പച്ച ബോർഡ് നിങ്ങളെ പിടിച്ച് കടിച്ചാ?.

സോഷ്യൽ മീഡിയയിലെ പ്രതികരണക്കാർ മാധ്യമ പ്രവർത്തകരെ വല്ലാതെ വേട്ടയാടുന്നു. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ തലയിൽ കയറി പൊങ്കാലയിടുന്നു.  എന്റെ പല മാധ്യമ സുഹൃത്തുക്കൾക്കുമുള്ള ഒരു പൊതു പരാതിയാണിത്.  ഈ വിഷയം സൂചിപ്പിച്ചു കൊണ്ട് പരിചയ സമ്പന്നനായ ഒരു ദൃശ്യ മാധ്യമ പ്രവർത്തകൻ ഫേസ്ബുക്കിൽ ശ്രദ്ധേയമായ ഒരു പോസ്റ്റ്‌ എഴുതുകയുമുണ്ടായി. റേറ്റിംഗ് മാത്രം പരിഗണിച്ച് കിട്ടുന്ന പരസ്യമാണ് ടെലിവിഷൻ ചാനലുകളുടെ ഏക വരുമാനമെന്നും അതുകൊണ്ട് തന്നെ പല വിട്ടുവീഴ്ചകളും ചെയ്യാൻ മാധ്യമ പ്രവർത്തകർ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം എഴുതി. ഒരു സ്റ്റോറി കിട്ടിയാൽ അതിനെക്കുറിച്ച് ശരിയാം വണ്ണം പഠിച്ച് റിപ്പോർട്ട്‌ ചെയ്യണമെന്ന് പലപ്പോഴും കരുതും, എന്നാൽ അതിനകം തന്നെ മറ്റു ചിലർ അത് വാർത്തയാക്കി കത്തിക്കയറും. അപ്പോൾ പിന്നെ പിടിച്ചു നില്ക്കാൻ വേണ്ടി മുന്നും പിന്നും നോക്കാതെ, വലിയ പഠനത്തിനൊന്നും മിനക്കെടാതെ കിട്ടിയത് വെച്ച് വാർത്ത പൊലിപ്പിക്കാൻ നിർബന്ധിതമാകും. സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നവർക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ലല്ലോയെന്നും അദ്ദേഹം പരിതപിക്കുന്നു. "ജേര്‍ണലിസ്റ്റുകളെ തെറി പറയാൻ എല്ലാവര്‍ക്കും പറ്റും...ഇതൊക്കെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുക...ഈ പറയുന്നവനൊക്കെ ഫേസ്ബുക്കിന് പുറത്തുള്ള ലോകത്ത് ഒരു പുല്ലുപോലും പറിച്ചിട്ടുണ്ടാകില്ല" എന്നാണ്  മറ്റൊരു മാധ്യമ പ്രവർത്തകകൻ ആ പോസ്റ്റിന് താഴെ കമന്റായി എഴുതിയത്. റേറ്റിംഗ് കൂട്ടുന്നതും കുറക്കുന്നതുമൊക്കെ പ്രേക്ഷകരാണെന്നും അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും ഫേസ്ബുക്കിൽ സജീവയായ മറ്റൊരു മാധ്യമ പ്രവർത്തകയുടെ കുറിപ്പും  കാണുകയുണ്ടായി. ഒരു ചാനലിൽ സരിതയെ കാണുമ്പോൾ ആ ചാനൽ മാറ്റി സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റൊരു വാർത്ത കാണുവാൻ പ്രേക്ഷകർ തയ്യാറാകുമോയെന്നും അവർ ചോദിക്കുകയുണ്ടായി.

മാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വലിയ 'കടന്നാക്രമാണങ്ങൾ' നേരിടുമ്പോൾ ഇത്തരം ചില കുറിപ്പുകൾ മാധ്യമ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് തന്നെ വരുന്നത് സ്വാഗതാർഹമാണ്. വിഷയത്തിന്റെ രണ്ട് വശങ്ങളും മനസ്സിലാക്കാൻ അതുപകരിക്കും. മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ചില കാര്യങ്ങങ്ങളും ചോദ്യങ്ങളുമാണ് സോഷ്യൽ മീഡിയയിൽ അവരെ പ്രതിനിധീകരിക്കുന്ന സുഹൃത്തുക്കൾ ഉന്നയിച്ചത്. അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. എന്ത് കൊണ്ട് മാധ്യമ പ്രവർത്തകർ വിശിഷ്യാ ദൃശ്യ-മാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ  കൂടുതൽ വേട്ടയാടപ്പെടുന്നു എന്നതിന് സാധാരണക്കാരായ പ്രേക്ഷകരുടെ പക്ഷത്ത് നിന്ന് കൊണ്ടുള്ള ചില വിശദീകരണങ്ങൾ നല്കുക മാത്രമാണ്.

ഈയടുത്ത് മാധ്യമ പ്രവർത്തകർ ഏറെ വിമർശനം കേട്ട രണ്ട് സംഭവങ്ങളാണ് ഇറാഖിൽ കുടുങ്ങിയ നഴ്സുമാരുടെ കാര്യവും മലപ്പുറത്തെ സ്കൂളിലെ പച്ചബോർഡ് വിവാദവും. ഈ രണ്ട് വിഷയങ്ങളും കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെന്താണ്?. കേരളത്തിലെ നാല്പത്തിയാറ് പെണ്‍കുട്ടികൾ ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിക്കിടക്കുന്ന സംഭവം വലിയ വാർത്ത തന്നെയാണ്. അതിലും വലിയൊരു വാർത്ത‍ ഈയടുത്ത ദിവസങ്ങളിൽ കേരളത്തിലുണ്ടായിട്ടില്ല എന്നതും സത്യമാണ്. വളരെ പ്രാധാന്യത്തോടെയും അവധാനതയോടെയും റിപ്പോർട്ട്‌ ചെയ്യേണ്ട ഈ സംഭവം പക്ഷേ മാധ്യമങ്ങൾ പരസ്പരം മത്സരിച്ചു ഒരപസർപ്പക കഥയുടെ നിലവാരത്തിലേക്ക് ഉയർത്തുകയായിരുന്നു. 'നഴ്സുമാരെ മനുഷ്യ കവചമാക്കാൻ ശ്രമം' എന്നാണ് വലിയ ബ്രേക്കിംഗ് ആയി ഒരവസരത്തിൽ ഏഷ്യാനെറ്റ്‌ കൊടുത്തത്. സത്യത്തിൽ ഈ സംഭവ പരമ്പരകളുടെ ഒരവസരത്തിലും ഐസിസ് തീവ്രവാദികൾ ഈ നഴ്സുമാരെ മനുഷ്യ കവചമാക്കി മുതലെടുക്കാൻ ശ്രമിച്ചിട്ടില്ല. രക്ഷപ്പെട്ടു വന്ന ഒരു നഴ്സ് പോലും അത് പറഞ്ഞിട്ടില്ല. ഈ വാർത്തയെ പരമാവധി പൊലിപ്പിക്കാനും ഭീതിജനകമാക്കാനുമുളള ശ്രമമായിരുന്നു അത്. ആ അവസരത്തിൽ കുട്ടികളുടെ വീടുകളിൽ അത്തരം വാർത്തകൾ എത്രമാത്രം ഭീതി ജനിപ്പിച്ചിട്ടുണ്ടാവുമെന്ന് ഒന്നോർത്തു നോക്കൂ. ഇത്തരം നിരവധി ഉദാഹരണങ്ങൾ നഴ്സുമാരുടെ സ്റ്റോറികളിൽ എല്ലാ ചാനലുകളിലും കണ്ടിട്ടുണ്ട്. ഏതാനും പ്രേക്ഷകരെ തങ്ങളുടെ വാർത്തക്ക് മുന്നിൽ കെട്ടിയിടുക എന്നതിനപ്പുറം സത്യത്തോട് തെല്ലെങ്കിലും പ്രതിബദ്ധത വാർത്തകൾ നൽകുന്നവർക്ക് വേണ്ടേ. ന്യൂസ് റൂമിലിരുന്ന് ഒരു കാച്ചങ്ങ് കാച്ചുകയാണ്. കൊണ്ടാൽ കൊണ്ടു, പോയാൽ പോയി എന്ന മട്ടിൽ.. ഇതാണോ മാധ്യമങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന വാർത്താ സംസ്കാരം?.

ഇറാഖിലെ സംഘർഷ ഭൂമിയിൽ നിന്നും നഴ്സുമാരെ രക്ഷപ്പെടുത്തി  ഒരു പ്രത്യേക വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ സാമാന്യ മര്യാദയുടെ എല്ലാ സീമകളും അതിലംഘിക്കുന്നതായിരുന്നു  മാധ്യമ പ്രവർത്തകർ കാണിച്ച ആക്രാന്തം. തങ്ങളാണ് ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ടത് എന്ന് വരുത്താൻ വേണ്ടി കാണിച്ചു കൂട്ടിയ പരാക്രമങ്ങൾ.. വിമാനമിറങ്ങിയ പെണ്‍കുട്ടികളുടെ അടുത്തേക്ക്‌ ബാരിക്കേഡുകൾ ചാടിക്കടന്ന് ഓടിയ ഒരു മാധ്യമ വിദ്വാൻ കിതച്ചു കൊണ്ട് ചോദിച്ചത് 'ഇനി ഇറാഖിലേക്ക് തിരിച്ചു പോകുന്നുണ്ടോ' എന്നാണ്. ജീവനും കൊണ്ട് രക്ഷപ്പെട്ടെത്തിയ ആ കുട്ടികളോട് ശരിയാം വണ്ണം ശ്വാസമെടുക്കാൻ പോലും സമയം കൊടുക്കാതെ ചോദിച്ച ചോദ്യം നോക്കണം!!. സത്യം പറയാമല്ലോ ഐസിസ് തീവ്രവാദികളുടെ കയ്യിലെ എ കെ 47 കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിക്ക് അവനെ അവിടെയിട്ട് കാച്ചണമായിരുന്നു എന്ന് പോലും തോന്നിപ്പോയി. (ഇത്തരം അത്യാവശ്യഘട്ടങ്ങളിൽ എ കെ 47 ഉപയോഗിക്കുവാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പ് ഉണ്ടാക്കിയാൽ നന്നായിരുന്നു). കോമണ്‍സെൻസും പരിസര ബോധവുമില്ലാത്ത ഇത്തരം റിപ്പോർട്ടർമാരെ അവിടേക്ക് അയച്ച ന്യൂസ് എഡിറ്റർക്കും കിട്ടണം കരണക്കുറ്റി നോക്കി ഒരു താങ്ങ്..

ചാനലുകൾ തമ്മിലുള്ള മത്സരം ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമയെപ്പോലും നിഷ് പ്രഭമാക്കുന്ന തരത്തിലായിരുന്നു എന്ന് വേണം പറയാൻ. അന്നേ ദിവസം മാതൃഭൂമി ചാനലിൽ കണ്ട ഒരു ബ്രേക്കിംഗ് വെണ്ടയ്ക്ക ഇപ്രകാരമായിരുന്നു. 'എയർ ഇന്ത്യാ വിമാനം ലാൻഡ് ചെയ്തതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്'.. ഹോ.. ഭയങ്കര സ്കൂപ്പ് തന്നെ!!.. ചിരിച്ചു മണ്ണ് കപ്പുകയല്ലാതെ എന്ത് ചെയ്യും. "എയർ ഇന്ത്യാ വിമാനം ലാൻഡ്‌ ചെയ്യുന്നത് ലോകചരിത്രത്തിൽ ഇതാദ്യമായിട്ടാണോ പൊട്ടാ" എന്ന് ഓരോ പ്രേക്ഷകനും ചോദിച്ചു പോയ സന്ദർഭം. 'നഴ്സുമാരെ മോചിപ്പിച്ചതായി ആദ്യം വാർത്ത നല്കിയത്' ഞങ്ങളാണെന്ന് മനോരമ ന്യൂസിന്റെ മഹാ ബ്രേക്കിംഗ്.  അല്പന്മാർ എന്നല്ലാതെ മറ്റെന്താണ് സാധാരണ പ്രേക്ഷകകർ ഈ മമ്മൂഞ്ഞുകളെ വിളിക്കേണ്ടത്?. ഇതൊക്കെപ്പറയാനും ചർച്ച ചെയ്യാനും സോഷ്യൽ മീഡിയ കൂടി ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിച്ചു നോക്കൂ.. മാധ്യമ പ്രവർത്തകരെ വിമർശിക്കുന്ന ഒരു കുറിപ്പോ കത്തോ ഒരൊറ്റ പത്രത്തിൽ വെളിച്ചം കാണുമായിരുന്നോ?.

Google Search Results for 'Teacher writing on the board'
ഇനി പച്ച ബോർഡിന്റെ കാര്യം. സ്കൂളിലെ സമൂലമായ അറ്റകുറ്റ പണികളുടെയും പരിഷ്കരണങ്ങളുടെയും ഭാഗമായി മലപ്പുറത്തെ ഏതാനും സ്കൂളുകളിൽ പുതിയ ബോർഡുകൾ സ്ഥാപിച്ചു. മാർക്കറ്റിൽ ഇപ്പോൾ സുലഭമായ പച്ച നിറത്തിൽ പെയിന്റടിച്ച ബോർഡുകളാണ് അവിടെ വെച്ചത്. ഈ ഒരു കൊച്ചു സംഭവത്തെ വിദ്യാഭ്യാസ വകുപ്പിൽ പച്ചവത്കരണം എന്ന ടൈറ്റിലിൽ ഒരു ചാനൽ വാർത്ത നല്കി. നിമിഷങ്ങൾക്കകം മറ്റ് ചാനലുകളും അതേറ്റു പിടിച്ചു. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത്‌ മുസ്ലിം ലീഗിന്റെ മന്ത്രിയായിപ്പോയി എന്ന കാരണത്താൽ സാധാരണക്കാർക്കിടയിൽ വൻ തോതിലുള്ള വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തിൽ ആ വാർത്ത പൊലിപ്പിക്കപ്പെട്ടു. നിരന്തരം വാർത്തകൾ.. ഒമ്പത് മണി ചർച്ചകൾ.. ന്യൂനപക്ഷ സമുദായങ്ങൾ അവരുടെ ചിഹ്നങ്ങളും നിറങ്ങളും കൊണ്ട് ഭൂരിപക്ഷ സമൂഹത്തിന് മേൽ നടത്തുന്ന കടന്നാക്രമണങ്ങളായിപ്പോലും ചിത്രീകരിക്കുന്ന രൂപത്തിൽ വാർത്ത പിടിവിട്ടു പോയ നാളുകൾ.. ഒരു പൊട്ടൻ റിപ്പോർട്ടർ ഉണ്ടാക്കിയ ഒരസംബന്ധ വാർത്ത എങ്ങിനെയാണ് നമ്മുടെ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വിഷയമായി പരിണമിക്കുന്നത് എന്ന് തിരിച്ചറിയാൻ പറ്റിയ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ഇത്.


തിരൂരങ്ങാടിയിൽ അല്ലാതെ പച്ച ബോർഡുകൾ ലോകത്ത് വേറെയെവിടെയെങ്കിലും ഉണ്ടോ എന്ന് ന്യൂസ് ഡസ്ക്കിലെ ആരെങ്കിലും ഒരു മിനുട്ട് കൊണ്ട് ഗൂഗിൾ ചെയ്തിരുന്നുവെങ്കിൽ ഈ വാർത്ത ചവറ്റു കൊട്ടയിൽ എത്തുമായിരുന്നു. (Teacher writing on the board എന്ന് ഞാൻ സേർച്ച്‌ ചെയ്തപ്പോൾ ആദ്യം വന്ന പതിനഞ്ച് ചിത്രങ്ങളിൽ നാല് ബ്ളാക്ക് ബോർഡുകൾ.. നാല് വെള്ള ബോർഡുകൾ.. ഏഴ് പച്ച ബോർഡുകൾ..) എന്തിനു ഗൂഗിൾ?. കേരളത്തിലെ ഏതൊക്കെ യൂണിവേഴ്‌സിറ്റികളിലും സ്കൂളുകളിലും പച്ച ബോർഡ് ഉണ്ടെന്ന് വിവരമുള്ള ആരോടെങ്കിലും ഒരു മൊബൈൽ കാളിലൂടെ ചോദിച്ചിരുന്നുവെങ്കിൽ.. സാമുദായിക ധ്രുവീകരണം ജനിപ്പിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള ഈ വാർത്ത കൊടുക്കുന്നതിന് മുമ്പ് മിനിമം ഇതെങ്കിലും ചെയ്യാനുള്ള സാമൂഹിക പ്രതിബദ്ധത വേണ്ടേ? പോകട്ടെ.. ഒരു ചാനൽ ഇങ്ങനെയൊരു അസംബന്ധ വാർത്ത കൊടുത്താൽ മറ്റു ചാനലുകളുടെ ഉത്തരവാദിത്വമെന്താണ്. അതേ വാർത്ത അപ്പടി പകർത്തുകയാണോ?  അതോ ഈ വാർത്തയിലെ അസംബന്ധം വിളിച്ചു പറയുകയാണോ?.  അരീക്കോട്ടെ സ്കൂളിൽ അദ്ധ്യാപികയോട് പച്ച ജാക്കറ്റ് ധരിക്കുവാൻ മാനേജ്മെന്റ് നിർബന്ധിച്ചു എന്ന് പറഞ്ഞ് ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരസംബന്ധ വിവാദവും ഇതേ മാധ്യമങ്ങൾ ഉണ്ടാക്കിയിരുന്നു. സത്യത്തിൽ ജാക്കറ്റിന്റെ നിറം പച്ചയായിരുന്നില്ല. വാർത്തയുടെ എരിവിന് വേണ്ടി നിറം പച്ചയാക്കുകയായിരുന്നു. ഇനി പച്ചയാണെങ്കിൽ തന്നെ പച്ചയും ഒരു നിറമല്ലേ. സമുദായം തിരിച്ച് നിറങ്ങൾക്ക് പോലും ലേബലൊട്ടിക്കുവാൻ മാധ്യമ പ്രവർത്തകർ മുതിരുന്നതിന്റെ രസതന്ത്രമെന്താണ്?. നിറങ്ങളിൽ വർഗീയത ചാർത്തുന്നതിന്റെ  രാഷ്ട്രീയമെന്താണ്?  മാധ്യമ പ്രവർത്തകർ വിമർശിക്കപ്പെടുന്നത് എന്ത് കൊണ്ടെന്ന് ചിന്തിക്കേണ്ടതും തിരിച്ചറിയേണ്ടതും  മാധ്യമ പ്രവർത്തകർ തന്നെയാണ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ.  

റേറ്റിംഗ് കൂട്ടുന്നത്‌ പ്രേക്ഷകരാണെന്നും അവർ കാണാനിഷ്ടപ്പെടുന്നതാണ് ഞങ്ങളവർക്ക് നല്കുന്നതെന്നുമുള്ള വാദങ്ങൾ മറുപടിയർഹിക്കുന്നില്ല. കുട്ടികൾക്ക് കളിക്കുന്നതാണിഷ്ടം അതുകൊണ്ട് ഞങ്ങളവരെ പഠിപ്പിക്കുന്നില്ല എന്ന് അധ്യാപകർ പറയുന്ന പോലെ ബാലിശമാണത്. ജനങ്ങളുടെ പൊതുബോധത്തെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ് മാധ്യമങ്ങൾ.. അവരുടെ ഞരമ്പിനും ഇക്കിളികൾക്കും അനുയോജ്യമായത് നല്കി വിരുന്നൂട്ടേണ്ടവരല്ല. അവസാനിപ്പിക്കുന്നതിന് മുമ്പ് വളരെ സൗഹൃദപൂർവ്വം പ്രിയ മാധ്യമ പ്രവർത്തകരോട് പറയാനുള്ളത് വാർത്തകൾക്കെതിരെ വരുന്ന പ്രതികരണങ്ങൾ പ്രേക്ഷകരുടെ ഫീഡ് ബാക്കായി എടുത്തു കൊണ്ട് അവയെ ക്രിയാത്മകായി ഉപയോഗപ്പെടുത്താനും വിശകലനം ചെയ്യാനും മുന്നോട്ട് വരണമെന്നാണ്. തങ്ങളുടെ കഴിവുകളേയും വീക്ഷണങ്ങളെയും കുറേക്കൂടി മെച്ചപ്പെടുത്താനും ചെത്തിമിനുക്കിയെടുക്കാനും അതുവഴി സാധിക്കും. ഫ്രീയായി ഫീഡ്ബാക്ക് കിട്ടുക എന്നത് വലിയ അനുഗ്രഹമാണ്. പല രംഗത്തും ഇന്നഭിമുഖീകരിക്കുന്ന വലിയ പ്രശ്നം ശരിയായ ഫീഡ് ബാക്കുകൾ കിട്ടാത്തതാണ്. അവ ലഭിക്കാൻ വേണ്ടി വൻ കിടകമ്പനികൾ കോടികൾ മുടക്കുന്ന കാലമാണിത് എന്ന് കൂടി ഓർക്കുക. സോഷ്യൽ മീഡിയ നിങ്ങളുടെ ശത്രു പക്ഷത്തല്ല, നിങ്ങളുടെ തിരുത്തൽ പക്ഷത്താണ്. അതുവഴി നിങ്ങളുടെ സൗഹൃദ പക്ഷത്താണ്. അത് തിരിച്ചറിയാൻ കഴിയാത്തിടത്തോളം നിങ്ങൾ നിങ്ങളുടെ തന്നെ ശത്രുക്കളാവുകയാണ്.

Related Posts
ബ്രിട്ടാസേ, ഇജ്ജാണെടാ ആണ്‍കുട്ടി
മാതൃഭൂമിയുടെ ബ്ലൂഫിലിം വില്പന! പത്രത്തോടൊപ്പമുള്ള സംസ്കാരം!!

Recent Posts
'അൽ കഴുതകൾ' അഥവാ ഇസ്ലാമിന്റെ നവസംരക്ഷകർ