്റെ കൊടുമുടി കയറിയ ഈ സ്റ്റാറ്റസും വായിച്ചതോടെയാണ് പാവം സുരേന്ദ്രൻ ബൽറാമിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചത്. ദോഷം പറയരുതല്ലോ, സുരേന്ദ്രന്റെ പ്രതികരണവും ഒന്നാന്തരമായിരുന്നു.



"ബലരാമാാാ..
ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍, ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോന്‍ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷാ. ചത്തുപോയ കോണ്‍ഗ്രസ്സിന് 25 കൊല്ലം കഴിഞ്ഞാലും ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ബലരാമന് താമസിയാതെ ബോധ്യമാവും."

ബി ജെ പി പ്രവർത്തകർക്ക് വിസിലടിക്കാൻ ആവേശം നല്കുന്ന വരികൾ. ബൽറാമിനെ കണക്കിന് പരിഹസിക്കുന്ന ആ സ്റ്റാറ്റസ് അവർ വേണ്ടത്ര ആഘോഷിച്ചു. ലൈക്കുകളും ഷെയറുകളും നല്കി പ്രോത്സാഹിപ്പിച്ചു.  അപ്പോഴതാ വരുന്നു, ബൽറാമിന്റെ ഒടുക്കത്തെ അടി. അതോ, സുരേന്ദ്രന്റെ അതേ സ്റ്റാറ്റസിന് താഴെ.


>>>ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം.<<<  പ്രിയ കൈരേഖ സുരേട്ടാ... ഇങ്ങനെ ഒരിക്കലും നടക്കാത്ത ഒരു പ്രീകണ്ടീഷന്‍ വെച്ചിട്ടാണോ നിങ്ങള്‍ അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനിറങ്ങിയത്? ഇനി അതെല്ലാം ജയിച്ചാല്‍പ്പിന്നെ ഐക്യരാഷ്ട്രസഭയില്‍ക്കൂടി ജയിച്ചെങ്കില്‍ മാത്രമേ വാഗ്ദാനം പാലിക്കാന്‍ പറ്റൂ എന്നും അമിട്ട് ഷാജി പറഞ്ഞേക്കുമോ ആവോ? അല്ലെങ്കില്‍ത്തന്നെ ഡംഭുമാമ സത്യപ്രതിജ്ഞ ചെയ്ത അന്നുതൊട്ട് അച്ഛേ ദിന്‍ തുടങ്ങിയെന്നായിരുന്നല്ലോ ഇത്രേം നാളും സംഘിക്കുഞ്ഞുങ്ങള്‍ വിജൃംഭിച്ചിരുന്നത്. എന്നിട്ടിപ്പോ പെട്ടെന്ന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരിച്ചറിവ് ഉണ്ടായത് എന്തുകൊണ്ടാണ്? പിന്നെ ഞാന്‍ ജയിച്ചത് 500 വോട്ടിനല്ല, 3197 വോട്ടിനാണ്. അങ്ങനെയുള്ള ജനവിധിയുടെ മഹത്വം അറിയണമെങ്കില്‍ ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ സ്വയം ജയിച്ച് കാണിക്കണം. കാസര്‍ക്കോട് തൊട്ട് തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പില്‍ താങ്കളും രായേട്ടനുമൊക്കെ മാറിമാറി മത്സരിച്ചിട്ടും പോകുന്ന നാട്ടിലൊക്കെ മനുഷ്യര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ തലയറുക്കുന്ന തരത്തിലുള്ള വര്‍ഗീയഭ്രാന്ത് ആളിക്കത്തിച്ചിട്ടും ഇന്നേവരെ ഒരുസീറ്റില്‍പ്പോലും ജയിക്കാത്തത് ഈ നാടിന്റെ നന്മയാണ്. പിന്നെ വിഷകല ടീച്ചറൊഴിച്ച് വേറേതൊരു ടീച്ചറില്‍ നിന്നും എന്തും പഠിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുകാലത്ത് ടീവിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിക്കൊന്നും അധികം കാണുന്നില്ലല്ലോ? സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!"

ഈ മറുപടി വന്നതോടെ പുലിമടയിൽ കൊണ്ടുപോയി തലവെച്ചു കൊടുത്ത കരിങ്കുരങ്ങിന്റെ പരുവത്തിലായി കെ സുരേന്ദ്രൻ 'സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ' എന്ന ബൽറാമിന്റെ ഒടുക്കത്തെ പഞ്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചാനലുകളിൽ അവതാരകന്മാരോട് തട്ടിക്കയറി ജയിക്കുന്നത് പോലെ ഈസിയായി അങ്ങ് 'ബലരാമനെ' മലർത്തിയടിച്ചു കളയാം എന്ന് കരുതിയിടത്താണ് 'സുരുഷൂന്' പിഴച്ചത്. ആള് മാറിപ്പോയി. അമ്പലത്തിനേക്കാൾ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞത് പോലെ സുരേന്ദ്രന്റെ സ്റ്റാറ്റസിന് കിട്ടിയ ലൈക്കിനെക്കാൾ കൂടുതലായി അതിന് താഴെയുള്ള ബൽറാമിന്റെ കമന്റിന് കിട്ടിയ ലൈക്കുകൾ. സുരേന്ദ്രൻ മറ്റൊരു മറുപടിയുമായി എത്തുമോ എന്നറിയില്ല. സാധ്യത കുറവാണ്. ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ഗുണം എന്നാണല്ലോ.  ഏതായാലും സോഷ്യൽ മീഡിയയിലെ ഈ വാക്ക് യുദ്ധം ചരിത്രാന്വേഷകർക്ക് ഒരു രേഖയായി കിടക്കട്ടെ എന്ന് കരുതിയാണ് ഇതിവിടെ ഒരു പോസ്റ്റായി ചേർക്കുന്നത്. സുരേന്ദ്രന് എല്ലാ വിധ ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്ന് കൊണ്ട്..

Recent Posts
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ? 
മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം