കാന്തപുരത്തിന്റെ ഫേസ്ബുക്ക്‌ !!

അവസാനം അതും സംഭവിച്ചു. കാന്തപുരം ഉസ്താദും ഫേസ്ബുക്കിലെത്തി. എത്തി മണിക്കൂറുകൾക്കകം പതിനായിരക്കണക്കിന് ലൈക്കുകൾ ഉസ്താദിന് കിട്ടി. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും പ്രാദേശിക സെലിബ്രിറ്റികളും  എന്ന് വേണ്ട ഭൂലോക പീഡന വീരത്തികൾ വരെ ഫേസ്ബുക്കിൽ നിറഞ്ഞാടുമ്പോൾ മത പണ്ഡിതൻമാർക്ക് മാത്രമായിട്ട് ഇവിടെ പഞ്ഞമുണ്ടാവുന്നത് ശരിയല്ലല്ലോ.. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍ എന്ന് പറഞ്ഞ പോലെ വളരെ രാജകീയമായിത്തന്നെയാണ് ഉസ്താദ് അവർകൾ വന്നിട്ടുള്ളത് (വെരിഫൈഡ് മാർക്ക് ഡ്യൂപ്ലിക്കേറ്റാണെന്ന ഒരൊറ്റ കുറവേ എന്റെ ശ്രദ്ധയിൽ പെട്ടുള്ളൂ) . കേരളത്തിൽ ലക്ഷക്കണക്കിന്‌ അനുയായികളുള്ള സൂപ്പർ ലക്ഷ്വറി പണ്ഡിതനായതിനാൽ അതിന്റെ കെട്ടും മട്ടും സോഷ്യൽ മീഡിയയിലും കാണണമല്ലോ. തുടക്കം മോശമായിട്ടില്ല എന്ന് വേണം പറയാൻ. ലൈക്കുകളും  ഷെയറുകളും വേണ്ടത്ര ലഭിക്കുന്നുണ്ട്. അനുയായികൾ പറന്ന് നടന്ന് പ്രമോട്ട് ചെയ്യുന്നുണ്ട്, ലൈക്ക് അഭ്യർത്ഥിക്കുന്നുണ്ട്. സംഗതി പൊടിപൂരമായി മുന്നോട്ട് പോകുന്നുണ്ട് എന്നർത്ഥം. വിഷയത്തിലേക്ക് വരാം. കാന്തപുരത്തിന്റെ ഫേസ്ബുക്ക് പേജിനെ പ്രൊമോട്ട് ചെയ്യുവാനോ അതല്ലെങ്കിൽ ഇകഴ്ത്തുവാനോ വേണ്ടിയല്ല ഈ പോസ്റ്റ്‌. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ അരങ്ങേറ്റത്തിന്റെ വെളിച്ചത്തിൽ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പങ്ക് വെക്കുക മാത്രമാണ്.

ഇതൊരു നവമാധ്യമ കാലമാണ്. പുതുതലമുറയുടെ മാത്രമല്ല, പഴയ തലമുറയുടെയും ആശയ സംവേദന വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഏറെ സ്വാധീനവും പരിഗണനയും ലഭിക്കുന്ന പണ്ഡിതന്മാർ സോഷ്യൽ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നത് നല്ല കാര്യം തന്നെയാണ്. ആശയ പ്രചാരണത്തിനും ബോധവത്കരണങ്ങൾക്കും അനന്ത സാധ്യതകളുള്ള ഈ മാധ്യമത്തെ അവഗണിച്ചു കൊണ്ട് വരും നാളുകളിൽ ആർക്കും മുന്നോട്ട് പോകാനാവില്ല. എത്ര  പെട്ടെന്ന് ഇ-ഇടങ്ങളിൽ ഇരിപ്പുറപ്പിക്കുന്നുവോ അത്രയും നല്ലത് എന്നേ പറയാൻ പറ്റൂ.. ഇപ്പോൾ അറച്ചു നില്ക്കുന്നവരും മടിച്ചു നില്ക്കുന്നവരുമൊക്കെ ഇന്നല്ലെങ്കിൽ നാളെ ഇ-വഴികളിൽ സജീവമാകും. ഡോ.ഹുസൈൻ മടവൂരിന്റെ പേരിൽ ഒരു എഫ് ബി പേജ് വളരെ മുമ്പേ ഉണ്ട്. അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജല്ലെങ്കിലും ചില അപ്ഡേറ്റുകൾ അതിൽ കാണുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവായ ഷെയ്ഖ്‌ മുഹമ്മദ്‌ കാരക്കുന്നും എഫ് ബിയിൽ സജീവമാണ്. അതുപോലെ കേരളത്തിലെ മതരംഗത്തുള്ള പലരും ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങുന്നുണ്ട്.



കാന്തപുരവും മടവൂരും കാരക്കുന്നുമടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉള്ളവരും ഇനി വരാനിരിക്കുന്നവരുമായ എല്ലാ പണ്ഡിതൻമാരോടും വളരെ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കാനുള്ളത് ഒരൊറ്റക്കാര്യമാണ്. കൊളമാക്കരുത്!!. കാരണം കേരളത്തിലെ മുസ്ലിംകൾക്കിടയിൽ നിലവിലുള്ള ഭിന്നിപ്പുകളും സമൂഹത്തിൽ അതുയർത്തുന്ന പ്രശ്നങ്ങളും നാം നിത്യേന അനുഭവിക്കുന്നവരാണ്. പരസ്പരമുള്ള തർക്കങ്ങൾ, വെല്ലുവിളികൾ, പരസ്യമായ വിഴുപ്പലക്കലുകൾ, വാഗ്വാദങ്ങൾ.. പള്ളികളിലും തെരുവുകളിലും നടക്കുന്ന ഖേദകരമായ തർക്കങ്ങൾ. സുന്നികൾ പിളർന്ന് രണ്ട് ഗ്രൂപ്പായി. മുജാഹിദുകൾ പിളർന്നു അതിലെറെയായി. ഓരോ പിളർപ്പും സൃഷ്ടിക്കുന്ന മാനസിക അകൽച്ചകൾ, ശബ്ദ മലിനീകരണങ്ങൾ, കുടുംബ ബന്ധങ്ങളിലെ വിള്ളലുകൾ.. ഇത്രയും കാലം അതൊക്കെയും നാം പ്രധാനമായും അനുഭവിച്ചത് സോഷ്യൽ മീഡിയക്ക് പുറത്താണ്. സോഷ്യൽ മീഡിയയിൽ ഇല്ല എന്നല്ല. ഉണ്ട്.. നിരന്തരമായ തർക്കങ്ങളും സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളും കൊണ്ട് ഇ-ഇടം മലിനമാക്കുന്ന നിരവധി പേരുണ്ട്. പക്ഷേ അവരൊക്കെയും താരതമ്യേന താഴേ തട്ടിലുള്ള പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ വൻ തോതിലുള്ള ശ്രദ്ധ അവയിൽ പതിയില്ല.

എന്നാൽ ഇത്തരം സംഘടനകൾക്ക് സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാർ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ അവരുടെ വാക്കുകളും അപ്ഡേറ്റുകളും പൊതുവിഷയങ്ങളിലുള്ള നിലപാടുകളും സമൂഹം സാകൂതം വീക്ഷിക്കും. വിശകലനം ചെയ്യും. പഠന ക്യാമ്പുകളിലോ പാതിരാപ്രഭാഷണങ്ങളിലോ പ്രയോഗിക്കപ്പെടുന്ന തർക്ക വിതർക്കങ്ങളുടെയും വാഗ്വാദങ്ങളുടെയും ശൈലികൾ ഒരു ബഹുമത ബഹുസ്വര സമൂഹത്തിലെ അംഗങ്ങൾ ഒന്നിച്ചിടപഴകുന്ന സോഷ്യൽ മീഡിയയുടെ തലങ്ങളിൽ പ്രയോഗിക്കപ്പെടാൻ ഇടവരരുത്. അനുയായികളിൽ നിന്ന് വരുന്ന അത്തരം അപക്വമായ സമീപനങ്ങളെ തിരുത്തുവാനും ശാസിക്കുവാനും കഴിയണമെങ്കിൽ നേതൃ നിരയിൽ ഉള്ളവർ ആ പാതയിൽ നിന്ന് പൂർണമായി വിട്ടു നില്ക്കണം. പൊതുസമൂഹത്തിന്റെ ശ്രദ്ധ കൂടുതൽ പതിയുന്ന സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ചും. 'കുളമാക്കരുത്' എന്ന പ്രയോഗം ഒരു തമാശയ്ക്ക് വേണ്ടി നടത്തിയതല്ല,  കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ വർത്തമാന അവസ്ഥയെക്കുറിച്ചുള്ള ബോധവും ബോധ്യവും ജനിപ്പിച്ച തിരിച്ചറിവിന്റെ നാടൻ ഭാഷയിലുള്ള തുറന്ന് പറച്ചിലാണത്.

ഭാര്യയുടെ ആർത്തവ കാലത്തെ പുരുഷന്റെ ലൈംഗിക ആവശ്യങ്ങൾക്കാണ് ബഹുഭാര്യത്വം ഇസ്ലാം അനുവദിച്ചത്  എന്നത് പോലുള്ള ചരിത്ര പ്രസിദ്ധമായ വങ്കത്തങ്ങൾ സോഷ്യൽ മീഡിയയിൽ എഴുന്നള്ളിക്കരുത്. അത്തരം വിഡ്ഢിത്തങ്ങൾ ഇവിടെ ആവർത്തിച്ചാൽ പ്രസംഗ വേദികളിൽ കിട്ടുന്നത് പോലെ നിർത്താത്ത കയ്യടികളും തക്ബീർ വിളികളും മാത്രമായിരിക്കില്ല കിട്ടുക. നിശിതമായ വിമർശനങ്ങളും പരിഹാസങ്ങളും ഏല്ക്കേണ്ടി വരും. നവ മാധ്യമങ്ങളിൽ  ഇറങ്ങുമ്പോൾ അത് കൂടി ശ്രദ്ധിക്കണം. സോഷ്യൽ മീഡിയ അനുമോദങ്ങളേക്കാൾ കൂടുതൽ വിമർശനങ്ങളും നിരൂപണങ്ങളും വരുന്ന വേദിയാണ്. ബുദ്ധിയും ചിന്തയും നേതാവിന് മുന്നിൽ സമർപ്പിച്ച പതിനായിരക്കണക്കിന് അനുയായികൾ മാത്രമുള്ള വേദികളിൽ പറയുകയും പ്രസംഗിക്കുകയും ചെയ്യുന്ന പോലെ സോഷ്യൽ മീഡിയയിൽ കളിച്ചാൽ ഇന്നുള്ള സ്ഥാനമാനങ്ങളും ബഹുമാന ആദരവുകളും എപ്പോൾ നായ നക്കി എന്ന് ചോദിച്ചാൽ മാത്രം മതി. 

തീവ്രവാദം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്ന് നവമാധ്യമങ്ങളിലാണ്. സമാധാന ജീവിതം ആഗ്രഹിക്കുന്ന ആരെയും ആശങ്കപ്പെടുത്തുന്ന രൂപത്തിൽ അവ അനുദിനം വർദ്ധിച്ചു വരികയാണ്. ഏതെങ്കിലും ഒരു മതവിഭാഗത്തിൽ മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും ഏറിയും കുറഞ്ഞും ഇത് കാണുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന പണ്ഡിതൻമാർക്ക് ഈ രംഗത്ത് ക്രിയാത്മകമായ ചിലത് ചെയ്യാൻ കഴിയും. സമാധാനത്തിന്റെ സന്ദേശം ആവുന്നത്ര രൂപത്തിൽ പ്രചരിപ്പിക്കുവാനും അനുയായികളിലേക്ക് സമർത്ഥമായി അത് പകർന്നു നല്കുവാനും ഈ മാധ്യമങ്ങളിലൂടെ സാധിക്കും. എത്ര ലൈക്കുകൾ കിട്ടുന്നുണ്ട്‌ എന്നതല്ല, കിട്ടിയ ലൈക്കുകളെ എത്ര ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിലാണ് കാര്യം. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നസ്റിയയുടെയും ഫാൻസുകൾ തമ്മിൽ ലൈക്കുകളുടെയും ഷെയറുകളുടേയും എണ്ണം പറഞ്ഞ് പരസ്പരം അടി കൂടുന്നത് പോലുള്ള തരംതാണ തലത്തിലേക്ക് പണ്ഡിതമാരുടെ സോഷ്യൽ മീഡിയ സാന്നിധ്യം അവരുടെ അനുയായികളെ നയിക്കാതിരിക്കട്ടെ.  അവരുടെ നവമാധ്യമ സാന്നിധ്യം സമൂഹത്തിനും സമുദായത്തിനും അപമാനവും ബാധ്യതയുമാകില്ല എന്നും മറിച്ച് അത് സമുദായത്തിന്റെ സാംസ്കാരിക സാമൂഹ്യ നവോത്ഥാനത്തിന് ആക്കം കൂട്ടുവാനുള്ള അവസരങ്ങൾ സൃഷ്ടിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. കാന്തപുരത്തിന്റെ എഫ് ബി പേജ് ഞാൻ ലൈക്കിയിട്ടുണ്ട്. നാളെ അണ്‍ലൈക്ക് ചെയ്യണമെന്ന് തോന്നിയാൽ അതിനുള്ള ഓപ്ഷനും എഫ് ബിയിൽ ഉണ്ടല്ലോ. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രവേശനത്തിന് എല്ലാ ആശംസകളും..

21.08.2014
എന്തിന്റെ സൂക്കേടാണ് മക്കളേ നിങ്ങള്‍ക്ക്? (ഈ പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളെ ആസ്പദമാക്കി  ഇന്ത്യാവിഷൻ പേജിൽ എഴുതിയ കുറിപ്പ്). എന്റെ ഫേസ്ബുക്ക്‌ പേജിലും വായിക്കാം   

Related Posts
കാന്തപുരത്തില്‍ നിന്ന് പഠിക്കേണ്ടത്
തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?
ഹുസൈൻ മടവൂരിന്റെ ലേഖനവും മുജാഹിദ് ഐക്യ പ്രതീക്ഷകളും

Recent Posts
ബ്രിട്ടാസ് നായകൻ ! കൊല്ല്.. കൊല്ല്.. ഞങ്ങളെയങ്ങ് കൊല്ല്...
നിനക്ക് തട്ടമിട്ടൂടേ പെണ്ണേ?  
ഇതാണെടാ അവതാരക.. ഇവളാണെടാ പുലി !