പ്രവാസിക്കും വേണ്ടേ ഇത്തിരി ആരോഗ്യം?

ബാഡ്മിന്റൻ കോർട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അയാളെ ഞാൻ അവസാനമായി കണ്ടത്. ഞങ്ങൾ കളിക്കുന്നത് അയാളെന്നും നോക്കി നിൽക്കാറുണ്ട്. അന്നും ഏറെ നേരം നോക്കി നിന്ന ശേഷം അയാൾ കടയിലേക്ക് പോകുന്നത് കണ്ടിരുന്നു. കളി കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോൾ കടയുടെ സമീപത്ത് ആൾകൂട്ടം. ഒരാൾ വീണു കിടക്കുന്നു. അരണ്ട വെളിച്ചത്തിൽ തിരിച്ചറിയാൻ പറ്റാത്ത രൂപത്തിൽ കമിഴ്ന്നടിച്ചു കിടക്കുകയാണ്. ചലനമറ്റിട്ടുണ്ട്. ഒരു സൗദി പൗരൻ തട്ടിനോക്കിയിട്ട് പറഞ്ഞു. ഖലാസ്.. അയാൾ പോലീസിനെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ പോലീസും ആംബുലൻസും എത്തി. വണ്ടിയിലേക്ക് ബോഡി എടുത്തു മാറ്റുമ്പോൾ ഞാൻ ഞെട്ടലോടെ മനസ്സിലാക്കി. അതയാൾ തന്നെ. ജിദ്ദയിൽ ഞങ്ങൾ കളിക്കാൻ പോകുന്ന കോമ്പൌണ്ടിനുള്ളിലെ ലേബർ അക്കോമഡേഷനിൽ താമസിക്കുന്ന മലപ്പുറത്തുകാരൻ. അടുത്ത ആഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നുവെന്നു കൂടെ താമസിക്കുന്ന ഒരാൾ പറയുന്നത് കേട്ടു. പെട്ടി നിറയെ കൊച്ചു മകൾക്കുള്ള കളിപ്പാട്ടങ്ങളാണെന്ന് പറഞ്ഞ് അയാൾ വിതുമ്പുന്നു.

ഈയിടെയായി സമാന സ്വഭാവത്തിലുള്ള മരണങ്ങൾ ധാരാളമായി കേൾക്കുന്നുണ്ട്. ചെറിയ തലകറക്കം, നേരിയ നെഞ്ചു വേദന, ജോലിസ്ഥലത്ത് പെട്ടെന്നൊരു വീഴ്ച.. റൂമിലെ ബെഡിൽ ആരുമറിയാതെ... പ്രവാസ ലോകത്തെ മരണ വാർത്തകൾക്ക് ഏതാണ്ട് ഒരേ സ്വഭാവമാണ്. മരണത്തിന് കാലമോ നേരമോ ഇല്ല. എപ്പോഴും എവിടെയും ആർക്കും സംഭവിക്കാം. ദൈവത്തിന്റെ കരങ്ങളിലാണ് അതിന്റെ അന്തിമ കണക്ക്. എന്നാലും പ്രവാസ ലോകത്തെ മരണങ്ങൾക്ക് എണ്ണവും വേഗവും നാൾക്കുനാൾ വർദ്ധിച്ചു വരുന്നില്ലേ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. മെറ്റബോളിക്ക് സിന്‍ഡ്രോം എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രവാസ ലോകത്ത് നങ്കൂരമിട്ടിരിക്കുന്നതായി കാണാം. ഇത്തരം രോഗങ്ങളുടെ തടവുകാരാണ് പ്രവാസികളിൽ ഭൂരിഭാഗവും..

ഷുഗർ, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, അമിത വണ്ണം, കിഡ്നി തകരാറുകൾ, അൾസർ, പൈൽസ്.. പത്ത് പേരുള്ള ഒരു പ്രവാസി അക്കോമഡേഷനിൽ പതിനൊന്ന് രോഗങ്ങളുടെ മരുന്നുകൾ കാണാം. ഭക്ഷണക്കാര്യത്തിലുള്ള ചിട്ടയില്ലായ്മ, വ്യായാമക്കുറവ്, മാനസിക സംഘർഷങ്ങൾ.. പ്രവാസിയെ നിത്യ രോഗിയാക്കുന്നതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവ ഇവ മൂന്നുമാണെന്ന് വൈദ്യ ശാസ്ത്ര വിദഗ്ദന്മാർ ചൂണ്ടിക്കാട്ടുന്നു.  മാനസിക സംഘർഷങ്ങളെ അത്ര പെട്ടെന്നൊന്നും പ്രവാസ ലോകത്ത് നിന്ന് പറിച്ചു നടാനാവില്ല. അത് ഓരോ പ്രവാസിയുടെയും കൂടെപ്പിറപ്പാണ്. വീട്ടിൽ നിന്ന് പെട്ടിയുമായി ഇറങ്ങുമ്പോൾ തുടങ്ങുന്ന നെഞ്ചിടിപ്പ്.. വിരഹവും ഏകാന്തതയും ജോലി സമ്മർദ്ധങ്ങളും ഒരു ഇ സി ജി ചാർട്ടിലെ വരകളെപ്പോലെ അവന്റെ ഹൃദയത്തിൽ ഇടിച്ചു കൊണ്ടേയിരിക്കും. അവയിൽ നിന്നൊരു മോചനം പ്രവാസിക്ക് പറഞ്ഞതല്ല. പക്ഷേ ആദ്യത്തെ രണ്ടു കാരണങ്ങൾ അങ്ങനെയല്ല.  ഭക്ഷണക്കാര്യത്തിലുള്ള ചിട്ടയില്ലായ്മയും വ്യായാമക്കുറവും. അല്പമൊന്ന് മനസ്സ് വെച്ചാൽ വലിയ മാറ്റങ്ങൾ വരുത്താവുന്ന കാര്യങ്ങൾ.. പക്ഷേ അവയെക്കുറിച്ച് കൃത്യമായ ബോധം പ്രവാസി സമൂഹത്തിൽ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.


വലിയ ശാരീരികാദ്ധ്വാനം ആവശ്യമില്ലാത്തെ ജോലികളിൽ ഏർപെടുന്നവരാണ് ഗൾഫ് മേഖലയിലെ പ്രവാസികളിൽ ഭൂരിഭാഗവും. കണ്‍സ്ട്രക്ഷൻ മേഖലയിലുള്ളവരാണ് കൂടുതൽ ശാരീരികാദ്ധ്വാനം ആവശ്യമുള്ള ജോലികളിൽ ഉള്ളത്. അവരെ ഒഴിച്ചു നിർത്തിയാൽ ഓഫീസുകളിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും ജോലി ചെയ്യുന്നവർ, ഭാരിച്ച ജോലികൾ ചെയ്യേണ്ടതില്ലാത്ത കമ്പനി തൊഴിലാളികൾ ഇവരൊക്കെയും കൃത്യമായ വ്യായാമം ആവശ്യമുള്ളവരാണ്. എന്നാൽ ഇവർക്കിടയിൽ വ്യായാമത്തിന്റെ കാര്യത്തിൽ  ശ്രദ്ധയുള്ള ഒരു പത്തു ശതമാനം ആളുകളെപോലും നമുക്ക് കണ്ടെത്താൻ കഴിയില്ല. രാവിലെ മൂളിപ്പാട്ടും പാടി  സൈക്കിൾ ചവുട്ടി ജോലി സ്ഥലത്തേക്ക് പോകുന്ന നിരവധി ഫിലിപ്പൈൻ യുവാക്കളെ ഗൾഫിലെ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ട്. ദോഷം പറയരുതല്ലോ, അക്കൂട്ടത്തിൽ ഇന്നേ വരെ ഒരു മലയാളിയെ കണ്ടിട്ടില്ല. ടി വി യും ഇന്റർനെറ്റും നെറ്റ് ഫോണുകളും ഒഴിവു സമയം സമ്പൂർണമായി കവർന്നെടുക്കപ്പെട്ട ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെ തടവുകാരാണ് പ്രവാസികൾ.  തലകറക്കം, വീഴ്ച, ആംബുലൻസ്, മോർച്ചറി... പ്രവാസത്തിന്റെ ചതുരംഗ കള്ളികളിൽ കൂടുതൽ നിറഞ്ഞാടുന്നത് നാം കേൾക്കാനും കാണാനും ഇഷ്ടപ്പെടാത്ത ഈ പദങ്ങളും വാർത്തകളുമാണ്.

എന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ഗുജറാത്തുകാരൻ ഫിനാൻസ് മാനേജർ.. ഒരു ദിവസം ഓഫീസിൽ തലകറങ്ങി വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക പരിശോധനകൾ നടത്തി മരുന്ന് നല്കി. ഒരു ഇൻജക്ഷനും നല്കിയതോടെ കക്ഷി ഉഷാറായി.. പക്ഷേ ഡോകടർ അദ്ദേഹത്തിന്റെ തൊലിപ്പുറത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ചുവന്ന തരിതരി പോലുള്ള അടയാളങ്ങൾ ശ്രദ്ധിച്ച ശേഷം ചോദിച്ചു. കോള അധികമായി ഉപയോഗിക്കാറുണ്ടോ?. ഉണ്ട് എന്ന മറുപടി.. അവ ഉടനടി നിർത്തണമെന്ന് ഡോകടർ.. കഴിയില്ലെന്ന് വളരെ പ്രയാസത്തോടെ പ്രമേഹ ബാധിതൻ കൂടിയായ രോഗി. ദിവസവും മൂന്ന് കൊക്കോ കോള (അതല്ലെങ്കിൽ പെപ്സി) കുടിക്കുന്നയാളാണ് അദ്ദേഹം. ഓരോ ഭക്ഷണത്തോടോപ്പവും അത് നിർബന്ധം. ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ.. പക്ഷേ കോള അല്പാപമായി മൊത്തിക്കുടിക്കുന്നതു അദ്ദേഹത്തിന്റെ ചേംബറിൽ എപ്പോൾ പോയാലും കാണാം. കൂടിയ അളവിലുള്ള അതിന്റെ ഉപയോഗം കരളിനെയും വൃക്കകളെയുമെല്ലാം സ്വാധീനിച്ചതായി പരിശോധനയിൽ അറിയാൻ കഴിഞ്ഞു. ഇപ്പോൾ കോള സമ്പൂർണമായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പ്രവാസികളിൽ കോള അഡിക്റ്റുകൾ വളരെ കൂടുതലാണ്. സാൻഡ്വിച്ചും കോളയും ഒരു ദേശീയ ഭക്ഷണം എന്ന നിലയ്ക്കാണ് പ്രവാസികളിൽ പലരും ഉപയോഗിക്കാറുള്ളത്. വെള്ളത്തിനും കോളയ്ക്കും ഒരേ വില കൊടുക്കേണ്ടി വരുമ്പോൾ വെറുതെയെന്തിന് വെള്ളം കുടിക്കണം എന്ന തോന്നലിൽ നിന്നാണ് പലരുടെയും കോള ഉപയോഗം ആരംഭിക്കുന്നത്. അത് പതിയെ ഒരു അഡിക്ഷന്റെ തലത്തിലേക്ക് വളരുകയാണ് പതിവ്.

പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവുമാണ് പ്രവാസികളിൽ കിഡ്നി രോഗങ്ങൾ ആശങ്കാജനകമായ അളവിൽ വർദ്ധിക്കുവാൻ കാരണം.  ഗൾഫിലെ ചൂടുള്ള കാലാവസ്ഥയിൽ മതിയായ അളവിൽ  വെള്ളം കുടിക്കാത്തതും ഈ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന കാരണങ്ങളിൽ ഒന്നാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടാറുണ്ട്. ഒരു യുവജന സന്നദ്ധ സംഘടനയായ ഫോക്കസ് ജിദ്ദയുടെ കീഴിൽ ഈയിടെ  ജിദ്ദയിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വേണ്ടി നടത്തിയ കിഡ്നി പരിശോധനയിൽ വളരെയധികം പേരെ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ ഉള്ളവരായി കണ്ടെത്തി. ചിലർ ഗുരുതരമായ തലത്തിലേക്ക് കടന്നിട്ടുണ്ട്. പക്ഷേ ഞങ്ങൾ അവിടെയെത്തുന്ന ആ ദിവസം വരെ അവരാരും രോഗം തിരിച്ചറിഞ്ഞിട്ടില്ല. പലപ്പോഴും ചികിത്സ കൊണ്ട് ഫലം ലഭിക്കാത്ത ഗുരുതരമായ അവസ്ഥയിലാണ്‌ രോഗാവസ്ഥ തിരിച്ചറിയുക. അപ്പോഴേക്കും വൈകിപ്പോയിരിക്കും. വൻ സാമ്പത്തിക ചിലവ് വരുന്ന ഡയാലിസിസും കിഡ്നി മാറ്റി വെക്കലുമല്ലാതെ മറ്റൊരു ചികിത്സയും ഫലപ്രദമാകാത്ത ഘട്ടം വരുന്നു. ഇത്തരം രോഗങ്ങൾക്ക് കീഴടങ്ങി ജോലി ഒഴിവാക്കി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നു. കൃത്യമായ ഇടവേളകളിൽ ലളിതമായ പരിശോധനകളിലൂടെ കണ്ടെത്താവുന്നതും ചികിത്സിച്ചു മാറ്റാവുന്നതുമായ പല രോഗങ്ങളും അശ്രദ്ധ മൂലം ഗുരുതരാവസ്ഥയിൽ എത്തിയ ശേഷമാണ് തിരിച്ചറിയുന്നത്‌. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങളും സങ്കടങ്ങളും തീർക്കാൻ വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിനിടയിൽ സ്വന്തം ശരീരത്തെ മറന്നു പോകുന്ന പ്രവാസികൾ..

പണ്ടത്തെപ്പോലെയല്ല, നാട്ടിലെ സാമൂഹ്യമണ്ഡലത്തിൽ ഗൾഫുകാരന്റെ ഇമേജിന് പുല്ലുവിലയില്ല. ആദിവാസികളും പ്രവാസികളും എന്ന ഒരു പ്രയോഗം തന്നെ രൂപപ്പെട്ട് വരുന്നുണ്ട്. ത്രിബിൾ ഫൈവ് സിഗററ്റും കൂളിംഗ് ഗ്ലാസും അറേബ്യൻ അത്തറുമായി നാട്ടുകാരുടെയും വീട്ടുകാരുടെയും ആരാധനാപാത്രങ്ങളായി വിലസിയിരുന്ന പഴയ കാലം പോയ്മറഞ്ഞു. ഗൾഫുകാരെ കണ്ടാൽ ഒരുവിധം ആളുകളൊക്കെ മാറി നടക്കാൻ തുടങ്ങിയ കാലമാണിത്. അതുകൊണ്ട് തന്നെ സ്വയം തിരിച്ചറിവിന്റെ ഘട്ടത്തിലേക്ക് ഓരോ പ്രവാസിയും എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസത്തിന്റെ ദുരിത കാലത്തിനു ശേഷം ആർക്കും വേണ്ടാത്തവനായി തിരിച്ചു ചെല്ലുമ്പോൾ വീഴാതെ പിടിച്ചു നില്ക്കാൻ ആരോഗ്യമുള്ള ഒരു ശരീരമെങ്കിലും ബാക്കിയാവേണ്ടേ..

കഴിഞ്ഞ അവധിക്കാലത്തുണ്ടായ ഒരനുഭവം പറയാം. കടലുണ്ടിയിലെ എന്റെ അമ്മാവന്റെ വീട്ടിൽ പോയതായിരുന്നു ഞാൻ. അമ്മായിയുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ രണ്ട് പേർ കല്യാണം ക്ഷണിക്കാൻ എത്തി. എനിക്ക് പരിചയമില്ലാത്ത രണ്ട് പേർ. അമ്മായി അവർക്ക് വെള്ളമെടുക്കാൻ വേണ്ടി അകത്തേക്ക് പോയപ്പോൾ ഞാൻ ചോദിച്ചു. ആരുടെതാണ് വിവാഹം. മകളുടെതാണോ?. മറുപടി ഒന്നും പറയാതെയിരുന്നപ്പോൾ അദ്ദേഹം കേട്ടില്ല എന്ന് കരുതി ഞാൻ വീണ്ടും ചോദിച്ചു. എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അയാൾ പറഞ്ഞു. "അല്ല, എന്റെ കല്യാണം തന്നെയാണ്". ഇതുപോലൊരു ചമ്മൽ എന്റെ ജീവിതത്തിൽ ഞാൻ ചമ്മിയിട്ടില്ല. അമ്മായീ, വെള്ളമെവിടെ എന്ന് ചോദിച്ചു ഞാൻ പെട്ടെന്ന് അകത്തേക്ക് മുങ്ങി. പ്രവാസിയാണയാൾ. ഏറെക്കാലമായി ഗൾഫിലാണ്. ചെറുപ്പമെങ്കിലും തലയുടെ മുൻഭാഗം കഷണ്ടി തിന്നിട്ടുണ്ട്. ക്ഷീണിച്ച മുഖം. കുഴിഞ്ഞ കണ്ണുകൾ.. ഒറ്റ നോട്ടത്തിൽ ഏറെ പ്രായം തോന്നിക്കും. രണ്ട് സഹോദരിമാരുടെ കല്യാണം കഴിച്ച ക്ഷീണത്തിൽ സ്വന്തം വിവാഹം അല്പം വൈകിച്ചതാണ്. വിശദമായ ചിത്രം അമ്മായി നല്കി. കണ്ണുകൾ കുഴിഞ്ഞ്, ഊർജ്വസ്വലത നശിച്ച് കഷണ്ടി കയറിയ ചെറുപ്പക്കാർ ഗൾഫിന്റെ സംഭാവനകളിൽ പ്രധാനമാണ്.

ഭാര്യയും കുട്ടികളുമായി പ്രവാസ ലോകത്ത്  കഴിയുന്ന കുടുംബങ്ങളിലും ആരോഗ്യ പ്രശ്നങ്ങളുടെ ആധിക്യം കാണാം. കുട്ടികളിൽ കാണുന്ന പൊണ്ണത്തടി, ഉറക്കവും ആലസ്യവും കൊഴുപ്പും സമാസമം ചേർന്ന ഒരു ജീവിത രീതിയുടെ ഫലമായി ഉരുണ്ടു തടിച്ച് മല പോലെ നീങ്ങുന്ന ഭാര്യമാർ. എഴുന്നേറ്റ് നിന്നാൽ കുടവയറു കാരണം ഭൂമി മറയുന്ന ഭർത്താക്കന്മാർ. ഓരോ പ്രവാസി കുടുംബങ്ങളിലേക്കും സൂക്ഷ്മ നിരീക്ഷണത്തിന്റെ ക്യാമറ തിരിച്ചു വച്ചാൽ ലെൻസിൽ പതിയുന്ന ദൃശ്യങ്ങൾ ഇവയൊക്കെയാണ്. ഗൾഫുകാരനും വേണം ആരോഗ്യ ശീലങ്ങളിൽ ഒരു മാറ്റം. ആഴ്ചയിൽ ഏതാനും ദിവസമെങ്കിലും അര മണിക്കൂറിൽ കുറയാത്ത വ്യായാമം. കളിയോ നടത്തമോ ജോഗിങ്ങോ എന്തായാലും കൊള്ളാം. ഭക്ഷണ രീതികളിൽ ഒരു ചെറിയ ശ്രദ്ധ. ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതും നിറഞ്ഞു നില്ക്കുന്ന തീന്മേശകളിൽ നിന്ന് പച്ചക്കറികളും പഴവർഗങ്ങളും ഇത്തിരിയെങ്കിലും നാരുകളടങ്ങിയ ഭക്ഷണ രീതിയിലേക്കുള്ള മാറ്റം.  അനിവാര്യമായ ചില തിരിച്ചറിവുകൾ.. അത്യന്താപേക്ഷിതമായ ചില മുൻകരുതലുകൾ. പതിവ് രീതികളിൽ നിന്ന് അല്പമൊരു വ്യതിയാനം. കടയിലേക്ക് പോകും വഴി കമഴ്ന്നടിച്ച് വീണ് ശ്വാസം നിലച്ച ആ പാവം പ്രവാസിയുടെ മുഖം ഓർമയിൽ നിന്ന് മായുന്നില്ല.. അവന്റെ പെട്ടിയിൽ മകൾക്ക് വേണ്ടി കരുതിവെച്ച കളിപ്പാട്ടങ്ങളും.

Related Posts
അതിരൂപിന്റെ സൈക്കിളുകള്‍ നമ്മോട് പറയുന്നത്
ഗൾഫ് മലയാളീ, നാറ്റിക്കരുത്

Recent Posts
ഫറസാൻ ദ്വീപിലേക്ക്
പാഠം ഒന്ന്: ദിൽഖുഷ് വലിച്ചെറിയരുത്
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?