ലാലിസം തെളിയിച്ചത് സോഷ്യൽ മീഡിയയുടെ കരുത്ത്

മോഹൻലാലിനെ ഇനിയും ക്രൂശിക്കുന്നതിൽ അർത്ഥമില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനകം ഒരു പുരുഷായുസ്സിൽ കേൾക്കേണ്ടത് മുഴുവൻ അദ്ദേഹം കേട്ടു കഴിഞ്ഞു. സ്റ്റേജ് ഷോകൾ വിജയിക്കുന്നതും പൊട്ടുന്നതും ഒരു പുതുമയുള്ള കാര്യമല്ല. വിജയവും പരാജയവുമൊക്കെ മോഹൻലാലിന്റെ കരിയറിൽ നിരവധിയുണ്ടായിട്ടുണ്ട്. അതിലൊന്നായി ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനെ കണ്ടാൽ മതി. ഈ വിവാദത്തിൽ അദ്ദേഹത്തിൻറെ മനസ്സ് നൊന്തു എന്നത് ശരിയാണ്. താൻ വാങ്ങിയ ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപ സർക്കാരിന് തിരികെ കൊടുക്കുവാൻ അദ്ദേഹം തീരുമാനിച്ചത് ആ മനസ്സിന്റെ വേദനയെ കാണിക്കുന്നുണ്ട്. അത് നാമെല്ലാം മനസ്സിലാക്കുന്നു, ഉൾകൊള്ളുന്നു. അദ്ദേഹത്തിന്റെ  തീരുമാനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.. പ്രിയപ്പെട്ട ലാലേട്ടാ താങ്കളിലെ മഹാനടനെ കേരളം അവമതിച്ചിട്ടില്ല. ഒരിക്കലും അവമതിക്കുകയുമില്ല. താങ്കളിലെ  ഔചിത്യബോധമില്ലാത്ത പാട്ടുകാരനെയാണ് സോഷ്യൽ മീഡിയ  കളിയാക്കിയത്. പരിഹസിച്ചത്‌ ലാലെന്ന അഭിനയ പ്രതിഭയെയല്ല, ലാലിസമെന്ന അസംബന്ധത്തെയാണ്‌. അഭിനയം നന്നായാൽ നന്നായീന്ന് പറയും. പക്ഷേ അഭിനയത്തിനപ്പുറത്ത് നിങ്ങൾ കളിക്കുന്ന എല്ലാ സർക്കസ്സിനും കയ്യടിക്കാൻ ആളെ വേറെ നോക്കണം. അത് താങ്കൾ മനസ്സിലാക്കിയാൽ ഈ മാനസിക വിഷമം പമ്പ കടക്കും.  ഇവിടെ പറയാനുദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്. അതിലേക്ക് കടക്കാം.

വാർത്തകളുടെയും വിശകലനങ്ങളുടെയും കാര്യത്തിൽ പരമ്പാരഗത മാധ്യമങ്ങളുടെ അടിമകളായിരുന്നു നാമിത്ര കാലവും. അവർ ശരിയെന്ന് പറയുന്നത് നാം ശരിയെന്ന് പറയും. അവർ തെറ്റെന്ന് പറയുന്നത് നാം തെറ്റെന്ന് പറയും. അവർ കാണാത്ത വാർത്തകൾ നാം കാണില്ല, അവർ കേൾക്കാത്ത ശബ്ദം നമ്മളും കേൾക്കില്ല. അവർ മുഖം തിരിക്കുന്നവർക്ക് നേരെ നമ്മളും മുഖം തിരിക്കും. അവർ മുഖം കൊടുക്കുന്നവർക്ക് നമ്മൾ മുഖം കൊടുക്കുകയും ചെയ്യും. അതായിരുന്നു ഇത്രകാലവും നമ്മുടെ രീതി, അവരുടെ രീതിയും.. എന്നാൽ കാലം മാറുകയാണ്. നവ മാധ്യമങ്ങൾ കരുത്താർജ്ജിക്കുകയാണ്. ലാലിസം വിവാദവും അതുയർത്തുന്ന ചർച്ചകളും നമ്മെ പഠിപ്പിക്കേണ്ട പാഠമതാണ്. അത് മാത്രമാണ് ഈ വിവാദത്തിന്റെ ഏറ്റവും പ്രസക്തമായ ബാക്കിപത്രം. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രതിഫലിച്ച അഭിപ്രായങ്ങൾ കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങൾ പൂഴ്ത്തി വെക്കാൻ ശ്രമിച്ച അഭിപ്രായങ്ങളാണ്. ജനങ്ങളുടെ അഭിപ്രായം പത്രത്താളുകളുടെ അതിരുകൾ ഭേദിച്ച് എങ്ങിനെ പുറം ലോകത്ത് എത്തുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് സോഷ്യൽ മീഡിയ കാണിച്ചു തന്നത്.

സർക്കാറിൽ നിന്ന് വേണ്ടത്ര പരസ്യം കിട്ടിയത് കൊണ്ട് അതിനുള്ള നന്ദിപ്രകടനമെന്ന നിലയ്ക്ക് ഓച്ചാനിച്ച് വാലാട്ടി നില്ക്കുകയായിരുന്നു കേരളത്തിലെ പത്രമാധ്യമങ്ങൾ. പക്ഷേ സോഷ്യൽ മീഡിയക്ക് അത്തരമൊരു വിധേയത്വം കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബോറായത് ബോറാണ് എന്ന് തന്നെ അവർ തുറന്നു പറഞ്ഞു. കാരണം അവർ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിരുന്നില്ല. ഒരു മുതലാളിയുടെ പരസ്യവും അവരുടെ പേജുകളിൽ തൂങ്ങിയാടിയിരുന്നില്ല. ലാലിന്റെ പരിപാടി ക്ഷമിക്കാവുന്നതിലും അപ്പുറം ബോറായിത്തുടങ്ങിയപ്പോൾ തന്നെ അവർ സോഷ്യൽ മീഡിയയിലൂടെ അത് തുറന്നു പറഞ്ഞു. അതാരും മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രചാരണ ക്യാമ്പയിൻ ആയിരുന്നില്ല. കണ്ട കാര്യം തുറന്ന് പറയാൻ സോഷ്യൽ മീഡിയയിൽ ആർക്കും ആരുടേയും അനുമതിക്ക് കാത്ത് നില്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാൽ പിറ്റേ ദിവസം പുറത്തിറങ്ങിയ പത്രങ്ങളെല്ലാം വാലാട്ടിയും ചുഴറ്റിയും എത്രമാത്രം വിധേയത്വം കാണിച്ചു എന്നതിന് അവരുടെ പ്രിന്റുകൾ സാക്ഷിയാണ്. പിറ്റേ ദിവസത്തെ പത്രങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ ഞാനെന്റെ എഫ് ബി പേജിൽ കുറിച്ച വരികൾ ഇവിടെ പകർത്തട്ടെ.  

പത്രങ്ങളിൽ കണ്ടത്.. 
മലയാളത്തിന്റെ മഹാനടൻ അവതരിപ്പിച്ച ലാലിസം ദൃശ്യവിരുന്ന് ചടങ്ങിന് മാറ്റ് കൂട്ടി. ആരവങ്ങളുടെ സാഗരമായി കിളിക്കൂട്‌.. ലാലിസത്തിന്റെ പാട്ടുകൾ ഒഴുകിയെത്തിയപ്പോൾ കൈക്കുടന്ന നിവർത്തി നില്ക്കുകയായിരുന്നു കാണികൾ.. (ഹെന്റമ്മോ...)

സോഷ്യൽ മീഡിയയിൽ കണ്ടത്.. 

രണ്ട് കോടി കൊടുത്തിരുന്നെങ്കിൽ മാണി ഇതിലും നന്നായി പാടുമായിരുന്നു!!.. (ആയിരക്കണക്കിന് സമാനമായ കമന്റുകൾ.. അതിലൊരെണ്ണം പോലും 'ലാലിസത്തെ കൈക്കുടന്ന നിവർത്തി' വരവേറ്റില്ല). ഇതാണ് പത്രങ്ങളും സോഷ്യൽ മീഡിയയും തമ്മിലുള്ള വ്യത്യാസം.. ജനങ്ങളുടെ പൾസ് അറിയാൻ സോഷ്യൽ മീഡിയ നോക്കണം.. വളിച്ച സാഹിത്യം വായിക്കാൻ പത്രങ്ങളും..


സോഷ്യൽ മീഡിയ ഇല്ലായിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിച്ചു നോക്കൂ.. ലാലിസത്തെ വാനോളം പുകഴ്ത്തി പത്രങ്ങൾ മഹാഗീതങ്ങൾ രചിക്കും. ഇതുപോലെ മനോഹരമായൊരു കലാവിരുന്ന് ലോകം കണ്ടിട്ടില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കും. ലാലിസം അടുത്ത സർക്കാർ പരിപാടിയിൽ നാല് കോടി കൊടുത്ത് അവതരിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും.  സർക്കാരിൽ നിന്ന് വീണ്ടും വീണ്ടും പത്രങ്ങൾക്ക് പരസ്യം കിട്ടും. ആ കാശും വാങ്ങി ചിറിയും തുടച്ച് അവർ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങൾ നടത്തും. ആ ഒരു സെനാരിയോ മാറ്റിയെഴുതിയത് നവമാധ്യമങ്ങളിലൂടെ പ്രതികരിച്ച ആയിരക്കണക്കിന് സാധാരണക്കാരാണ്. അവരുടെ വരികളിൽ ചില പ്രയോഗ വൈകല്യങ്ങൾ കാണുമായിരിക്കാം. മോഹൻ ലാലിനെപ്പോലൊരു മഹാനടന് നേരെ ഉപയോഗിക്കാൻ പാടില്ലായിരുന്ന ചില പദങ്ങൾ ഉണ്ടായിരുന്നിരിക്കാം. തെറ്റുകൾ തിരുത്തിയും തിരിച്ചറിഞ്ഞും മുന്നോട്ട് പോകുവാൻ സോഷ്യൽ മീഡിയയിലെ സാധാരണക്കാർക്ക് അല്പം സാവകാശം നമുക്ക് നൽകിയേ മതിയാവൂ.. പത്രമുത്തശ്ശിമാരെപ്പോലെ നൂറ്റാണ്ടിന്റെ എഴുത്ത് പാരമ്പര്യം ഉള്ളവരല്ല അവർ. ബിരുദവും ബിരുദാനന്തര ബിരുദവും ജേർണലിസവും കഴിഞ്ഞവരുമല്ല അവർ.. നവമാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങുമ്പോഴുള്ള ചില പാകപ്പിഴവുകൾ മാത്രമാണത്. പോരായ്മകൾ പലതും കാണുമെങ്കിലും ആ പ്രതികരണങ്ങളിൽ ആരുടേയും ചെരുപ്പ് നക്കുന്ന വിധേയത്വം കാണില്ല, ആർക്കും കൂട്ടിക്കൊടുപ്പ് നടത്തുന്ന ചെറ്റത്തരവും ഉണ്ടാകില്ല.

ഇതൊരു പാഠമായിരിക്കട്ടെ. ഒരു പത്രം കയ്യിലുണ്ടെങ്കിൽ ഈ ഭൂമി തലകീഴായി മറിക്കാം എന്ന് കരുതിയിരുന്ന കാലം കഴിഞ്ഞു പോയി മക്കളേ. നവ മാധ്യമങ്ങളിലൂടെ ജനവികാരം ജനങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. വരും കാലത്തിന്റെ പ്രതികരണങ്ങളിലും മാറ്റങ്ങളിലും നവമാധ്യമങ്ങളുടെ കൂടി പങ്കുണ്ടാകും. പത്രങ്ങളും പരമ്പരാഗത മാധ്യമങ്ങളും നാട് നീങ്ങും എന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. വാർത്തകളെയും വസ്തുതകളെയും പാടേ കുഴിച്ചു മൂടാൻ മാധ്യമ സിംഹങ്ങളേ, നിങ്ങൾക്കിനി കഴിയില്ല എന്ന് മാത്രമാണ്. വാർത്തകൾ നിങ്ങളുടെ ചൊൽപ്പടിയിൽ നില്ക്കുന്ന കാലം കഴിഞ്ഞു പോയി. നവമാധ്യമങ്ങളുടെ തേരോട്ടക്കാലമാണ് ഇനി വരാൻ പോകുന്നത്.  ലാലിസം എപ്പിസോഡിൽ നിന്നും മോഹൻലാലിനേക്കാൾ കൂടുതൽ പാഠം പഠിക്കേണ്ടത് പരമ്പരാഗത  മാധ്യമങ്ങളാണെന്നതാണ് ഇപ്പറഞ്ഞതിന്റെ ചുരുക്കം. സമൂഹം മാറുകയാണെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറാൻ ശ്രമിക്കാത്ത പക്ഷം പഴയ പ്രതാപത്തോടെ ഒരിഞ്ച് പിടിച്ചു നില്ക്കാൻ കഴിഞ്ഞുവെന്ന് വരില്ല. ഓർക്കുക, നവമാധ്യമങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്റുകൾ നിങ്ങളെ ഇനിയും കാത്തിരിക്കുന്നുണ്ട്. 

Recent Posts
10 Facts Subramaniam Swamy should know about Malappuram
പ്രവാചകനെ സ്നേഹിച്ചോളൂ, പക്ഷേ മനുഷ്യരെ കൊല്ലരുത് 
കൈരളിക്ക് പുതിയ അക്കിടി. ബ്രിട്ടാസേ ചിരിപ്പിച്ച് കൊല്ലല്ലേ.