August 31, 2014

ഫറസാൻ ദ്വീപിലേക്ക്

ഏറെക്കാലമായി മനസ്സിലുള്ള ഒരാഗ്രഹമായിരുന്നു ഫറസാൻ ദ്വീപ്‌ സന്ദർശിക്കുക എന്നത്. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജിസാൻ തീരത്ത് നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റർ അകലത്തിൽ ചിതറിക്കിടക്കുന്ന നിരവധി ദ്വീപുകളുടെ ഒരു കൂട്ടം.  ചരിത്രത്തിന്റെ ഗതകാല ഓർമകളിൽ പോർച്ചുഗീസ്, ഓട്ടോമൻ അധിനിവേശങ്ങളുടെ കഥ പറയുന്ന കടൽ തുരുത്തുകൾ. രേഖപ്പെടുത്തപ്പെട്ടതും അല്ലാത്തതുമായ ചരിത്ര സംഭവങ്ങളിൽ കടൽ കൊള്ളക്കാരുടെയും സാഹസിക നാവികരുടേയും കീഴടക്കലുകളും സംഘട്ടങ്ങളും നിറഞ്ഞു നില്ക്കുന്ന ചെങ്കടലിന്റെ നിഗൂഡ തീരങ്ങൾ.. അന്തമാനിലേക്കെന്ന പോലെ പഴയ കാലത്ത് കള്ളന്മാരെയും രാഷ്ട്രീയ തടവുകാരെയും നാടുകടത്തിയിരുന്ന ഒറ്റപ്പെട്ട ദ്വീപുകൾ..  ആൾകൂട്ടങ്ങളുടെ ബഹളങ്ങളും നാഗരിക ജീവിതത്തിന്റെ തിരക്കുകളും മടുപ്പുളവാക്കുമ്പോൾ ഒറ്റപ്പെട്ട ഇത്തരം പ്രദേശങ്ങളിലേക്കും തുരുത്തുകളിലേക്കും നടത്തുന്ന യാത്രകൾ ജീവിതത്തിന് പുതുമയുള്ള ചില നിറക്കൂട്ടുകൾ നല്കും.. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവങ്ങളില്ലെങ്കിലും കാതടിപ്പികുന്ന ശബ്ദങ്ങളുടെ ആഘോഷങ്ങളില്ലെങ്കിലും മനസ്സിലും ചിന്തയിലും  ഇത്തിരി ശുദ്ധ വായു നിറയ്ക്കും... ഓർമയിൽ തങ്ങി നില്ക്കാൻ ചില മുഹൂർത്തങ്ങൾ സമ്മാനിക്കും.

August 26, 2014

പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്

കുട്ടിക്കാലത്തെ ഒരു സംഭവമാണ്. കർണാടകയിലെ ദാവണ്‍ഗരെയിൽ.. അവധിക്കാലത്ത് ഞങ്ങൾ അവിടെയായിരിക്കും. ഉപ്പക്ക് അവിടെ കച്ചവടമാണ്. ഒരു ഹോട്ടലും രണ്ട് കടകളുമുണ്ട്. അങ്ങിനെ ഒരവധിക്കാലത്താണ് സംഭവം. ഒരു ദിവസം കാലത്ത് ഉപ്പയുടെ എളാപ്പയുടെ മകൻ ബഷീർക്കയും ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഹസ്സൻക്കയും സൈക്കിളുമായി വന്നു. "വാ നമുക്ക് പുഴയിൽ കുളിക്കാൻ പോകാം.." ബഷീർക്ക പറഞ്ഞു. പുഴ, കുളി രണ്ടും അന്നേ വീക്ക്നെസ്സാണ്. ഞാൻ ചാടിപ്പുറപ്പെട്ടു. ബഷീർക്ക പിറകിൽ.. ഞാൻ മുന്നിലെ കുട്ടികൾ ഇരിക്കുന്ന ചെറിയ സീറ്റിൽ. ഹസ്സൻക്ക സൈക്കിൾ ചവിട്ടുന്നു. 'ഹോട്ടലിന് മുന്നിലെത്തിയാൽ സ്പീഡിൽ വിട്ടോ. ഉപ്പ കാണണ്ട'. ഞാൻ ഹസ്സൻക്കയോട് പറഞ്ഞു. പറഞ്ഞ പോലെ ഹസ്സൻക്ക അടിച്ചു മിന്നിച്ചു വിടുകയാണ്. പക്ഷേ ഞങ്ങൾ സൈക്കിളിൽ വരുന്ന  കാഴ്ച  ഹോട്ടലിന് മുന്നിൽ ബീഡി വലിച്ചു നില്ക്കുന്ന ഉപ്പ ദൂരെ നിന്നേ കണ്ടു. ഉപ്പയെ കണ്ടതും ഹസ്സൻക്കയുടെ ചവിട്ടിന്റെ സ്പീഡ് താനേ കുറഞ്ഞു. "സ്പീഡ് കൂട്ട്.. സ്പീഡ് കൂട്ട്".. ഞാൻ ഹസ്സൻക്കയോട് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ സ്പീഡ് കൂടിയില്ല. ഹസ്സൻക്ക ആഞ്ഞ് ചവിട്ടിയിട്ടും നാലഞ്ച് ചെകുത്താന്മാർ ഒരുമിച്ച് സൈക്കിൾ പിറകോട്ട് പിടിച്ചു വലിക്കുന്ന പോലെ..

August 20, 2014

കാന്തപുരത്തിന്റെ ഫേസ്ബുക്ക്‌ !!

അവസാനം അതും സംഭവിച്ചു. കാന്തപുരം ഉസ്താദും ഫേസ്ബുക്കിലെത്തി. എത്തി മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകൾ ഉസ്താദിന് കിട്ടി. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രാദേശിക സെലിബ്രിറ്റികളും  എന്ന് വേണ്ട ഭൂലോക പീഡന വീരത്തികൾ വരെ ഫേസ്ബുക്കിൽ നിറഞ്ഞാടുമ്പോൾ മത പണ്ഡിതൻമാർക്ക് മാത്രമായിട്ട് ഇവിടെ പഞ്ഞമുണ്ടാവുന്നത് ശരിയല്ലല്ലോ.. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് പറഞ്ഞ പോലെ വളരെ രാജകീയമായിത്തന്നെയാണ് ഉസ്താദ് അവർകൾ വന്നിട്ടുള്ളത് (വെരിഫൈഡ് മാർക്ക് ഡ്യൂപ്ലിക്കേറ്റാണെന്ന ഒരൊറ്റ കുറവേ എന്റെ ശ്രദ്ധയിൽ പെട്ടുള്ളൂ) . കേരളത്തിൽ ലക്ഷക്കണക്കിന്‌ അനുയായികളുള്ള സൂപ്പർ ലക്ഷ്വറി പണ്ഡിതനായതിനാൽ അതിന്റെ കെട്ടും മട്ടും സോഷ്യൽ മീഡിയയിലും കാണണമല്ലോ. തുടക്കം മോശമായിട്ടില്ല എന്ന് വേണം പറയാൻ. ലൈക്കുകളും  ഷെയറുകളും വേണ്ടത്ര ലഭിക്കുന്നുണ്ട്. അനുയായികൾ പറന്ന് നടന്ന് പ്രമോട്ട് ചെയ്യുന്നുണ്ട്, ലൈക്ക് അഭ്യർത്ഥിക്കുന്നുണ്ട്. സംഗതി പൊടിപൂരമായി മുന്നോട്ട് പോകുന്നുണ്ട് എന്നർത്ഥം. വിഷയത്തിലേക്ക് വരാം. കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജിനെ പ്രൊമോട്ട് ചെയ്യുവാനോ അതല്ലെങ്കിൽ ഇകഴ്ത്തുവാനോ വേണ്ടിയല്ല ഈ പോസ്റ്റ്‌. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ അരങ്ങേറ്റത്തിന്റെ വെളിച്ചത്തിൽ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പങ്ക് വെക്കുക മാത്രമാണ്.

August 9, 2014

കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...

ഇതൊരു ഗോസ്സിപ്പ് പോസ്റ്റായി എടുത്താൽ മതി. ഗോസ്സിപ്പ് ഇഷ്ടമില്ലാത്തവർ ദാ ഇപ്പോൾ വായന നിർത്തി തിരിച്ചു പോണം. നാവ് പുറത്തിട്ട് മുഴുവൻ വായിച്ചു കഴിഞ്ഞ ശേഷം ബഷീർക്കാ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വിഷയ ദാരിദ്ര്യമുണ്ടല്ലേ തുടങ്ങിയ കമന്റുകൾ പാസ്സാക്കരുത്. പറഞ്ഞേക്കാം.  എനിക്ക് എഴുതുണമെന്ന് ഉൾവിളിയുണ്ടാകുന്ന വിഷയങ്ങളാണ് ഞാൻ എഴുതുന്നത്‌. ഇന്ന് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ തന്നെ ഒരുൾവിളിയുണ്ടായി. ഒരു ഗോസ്സിപ്പ് എഴുതണമെന്ന്. അതിനു വേണ്ട വിഷയങ്ങൾ പരതുമ്പോഴാണ് ബ്രിട്ടാസിന്റെ ഒരു പാട്ട് മുന്നിൽ വന്ന് പെട്ടത്. എന്നാൽ പിന്നെ അതിൽ പിടിച്ചു തൂങ്ങി നോക്കാം എന്ന് കരുതി. അത്രേയുള്ളൂ.. ബ്രിട്ടാസിനോട് പ്രത്യേക വൈരാഗ്യമൊന്നും ഉള്ളത് കൊണ്ടല്ല എന്നർത്ഥം. ബ്രിട്ടാസ് നായകനാകുന്ന വെള്ളി വെളിച്ചത്തില്‍ എന്ന സിനിമ ആഗസ്ത് പതിനഞ്ചിന് ഇറങ്ങും. ആഗസ്ത് പതിനഞ്ചിൽ തന്നെ ഇത്തരമൊരു കടും കൈ വേണ്ടിയിരുന്നോ ബ്രിട്ടാസേ എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ആക്കിക്കൂടെ എന്ന്. അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് എനിക്ക് പറയാനുള്ളത്. വരാനുള്ളതൊന്നും വഴിയിൽ തങ്ങിയ ചരിത്രം ലോകത്തൊരിക്കലും ഉണ്ടായിട്ടില്ല.